വി. പ്ലാസിഡും കൂട്ടരും (515 – 546) രക്തസാക്ഷികൾ

Fr Joseph Vattakalam
1 Min Read
വി. ബെനഡിക്ട് സുബുലാക്കോയിൽ താമസിക്കുമ്പോൾ നാട്ടുകാർ പലരും തങ്ങളുടെ കുട്ടികളെ അദ്ദേഹത്തിന്റെ സംരക്ഷണത്തിന് ഏൽപ്പിക്കുകയുണ്ടായിരുന്നു. 522 ൽ മൗറൂസ് എന്ന് പേരുള്ള ഒരു പന്ത്രണ്ടുകാരനും പ്ലാസിഡ് എന്ന് പേരുള്ള ഒരു ഏഴുകാരനും വി. ബെനെഡിക്റ്റിന്റെ കൂടെ താമസിക്കാനിടയായി. ഒരു ദിവസം പ്ലാസിഡ് ആശ്രമത്തിനരികെയുള്ള കുളത്തിൽ വീണു. മുറിയിൽ നിന്ന് കാര്യം ഗ്രഹിച്ചു വി. ബെനഡിക്ട് മൗറൂസിനോട് ഓടിപോയി പ്ലാസിഡിനെ രക്ഷിക്കാൻ പറഞ്ഞു. മൗറൂസ് ഓടിയെത്തിയപ്പോൾ പ്ലാസിഡ് വെള്ളത്തിൽ പൊങ്ങികിടക്കുന്നുണ്ടായിരുന്നു. മൗറൂസ് കുട്ടിയെ രക്ഷിച്ചു.
വി. ബെനെഡിക്റ്റിന്റെ സംരക്ഷണത്തിൽ രണ്ടു കുട്ടികളും പുണ്യത്തിൽ പുരോഗമിച്ചുകൊണ്ടിരുന്നു. സന്തുഷ്ടനായ ബെനഡിക്ട് 528 ൽ പ്ലാസിഡിനെ മോന്തക്സീനയിലേക്കു കൊണ്ടുപോയി. മെസ്സിനായിക്ക് സമീപം വി. ബെനെഡിക്ട് ഒരു പുതിയ ആശ്രമം സ്ഥാപിച്ചു. പ്ലാസിഡിനെ അതിന്റെ ആബ്ബാട്ടായി നിയമിച്ചു. പുതിയ ആശ്രമത്തിനു വേണ്ട സ്ഥലം പ്ലാസിഡിന്റെ പിതാവ് ടെർട്ടുള്ള ദാനം ചെയ്തതാണ്. 541 ൽ ആബട്ട് പ്ലാസിഡ് തന്നെ മെദീനയിൽ ഒരു ആശ്രമം സ്ഥാപിച്ചു. അന്ന് അദ്ദേഹത്തിന് 26 വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളു. പ്രായശ്ചിത്തങ്ങളും ഏകാന്തതയുമാണ് സന്യാസത്തിന്റെ പ്രധാന ഘടകങ്ങളെന്നു മനസിലാക്കി ആബട്ട് പ്ലാസിഡ് ഈ ചൈതന്യം തന്റെ ആശ്രമങ്ങളിൽ സംരക്ഷിച്ചുപോന്നു.
സിസിലിയയിൽ നാലഞ്ച് കൊല്ലമേ ഇങ്ങനെ താമസിക്കാൻ കഴിഞ്ഞൊള്ളൂ. 546 ൽ ആഫ്രിക്കൻ കാട്ടുജാതിക്കാർ സിസിലിയയിലേക്കു കടന്നു ക്രിസ്തുമതത്തോടുള്ള വെറുപ്പ് നിമിത്തം പ്ലാസിഡിനെയും കൂടുകാരെയും വാളിനിരയാക്കി. ആശ്രമത്തിനു തീകൊളുത്തി. ആകെ 30  സന്യാസികളെയാണ് വധിച്ചത്. അവരിൽ പ്ലാസിഡിന്റെ രണ്ടു സഹോദരന്മാർ എവുട്ടിക്കൂസും വിക്ടോറിനൂസും ഉൾപ്പെടുന്നു. അന്ന് അദ്ദേഹത്തെ സന്ദർശിക്കാൻ വന്നിരുന്ന സ്വന്തം സഹോദരി ഫ്ലാവിയയും കൊല്ലപ്പെട്ടു.
Share This Article
error: Content is protected !!