സുഖഭോഗങ്ങളോടു വിടപറയാൻ ചങ്കൂറ്റം വേണം

ലോകം വച്ചുനീട്ടുന്ന സുഖസൗകര്യങ്ങൾ സംത്യജിക്കുന്നതിനു മധ്യസ്‌ഥമൂല്യമുണ്ട്. സ്വമനസാ സ്വീകരിക്കുന്ന ഇത്തരം ത്യാഗങ്ങൾ ആത്മാക്കളുടെ രക്ഷയ്ക്കായി സമർപ്പിക്കുമ്പോൾ വലിയ വിലയുള്ളതായി തീരുന്നു. ആത്മാർത്ഥതയുടെ തികവിൽ ഈശോയ്ക്ക് അർപിതരായിരിക്കുന്ന സമർപ്പിതാത്മാക്കൾ (ഈ രംഗത്ത് കള്ളനാണയങ്ങൾ കയറിപറ്റിയിട്ടുണ്ടെന്നു തോന്നാതില്ല) ലൗകിക സമ്പത്തിനോടും സുഖഭോഗങ്ങളോടും ചങ്കൂറ്റത്തോടെ no പറയാൻ ധൈര്യമുള്ളവരായിരിക്കണം. അവർ ദൈവഹിതത്തിനു പരിപൂർണമായും വിധേയരാകണം. ചിന്തിക്കുന്നതും, പറയുന്നതും, പ്രവർത്തിക്കുന്നതും, പ്രതികരിക്കുന്നതുമൊക്കെ ദൈവഹിതവുമായി പൊരുത്തപ്പെടുന്നതാണോ എന്ന് തുറവിയോടെ ചിന്തിച്ചു നോക്കണം. അനുസരണത്തിന്റെയും ദാരിദ്ര്യത്തിന്റെയും ബ്രഹ്മചര്യത്തിന്റെയും ക്രൈസ്തവ, സാമൂഹിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നുവെന്നു ഉറപ്പാക്കണം.
ഈശോയെ സ്വന്തമാക്കാനും ഈശോയുടെ സ്വന്തമായി തീരുവാനുമാണ് സംത്യജിക്കൽ. അംഗുലീപരിമിതരെങ്കിലും ഇന്ന് മാധ്യമങ്ങൾക്കും tv ചാനലുകൾക്കും സ്വന്തമായി, അവ ഇക്കൂട്ടരെയും സ്വന്തമാക്കി, സന്യാസ ജീവിതത്തിനു തന്നെ എതിർസാക്ഷികളായി, തീരാകളങ്കമായി രാഷ്ട്രീയക്കാരെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള ശൈലികൾ കാഴ്ചവയ്ക്കുന്നത് ഇന്ന് ജീവിക്കുന്ന ക്രിസ്തുവായ സഭയെ വേദനിപ്പിക്കുന്നുണ്ട്. വളരെയധികം, അവര്ണനീയമായ വിധത്തിൽ!
നിർമ്മലനും ദരിദ്രനും മരണത്തോളം, അതെ, കുരിശുമരണത്തോളം അനുസരണവിധേയനുമായ ക്രിസ്തുവായിരിക്കാൻ, സ്വയം ശൂന്യവത്കരിക്കുന്ന, സഹിക്കുന്ന, ക്ഷമിക്കുന്ന, സന്മാതൃക നൽകുന്ന, മറ്റുള്ളവരെ ക്രിസ്തുവിലേക്കു അടുപ്പിക്കുന്ന, രോഗികളെ സുഖപ്പെടുത്തുന്ന, പീഡിതരെ ആശ്വസിപ്പിക്കുന്ന ക്രിസ്തുവായിരിക്കണം ഓരോ സന്യാസിയും.
ക്ഷമിക്കുന്ന ക്രിസ്തുവിനെകുറിച്ചാണ് എടുത്തു പറയേണ്ടത്. ഈശോ പഠിപ്പിച്ച വിശിഷ്ടമായ പ്രാർത്ഥനയിൽ അവിടുന്ന് ഊന്നി പറയുന്നു: “ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ”. വീണ്ടും, “നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്നു അവിടെവച്ചു ഓർത്താൽ, കാഴ്ചവസ്തു അവിടെ ബലിപീഠത്തിൽ വച്ചിട്ട്, പോയി സഹോദരനുമായി രമ്യപ്പെടുക; പിന്നെ വന്നു കാഴ്ചയർപ്പിക്കുക” (മത്താ. 6:23).
ഈശോ തുടർന്ന് പഠിപ്പിക്കുന്നു: മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുമെങ്കിൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല” (മത്താ. 6:14,15).
ദൈവത്തിൽ ഉറപ്പിക്കപ്പെട്ട ആത്മാവിനു എല്ലാം ക്ഷമിക്കാൻ കഴിയും. എല്ലാം ഉപേക്ഷിച്ച ആത്മാവിനു ദൈവത്തിൽ ഉറപ്പിക്കപ്പെടാൻ എളുപ്പവുമാണ്.