വി. ഫൗസ്റ്റീനയുടെ ഡയറി കുറിപ്പുകൾ

 വി. ഫൗസ്റ്റീനയുടെ ഡയറി കുറിപ്പുകൾ

ഒരു ദിവസം , ഇങ്ങനെയുള്ള സംശയങ്ങളാൽ തളർന്നു ഞാൻ ഈശോയോടു ചോദിച്ചു: “ഈശോയെ, അങ്ങ് എന്റെ ദൈവമാണോ? അതോ ഒരു തരത്തിലുള്ള ഭൂതമാണോ? എന്തെന്നാൽ ഇതുപോലുള്ള മായയും ഭൂതങ്ങളും ഉണ്ടെന്നു എന്റെ സുപ്പീരിയേഴ്സ്  പറയുന്നു. നീ എന്റെ കർത്താവാണെങ്കിൽ എന്നെ അനുഗ്രഹിക്കണമെന്നു ഞാൻ യാചിക്കുന്നു.” അപ്പോൾ  ഈശോ എന്നെ വലിയ കുരിശടയാളത്താൽ അനുഗ്രഹിച്ചു. ഞാനും കുരിശു വരച്ചു. ഈ ചോദ്യം ചോദിച്ചതിൽ ഞാൻ ഈശോയോടു ക്ഷമ ചോദിച്ചപ്പോൾ, ഈ ചോദ്യത്താൽ ഞാൻ അവിടുത്തെ അനിഷ്ടപ്പെടുത്തിയില്ല, എന്നാൽ എന്റെ വിശ്വാസം അവിടുത്തെ വളരെ സന്തോഷിപ്പിച്ചു എന്ന് മറുപടി പറഞ്ഞു.

  ഫാ. ആൻഡ്രാഷ്  എസ് ജെ  വഴി എനിക്ക് ലഭിച്ച ആത്മീയ ഉപദേശം:

ഒന്നാമതായി: ഈ ഉൾപ്രേരണകളെ നീ അവഗണിക്കരുത്. എന്നാൽ എപ്പോഴും നിന്റെ കുമ്പസാരക്കാരനെ അവയെല്ലാം അറിയിക്കണം. ഈ ഉൾപ്രേരണകൾ നിന്നെ സംബന്ധിച്ചുള്ളതാണെങ്കിൽ; അതായതു, നിന്റെ ആത്മാവിന്റെയോ  മറ്റു ആത്മാക്കളുടെയോ നന്മയ്ക്കുള്ളതാണെങ്കിൽ; അവ അനുസരിക്കണെമെന്ന്‌ ഞാൻ പറയുന്നു; അവ അവഗണിക്കരുത്. എന്നാൽ അതെല്ലാം ചെയ്യുന്നത് നിന്റെ കുമ്പസാരക്കാരന്റെ ഉപദേശത്തോടുകൂടിയായിരിക്കണം.

രണ്ടാമതായി: വിശ്വാസത്തിനും, സഭയുടെ അരൂപിക്കും ചേരാത്ത വിധമാണ് ഈ ഉൾപ്രേരണകളെങ്കിൽ, അവയെ ഉടനെ തള്ളിക്കളയണം. എന്തെന്നാൽ അവ ദുഷ്ടാരൂപിയിൽനിന്നു വരുന്നതാണ്.

മൂന്നാമതായി: ഈ ഉൾപ്രേരണകൾ പൊതുവായി ആത്മാക്കളെ സംബന്ധിച്ചതോ അവരുടെ രക്ഷയെ ഉദ്ദേശിച്ചുള്ളതോ അല്ലെങ്കിൽ അവയെ കാര്യമായി പരിഗണിക്കേണ്ടതില്ല. അവയെ അവഗണിക്കുന്നതാണ് ഉചിതം.

നീ ഒരിക്കലും തനിയെ നയിക്കപ്പെടാൻ ഇടയാകരുത്. ദൈവകൃപയുണ്ടെങ്കിലും വഴിതെറ്റാൻ ഇടയുണ്ട്. എളിമ, എളിമ, എപ്പോഴും എളിമ. നമ്മുക്ക് തനിയെ ഒന്നും ചെയ്യാൻ സാധ്യമല്ല; എല്ലാം പൂർണ്ണമായും ദൈവകൃപയിലൂടെ മാത്രമാണ് സാധ്യമാകുന്നത് .

  ആത്മാക്കളിൽ നിന്ന് വലിയ വിശ്വാസം ദൈവം ആവശ്യപ്പെടുന്നുവെന്നു നീ എന്നോട് പറയുന്നു; കൊള്ളാം, നിനക്കുതന്നെ ആദ്യം ഈ വിശ്വാസം ഉണ്ടായിരിക്കട്ടെ. ഒരു വാക്കുകൂടി- ഇതെല്ലം ശാന്തതയോടെ സ്വീകരിക്കുക.

 ഒരു കുമ്പസാരക്കാരന്റെ വാക്കുകൾ: “സിസ്റ്റർ, ദൈവം നിനക്ക് വേണ്ടി വളരെ പ്രത്യേക കൃപകൾ ഒരുക്കുകയാണ്. എന്നാൽ ദൈവസന്നിധിയിൽ സ്ഫടികംപോലെ പരിശുദ്ധിയുള്ള ജീവിതം നയിക്കാൻ പരിശ്രമിക്കുക; മറ്റുള്ളവർ നിന്നെപ്പറ്റി എന്തും വിചാരിക്കട്ടെ. ദൈവം നിനക്ക് മതിയായവനാണ്; അവൻമാത്രം.”