ആഗമനകാലം (ക്രിസ്മസ്)

ആഗമനകാലം (ക്രിസ്മസ്) നിരവധി യാത്രകളുടെ കഥ പറയുന്നുണ്ട്. പരിശുദ്ധ ‘അമ്മ, ഇളയമ്മയായ എലിസബത്തിനെ സന്ദർശിക്കാൻ ഹെബ്രോൻ പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്ര (ആദ്യത്തെ ദിവ്യകാരുണ്യ പ്രദിക്ഷണം) പുറപ്പെട്ടതാവട്ടെ പ്രഥമ ചിന്താവിഷയം.
പ്രസ്തുത യാത്രയുടെ അനുഗ്രഹീത ഫലം എലിസബത്തും അവളുടെ ഗർഭസ്ഥ ശിശുവും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു എന്നതാണ്. ക്രിസ്മസ് സീസന്റെ തുടക്കം മുതലേ നമ്മുടെ പ്രാർത്ഥനകളും പ്രവർത്തനങ്ങളും മറ്റുള്ളവർക്ക് ആത്മാഭിഷേകം കിട്ടുന്നതിന് കരണമാവട്ടെ (cfr. ലുക്കാ 1:39-45). നമ്മുടെ സാന്നിധ്യം സർവർക്കും അനുഗ്രഹമാകട്ടെ!
അഗസ്റ്സ് സീസറിന്റെ കല്പനപ്രകാരം പേരെഴുതിക്കാനായി ഔസേപ്പും മറിയവും ഗലീലിയ പട്ടണമായ നസ്രത്തിൽനിന്നും യുദയയിലെ ദാവീദിന്റെ പട്ടണമായ ബെത്ലഹേമിലേക്കു യാത്ര പോയതാവട്ടെ അടുത്ത ചിന്താവിഷയം. അതിന്റെ പര്യവസാനം, പിതാവിന്റെ വാഗ്ദാനം പൂർത്തിയാക്കി, മാനവകുലത്തിന് മുഴുവൻ പ്രത്യാശ പകർന്നുകൊണ്ട് ലോക രക്ഷകൻ, ദൈവത്തിൽ നിന്നുള്ള ദൈവം, രാജാധിരാജൻ, കർത്താധികർത്താൻ,’ലോകത്തിന്റെ പാപങ്ങൾ വഹിക്കുന്ന ദൈവത്തിനെ കുഞ്ഞാട്’, കാലിത്തൊഴുത്തിൽ ദരിദ്രരിൽ ദരിദ്രനായി, നിസ്സഹായരിൽ നിസ്സഹായനായി, വിനീതരിൽ വിനീതനായി, എല്ലാവരാലും പരിത്യജിക്കപ്പെട്ടു ഒരു ഗുഹയിലെ പുൽക്കൂട്ടിൽ അവതരിച്ചു എന്നതാണ്. സ്നേഹത്തിന്റെ, വിനയത്തിന്റെ, ദാരിദ്ര്യത്തിന്റെ, ലാളിത്യത്തിന്റെ, പ്രത്യാശയുടെ ഒക്കെ പാഠങ്ങൾ ഈ യാത്രയിൽ നിന്നും നാം പഠിക്കുന്നു. (cfr. ലുക്കാ 2:1-7).
“ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്ന് പിറന്നിനരിക്കുന്നു… സ്വർഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആ ദൂതനോടുകൂടെ പ്രത്യക്ഷപെട്ടു ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: ‘അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം!” ഈ സദ്വാർത്തയും മഹാസ്തുതിപ്പും ശ്രവിച്ച വിനയാന്വതിരായ, സരള ഹൃദയരായ, വക്രതയോ വഞ്ചനയോ ഇല്ലാത്ത, സ്നേഹധനരായ ആ ആട്ടിടയർ ‘അതിവേഗം യാത്ര ചെയ്തു മറിയത്തെയും ഔസേപ്പിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു’ (ലുക്കാ 2:11,15,16) എന്നത് തന്നെ.
ഈശോയെ സ്വന്തമാക്കാൻ ഈശോയുടെ സ്വന്തമാക്കാൻ (ഇതാണല്ലോ ക്രിസ്മസിന്റെ വലിയ സന്ദേശം) ഏറെ ദൂരം നാം സഞ്ചരിക്കേണ്ടതായില്ലേ? ജീർണതയുടെ പര്യയമായ ഗുഹയിലെ പുൽക്കൂട്ടിൽ ഉണ്ണീശോയെ കാണണമെങ്കിൽ ത്യാഗോജ്ജലമായി യാത്ര ചെയ്താൽ മാത്രം പോരാ, നന്നായി കുനിയാൻ തയാറാകണം. അതായതു കരുണാർദ്രമായ സ്നേഹം, ദാരിദ്ര്യാരൂപി, ലാളിത്യം, അനുതാപജന്യമായ പാപസങ്കീർത്തനം, സജീവമായ ബലിയർപ്പണം, തിരുവചനപാരായണം എല്ലാം ക്രിസ്മസ്കാലം അനുഗ്രഹമാക്കാൻ  അത്യന്താപേക്ഷിതം.