കണ്ടകോടാലി

Fr Joseph Vattakalam
1 Min Read

ആധ്യാത്മിക ജീവിതത്തിന്റെ ‘കണ്ടകോടാലി’ ആണ് ‘അഹം’. വിശുദ്ധ ജീവിതം നയിക്കുന്നതിന് സർവ്വസംഗപരിത്യാഗിയായി ദേഹത്തെ കിഴടക്കണം. പഞ്ചേന്ദ്രിയങ്ങളിലൂടെ ‘ലോകം’ മനുഷ്യന്റെ ഉളിൽ കയറിപ്പറ്റുന്നു. അഹങ്കാരം, അസൂയ, ആസക്തികൾ, കോപം, വിദ്വെഷം, വാശി, വൈരാഗ്യം, വിഭാഗീയ ചിന്ത തുടങ്ങിയ വിഷങ്ങൾ കുത്തിവച്ചു ‘അഹംകാരിയെ’ ചരിക്കുന്ന പ്രേതമാക്കുന്നു. അവൻ ആത്മീയമായി ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും. ആത്മീയതയെന്നാൽ ലോകം, പിശാച്, ശരീരം ഇവയെ ചെറുത്തു തോൽപ്പിക്കുകയെന്നതാണ് വിശുദ്ധിയുടെ അന്തസത്ത. വിശുദ്ധി കൂടാതെ ആർക്കും ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല.


ഇന്ദ്രിയങ്ങളുടെ നിഗ്രഹത്തോടൊപ്പം ആശയടക്കങ്ങൾ, പരിത്യാഗപ്രവർത്തികൾ, പ്രായശ്ചിത്ത പ്രവർത്തികൾ തുടങ്ങിയവയും ദൈവാന്വേഷി അഭ്യസിക്കണം. വിശുധിയുടെ വഴിയിൽ മുന്നേറാൻ ഇവ അത്യന്താപേക്ഷിതമാണ്. ആത്മീയോന്നതിക്കും ദൈവസ്നേഹാനുഭവത്തിലുള്ള ജ്വലനത്തിനും ഇവ ഒരുവനെ സഹായിക്കുന്നത് കുറച്ചൊന്നുമല്ല. ആത്മീയ സത്യങ്ങൾ ഗ്രഹിക്കുന്നതിനും ആത്മീയാനന്ദം നേടുന്നതിനും ഇവ ചാലകശക്തികളാകും.


ജഡത്തോടും ലോകത്തോടുമുള്ള മമത ദൈവത്തെ യഥാവിധി സ്നേഹിക്കുന്നതിനും ശുശ്രൂക്ഷിക്കുന്നതിനും വലിയ തടസമാണ്. എല്ലാം ഈശോയോടുള്ള സ്നേഹത്തെപ്രതി ചെയ്യാൻ നിര്മമത പാലിച്ചേ മതിയാവു. 


എന്താണ് യഥാർത്ഥ വിജയം? ചിലർക്ക് ലോകം മുഴുവൻ വെട്ടിപിടിച്ചു മന്നവേന്ദ്രനായി വിളങ്ങുന്നതാണ് വിജയം.എന്നാൽ നമ്മുടെ പേരിനു മുൻപിൽ വിശുദ്ധൻ എന്ന ദൈവത്തിന്റെ കൈയൊപ്പ്‌ ലഭിക്കുന്നതാണ് യഥാർത്ഥ വിജയം. സാക്ഷാൽ മഹത്വം കൈവരുന്നത് ആത്മാവിന്റെ സൗന്ദര്യം പൂര്ണമാകുമ്പോഴാണ്. പ്രശസ്തി പത്രങ്ങളും ഇതര ബഹുമതികളൊന്നും ആരെയും സ്വർഗ്ഗത്തിലെത്തിക്കുന്നില്ല. വിശുദ്ധാത്മാക്കൾ വളരെ വേദനയോടെയാണ് ലൗകിക അംഗീകാരങ്ങൾ സ്വീകരിച്ചിരുന്നത്.

Share This Article
error: Content is protected !!