കുടുംബ ബന്ധങ്ങൾക്ക് ഊർജ്ജം ലഭിക്കുന്ന ഭക്ഷണമേശ

Fr Joseph Vattakalam
2 Min Read

കുടുംബ ബന്ധങ്ങൾക്ക് ഊർജ്ജം ലഭിക്കുന്നിടമാണ് ഭക്ഷണമേശയെന്ന് ഫ്രാൻസിസ് മാർപാപ്പാ അഭിപ്രായപ്പെട്ടു. കുടുംബാംഗങ്ങളുടെ ഒരു കൂട്ടായ്മയാണ് ഭക്ഷണസമയത്ത് നടക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റം ആ കൂട്ടായ്മയെ തകർത്തുകൊണ്ടിരിക്കുകയാണ് എന്നും പിതാവ് ആശങ്കപ്പെട്ടു.

ഭക്ഷണം കഴിക്കാൻപോലും ഒരുമിച്ചു കൂടാത്ത ഒരുപറ്റം ആളുകളെ കുടുംബം എന്ന് വിളിക്കാനാവില്ല. ഭക്ഷണമേശയ്ക്ക് ചുറ്റുമിരുന്ന് പരസ്പരം നോക്കുകയും സംസാരിക്കുകയും ചെയ്യാതെ, ടി.വിയോ സ്മാർട്ട് ഫോണോ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ കൂട്ടത്തെ കുടുംബമാണെന്ന് വിളിക്കാനാവില്ല. ബുധനാഴ്ചയിലെ മാർപ്പാപ്പയുടെ പ്രഭാഷണം ശ്രവിക്കുന്നതിനായി, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയ ആയിരക്കണക്കിന് ഭക്തരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ശരത്കാലാന്ത്യം മുതൽ, പിതാവ് തന്റെ പ്രതിവാര പ്രഭാഷണ പരമ്പരകളിൽ, പരമ പ്രാധാന്യം നൽകി വരുന്ന വിഷയമാണ് കുടുംബം. ഒക്‌ടോബർ 4 മുതൽ 25 വരെ നടന്ന സിനഡിന്റെയും പ്രധാനവിഷയം കുടുംബം തന്നെയായിരുന്നു.

സിനഡ് അവസാനിച്ചെങ്കിലും, ഇന്നത്തെ സമൂഹത്തിൽ കുടുംബങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളുടെ പ്രാധാന്യം മനസിലാക്കി, പിതാവ് കുടുംബ സംബന്ധിയായ പ്രസംഗ പരമ്പര തുടരുകയാണ്. കഴിഞ്ഞയാഴ്ചയിലെ പ്രഭാഷണത്തിൽ കുടുംബ ബന്ധങ്ങളിൽ ക്ഷമയുടെ പ്രാധാന്യത്തെപ്പറ്റി വിശദീകരിച്ച പിതാവ്, ഈ ആഴ്ചയിൽ കുടുംബത്തിലെ കൂട്ടായ്മയുടെ പ്രാധാന്യത്തെ പറ്റിയാണ് സംസാരിച്ചു തുടങ്ങിയത്.

നമ്മൾ വളരെ ചെറുപ്പത്തിൽ തന്നെ കുടുംബത്തിലെ കൂട്ടായ്മയുടെ പാഠങ്ങൾ പഠിപ്പിക്കുന്നു.
ജീവിതത്തിന്റെ സൗന്ദര്യവും സന്തോഷവും പരസ്പരം പങ്കുവയ്ക്കുന്ന അരങ്ങാണ് കുടുംബം.
ഈ കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്റെയും ഉദാത്തമായ ഉദാഹരണം നമുക്ക് കാണാവുന്നത്, നമ്മുടെ ഓരോരുത്തരുടെയും വീടുകളിലെ ഭക്ഷണമേശയ്ക്ക് ചുറ്റുമാണ്.

മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ട്, അന്നത്തെ സന്തോഷവും സങ്കടവും നിറഞ്ഞ അനുഭവങ്ങൾ തമ്മിൽ തമ്മിൽ പങ്കുവയ്ക്കുമ്പോൾ, അവിടെ കുടുംബജീവിതത്തിലെ കൂട്ടായ്മയാണ് നാം ദർശിക്കുന്നത്.

ഭക്ഷണമേശയിൽ പങ്കുവയ്ക്കപ്പെടുന്നത് ഭക്ഷണം മാത്രമല്ല. മനസ്സുകൾ കൂടിയാണ്.
കുടുംബബന്ധങ്ങളുടെ സ്വഭാവം പെട്ടെന്ന് പ്രതിഫലിക്കുന്ന ഒരു കണ്ണാടിയാണ് ഭക്ഷണമേശ. ബന്ധങ്ങളിലുണ്ടാകുന്ന മുറിവുകൾ നമുക്ക് ഭക്ഷണമേശയിൽ കാണാൻ കഴിയും. മറ്റാരും അറിയാതെ, ഒരംഗം സ്വയം അനുഭവിക്കുന്ന വ്യഥകൾ പോലും തീൻമേശയിൽ മാനസിക തരംഗങ്ങൾ സൃഷ്ടിക്കുന്നു. എന്തോ ശരിയല്ലെന്ന് പെട്ടെന്ന് എല്ലാവർക്കും ഒരു തോന്നലുണ്ടാകുന്നു. എല്ലാവരും ചേർന്നുള്ള ഒരു പരിഹാരത്തിന് അത് വഴിയൊരുക്കുന്നു. കുടുംബത്തിലെ കൂട്ടായ്മയുടെ പ്രയോജനമാണത്.

വിശുദ്ധഗ്രന്ഥത്തിലെ പല പ്രധാന സന്ദർഭങ്ങളും യേശു തന്റെ ശിഷ്യന്മാരോടൊത്ത് ഭക്ഷണമേശയിലിരിക്കുന്ന സന്ദർഭത്തിൽ സംഭവിക്കുന്നു. വിശുദ്ധ കുർബ്ബാനയുടെ സ്ഥാപനം നടക്കുന്നതു തന്നെ ഒരു ഭക്ഷണ സമയത്താണ്.

വിശുദ്ധ കുർബാന തന്നെ ഒരു ഭക്ഷണമായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. വിശുദ്ധ കുർബാന എന്ന ആത്മീയ ഭക്ഷണത്തിന്റെ സമയത്ത് നാം സാർവ്വത്രികമായ ആഗോള കൂട്ടായ്മയിൽ എത്തിച്ചേരുന്നു. ഈ ആഗോള കൂട്ടായ്മയും നമ്മുടെ തീൻമേശയിലുള്ള കുടുംബകൂട്ടായ്മയും ഒരേ സ്ഥലത്തേയ്ക്ക് തന്നെയാണ് നമ്മെ നയിക്കുന്നത്-ദൈവസ്‌നേഹം.

ഈ കൂട്ടായ്മ നമ്മുടെ സമൂഹത്തിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നതിൽ പിതാവ് ഖേദം പ്രകടിപ്പിച്ചു.

ഭക്ഷണം പങ്കുവെയ്ക്കണം എന്ന സന്ദേശവും വിശുദ്ധ കുർബാന നമുക്ക് നൽകുന്നു. ‘ഭക്ഷണവും സ്‌നേഹവും നിഷേധിക്കപ്പെട്ടു കഴിയുന്ന, വലിയൊരു വിഭാഗം ജനങ്ങളുണ്ട്. നമ്മുടെ പ്രാർത്ഥനകളിൽ അവർ കൂടി ഉണ്ടായിരിക്കണം’. പിതാവ് പ്രഭാഷണം അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു.

Share This Article
error: Content is protected !!