മാർഗ്ഗദർശകൻ

Fr Joseph Vattakalam
3 Min Read

ഇരുപത്തൊമ്പതാമദ്ധ്യായം

പാപംമൂലം ബാലൻസു തെറ്റിയ മനുഷ്യൻ സൃഷ്ടികൾക്കതീധനായി. നന്മ കണ്ടുപിടിച്ചു മനസ്സിരുത്താൻ അസാദ്ധ്യമായവന്. സത്യത്തിന്റേയും ജീവന്റേയും പന്ഥാവ് അവനജ്ഞാതമായി. ഈ ദുഃസ്ഥിതിയിൽ നിന്നു മാനവതയെ മോചിപ്പിക്കാനാണല്ലോ ഇസ്രായേലിന് ഈശ്വരൻ നിയമം നല്കിയത്. നിർഭാഗ്യമെന്നു പറയട്ടെ, നിയമാനുസരണംമാത്രമാണ് ഏക രക്ഷാമാർഗ്ഗമെന്ന് യഹൂദ ജനത തെറ്റിധരിച്ചു. ഈ തെറ്റിധാരണയാണു നിയമങ്ങൾ ക്രമാതീതം വർദ്ധിപ്പിച്ച്, പലപ്പോഴും അവയുടെ ജീവചൈതന്യത്തെ അവഗണിച്ചുകൊണ്ടുതന്നെ, ബാഹ്യാനുഷ്ഠാനങ്ങൾ അത്യധികം താത്പര്യം പ്രകടിപ്പിക്കുന്നതിന് അവരെ പ്രേരിപ്പിച്ചത്. എന്നാൽ ഈ നിയമങ്ങൾക്കു പാപത്തെക്കുറിച്ചുള്ള അവബോധം മനുഷ്യരിൽ ജനിപ്പിക്കുന്നതിനല്ലാതെ, അവ അനുസരിക്കുന്നതിനുള്ള ശക്തി പ്രദാനം ചെയ്യാൻ കഴിവില്ലായിരുന്നു. അങ്ങനെ രക്ഷ പ്രദാനം ചെയ്യുന്നതിനായി ഉദ്ദേശിക്കപ്പെട്ടിരുന്ന നിയമം വാസ്തവത്തിൽ മരണമായിരുന്നു നല്കിയതെന്ന് സെന്റ് പോൾ പറയുന്നു.

എന്നാൽ ദൈവം തന്റെ പ്രിയ പുത്രനെ ലോകത്തിലേയ്ക്കയയ്ക്കുകയും നിയമത്തിന്റെ ദാസ്യത്തിൽ നിന്നു നമ്മേ മോചിക്കുകയും ചെയ്തു. ‘മിശിഹായിൽ ജീവിക്കുന്നവർക്കു ശിക്ഷാവിധിയില്ല. ഈശോമിശിഹായിലുള്ള ജീവാത്മാവിന്റെ നിയമം പാപത്തിന്റേയും മരണത്തിന്റേയും നിയമത്തിൽ നിന്നു നമ്മെ സ്വതന്ത്രരാക്കിയിരിക്കുന്നു. ശാരീരിക ബലഹീനത നിമിത്തമുണ്ടായ പഴയനിയമത്തിലെ വിധി നിഷേധങ്ങൾ ദുസ്സഹമായിരുന്നതിനു ദൈവം പരിഹാരം കണ്ടു. പാപത്തിനു പരിഹാരം ചെയ്യാനുള്ള ബലിയായി അവിടുന്നു തന്റെ പുത്രനെ ശരീരവാനായി ലോകത്തിലേയ്ക്കയച്ചാണ് ഇതു സാധിച്ചത്. ശരീരത്തെ അനുസരിക്കാതെ ആത്മാവിനെ അനുസരിക്കുന്നവരിൽ നിയമം ആവശ്യപ്പെടുന്നതു നിറവേറുന്നതിനുവേണ്ടി അവിടുന്നു പാപത്തിനു ശാരീരികശിക്ഷ വിധിച്ച്'(റോമ.8:14).

നിയമത്തിൽ നിന്നുള്ള മനുഷ്യമക്കളുടെ സ്വാതന്ത്ര്യത്തെപ്പറ്റി വി.പൗലോസ്ശ്ലീഹാ തന്റെ ലേഖനങ്ങളിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട് : എഴുത്തിന്റെ പഴക്കത്തിനനുസരിച്ചല്ല, പുതിയ ചൈതന്യത്തിനനുസരിച്ച്, ശുശ്രൂഷ ചെയ്യുന്നതിനുവേണ്ടി, നമ്മെ ബന്ധിച്ചിരുന്ന മരണത്തിന്റെ നിയമത്തിൽനിന്നു നാം സ്വതന്ത്രരായിരിക്കുന്നു(റോമ.7:6). ആത്മാവു നമ്മെ നയിക്കുന്നതിനാൽ, നയിക്കുന്നുവെങ്കിൽ, നാം നിയമത്തിനു വിധേയരല്ല, സ്വതന്ത്രരാണ്. നിയമത്തിൽ നിന്നല്ല, പ്രത്യുത നമ്മിൽ വിശ്വാസം ചൊരിയുന്ന പരിശുദ്ധാത്മാവിൽനിന്നാണു നമുക്കു നിത്യരക്ഷ ലഭിക്കുക (ഗലാ.5:15). ഫാ.ലെയോണെയുടെ അഭിപ്രായത്തിൽ, പൗലോസ്ശ്ലീഹാ മോസസിന്റെ നിയമത്തെ സംബന്ധിച്ചു പറയുന്നവ വെറും നിയമമെന്ന നിലയ്ക്ക് ബാഹ്യമായ ഏതൊരു നിയമത്തിനും ബാധകമാണ്.
നിയമത്തിന്റെ ആവശ്യകതയെ സെന്റ പോൾ തീർത്തും നിഷേധിക്കുന്നില്ല. വിശ്വാസത്തിന്റെ വെളിച്ചത്തിലെ ഇനിമേൽ അവയ്‌ക്കെന്തെങ്കിലും വിലയുള്ള എന്നുമാത്രം. മിശിഹായിലേയ്ക്ക് നമ്മെ നയിക്കുന്ന മാർഗ്ഗദർശിയാണത്. പാപം എന്താണെന്നു നമ്മെ മനസ്സിലാക്കാൻ അതിനു കഴിയും(റോമ.7:7). ന്യായപ്രമാണം അപൂർണ്ണമാണെന്നും അതു പൂർണ്ണമാക്കാനാണ് താൻ വന്നിരിക്കുന്നതെന്നും നാം നാഥൻതന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ (മത്താ. 5:17).

ഈശ്വരപ്രസാദമാണ് പുതിയ ഉടമ്പടിയിലെ നിയമത്തിന്റെ അന്തഃസത്ത. പ്രസ്തുതപ്രസാദത്തിന്റെ പ്രഭവം ക്രിസ്തുവിലുള്ള വിശ്വാസത്തിലും. അതിനാൽ പരിശുദ്ധാത്മാവിന്റെ പ്രസാദമാണ് പുതിയ നിയമം!. പഴയനിയമകാലത്തും പരസ്‌നേഹത്താൽ പൂരിതരും ദൈവാത്മാവിന്റെ വരം സ്വീകരിച്ചവരും ഉണ്ടായിരുന്നു. സനാതനവും ആദ്ധ്യാത്മികവുമായ വരങ്ങളെ പ്രതീക്ഷിച്ച് അവർ കഴിയുകയായിരുന്നു. വാസ്തവത്തിൽ അവരും പുതിയനിയമത്തിൽ ഉൾപ്പെട്ടവരാണ്. എന്നാൽ പുതിയനിയമകാലത്തും പഴയ നിയമത്തിൽത്തന്നെ കഴിയുന്ന ക്രൈസ്തവർ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അവരെ പുണ്യത്തിലേക്കു നയിക്കേണ്ടത് ശിക്ഷയെക്കുറിച്ചുള്ള ഭയവും ഭൗതികവാഗ്ദാനങ്ങളും വഴി ആണെന്ന് അദ്ദേഹം എടുത്തു പറയുന്നു.

അങ്ങനെ, ദൈവകൃപയാൽ രക്ഷകന്റെ വരവോടുകൂടി നിയമത്തിന്റെ ജനം പരിശുദ്ധാത്മാവിന്റെ ജനമായി മാറി. കാരണം, സ്‌നേഹസത്യങ്ങളുടെ സ്രോതസ്സായ പരിശുദ്ധാത്മാവിലൂടെയാണ് പുതിയ മോസസ് പുതിയ ഇസ്രായേലിനു നിയമങ്ങൾ നല്കിയത്. ഉത്ഥിതനായ ക്രിസ്തു ദൈനജനത്തെ ഐക്യപ്പെടുത്തുന്നതും ജീവൻ നല്കി വിശുദ്ധീകരിച്ചു സകല സത്യത്തിലേക്കും നയിക്കുന്നതിനും തന്റെ ആത്മാവിലൂടെയാണ്. പരിശുദ്ധാത്മാവിന്റെ നിയമമാകട്ടെ സ്‌നേഹത്തിന്റെ നിയമവും.

സ്‌നേഹത്തിന്റെ നിയമമാണു നമുക്കുള്ളത്. ഈ അർത്ഥത്തിലാണ് ‘സ്‌നേഹിക്കുക, പിന്നെ എന്തും ചെയ്തുകൊള്ളുക’ എന്ന് സെന്റ് അഗസ്റ്റിൻ പറഞ്ഞിട്ടുള്ളത്. എങ്കിലും സഭയിലിപ്പോഴും അനേകം ബാഹ്യനിയമങ്ങളുള്ളതായി നമുക്കു കാണാം. ഈ നിയമങ്ങൾക്ക് സഭാജീവിതത്തിൽ എന്തു സ്ഥാനമാണുള്ളതെന്ന് നാം സംശയിച്ചേക്കാം. ഇവിടെ ഒരു കാര്യം നാം ഓർക്കേണ്ടതുണ്ട്. ആത്മാവിന്റെ സ്വാതന്ത്ര്യം ഒരിക്കലും അരാജകത്വമല്ല. അവശ്യം സാമൂഹ്യജീവിയായ മനുഷ്യനു സന്തോഷമായും സമാധാനമായും ജീവിക്കാൻ ചില നിയമങ്ങളെല്ലാം ആവശ്യമുണ്ട്. ഇത്തരം ബാഹ്യനിയമങ്ങളെ ആന്തരീകരിക്കുന്നതിലാണു യഥാർത്ഥ ക്രൈസ്തവ സ്വാതന്ത്ര്യം അടങ്ങിയിരിക്കുക.

എന്നാൽ, എല്ലാ നിയമങ്ങളെയും പൂർണ്ണമായി ആന്തരികമാക്കാൻ നമുക്കു കഴിയുമോ? തീർച്ചയായും ഇതിനാണു നാം ശ്രമിക്കേണ്ടത്. പക്ഷേ, സ്വർഗ്ഗീയ ജറുസലേമിൽ വെച്ചേ അതു പൂർണ്ണമായി സാധിക്കൂ. തീർത്ഥാടകസഭ ഒരു പരിധിവരെ സാമൂഹ്യനിയമങ്ങളാലും അടയാളങ്ങളാലും നയിക്കപ്പെടേണ്ടിയിരിക്കുന്നു. ഇവയെല്ലാം നമ്മെ സ്വാതന്ത്ര്യത്തെപ്പറ്റി പഠിപ്പിക്കുകയും അതിലേക്കു നയിക്കുകയും ചെയ്യുന്നുവെന്നു പറയാം.

നിയമങ്ങളെ ആന്തരീകരിക്കുവാൻ വിഷമമുണ്ടാകാം. അപ്പോൾ അന്തിമമായി നാം ആശ്രയിക്കേണ്ടത് മനസ്സാക്ഷിയിലാണ്. ഒരുവിധത്തിൽ ആത്മാവിന്റെ നിയമം മനഃസാക്ഷിയുടെ നിയമമാണ്. നന്മയെ സ്‌നേഹിക്കാനും തിന്മയെ ദ്വേഷിക്കാനും ആഹ്വാനം ചെയ്തുകൊണ്ട് മനഃസാക്ഷിയുടെ സ്വരം എപ്പോഴും മനുഷ്യഹൃദയങ്ങളിൽ മന്ത്രിക്കുന്നുണ്ട്. ഇങ്ങനെ മനുഷ്യരിൽ അലിഖിതമായ ഒരു നിയമമുണ്ട്. അതനുസരിക്കുന്നതിലാണ് അവന്റെ മഹത്വം. അതനുസരിച്ച് അവൻ വിധിക്കപ്പെടുകയുംചെയ്യും.

Share This Article
error: Content is protected !!