ദൈവത്തെ ഓർക്കുക

Fr Joseph Vattakalam
1 Min Read

ദിനംപ്രതി നമ്മൾ മലയാളികൾ തിന്നുതീർക്കുന്ന കോഴി ഇറച്ചിയുടെ കണക്ക് ആരെയും വിസ്മയിപ്പിക്കും. കോഴി ഇറച്ചി ഇന്ന് നമ്മുടെ ഇഷ്‌ട വിഭവമാണ്. അതുകൊണ്ടുതന്നെ കോഴി വാങ്ങാൻ ഇറച്ചിക്കടയിൽ പോകുന്നവരുമേറെ.

നോക്കി നിൽക്കെ എത്ര പെട്ടന്നാണ് അവർ കോഴിയെ പിടിച്ച കഴുത്തുമുറിച്ച് അതിനെ ഒരു ഡ്രമ്മിലേക്കിടുന്നത്. അതിനുള്ളിൽ കിടന്നു ജീവനുവേണ്ടി പിടയ്ക്കുന്ന കോഴിയുടെ ശബ്ദം നമ്മെ അസ്വസ്ഥരാക്കും. അതാണ് ശിരസ്സറ്റ ശരീരത്തിന്റെ പിടയ്ക്കൽ. ശിരസുമായുള്ള ശരീരത്തിന്റെ ബന്ധം വേർപെട്ടാൽ അതിനു നിലനിൽപ്പില്ല. മനുഷ്യരായ നമ്മുടെയും അവസ്ഥ അതുതന്നെയല്ലേ. ഇന്ന് ഇത്രയേറെ ഭൗതിക സമ്പത്തിന്റെയും സമൃദ്ധിയുടെയും നടുവിലും  ശിരസ്സറ്റ കോഴികളെപ്പോലെ പിടയ്ക്കുന്ന മനുഷ്യർ ധാരാളമുണ്ടിന്ന്. സമാധാനമില്ലാത്ത  കുടുംബങ്ങളിൽ, സമൂഹത്തിന്റെ നാനാതുറകളിൽ നമുക്കവരെ കാണാനാകും. ശിരസ്സാകുന്ന യേശുവിൽനിന്നു ബന്ധം വേർപെട്ട കഴിയുന്നവരാണവർ, നൈമിഷികമായ ജീവിതസുഖങ്ങൾക്കു പിന്നാലെ ഓടിനടന്ന് സ്നേഹസഹോദര്യങ്ങളെപ്പോലും അവഗണിച്ചവരാണവർ.

നമ്മൾ ഒന്നായിരുന്ന സഭയുടെ ശിരസാണ് യേശുവെന്ന വചനം നമ്മെ പഠിപ്പിക്കുന്നു (എഫേ. 5 :23 ). സഭയോടും സഭയുടെ നമുക്ക് നൽകപ്പെടുന്ന കൂദാശാജീവിതത്തോടും ചേർന്നു നിൽക്കുമ്പോഴാണ് യേശുവിലുള്ള നമ്മുടെ ബന്ധം നിലനിൽക്കുന്നത്. അപ്പോഴാണ് പരിശുദ്ധാത്മഫലങ്ങളായ സ്നേഹവും സന്തോഷവും സമാധാനവും നമുക്ക് ലഭിക്കുന്നത്. അല്ലെങ്കിൽ ശിരസ്സറ്റു പിടയ്ക്കുന്ന കോഴിയെപ്പോലെ സന്തോഷവും സമാധാനവും ഇല്ലാതെ നമ്മളും പിടച്ചുകൊണ്ടിരിക്കും. അതാണ് ഇന്ന് നാം കാണുന്ന ലോകത്തിന്റെ ദുരവസ്ഥ.

പ്രാർത്ഥനകളും കൂദാശകളും ഇല്ലെങ്കിൽ എന്താണ് കുഴപ്പമെന്ന്  ചിന്തിക്കുന്ന ഭോഷരായ കുട്ടികൾ ധാരാളമുണ്ടിന്ന്. ഉത്തരവാദിത്വങ്ങൾ ഒന്നും കാര്യമായിട്ടില്ലാത്ത കാലമാണ് കുട്ടിക്കാലം. വിതയ്ക്കുന്ന കാലമെന്നു വേണമെങ്കിൽ നമുക്കതിനെ വിളിക്കാം. എന്നും നമ്മൾ കുട്ടികളായിരിക്കുകയില്ലല്ലോ. ഒരിക്കൽ കുടുംബവും ഉത്തരവാദിത്വങ്ങളും ഉണ്ടാകും. അപ്പോൾ ദൈവത്തെ കൂടാതെ വിതച്ചതെല്ലാം ഫലശൂന്യമായിപ്പോയെന്നു തിരിച്ചറിയും. അതുകൊണ്ടാണ് ഈശോ നമുക്ക് മുന്നറിയിപ്പുതരുന്നത്.

‘എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല’ (യോഹ. 15 :5 )

 

Share This Article
error: Content is protected !!