ഇമ്മാനുവേൽ 

യശ്ശശരീരനായ ഷെവ. ഐ.സി. ചാക്കോ ഈശോയ്ക്ക് സഹസ്രനാമങ്ങൾ നൽകിയിരുന്നു. പ്രവാചകന്മാർ കണ്ട ക്രിസ്തുവിനു ഏശയ്യാ നൽകിയ നാമം ദൈവശാസ്ത്രപരവും അർത്ഥസമ്പുഷ്ട്ടവും അനന്യവും അതിസുന്ദരവുമാണ് -ഇമ്മാനുവേൽ (ദൈവം നമ്മോടുകൂടെ ആകുന്നു) (ഏശയ്യാ  7:14). ക്രിസ്മസിന് ഒരുങ്ങുന്ന നമ്മൾ പ്രത്യേകം ഓർക്കേണ്ട നാമമാണ്. ഓർമയിൽ അനുഭവമുണ്ട്, ആവർത്തനമുണ്ട്, അംഗീകാരമുണ്ട്.
ദൈവം നമ്മോടുകൂടെയാണ് എന്ന അനുഭവം (ഈശോരനുഭവം) ഉണ്ടാവണം നമുക്ക്. ഈ സത്യം നമ്മെ ദൈവ സാന്നിധ്യ  സ്മരണയിൽ, ക്രിസ്തുസാന്നിദ്ധ്യ സ്മരണയിൽ ജീവിക്കാൻ സഹായിക്കണം, പ്രോത്സാഹിപ്പിക്കണം. വി. മദർ തെരേസ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു വസ്തുത ഇവിടെ നമുക്ക് ഏറെ സഹായകമാകും. “നാലു മിനിറ്റിലൊരിക്കലെങ്കിലും ഈശോയെ ഓർക്കാത്ത ഒരു ദിനം പോലും എന്റെ ജീവിതത്തിലില്ല.”
ക്രിസ്തുസാന്നിദ്ധ്യ സ്മരണയിൽ ദൈവസാനിധ്യ സ്മരണയിൽ ജീവിക്കുന്നതിനു ചില മാര്ഗങ്ങള്  ‘എന്റെ ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു’ എന്ന് ബോധ്യത്തോടെ, ആത്മാർത്ഥമായി കൂടെകൂടെ ആവർത്തിക്കുക. ഇത് ദൈവസ്നേഹത്തിൽ വളരാൻ അങ്ങേയറ്റം സഹായിക്കും. പൂർണ്ണാത്മാവോടും പൂർണ മനസോടും പൂർണ ഹൃദയത്തോടും സർവ്വശക്തിയോടും ദൈവത്തെ സ്നേഹിക്കുകയും ഈശോ നമ്മെ സ്നേഹിച്ചതുപോലെ മറ്റുള്ളവരെ സ്നേഹിക്കുകയും ചെയ്താലേ നമ്മുടെ ലക്ഷ്യം, സ്വർഗം പ്രാപിക്കുകയുള്ളു.