വി. ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകൾ

Fr Joseph Vattakalam
2 Min Read

എന്റെ സന്യസ്തജീവിതത്തിന്റെ ആരംഭത്തിൽ, സഹനങ്ങളും പ്രതിസന്ധികളും എന്നെ ഭയപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തു. അതിനാൽ ഞാൻ നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. എല്ലാ കാര്യങ്ങളിലും ദൈവ തിരുമനസ്സ് നിറവേറ്റാനുള്ള ശക്തിക്കും പരിശുദ്ധാത്മാവിന്റെ കൃപയ്ക്കുമായി ഞാൻ അപേക്ഷിച്ചു. എന്തെന്നാൽ, തുടക്കം മുതലേ എന്റെ ബലഹീനത ഞാൻ മനസ്സിലാക്കിയിരുന്നു. കർത്താവ് എന്റെ ഉൾക്കണ്ണുകൾ തുറന്നുതന്നതുകൊണ്ടു ഞാനെന്താണെന്നു നല്ലവണ്ണം അറിഞ്ഞിരുന്നു. ഞാൻ ദുരിതങ്ങളുടെ ഒരു ഗർത്തം തന്നെയായിരുന്നു. അതിനാൽ എന്നിലുണ്ടായിരുന്ന നന്മകളെല്ലാം പൂർണ്ണമായും അവിടുത്തെ കൃപയാണെന്നു ഞാനറിഞ്ഞു. എന്റെ ഈ ദുരിതാവസ്ഥയെക്കുറിച്ചുള്ള അറിവുമൂലം അവിടുത്തെ കരുണയുടെ ആധിക്യത്തെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. ഓ ദൈവമേ! എന്റെ ജീവിതത്തിൽ ഒരു കണ്ണാൽ ഞാൻ എന്റെ നികൃഷ്ടാവസ്ഥയെയും നീചത്വത്തെയും കാണുകയും, മറു കണ്ണാൽ അവിടുത്തെ കരുണയുടെ ആഴം ദർശിക്കുകയും ചെയ്തു.

ഓ എന്റെ ഈശോയെ! അങ്ങ് എന്റെ ജീവന്റെ ജീവനാണ്. അവിടുത്തെ നാമത്തിന്റെ മഹത്വമല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ലെന്നും, എല്ലാ ആത്മാക്കളും അവിടുത്തെ നന്മ അറിയണമെന്നുമാത്രമാണ് എന്റെ ആഗ്രഹമെന്നും അങ്ങ് നന്നായി അറിയുന്നുവല്ലോ . ഈശോയേ, എന്തുകൊണ്ടാണ് ആത്മാക്കൾ  അങ്ങയെ ഒഴിവാക്കുന്നത്?- എനിക്കതു മനസ്സിലാകുന്നില്ല. ഓ ഈശോയെ! എന്റെ ഹൃദയത്തെ ചെറുകഷണങ്ങളായി നുറുക്കി, ഓരോ കഷണവും ഒരു പൂർണ്ണ  മുഴുഹൃദയമാക്കി , അങ്ങയെ സ്നേഹിക്കാത്ത ഹൃദയങ്ങൾക്കുവേണ്ടി അങ്ങേക്ക് സമർപ്പിക്കുവാൻ ഞാനാഗ്രഹിക്കുന്നു! ഈശോയെ, എന്റെ ഓരോ തുള്ളി രക്തത്തിലും  ഞാൻ അങ്ങയെ സ്നേഹിക്കുന്നു, എന്റെ സ്നേഹത്തിന്റെ ആത്മാർത്ഥത തെളിയിക്കാൻ സന്തോഷത്തോടെ എന്റെ രക്തം ചിന്താനും ഞാൻ സന്നദ്ധയാണ്. ഓ ദൈവമേ! അങ്ങയെ അറിയുന്തോറും അങ്ങ് എനിക്ക് അഗ്രാഹ്യനാണ്. എന്നാൽ ഓ, ദൈവമേ, ഈ “അഗ്രാഹ്യത ” അങ്ങ് എത്ര വലിയവനെന്നു എന്നെ മനസ്സിലാക്കിത്തരുന്നു! ഓ നാഥാ, അങ്ങയെ മനസ്സിലാക്കാൻ  സാധിക്കാത്ത ഈ അവസ്ഥയാണ്  എന്റെ ഹൃദയത്തെ നിനക്കായി വീണ്ടും ജ്വലിപ്പിക്കുന്നത്‌. ഓ ഈശോയേ, എന്റെ ആത്മീയ നയനങ്ങൾ അങ്ങയിൽ ഉറപ്പിക്കാൻ  അങ്ങ് അനുവദിച്ച നിമിഷം മുതൽ, ഞാൻ മറ്റൊന്നും ആഗ്രഹിക്കുന്നില്ല. എന്റെ ആത്മാവ്  എന്റെ സ്നേഹത്തിന്റെ ലക്ഷ്യമായ അങ്ങിൽ ലയിച്ച നിമിഷം ഞാൻ എന്റെ ലക്ഷ്യം കണ്ടെത്തി. അങ്ങയോടു ഉപമിക്കുമ്പോൾ എല്ലാം ശൂന്യമാണ്. ഓ ഈശോയേ! എന്റെ വഴികളിൽ ഞാൻ അനുഭവിച്ച  സഹനങ്ങൾ, പ്രതികൂല സാഹചര്യങ്ങൾ, എളിമപ്പെടുത്തലുകൾ, തകർച്ചകൾ, സംശയങ്ങൾ എല്ലാം അങ്ങയോടുള്ള എന്റെ സ്നേഹത്തിന്റെ അഗ്നിയെ ഉജ്ജ്വലിപ്പിക്കുന്ന ചുള്ളികളായിരുന്നു.

എന്റെ ആഗ്രഹങ്ങൾ ഭ്രാന്തവും അപ്രാപ്യവുമാണ്. എന്റെ സഹനത്തെ അങ്ങിൽ നിന്ന് മറച്ചുപിടിക്കാൻ ഞാനാഗ്രഹിക്കുന്നു. എന്റെ പരിശ്രമങ്ങൾക്കും നല്ല പ്രവൃത്തികൾക്കും പ്രതിഫലം ലഭിക്കണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഈശോയേ, അങ്ങ് മാത്രമാണ് എന്റെ ഏക പ്രതിഫലം; എനിക്ക് അങ്ങയെമാത്രം മതി! ഓ എന്റെ ഹൃദയത്തിന്റെ നിക്ഷേപമേ! എന്റെ സഹനങ്ങൾ അവഗണിച്ചുകൊണ്ട് അയൽക്കാരുടെ സഹനത്തിൽ ഹൃദയാർദ്രതയോടെ  പങ്കുചേരാൻ ഞാനാഗ്രഹിക്കുന്നു. ഈശോയേ, എന്റെ സഹനങ്ങളെപ്പറ്റി അവരോ അങ്ങുപോലുമോ അറിയരുതെന്നാണ് എന്റെ ആഗ്രഹം. സഹനം ഒരു വലിയ കൃപയാണ്; സഹനത്തിലൂടെ ആത്മാവ് രക്ഷകനെപോലെയാകും; സഹനത്തിലൂടെയാണ് സ്നേഹം സ്ഫടികമാക്കപ്പെടുന്നത്; എത്രമാത്രം സഹിക്കുന്നുവോ, അത്രമാത്രം സ്നേഹം പവിത്രമാകുന്നു.

Share This Article
error: Content is protected !!