ഞങ്ങൾക്കു ഭയമായിരുന്നു

Fr Joseph Vattakalam
2 Min Read

ഒരു പ്രത്യേക സാഹചര്യത്തിൽ ദൈവം പരിപാലിച്ചു ശക്തിപകർന്നുതന്ന വ്യക്തിപരമായ ഒരു അനുഭവമാണു തുടർന്നു രേഖപ്പെടുത്തുക. ബി.എയ്ക്ക് എനിക്കു 34 സഹപാഠികളാണുണ്ടായിരുന്നത്. അവരിൽ ഒരാൾക്ക് തന്റെ സഹപാഠി വൈദികനായി വിവാഹം ആശീർവദിക്കണമെന്നു വലിയ ആഗ്രഹമായിരുന്നു. ഇരുപത്തെട്ടു വയസ്സിലാണ് ഞാൻ ദൈവപരിപാലനയിൽ, പരിശുദ്ധ അമ്മയുടെ പ്രത്യേക മദ്ധ്യസ്ഥത്തിൽ ഒരു വൈദികനായത്.
1972 മാർച്ചിൽ ചങ്ങനാശ്ശേരി ഭദ്രാസന ഇടവകയിൽ സഹവികാരിയായി നിയമിക്കപ്പെട്ടു. താമസിയാതെ എന്റെ സുഹൃത്തിന്റെ വിവാഹമായി. ചങ്ങനാശ്ശേരിയിൽ തന്നെയുള്ള ഗത്സമനി ആശ്രമദൈവാലയത്തിലാണ് അദ്ദേഹം പരിപാവനമായ വിവാഹമെന്ന കൂദാശ സ്വീകരിച്ചത്. ഞങ്ങളുടെ സഹപാഠികൾ പലരും വിവാഹാഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു. എനിക്ക് ഭക്ഷണം ക്രമീകരിച്ചിരുന്നത് അടുത്തൊരു വീട്ടിലായിരുന്നു. സ്‌നേഹം പകരാനും സൗഹൃദം പങ്കുവയ്ക്കാനും പല സുഹൃത്തുക്കളും മറ്റുചില പ്രധാനപ്പെട്ട വ്യക്തികളും അക്കൂട്ടത്തിലുണ്ടായിരുന്നു. പഴയകാര്യങ്ങൾ അനുസ്മരിച്ചും മധുരിക്കുന്ന ഓർമ്മകൾ അയവിറക്കിയും പരസ്പരം കളിയാക്കിയുമെല്ലാം എല്ലാവരുംകൂടി എന്നെ സത്കരിച്ചു. ഏറെ സന്തോഷംതോന്നി. ഭക്ഷണത്തിന്റെ അവസാനഘട്ടത്തിൽ പ്രധാനപ്പെട്ട വ്യക്തികളിൽ വിദ്യാർത്ഥിയെന്നനിലയിൽ ഞാന് (എന്റെ സഹപാഠികളും) ഏറെ കടപ്പെട്ടിരുന്ന ഒരാൾ ആഘോഷത്തിന്റെ കൊഴുപ്പുകൂട്ടാൻ ഞാനും അല്പം കഴിക്കണമെന്നു
നിർബന്ധിച്ചുകൊണ്ടിരുന്നു. (ഇന്നിന്റെ ഏറ്റംവലിയ ഒരു ശാപമാണു മദ്യം). എന്തു നന്മചെയ്യാൻ പറഞ്ഞാലും അനുസരിക്കാം. പക്ഷെ ഈ തിന്മ ചെയ്യുകയില്ലെന്നു ഞാൻ ശഠിച്ചുകൊണ്ടിരുന്നു.
എന്നെ നിർബന്ധിച്ചുകൊണ്ടിരുന്ന വ്യക്തിയുടെ മുഖത്തുണ്ടായ ഭാവഭേദം എനിക്കു നന്നായി മനസ്സിലായി. ഇക്കാര്യത്തിൽ താൻ വിജയിക്കുകയില്ലെന്ന് ഉറപ്പായപ്പോൾ അദ്ദേഹം, മനസ്സില്ലാമനസ്സോടെ തന്റെ ഉദ്യമത്തിൽനിന്നു പിന്തിരിഞ്ഞു. നാല്പത്തിനാലു (44) വർഷത്തെ പൗരോഹിത്യ ജീവിതത്തിനിടയ്ക്ക് സ്വദേശത്തും വിദേശത്തും പല സാഹചര്യങ്ങളുണ്ടായിട്ടും ഈ തിന്മയിൽ നിപതിക്കാതെ നിലനില്ക്കാൻ നിഖിലേശൻ കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്. ദൈവമേ ഒരായിരം നന്ദി.

മറ്റുള്ളവർ യാത്രപറഞ്ഞു പിരിഞ്ഞുകഴിഞ്ഞപ്പോൾ എനിക്കും എന്റെ സഹപാഠികൾക്കും ആശ്വാസമായി. അവർ ഒരേ സ്വരത്തിൽ പറഞ്ഞു: നിർബന്ധവും നിർബന്ധിക്കുന്ന ആളിന്റെ പ്രത്യേകതകളും പ്രധാന്യവുംമൂലം അച്ചൻ വഴങ്ങിക്കൊടുക്കുമോ, വീണുപോകുമോ എന്നു ഞങ്ങൾക്കു ഭയമായിരുന്നു. പ്രലോഭനം അല്പം കഠിനമായിരുന്നു അല്ലേ? അവരുടെ പ്രതികരണത്തിനു വാക്കുകളിൽ ഞാൻ പ്രതികരിച്ചില്ല. പുഞ്ചിരിച്ചതേ ഉള്ളൂ. പക്ഷേ ഉള്ളിന്റെ ഉള്ളിൽ സന്തോഷം തോന്നിയതോടൊപ്പം, ദൈവത്തിന് ഒരായിരം നന്ദിയും പറഞ്ഞു.
പ്രലോഭനങ്ങളിൽ ഉൾപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ എന്ന നാഥന്റെ ദിവ്യസന്ദേശം അനുനിമിഷം നമ്മുടെ കർണ്ണപുടങ്ങളിൽ പതിപ്പിച്ചുകൊണ്ടിരിക്കണം. ആദ്യത്തെ പ്രലോഭനത്തെ അതിജീവിക്കുകയാണ് ഏറ്റം വിഷമം. അതിനെ അതിജീവിച്ചാൽ, തുടർന്ന് ആത്മാർത്ഥമായ ആഗ്രഹവും പരിശ്രമവവും പ്രാർത്ഥനയുമുണ്ടെങ്കിൽ ശത്രുവിനെ നമുക്ക് നിഷ്പ്രയാസം തോല്പിക്കാം. ദൈവത്തിലാശ്രയിക്കുന്നവർ വീണ്ടും ശക്തിപ്രാപിക്കും. അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല. നടന്നാൽ തളരുകയില്ല (ഏശ. 40:3).

Share This Article
error: Content is protected !!