അബ്രാമുമായി ഉടമ്പടിയിലേർപ്പെടുന്ന ദൈവം

അബ്രാമിനു ദർശനത്തിൽ കർത്താവിന്റെ അരുളപ്പാടുണ്ടായി: ‘അബ്രാം, ഭയപ്പെടേണ്ടാ ഞാൻ നിനക്ക് പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും… നിന്റെ അവകാശി നിന്റെ മകൻa തന്നെയായിരിക്കും. അവിടുന്ന് അവനെ പുറത്തേക്കു കൊണ്ടുവന്നിട്ടു പറഞ്ഞു: ആകാശത്തേക്ക് നോക്കുക. ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാൻ കഴിയുമോ? നിന്റെ സന്താന പരമ്പരയും അതുപോലെ ആയിരിക്കും. അവൻ കർത്തവിൽ വിശ്വസിച്ചു. അവിടുന്ന് അത് അവനു നീതീകരണമായി കണക്കാക്കി’ (ഉല്പ.15 :1 ,4 -6 ).

വീണ്ടും ദൈവം അബ്രാമിനോട് അരുളിച്ചെയ്യുന്നു : ‘ഇതാ നീയുമായുള്ള എന്റെ ഉടമ്പടി. നീ അനവധി ജനതയ്ക്കു പിതാവായിരിക്കും. ഇനിമേൽ… നിന്റെ പേര് അബ്രാഹം എന്നായിരിക്കും… നിന്റെ ഭാര്യയുടെ പേരു സാറാ എന്നായിരിക്കും. അവളിൽനിന്നു ഞാൻ നിനക്കൊരു പുത്രനെ നൽകും… അവൾ ജനതകളുടെ മാതാവാകും . (17 :15 ,16 ). നിന്റെ ഭാര്യ സാറാ തന്നെ നിനക്കൊരു പുത്രനെ പ്രസവിക്കും. നീ അവനെ ഇസഹാക്ക് എന്ന് വിളിക്കണം.. അവനുമായാണ് എന്റെ ഉടമ്പടി ഞാൻ സ്ഥാപിക്കും (17 :19 ). വൃദ്ധനായ അബ്രാഹത്തിൽ നിന്ന് സാറാ ഗർഭം ധരിച്ച്, ദൈവം പറഞ്ഞ സമയത്ത് തന്നെ പുത്രനെ പ്രസവിച്ചു (21 :2 ) ഇസഹാക്കിനു പന്ത്രണ്ടു വയസ്സായപ്പോൾ ‘ദൈവം അബ്രാഹത്തെ പരീക്ഷിച്ചു.. നീ ഇസഹാക്കിനെ എനിക്ക് ഒരു ദഹനബലിയായി അർപ്പിക്കണം'(22 :2 ). അഗ്‌നിപരീക്ഷ! അബ്രാഹം അക്ഷരശാ: ദൈവത്തെ അനുസരിച്ചു.

ബലിയർപ്പണത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു. മകനെ ബന്ധിച്ചു വിറകിനു മീതെ കിടത്തി. അവനെ ബലികഴിക്കാൻ അബ്രാഹം കത്തിയെടുത്തപ്പോൾ, ദൂതൻ വഴി ദൈവം അരുളിച്ചെയ്യുന്നു: ‘കുട്ടിയുടെമേൽ കൈവെയ്ക്കരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് (അന്ധമായി അനുസരിക്കുന്നു,വിശ്വസിക്കുന്നു, ആശ്രയിക്കുന്നു, ഇസഹാക്ക് അവനു വിഗ്രഹമല്ലെന്നു വ്യക്തമാക്കുന്നു) എനിക്കിപ്പോൾ ഉറപ്പായി. കാരണം, നിന്റെ ഏകപുത്രനെ എനിക്ക് തരാൻ നീ മടികാണിച്ചില്ല….(അതുകൊണ്ടു) ഞാൻ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആകാശത്തെ നക്ഷത്രങ്ങൾ പോലെയും കടൽത്തീരത്തെ മണൽത്തരി പോലെയും ഞാൻ വർദ്ധിപ്പിക്കും'(22 :10 ,16 ,17 ).

അബ്രാഹത്തിനു ദൈവം പരീക്ഷണം നൽകിയത് അവൻ ദൈവത്തെക്കാൾ മകനെ (ഇസഹാക്കിനെ) സ്‌നേഹിച്ച്, ദൈവത്തിന്റെ സ്ഥാനത്തു മകനെ പ്രതിഷ്ഠിച്ചു വിഗ്രഹാരാധനയിൽ വീണു നശിക്കാതിരിക്കാനാണ്. പരീക്ഷണത്തിൽ അബ്രാഹം ശ്ലാഘനീയമാംവിധം വിജയിക്കുന്നു. ദൈവത്തിന്റെ സത്യം ഉപേക്ഷിച്ചു വ്യാജം സ്വീകരിക്കുക, സൃഷ്ടാവിലുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുക-ഇത് വിഗ്രഹാരാധനയാണ്. ഇത് ദൈവം വെറുക്കുന്നു . അവിടുന്ന് അരുളിച്ചെയ്യുന്നു: ഞാനാണ് നിന്റെ ദൈവമായ കർത്താവ് . ഞാനല്ലാതെ വേറെ ദേവന്മാർ നിനക്കുണ്ടാകരുത്… എന്തെന്നാൽ,ഞാൻ,നിന്റെ ദൈവമായ കർത്താവ്,അസഹിഷ്ണുവായ ദൈവമാണ് (പുറ:20 :5 ). ‘അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും എന്നെ കൈക്കൊള്ളുന്ന’ (സങ്കീ 27 :10 ) ദൈവത്തെ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും സർവ്വശക്തിയോടും ഞാൻ സ്‌നേഹിക്കണം. ഈശോ വ്യക്തമായി പറയുന്നു: ‘എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവൻ എനിക്ക് യോഗ്യനല്ല. എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല’ (മത്താ 10 :37 ).

ഭാര്യയെയോ,ഭർത്താവിനെയോ,അധ്യാപകരെയോ, വിദ്യാർത്ഥികളെയോ, സ്ഥാനമാനങ്ങളെയോ, മദ്യം,മയക്കുമരുന്ന്, മദിരാക്ഷി ഇവയെയൊ, സമ്പത്തിനെയോ, ട്യൂഷനെയോ ,എഞ്ചിനീറിംഗിനെയോ, മെഡിസിനെയോ, മന്ത്രവാദം, കൂടോത്രം, ആഭിചാരം, ശത്രുത, കലഹം, വൈരാഗ്യം, വിദ്വേഷം, പ്രതികാരം, ഭോഗാസക്തി, ധൂർത്ത്, ആഡംബരം, ശരീരം, വസ്ത്രവിധാനങ്ങൾ, സ്വാർത്ഥത,തൻകാര്യം,നിർബന്ധബുദ്ധി, വന്നവഴി മറന്നു ധൂർത്ത്, ഹോബികൾ, സിനിമ,സീരിയൽ,മ്ലേച്ഛത,വക്രത,വഞ്ചന,സൂത്രം,രാഷ്ട്രീയം, രാഷ്ത്രീയ അടവുകൾ, സ്വജനപക്ഷപാതം, പിരിവിന്റെ രൂപത്തിൽ മനുഷ്യരെ കൊള്ളയടിക്കുക,ദൈവാലയം ചന്തസ്ഥലമാക്കുക,ചലിക്കുന്ന കൊട്ടാരങ്ങൾ,അംബരചുംബികളായ സൗധങ്ങൾ(പള്ളികൾ, ബസ്ലിക്കകൾ ഉൾപ്പടെ,yes men മാത്രം നിയമിക്കപ്പെടുന്ന അവസ്ഥ… ഇവയെല്ലാം വിഗ്രഹാരാധനയാണ്. വിഗ്രഹാരാധകർ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല . വിഗ്രഹം ദൈവത്തെ വിഗ്രഹാരാധകനിൽ നിന്ന് മറയ്ക്കുന്നു. ദൈവം അവരെ പുറംതള്ളി, കൈവിടുന്നു. മാലാഖമാർ അഹങ്കരിച്ചു അധഃപതിച്ചവരാണല്ലോ പിശാചുക്കൾ.ബോധപൂർവം,അനുതാപത്തോടെ വിഗ്രഹങ്ങൾ എടുത്തുമാറ്റിയാൽ ദൈവം പുതിയ ഹൃദയം തരും (എസെ 36 :22 -32 )

കാരണം ഏശയ്യാ പ്രവാചകനിലൂടെ ദൈവം വ്യക്തമാക്കുന്നു: ‘മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാവുമോ? പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല. ഇതാ,ഞാൻ നിന്നെ എന്റെ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു'(49 :15 ,16 ). ഈ ദൈവത്തെ എല്ലാ വസ്തുക്കളെയും വ്യക്തികളെയുംകാൾ കൂടുതൽ ഞാൻ സ്‌നേഹിക്കണം.