ഒരു കൊച്ചു വെള്ളപ്പൂവിന്റെ വസന്തകാല ചരിത്രം.

Fr Joseph Vattakalam
2 Min Read

ആത്മകഥകൾ  ധാരാളമുണ്ട്. എന്നാൽ “കൊച്ചുറാണി”യുടെ  ആത്മകഥ അനിതര സാധാരണവും അനന്യവുമാണ്. “ഉണ്ണീശോയുടെ കുഞ്ഞുപന്തു”, “സ്വർഗ്ഗത്തിലേക്ക് അല്പ്പം ഉയരാനുള്ള ലിഫ്റ്റ്‘, “എന്റെ ദൈവവിളി സ്നേഹമാകുന്നു”. സ്നേഹം സ്നേഹത്താൽ മാത്രമേ വീടുകയുള്ളു” ഇവയൊക്കെ അനുവാചക ഹൃദയങ്ങളിൽ പച്ചകെടാതെ നിൽക്കുകയല്ലേ? അഹങ്കാരത്തിൽ വീർത്തു പുളയുന്നതും മയമോഹങ്ങൾക്കു വശംവദവുമായ  ലോകത്തിനു സുവിശേഷ സാരള്യത്തിന്റെ സവിശേഷസരണി തുറന്നു കാണിക്കുവാൻ പര്യാപ്‌തമായ, പ്രേഷിത ചൈതന്യം തുള്ളിത്തുളുമ്പുന്ന “ഈശോയുടെ കുഞ്ഞുപന്തിന്റെ” ആത്മകഥ ഒരു വെല്ലുവിളി തന്നെയാണ്.

വി. പത്താം പിയൂസ്  മാർപാപ്പ, നാമകരണത്തിനു മുമ്പ് തന്നെ ലോകത്തോട് പറഞ്ഞു. “ആധുനിക കാലത്തെ ഏറ്റവും വലിയ വിശുദ്ധയാണ് ലിസ്യൂ റാണിയെന്ന്”. ക്രൈസ്തവലോകത്തെ ഇത്രയധികം സ്വാധീനിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ വളരെ വിരളമാണ്. വിശുദ്ധരുടെ ചരിത്രങ്ങളിൽ പല അസാധാരണത്വങ്ങളും ദൃശ്യമാണ്. സ്വജീവൻ “ആത്മമണവാളന്” വേണ്ടി ബലി കഴിച്ചവരാണ്  രക്തസാക്ഷികൾ, അഗാധപാണ്ഡിതർ, ആത്മീയ നിയന്താക്കൾ,സാമൂഹിക പരിഷ്ക്കർത്താക്കൾ, കരുണയുടെ മാലാഖമാർ, ഉജ്ജ്വലവാഗ്മികൾ. “എനിക്ക് ആത്മാക്കളെ തരുക. ബാക്കിയെല്ലാം എടുത്തുകൊള്ളുക”  എന്ന് ഉച്ചൈസ്തരം ഉദ്‌ഘോഷിച്ചു കരയും കടലും താണ്ടിയിരുന്നവർ, സഹോദരനുവേണ്ടി ജീവൻ ഹോമിച്ചവർ- അങ്ങനെയെല്ലാമുള്ള നിരവധി വിശുദ്ധരുണ്ട്. ഇവർക്കെല്ലാം ഒരു തികഞ്ഞ അപവാദമാണ് വിശുദ്ധ കൊച്ചു ത്രേസ്യ. ഒൻപതു വർഷത്തെ സന്ന്യാസ ജീവിതമാണ് അവൾക്കു സ്വന്തമായുള്ളത്. ഇക്കാലമത്രെയും സഹസന്ന്യാസികളായിരുന്നവരിൽ ചിലർക്ക് പോലും  അവളെക്കുറിച്ചു എടുത്തു പറയാനൊന്നും കണ്ടില്ല. അത്രമാത്രം വിനീതമായിരുന്നു ആ ജീവിതം. ഈ സാധാരണത്വത്തിൽ വലിയൊരു അസാധാരണത്വം ഒളിഞ്ഞു കിടപ്പുണ്ട്.. പിതാവായ ദൈവത്തിലുള്ള ശിശു സഹജകമായ അവളുടെ ആശ്രയബോധം, തികച്ചും അസാധാരണമായിരുന്നു. അതിരറ്റതും അപ്രതിഹതവുമായിരുന്നു. അവളിൽ കത്തിയെരിഞ്ഞിരുന്ന അത്യഗാധമായ ദൈവസ്നേഹാഗ്നിയെ അണയ്ക്കുവാൻ ഇഹത്തിലെ ഒരു ശക്തിക്കും സാധ്യമായിരുന്നില്ല. ദൈവത്തിലുള്ള ഈ സാധാരണ ആശ്രയബോധവും ദൈവത്തോടുള്ള അനിതര സാധാരണമായ സ്നേഹവും അവളെ മഹാ വിശുദ്ധയാക്കിത്തീർത്തു. ഉണ്ണിയീശോയുടെയും തിരുമുഖത്തിന്റെയും സംരക്ഷണത്തിലാണ് കൊച്ചു ത്രേസ്യ വളർന്നു വന്നത്. എങ്കിലും  അവൾ സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ഒരു മാലാഖയായി അവളെ നാം കാണേണ്ടതില്ല. പൂർവ്വികരെയും  സ്വദേശത്തെയും ആശ്രയിച്ചു വളർന്നു വന്ന ഒരു സാധാരണ വ്യക്തിയായിരുന്നു അവൾ.

സരളമായി അനുസരിക്കുന്നത് തനിക്കു പ്രീതികരമാണെന്നു” ഈശോ തന്നെ അവളെ ബോധ്യപ്പെടുത്തി തന്റെ ആത്മകഥ കഥനത്തിലൂടെ  അവൾ തനിക്കു നിർവ്വഹിക്കേണ്ടതായിട്ടുള്ള, അതായത് എന്നേക്കും ഞാൻ പ്രകീർത്തിക്കേണ്ട കർത്താവിന്റെ കാരുണ്യം (സങ്കീ.88 :1 ) ഇപ്പോൾത്തന്നെ പാടിത്തുടങ്ങുക”.

ആത്മകഥയുടെ ആദ്യതാളിൽത്തന്നെ കൊച്ചുത്രേസ്യ എഴുതി: തൂലിക കയ്യിലെടുക്കുന്നതിനു മുബ് പരിശുദ്ധ കന്യകാമാതാവിന്റെ തിരു സ്വരൂപത്തിനു മുൻപിൽ മുട്ടുകുത്തി. മാതാവിന് ഇഷ്ടമില്ലാത്ത ഒരു വരിപോലും എഴുതാനിടയാകാത്ത വിധം എന്റെ കൈ നിയന്ത്രിച്ചു കൊള്ളണമേ എന്ന് ഞാൻ പ്രാർത്ഥിച്ചു”.  

Share This Article
error: Content is protected !!