വി. ആന്റണി മേരി ക്ലാരേറ്റ് (1807-1870) മെത്രാൻ 

Fr Joseph Vattakalam
1 Min Read
ക്യൂബയുടെ ജ്ഞാനപിതാവ്, മിഷനറി, ക്ലാറഷ്യൻ സഭ സ്ഥാപകൻ, സാമൂഹികപരിഷ്കർത്താവ്, രാജ്ഞിയുടെ ചാപ്ലിൻ, ലേഖകൻ, പ്രസാധകൻ, ആർച്ച്ബിഷപ് എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു സ്പെയിന്കാരനാണ് ആന്റണി ക്ലാരേറ്റ്. 1807 ലെ ക്രിസ്മസിന്റെ തലേദിവസം അദ്ദേഹം ജനിച്ചു. ഇടവക പള്ളിക്കൂടത്തിൽ സമർഥനായ വിദ്യാർത്ഥിയായിരുന്നു. ആന്റണി. പത്താമത്തെ വയസ്സിൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. അന്ന് പ്രകടമായ ദൈവഭക്തി പൗരോഹിത്യത്തിനുള്ള ദൈവവിളിയുടെ ലക്ഷണമായി ഇടവക വൈദികൻ അഭിപ്രായപ്പെട്ടു. പിതാവിന്റെ തൊഴിൽ നെയ്ത്തായിരുന്നു. ആന്റണി അതിൽത്തന്നെ വ്യാപൃതനായി; അതേസമയം ലത്തീനും പഠിച്ചു. പിന്നീട് സെമിനാരിയിൽ ചേർന്ന് ദൈവശാസ്ത്ര പഠനം നടത്തി. 1835 ൽ വൈദികനായി.
10 വര്ഷം ഫാദർ ആന്റണി ധ്യാനപ്രസംഗങ്ങൾ നടത്തി. വി. കുര്ബാനയോടും മറിയത്തിന്റെ അമലോത്ഭവ ഹൃദയത്തോടും ജപമാലയോടുമുള്ള ഭക്തിക്ക് പ്രസംഗത്തിൽ വലിയ സ്ഥാനം നൽകിയിരുന്നു. നാപ്പത്തിരണ്ടാമത്തെ വയസ്സിൽ 5 യുവ വൈദികരെ ചേർത്ത് “മറിയത്തിന്റെ വിമലഹൃദയത്തിന്റെ സഭ” ആരംഭിച്ചു. ഇന്ന് അവർ ക്ലറേഷ്യൻസ് എന്നു അറിയപ്പെടുന്നു.
ഈ സഭ സ്ഥാപിച്ച ഉടനെ തന്നെ ക്യൂബയിലെ സാന്റിയാഗോ രൂപതയുടെ ആർച്ബിഷപ്പായി ഫാദർ ആന്റണി നിയമിതനായി. 1850 ഒക്ടോബര് ആറാം തീയതി ആയിരുന്നു മെത്രാഭിഷേകം; അടുത്തകൊല്ലം തന്നെ സാന്റിയാഗോയിലെത്തി രൂപതഭരണമാരംഭിച്ചു. 14  കൊല്ലമായിട്ടു ആ രൂപതയ്ക്ക് മെത്രാനില്ലായിരുന്നു; വളരെ പണിപ്പെട്ടു അദ്ദേഹം ഇടർച്ചകൾ നീക്കി; വിടവുകൾ നികത്തി. വെള്ളക്കാരും നീഗ്രോകളും തമ്മിലുള്ള വിവാഹം ആർച്ച്ബിഷപ് തടയാഞ്ഞതിനു അദ്ദേഹത്തെ സ്പാനിഷ് രാജ്ഞിയുടെ കുമ്പസാരക്കാരനായി വിളിച്ചു. കൊട്ടാരത്തിൽ താമസിക്കാതെയും രാജകീയഘോഷങ്ങളിൽ പങ്കെടുക്കാതെയും ആ ജോലി ചെയ്യാമെന്ന് ആർച്ച്ബിഷപ് സമ്മതിച്ചു. അക്കാലത്തും അദ്ദേഹം ഇടയനടുത്ത ജോലികൾ ചെയ്തുകൊണ്ടിരുന്നു. രഹസ്യ സംഘങ്ങൾ ഇസബെല്ലാ രാജ്ഞിയെ നാടുകടത്തിയപ്പോൾ രാജ്ഞിയോടുകൂടെ ആർച്ബിഷപ്പും പാരിസിലേക്കു പൊന്നു. അവിടെ ഉണ്ടായിരുന്ന സ്പാനിഷുകാരുടെ ഇടയിൽ ആർച്ച്ബിഷപ് പ്രേഷിത പ്രവർത്തികൾ ചെയ്തുകൊണ്ടിരുന്നു. ഒന്നാം വത്തിക്കാൻ സുന്നഹദോസിൽ പങ്കെടുത്തു മാർപാപ്പാമാരുടെ അപ്രമാദിത്വത്തെ പിന്താങ്ങി പ്രസംഗിച്ചു. സുനഹദോസിനു ശേഷം ഫ്രാൻ‌സിൽ ഫൊന്തുഫ്രോയിഡ് സിസ്റ്റേഴ്സിന്റെ ആശ്രമത്തിൽ അദ്ദേഹം താമസമാക്കി. 1870 ഒക്ടോബര് ഇരുപത്തിനാലാം തീയതി ആർച്ച്ബിഷപ് തനിക്കുള്ള നിത്യസമാനം വാങ്ങാൻ ഈ ലോകം വിട്ടു.
Share This Article
error: Content is protected !!