സ്വർഗ്ഗം

Fr Joseph Vattakalam
4 Min Read

ദൈവത്തിന്റെ വാസസ്ഥലമാണ് സ്വർഗ്ഗം (നിയമ 26 :15 ) അങ്ങ് വസിക്കുന്ന വിശുദ്ധസ്ഥലമായ സ്വർഗ്ഗത്തിൽ നിന്ന് (ഞങ്ങളെ) കടാക്ഷിക്കണമേ” വീണ്ടും (1  രാജാ 8 :30 ) പറയുന്നു: ” അങ്ങ് വസിക്കുന്ന സ്വർഗ്ഗത്തിൽ നിന്ന് ഞങ്ങളുടെ പ്രാർത്ഥനകേട്ടു ഞങ്ങളോട് ക്ഷമിക്കണമേ!” 2  ദിന. 30  വ്യക്തമാക്കുന്നു: “അവരുടെ പ്രാർത്ഥനയുടെ സ്വരം സ്വർഗ്ഗത്തിൽ, ദൈവസന്നിധിയിൽ  എത്തി”. ഏശാ. 61 :1  ൽ ദൈവം പ്രഖ്യാപിക്കുന്നു:”ആകാശം എന്റെ സിംഹാസനം. ഭൂമി എന്റെ പാദപീഠവും”. നമ്മുടെ കർത്താവു പഠിപ്പിച്ച വിശിഷ്ടമായ പ്രാർത്ഥന ആരംഭിക്കുന്നത്  “സ്വർഗ്ഗസ്ഥനായ  ഞങ്ങളുടെ പിതാവേ” എന്നാണല്ലോ : വിശുദ്ധരുടെ വാസസ്ഥലം- “നിങ്ങൾ  പേരുകൾ (വിശുദ്ധർ) സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നതിൽ സന്തോഷിക്കുവിൻ” (ലൂക്കാ. 10 :20 ).

വിശ്വാസികളുടെ വാസസ്ഥലം- ” എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്ക് സ്ഥലമൊരുക്കാൻ പോകുന്നുവെന്ന് ഞാൻ നിങ്ങളോടു പറയുമായിരുന്നോ ? ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കിക്കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിനു  ഞാൻ വീണ്ടും വന്നു നിങ്ങളെ കൂട്ടിക്കൊണ്ടുപോകും. ഞാൻ പൊക്കുന്നിടത്തേക്കുള്ള വഴി നിങ്ങൾക്കറിയാം. തോമസ് പറഞ്ഞു: കർത്താവേ, നീ എവിടേക്കു പോകുന്നുവെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും? യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല”(യോഹ 14 : 2 -6 ).

ദൈവം പണിതവീട്- “നിങ്ങൾ വസിക്കുന്ന ഭൗമികഭവനം നശിച്ചുപോകുമെങ്കിലും കരങ്ങളാൽ നിർമ്മിതമല്ലാത്തതും ശാശ്വതവും ദൈവത്തിൽനിന്നുള്ളതുമായ സ്വർഗ്ഗീയഭവനം ഞങ്ങൾക്കുണ്ടെന്നു ഞങ്ങൾ അറിയുന്നു.” (2  കൊറീ. 5 :1 ).

ദൈവത്തിന്റെ സിംഹാസനം സ്ഥിതി ചെയ്യുന്നിടം- “അതുകൊണ്ടു ഇവർ ദൈവത്തിന്റെ സിംഹാസനത്തിനു മുൻപിൽ  നിൽക്കുകയും, അവിടുത്തെ ആലയത്തിൽ രാപകൽ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. സിംഹാസനസ്ഥൻ  തന്റെ സാന്നിധ്യത്തിന്റെ കൂടാരത്തിൽ അവർക്കു അഭയം നൽകും ” (വെളി. 7 : 15 ).

സകലരക്ഷിക്കപ്പെട്ടവരുടെയും ഭവനം-“ഇതിനുശേഷം ഞാൻ നോക്കിയപ്പോൾ ഇതാ എണ്ണിത്തിട്ടപ്പെടുത്താൻ ആർക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം. അവർ സകല ജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ളവർ . അവർ വെള്ളയങ്കിയണിഞ്ഞു   കൈകളിൽ കുരുത്തോലയുമായി സിംഹാസനത്തിനുമുന്പിലും കുഞ്ഞാടിന്റെമുന്പിലും നിന്നിരുന്നു  ” (വെളി. 7 :9 ). നമ്മെ സംബന്ധിച്ചു പറയുമ്പോൾ പരിശുദ്ധത്രിത്വവുമായി പൂർണ്ണമായി ഐക്യപ്പെട്ടു ജീവിക്കുന്ന അവസ്ഥയാണ്- സഹവാസം, വഴിയും സത്യവും ജീവനുമായ ക്രിസ്തുവിലൂടെമാത്രമേ ഈ സഹവാസം സാധ്യമാകുകയുള്ളൂ . സമൃദ്ധമായ ജീവിതം അനുഭവിക്കുന്ന അവസ്ഥയാണ് സ്വർഗ്ഗം (യോഹ. 10 :10 ) ഈ സത്യം നമ്മെ അനുസ്മരിപ്പിക്കാനും ആത്മരക്ഷയുടെ പരമപ്രധാനം ഊട്ടിഉറപ്പിക്കാനുമാണ് ഈശോ നമ്മോടു നിർണ്ണായകമായ ആ ചോദ്യം ചോദിക്കുന്നത്: “ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനു എന്ത് പ്രേയോജനം? ഒരുവൻ സ്വന്തം ആത്മാവിനു പകരമായി എന്ത് കൊടുക്കും” (മത്താ. 16 : 26 ). ദൈവിക സമൃദ്ധിയുടെ, സ്നേഹത്തിന്റെ കരുണയുടെ സമൃദ്ധിയാണ്  സ്വർഗ്ഗം, ജീവിതദാതാവായ ദൈവത്തിന്റെ ജീവിതത്തിലുള്ള സമ്പൂർണ്ണ ഭാഗഭാഗിത്വമാണത് .

സ്നേഹ, സമാധാന, സന്തോഷങ്ങളുടെ കലവറയും, നിറപറയുമാണ് സ്വർഗ്ഗം , ധനവന്റെ പടിവാതിൽക്കൽ ഇല്ലായ്മയിലും ദാരിദ്ര്യത്തിലും അവഗണനയിലും അവഹേളനത്തിലും കാലം കഴിച്ച ലാസർ ആയിരിക്കുന്ന അവസ്ഥ (“അബ്രാഹത്തിന്റെ മടി”) യാണ് സ്വർഗ്ഗം (ലൂക്കാ. 16 :19 -31 ). “ഞാൻ നിങ്ങൾക്ക് സമാധാനം തന്നിട്ട് പോകുന്നു. എന്റെ സമാധാനം നിങ്ങൾക്ക് ഞാൻ നൽകുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാൻ നൽകുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങൾ ഭയപ്പെടുകയും വേണ്ടാ. ഞാൻ പോകുന്നെന്നും വീണ്ടും നിങ്ങളുടെ അടുത്തേക്ക് വരുമെന്നും ഞാൻ പറഞ്ഞത് നിങ്ങൾ കേട്ടല്ലോ . നിങ്ങൾ എന്നെ  സ്നേഹിച്ചിരുന്നെങ്കിൽ പിതാവിന്റെയടുത്തേക്കു ഞാൻ പോകുന്നതിൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു. എന്തെന്നാൽ, പിതാവ് എന്നെക്കാൾ വലിയവനാണ്. അത് സംഭവിക്കുമ്പോൾ നിങ്ങൾ വിശ്വസിക്കേണ്ടതിനു, സംഭവിക്കുന്നതിനു മുമ്പുതന്നെ നിങ്ങളോടു ഞാൻ പറഞ്ഞിരിക്കുന്നു. നിങ്ങളോടു ഇനിയും ഞാൻ അധികം സംസാരിക്കുകയുമില്ല. കാരണം, ഈ ലോകത്തിന്റെ അധികാരി വരുന്നു. എങ്കിലും അവനു എന്റെമേൽ അധികാരമില്ല. എന്നാൽ, ഞാൻ പിതാവിനെ സ്നേഹിക്കുന്നുവെന്നും ഞാൻ പ്രവർത്തിക്കുന്നുവെന്നും ലോകം അറിയണം. എഴുന്നേൽക്കുവിൻ, നമ്മുക്ക് ഇവിടെനിന്നു പോകാം”  (യോഹ. 14 : 27 -31 ). ദൈവത്തിന്റെ ഭവനത്തിലേക്ക് നിത്യവിശ്രാന്തിയിലേക്കു സ്വർഗ്ഗത്തിലേക്ക് പിതാവിന്റെ  വലതുഭാഗത്തേക്കു താൻ പോകുന്ന കാര്യമാണ് ഈശോ ഇവിടെ സൂചിപ്പിക്കുക.

ആർക്കും ഈ സമാധാനം കവർന്നെടുക്കാനാവില്ല. ഇത്  നിത്യസമാധാനമാണ് നിത്യവിശ്രാന്തിയാണ്. പിതാവിന്റെ ഭവനമാണ് സ്വർഗ്ഗം, വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ നിത്യ വിശ്രാന്തിയിലേക്കു പ്രവേശിച്ച ഉടനെ, ചത്വരത്തിൽ തടിച്ചുകൂടിയിരുന്ന ജനലക്ഷങ്ങളോട്, കോളേജ് ഓഫ് കാർഡിനലൽസിലെ ഏറ്റം സീനിയറായ കർദിനാൾ പറഞ്ഞു: “പരിശുദ്ധ പിതാവ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ പ്രശാന്തനായി, നിശ്ശബ്ദനായി , കൃപാനിറഞ്ഞവനായി തന്റെ പിതാവിന്റെ ഭവനത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു”.

പുതിയ ആകാശവും  പുതിയ ഭൂമിയു”മാണ് സ്വർഗ്ഗം (വെളി. 21 :66 )  കറയും കളങ്കവുമില്ലാത്ത ദൈവത്തിന്റെ കുഞ്ഞാടിന്റെ രക്തത്താൽ കഴുകി വെടിപ്പാക്കപ്പെട്ട അവസ്ഥയാണ് സ്വർഗ്ഗം.

പുതിയ ജെറുസലേം ആണ് സ്വർഗ്ഗം (വെളി. 21 : 9 -14 ) യഹോവ സർവ്വശക്തനായ ദൈവം വസിക്കുന്ന വീടാണത്. നിത്യശാന്തിയുടെ ഭവനം. പറുദീസായുടെ പുതിയ ഭാവമാണ് സ്വർഗ്ഗം. മിർട്ടൺ പറയുന്ന “Paradise Regained “- വീണ്ടു കിട്ടിയ പറുദീസാ. ഈ സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനമാണ് മരണം. വി. അമ്മ ത്രേസ്യ പറയുന്നത്, സ്വർഗ്ഗത്തെ ധ്യാനിച്ച് ജീവിക്കുന്നവർ നരകത്തിൽ നിപതിക്കുകയില്ല എന്നാണ്. നന്നായി ജീവിച്ചാൽ നന്നായി മരിക്കാം. നന്നായി മരിക്കുന്നവരെ മരണം സ്വർഗ്ഗത്തിലെത്തിക്കുകയും ചെയ്യും. കുഞ്ഞാടിന്റെ വിരുന്നുശാലയാണത്.

Share This Article
error: Content is protected !!