അവിലയിലെ വി. ത്രേസിയാ (1515-1582) കന്യക, വേദപാരംഗത

Fr Joseph Vattakalam
2 Min Read
നവീകൃത കർമലീത്താ സഭയുടെ സ്ഥാപകയായി അറിയപ്പെടുന്ന ത്രേസിയാ സ്പെയിനിൽ അവില എന്ന ഗ്രാമത്തിൽ 1515 മാർച്ച് ഇരുപത്തിയെട്ടാം തീയതി ജനിച്ചു. പിതാവ് അല്ഫോൻസ്സ്നച്സ് ഒരു കുലീന കുടുംബാംഗമായിരുന്നു.  ത്രേസിയായിക്ക് 7 വയസുള്ളപ്പോൾ മുഹമ്മദീയരുടെ കരങ്ങളാൽ രക്തസാക്ഷിത്വം നേടാമെന്ന് കരുതി വീട്ടിൽനിന്നു ആഫ്രിക്കയിലേക്ക് പുറപ്പെട്ടു. മാർഗ്ഗമധ്യേ ഇളയച്ഛൻ കണ്ടു കാര്യം ഗ്രഹിച്ചു അവളെ കൂട്ടികൊണ്ടു പൊന്നു. “എനിക്ക് ദൈവത്തെ കാണണം; അതിനു മുൻപ് മരിക്കേണ്ടതായിട്ടുണ്ടല്ലോ” എന്നാണ് അവൾ പറഞ്ഞത്. ത്രേസിയായിക്ക് 12 വയസുള്ളപ്പോൾ ‘അമ്മ അഹൂദാ മരിച്ചു. സഹോദരൻ റോഡ്രിഗോയോടുകൂടെ അവൾ പറയുമായിരുന്നു: “എന്നെന്നേക്കും, എന്നെന്നേക്കും.”
ക്രമേണ ത്രെസിയയുടെ ജീവിതത്തിൽ ഒരു വ്യതിയാനം വന്നു. വളരെയേറെ കാല്പനിക കഥകൾ അവൾ വായിച്ചുകൂട്ടി. ഒരു അയൽക്കാരിയുടെ പ്രചോദനത്തിൽ ത്രേസിയാ തലമുടി ചുരുട്ടാനും സുരഭിലതൈലം പൂശാനും തുടങ്ങി. ഒരു സ്നേഹിതനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവരുടെ ഇടയിൽകൂടി ഒരു പറതവള ഇഴഞ്ഞുപോയി. ഇതു കണ്ടപ്പോൾ ത്രേസിയായിക്ക് തോന്നി സർവ്വേശ്വരന് ഈ സ്നേഹം ഇഷ്ട്ടമല്ലെന്നു. വി. ജെറോമിന്റെ കുറെ എഴുത്തുകൾ വായിച്ചു. പ്രാർത്ഥനയാണ് കൃപാവരത്തിനുള്ള വാതിലെന്ന് ഗ്രഹിച്ചു പതിനെട്ടാമത്  വയസ്സിൽ പിതാവ് എതിർത്തെങ്കിലും  ത്രേസിയാ കർമലീത്താ സഭയിൽ ചേർന്നു. വ്യർത്ഥമായ സംഭാഷണങ്ങൾ നിമിത്തം ആരംഭത്തിൽ ആധ്യാത്മിക ജീവിതം ശുഷ്ക്കമായിരുന്നു. മുപ്പത്തിഒന്നാമത്തെ വയസ്സിൽ അവൾ തന്നെത്തന്നെ പൂർണമായി ദൈവത്തിന് സമർപ്പിച്ചു.
തന്റെ ജ്ഞാനപിതാവായ വി. പീറ്റർ അൽകരാന്തയോടും  വി. ഫ്രാൻസിസ് ബോർജിയയോടും ആലോചിച്ചു ദൈവനിവേശന പ്രകാരം 1561  ൽ നാല്പത്തിയാറാമത്തെ വയസ്സിൽ കർമലീത്താ സഭയുടെ നവീകരണത്തിനായി അവൾ പ്രവർത്തിക്കാൻ തുടങ്ങി. കുരിശിന്റെ വി. യോഹന്നാനോടുകൂടെ പുരുഷവിഭാഗവും അവൾ നവീകരിച്ചു. അങ്ങനെ നിഷ്പാദുക കർമലീത്താ സഭ ആരംഭിച്ചു. തന്റെ ജീവിതകാലത്തു തന്നെ കർമലീത്താ നിഷ്പാദുക കന്യാസ്ത്രികൾക്കായി 17 മഠവും പുരുഷന്മാർക്കായി 15 ആശ്രമവും സ്ഥാപിച്ചു.
18 കൊല്ലാതെ ആധ്യാത്മിക ശുഷ്കതയ്ക്കു ശേഷം സമുന്നത പ്രാർത്ഥന രീതിയിലേക്ക് അവർ ക്ഷണിക്കപ്പെട്ടു. ദൈവനിവേശനങ്ങളും മൗതികാനുഭവങ്ങളും സാധാരണമായി. “ഒന്നുങ്കിൽ സഹിക്കുക, അല്ലെങ്കിൽ മരിക്കുക” എന്നതായിരുന്നു അവളുടെ മുദ്രാവാക്ക്യം. സ്വയംകൃത ചരിതം, സുകൃതസരണി, ആഭ്യന്തര ഹർമ്മ്യം എന്ന ഈ വിശുദ്ധയുടെ ഗ്രന്ഥങ്ങൾ ഉയർന്ന പ്രാര്ഥനയെപ്പറ്റി ഉള്ള പ്രതിപാദനങ്ങളാണ്. 1559 ൽ ഒരു സ്രാപ്പേ മാലാഖ അവളുടെ ഹൃദയം ഭേദിച്ചുവെന്നു പറയുന്നു. 1582 ഒക്ടോബര് നാലാം തീയതി ഈശോയുടെ ത്രേസിയായെ ഈശോതന്നെ സ്വർഗത്തിലേക്ക് സ്വീകരിച്ചു. 1970  സെപ്തംബര് ഇരുപത്തിയേഴാം തീയതി സീയെണ്ണയിലെ കത്രീനയോടൊപ്പം വേദപാരംഗത എന്ന് നാമകരണം ചെയ്യപ്പെട്ടു.
Share This Article
error: Content is protected !!