വി. സക്കറിയാസുപാപ്പാ

Fr Joseph Vattakalam
1 Min Read

മാർച്ച് 22

യൂറോപ്പിന്റെ സമുദ്ധാരണത്തിനു അത്യധികം അധ്വാനിച്ചിട്ടുള്ള സക്കറിയാസുപാപ്പാ ഇറ്റലിയിൽ കലാബ്രിയാ എന്ന പ്രദേശത്തു ഗ്രീക്ക് മാതാപിതാക്കന്മാരിൽ നിന്ന് ജനിച്ചു. മാർപാപ്പയായശേഷം 11  കൊല്ലം കൊണ്ട് ചെയ്തുതീർത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ തീക്ഷ്ണതയും അധ്വാനശീലവും നിതരാം സുവ്യക്തമാക്കുന്നുണ്ട്. വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് ഗ്രീക്ക് സാമ്രാജ്യവും ലൊമ്പാർടുകാരും തമ്മിലുള്ള തർക്കം അവസാനിപ്പിച്ച്; അങ്ങനെ ഒരു യുദ്ധം ഒഴിവാക്കി .

 സഭാനിയമങ്ങൾ ചർച്ച ചെയ്യാൻ പപ്പാ 743 – റോമയിൽ ഒരു സൂനഹദോസ് വിളിച്ചുകൂട്ടി. അന്നുവരെ ഉണ്ടായിട്ടുള്ള പ്രധാന നിയമങ്ങൾ മെത്രാന്മാരുടെ ശ്രദ്ധയിൽ പതിക്കാൻ അത് സഹായിച്ചു.

ജർമ്മനിയിൽ വി. ബോണിഫസ്സിന്റെ മിഷൻ പ്രവർത്തനങ്ങൾക്ക് മാർപാപ്പ  നൽകിയ പ്രോത്സാഹനം ജർമ്മനിയുടെ മാനസാന്തരം ഏതാണ്ട് പൂർത്തിയാക്കാൻ വഴിതെളിച്ചു. മാത്രമല്ല ഫ്രാങ്കുകാരുടെ രാജാവായി പെപ്പിനെ തിരഞ്ഞെടുത്തത് മാർപാപ്പ അംഗീകരിക്കുകയും ചെയ്തു.

മോന്തെകസീനോ  പുനരുദ്ധരിക്കുന്നതിനുള്ള പ്ലാനുണ്ടാക്കുകയും ആശ്രമ ദൈവാലയത്തിന്റെ കൂദാശ കർമ്മം മാർപാപ്പ നിർവ്വഹിക്കുകയും ചെയ്തു. 510 – ലൊമ്പാർഡുകൾ മോന്തേകസീനോ  തകർത്തുകളഞ്ഞതാണ്. വി. പെട്രോമാക്സിന്റെ പരിശ്രമത്താലും മാർപാപ്പയുടെ സഹകരണത്താലും മോന്തേകസീനോ  വീണ്ടും ഉയർന്നുവന്നു.

റോമയുടെ സമീപത്ത് മാർപാപ്പ കർഷക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ദരിദ്രർക്ക് ഭവനങ്ങൾ നിർമ്മിച്ചുകൊടുക്കുകയും ചെയ്തു. ദൃശ  അധ്വാനങ്ങളുടെ ഇടയ്ക്കു മഹാനായ വി. ഗ്രിഗറിയുടെസംഭാഷണങ്ങൾഎന്ന ഗ്രന്ഥം ഗ്രീക്കിലേക്കു അദ്ദേഹം വിവർത്തനം ചെയ്തു. സംഭവബഹുലമായ ജീവിതം സഭാതലവന് വിശുദ്ധപദപ്രാപ്തിക്കു പ്രതിബന്ധമായില്ല.

 

വിചിന്തനം: പ്രവർത്തിക്കുന്നതിനോടൊപ്പം പ്രാർത്ഥിക്കുന്നവരാണ് വിശുദ്ധരാകുക. പ്രാർത്ഥന കൂടാതെയുള്ള പ്രവർത്തനങ്ങൾ ഫലം തരുകയില്ല.

Share This Article
error: Content is protected !!