ഫ്രാൻസിസ് പാപ്പായ്ക്കും സിനഡു പിതാക്കന്മാർക്കുമുള്ള തുറന്ന കത്ത്.

Fr Joseph Vattakalam
3 Min Read

ഈ ശീർഷകത്തിൽ കഴിഞ്ഞ സിനഡു നടന്നപ്പോൾ വത്തിക്കാനിലെത്തിയ കത്ത് സത്യസഭയിലേക്കു മടങ്ങിയെത്തിയ 100 പ്രഗത്ഭരായ വ്യക്തികൾ ഒപ്പിട്ട് അയച്ചിട്ടുള്ളതാണ്. ഈ കത്ത് ഇതിനോടകം ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. ‘ഈശോ മിശിഹാ വിഭാവനം ചെയ്ത വിവാഹത്തിന്റെ അലംഘനീയത, ചരിത്രത്തിൽ കത്തോലിക്കാ സഭ ഉയർത്തിപ്പിടിച്ചിട്ടുള്ള സുദൃഢവും ധൈര്യപൂർവ്വകവുമായ സാക്ഷ്യങ്ങൾ ഇവയൊന്നും മാറ്റപ്പെടരുതെന്നതാണ്’ കത്തിന്റെ രത്‌നചുരുക്കം.

സിനഡുപിതാക്കന്മാർ നടത്തിയ സകല വാഗ്വാദങ്ങളെക്കാളും വളരെക്കൂടുതലായി അവരെ ഇരുത്തിച്ചിന്തിപ്പിച്ചു ഈ തുറന്ന കത്ത് എന്നതു ദൈവപരിപാലനയായാണു ലേഖകൻ കാണുക. ഈ നൂറു മഹത്തുക്കൾ കത്തോലിക്കാ സഭയ്ക്കു പുറത്തായിരുന്നപ്പോൾ, സഭയിൽ കണ്ട പവിഴമുത്തുക്കളെക്കുറിച്ചും ഇപ്പോൾ നടക്കുന്ന ആശങ്കാജനകമായ പരിചിന്തനങ്ങളെക്കുറിച്ചുമുള്ള അവരുടെ ആശങ്കയാണ്പ്രധാനമായും കത്തിലുള്ളത്; ഒപ്പം, കത്തോലിക്കാ സഭയിൽനിന്നു വിഭിന്നമായി പഠിപ്പിച്ച സമൂഹങ്ങൾക്കു സംഭവിച്ച വലിയ അപചയങ്ങളുടെ നേർക്കാഴ്ചകളും. ടെക്‌സസ് സർവ്വകലാശാല പ്രൊഫസ്സർ മാർക്ക് റെളുനേറൂസ്, പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ സ്‌കോട്ട് ഹാൻ, ജോൺ ഫിന്നിസ് തുടങ്ങിയ ആത്മാർത്ഥതയുള്ള സഭാസ്‌നേഹികളാണ്, ആത്മാർത്ഥതയുടെ തികവിൽ, സത്യത്തോടുള്ള തുറവിയിൽ, ഈ കത്തു തയ്യാറാക്കി റോമിലേക്ക് അയച്ചത്. ഈ കത്തിനു പിന്നിൽ പരിശുദ്ധാത്മാവിന്റെ പ്രത്യേക പ്രചോദനമുണ്ടെന്നും സഭയെ നേർവഴിക്കു നയിക്കാൻ പരിശുദ്ധാത്മാവു ബദ്ധശ്രദ്ധനാണെന്നും ഈ കത്തു വ്യക്തമാക്കുന്നു.
ഈശോ തന്റെ പരിശുദ്ധാത്മാവിലൂടെ സഭയെ അനുസ്യൂതം നയിക്കുന്നുണ്ട്. നരകവാതിലുകൾ അതിനെതിരായി പ്രബലപ്പെടുകയില്ല.

കത്തിന്റെ ഉള്ളടക്കം ചുരുക്കത്തിൽ: ‘കത്തോലിക്കാ സഭയിലേക്ക് തങ്ങൾ മടങ്ങിവന്നത് ഇവിടെ വിവാഹത്തെക്കുറിച്ചും കൂദാശകളെക്കുറിച്ചും അങ്ങനെ പലവിധ വിഷയങ്ങളെക്കുറിച്ചും കറയില്ലാത്തവിധം പഠിപ്പിക്കുന്നതുകൊണ്ടുകൂടിയാണ്. മാത്രമല്ല, മുമ്പ് ഞങ്ങൾ ആയിരുന്ന സഭാവിഭാഗങ്ങളിൽ സ്വവർഗവിവാഹം, വിവാഹമോചനം തുടങ്ങിയവ അനുവദിക്കപ്പെട്ടപ്പോൾ, അവിടെ തകർച്ചകൾ ആരംഭിക്കുകയും കത്തോലിക്കാ സഭയിൽ യഥാർത്ഥ സത്യമുണ്ടെന്ന് അനുഭവത്തിലൂടെ പഠിക്കുകയും ചെയ്തവരാണ് ഞങ്ങൾ….ലോകം പറയുന്നത് കേട്ട്, ഞങ്ങൾ ആയിരുന്ന മുൻ സഭാസമൂഹങ്ങൾ വിശ്വാസപഠനങ്ങളിൽ മാറ്റം വരുത്തി. സ്വാതന്ത്ര്യവും സമത്വവുമാണ് വേണ്ടതെന്ന് ഞങ്ങളിൽ പലരും അന്നു വിചാരിച്ചു. സ്ത്രീ പൗരോഹിത്യം അനുവദിച്ചു. ഭ്രൂണഹത്യയെ ന്യായീകരിച്ചു, സ്വവർഗ്ഗവിവാഹത്തെ അനുകൂലിച്ചു, വിവാഹമോചനത്തിൽ വിട്ടുവീഴ്ച വരുത്തി….പരിണിതഫലമായി ഞങ്ങൾ അവിടെ അടിസ്ഥാനപരമായി അതിദുഃഖകരമായ തകർച്ചകൾ കണ്ടു. അവിടെനിന്ന് നോക്കിയപ്പോൾ കത്തോലിക്കാ സഭ ശക്തമായി വളരുന്നു. ഇവിടെ സത്യമുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. അതിനാൽ സിനഡ് പൂർത്തിയാകുമ്പോൾ, ഞങ്ങൾക്ക് മുമ്പു പറ്റിയ അബദ്ധങ്ങൾ ഇവിടെ ഉണ്ടാവരുത്. സഭ എല്ലാക്കാലത്തും സത്യത്തിനൊപ്പം നിൽക്കണം. ഈ ഓർമ്മപ്പെടുത്തലും അപേക്ഷയും സ്വീകരിക്കണം’.
‘കത്തോലിക്കാ സഭയുടെ പഠനങ്ങൾ അത്ര ജനകീയമായിരുന്നില്ലെങ്കിലും അവ ഞങ്ങളെ ആകർഷിച്ചു. ജനകീയ തീരുമാനങ്ങളുടെ പരിണിതപ്രത്യാഘാതങ്ങളും നാശങ്ങളും ഞങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കി. സത്യത്തിനും നീതിക്കും മനോഹാരിതയുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കിയതു കത്തോലിക്കാ സഭയിൽ നിന്നാണ്….ലൈംഗികതയ്ക്കുള്ള ലൈസൻസിനെ, മനുഷ്യാവകാശത്തിനൊപ്പം ഉയർത്തിപ്പിടിക്കുന്ന ലോകമാണിത്. അതിന്റെ വാക്കുകൾക്ക് സഭ ചെവികൊടുക്കരുത്. തെറ്റുപറ്റിപ്പോയ അനുഭവസ്ഥരുടെ വാക്കുകൾ കേൾക്കുവാൻ മനസ്സുണ്ടാകണം’.

യഹൂദനായിരുന്ന ഈഡൻ തന്റെ അനുഭവത്തിൽനിന്നുമാണ് കത്തിന്റെ ഒരു ഭാഗം തയ്യാറാക്കിയിരിക്കുന്നത്. ‘മാതാപിതാക്കളുടെ വിവാഹമോചനത്തിന്റെയും ചെറുപ്പത്തിലെ വലിച്ചിഴയ്ക്കപ്പെട്ട ലൈംഗിക ചൂഷണത്തിന്റെയും ബാക്കിപത്രമായിരുന്നു എന്റെ ജീവിതം. എന്നാൽ ഞാൻ സഭയിലേയ്ക്ക് വരുവാൻ ഒരു കാരണമുണ്ട്. കത്തോലിക്കാ സഭ പഠിപ്പിക്കുന്ന കാര്യങ്ങൾ എന്റെ കുടുംബം പാലിച്ചിരുന്നെങ്കിൽ എന്റെ ജീവിതത്തിൽ സംഭവിച്ചവ ഒരിക്കലും സംഭവിക്കുമായിരുന്നില്ല എന്ന ബോധ്യം’
സ്വവർഗ്ഗലൈംഗിക ബന്ധങ്ങളുടെ അതിപ്രസരത്തിൽനിന്ന് സഭാപഠനങ്ങളുടെ സഹായത്താലും പ്രാർത്ഥനയുടെ ശക്തിയാലും രക്ഷപെട്ട ഡേവിഡ് പ്രോസണെപ്പോലുള്ളവർക്കും ഏറെ പറയാനുണ്ട്. സ്വവർഗ്ഗലൈംഗിക ബന്ധത്തിനുള്ള താല്പര്യം ജീവിതത്തിലലിഞ്ഞുചേർന്നവരെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ കത്തോലിക്കാ വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും ഫലദായകത്വം ഉപയോഗപ്പെടുത്തുന്ന വലിയൊരു സംഘടനയുടെ തലവൻ കൂടിയാണ് അദ്ദേഹം. കത്തോലിക്കാ സഭ ഇപ്പോൾ പഠിപ്പിക്കുന്നത് സത്യമാണെന്നും അതിൽ തെല്ലിടപോലും വ്യത്യാസം വരുത്തേണ്ടതില്ലെന്നും അനേകരുടെ അനുഭവത്തിൽനിന്ന് അദ്ദേഹവും പറയുന്നു.

Share This Article
error: Content is protected !!