ഈശോയിക്കൊപ്പം

Fr Joseph Vattakalam
2 Min Read
ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറു വിശ്വവിഖ്യാതമായിരിക്കുന്നതു ലീമ എന്ന ഒരു ചെറുപട്ടണവും അവിടെ ജനിച്ചു വളർന്ന വിശുദ്ധ റോസും വഴിയാണ്. സ്കൂൾ വീട്ടിൽനിന്നും വളരെ അകലെയായിരുന്നതിനാൽ വലുതായിക്കഴിഞ്ഞു പഠനത്തിനയയ്ക്കാമെന്നു മാതാപിതാക്കൾ കരുതി. എഴുത്തും വായനയും അഭ്യസിക്കണമെന്നു മകൾക്കു അതിയായ ആഗ്രഹമായിരുന്നു. അമ്മയോടും ജ്യേഷ്ഠനോടും ഇക്കാര്യം അവൾ കൊഞ്ചി പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ അവർക്കു പലവിധ തിരക്കുകൾ ഉണ്ടായിരുന്നതിനാൽ റോസിന്റെ പഠനകാര്യത്തിൽ അവർക്കു ശ്രദ്ധിക്കാനായില്ല.
ഒരു ദിവസം വിയന്നയിലെ കാതറീന്റെ ജീവചരിത്രവുമായി വീട്ടിനുളിലെ ഉണ്ണീശോയുടെ രൂപത്തിനടുത്തു റോസ് എത്തി. പുസ്തകം മേശപുറത്തുവച്ചു. അനന്തരം അവൾ ഉണ്ണീശോയുടെ രൂപത്തിന് മുൻപിൽ മുട്ടുകുത്തി ഇങ്ങനെ പ്രാത്ഥിച്ചു. “എന്റെ ഉണ്ണീശോയെ, അങ്ങയെ അറിയാനും സ്നേഹിക്കാനും എന്നെ പഠിപ്പിക്കണമേ. എനിക്ക് കൂട്ടിനു വരണമേ!” ഏറെ നേരം അവൾ പ്രാർത്ഥിച്ചു. അവസാനം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ മൂത്ത സഹോദരൻ ഫെർഡിനന്റിനെ അന്വേഷിച്ചു മുറ്റത്തേക്കിറങ്ങി. അവനുണ്ടോ അവിടെയുള്ളു? അവൻ മറ്റെവിടെയോ കളിയ്ക്കാൻ പോയിരിക്കുകയാണെന്നു കുട്ടി മനസിലാക്കി. അവൾക്കു വലിയ സങ്കടമായി. പെട്ടെന്ന് അപരിചിതനായ ഒരു ആൺകുട്ടിയെ അവൾ കാണുന്നു! കോമളകളേബരൻ! സ്നേഹം കവിഞ്ഞൊഴുകുന്ന ഭാവം! കരുണ തുളുമ്പുന്ന നോട്ടം! ശാന്തതയുടെ മൂർത്തിമത്ഭാവം! വിനയം വിളിച്ചോതുന്ന വശ്യത! ആഗതൻ സ്നേഹപൂർവ്വം കുട്ടിയോട് “എന്തിനാണ് കരയുന്നതു?” എന്ന് ചോദിക്കുന്നു. “ജ്യേഷ്ഠനെ കളിയ്ക്കാൻ വിളിച്ചിട്ടു കണ്ടില്ല” അതായിരുന്നു കരഞ്ഞുകൊണ്ടുതന്നെ അവളുടെ മറുപടി. “എങ്കിൽ വരൂ, നമുക്കൊരുമിച്ചു കളിക്കാം” അതിഥി പറഞ്ഞു. അവർ ഒരുമിച്ചു റോസിന് വളരെ ഇഷ്ട്ടമുള്ള കല്ലുകളി തുടങ്ങി. ഓരോ പ്രാവശ്യവും ബാലൻ തോൽക്കുന്നു; റോസ് ജയിക്കുന്നു! ഓരോ പ്രാവശ്യവും ജേതാവായ റോസിനെ അഭിനന്ദിക്കാൻ ബാലൻ പ്രേത്യേകം ശ്രദ്ധിച്ചു.ഒടുവിൽ ആ കൊച്ചു മിടുക്കൻ ചോദിക്കുന്നു: “നിന്റെ പേരെന്താണ്?” “ഉണ്ണീശോയുടെ റോസ് എന്നാണ് എന്റെ പേര്‌; നിന്റെയോ?” “റോസിന്റെ ഉണ്ണീശോ” എന്നാണ് എന്റെ പേര്‌. “അപ്പോൾ രൂപകൂട്ടിലിരിക്കുന്ന ഉണീശോയാണോ നീ?” കുട്ടിയുടെ അത്യാകാംഷയോടെ ഉള്ള ചോദ്യം. “അതെ” എന്നാണ് അവൾക്കു ലഭിച്ച മറുപടി.
റോസ് തന്റെ അപ്രതിഹതമായ ആഗ്രഹം തുറന്നു പറയുന്നു. “എനിക്ക് വായിക്കാനും എഴുതാനും പഠിക്കണം.” “ഞാൻ പഠിപ്പിക്കാം” ഉണ്ണീശോയുടെ മറുപടി അങ്ങനെ. റോസ് ഉടനെ വീട്ടിലേക്കു ഓടി കാതറീന്റെ പുസ്തകമെടുത്തുകൊണ്ടുവന്നു. ഉണ്ണീശോ അവൾക്കു അത് വായിച്ചുകൊടുത്തു. ഉടനെ റോസ് വായിച്ചുതുടങ്ങുകയായി. നിറുത്താതെ, തെറ്റുകൂടാതെ അവൾ വായന തുടരുന്നു. ഉണ്ണീശോ നടന്നകലുന്ന. തന്റെ ജീവിതത്തിൽ റോസ് പിനീടൊരിക്കലും ഉണ്ണീശോയെ പിരിഞ്ഞു ഒരു നിമിഷംപോലും ജീവിച്ചിട്ടില്ല.
ഈശോ എപ്പൊഴും കൂടെയുള്ള അനുഭവം ആധ്യാത്മികതയുടെ അടിസ്ഥാനമാണ്. അത് ആത്മാവിനു കരുത്തുപകരുന്നു. ഈശോയോടൊപ്പവും ഈശോയിലും ജീവിക്കുക എന്നത് ഏറ്റം ആനന്ദകരമായ അനുഭവമല്ലേ?
Share This Article
error: Content is protected !!