വി. ഫൗസ്റ്റിനായുടെ ഡയറിക്കുറിപ്പുകൾ

ഓ ഈശോയെ, നിത്യസത്യമേ, എന്റെ ബലഹീനതയെ ശക്തിപ്പെടുത്തണമേ; കർത്താവേ, അങ്ങേക്കെല്ലാം സാധ്യമാണല്ലോ. അങ്ങയെക്കൂടാതെയുള്ള എന്റെ എല്ലാ പരിശ്രമങ്ങളും വൃഥാവിലാണെന്നു ഞാൻ അറിയുന്നു. ഓ ഈശോയെ, എന്നിൽനിന്ന് മറഞ്ഞിരിക്കരുതേ, എന്തെന്നാൽ അങ്ങയെക്കൂടാതെ എനിക്ക് ജീവിക്കുക സാധ്യമല്ല. എന്റെ ആത്മാവിന്റെ രോദനം കേൾക്കണമേ. അവിടുത്തെ കരുണ ഒരിക്കലും നിലയ്ക്കുകയില്ലല്ലോ! കർത്താവെ, എന്റെ ദുരിതത്തിൽ  അലിവ് തോന്നണമേ. അങ്ങയുടെ കരുണ എല്ലാ മാലാഖാമാരുടെയും സകല ജനതയുടെയും അറിവിനെ അതിലംഘിക്കുന്നതാണല്ലോ; അതിനാൽ അങ്ങ് എന്നെ ശ്രവിക്കുന്നില്ലെന്നു  എനിക്ക് തോന്നിയാലും, അങ്ങേ കരുണക്കടലിൽ ഞാൻ ശരണപ്പെടുന്നു, ഞാൻ വഞ്ചിക്കപ്പെടുകയില്ലെന്നു ഞാൻ വിശ്വസിക്കുന്നു.

ആത്മാവ് ആന്തരികമായി പീഡിപ്പിക്കപ്പെട്ടും, ശാരീരികശക്തി ക്ഷയിച്ചും, മനസ്സ് അന്ധകാരാവൃതമായും ഇരിക്കുമ്പോൾ ഒരാൾക്ക് തന്റെ ചുമതലകൾ നിർവ്വഹിക്കുന്നത് എത്ര ദുഷ്ക്കരവും ഭാരപ്പെടുത്തുന്നതുമാണെന്നു ഈശോമാത്രം അറിയുന്നു. ഹൃദയത്തിന്റെ നിശ്ശബ്ദതയിൽ ഞാൻ സ്വയം പറഞ്ഞുകൊണ്ടിരുന്നു: “ഓ ക്രിസ്തുവേ, ആനന്ദവും ബഹുമാനവും മഹത്വവും അങ്ങേക്കുണ്ടാകട്ടെ; സഹനം എന്റേതായിരിക്കട്ടെ. മുള്ളുകൾ എന്റെ കാലുകളെ മുറിപ്പെടുത്തിയാലും, നിന്നെ അനുഗമിക്കുന്നതിൽനിന്നു ഒരടിപോലും ഞാൻ പിന്നോട്ടുപോവുകയില്ല”.

ചികിത്സയ്ക്കായി  പോട്സ്ക്കിലെ (Plock ) ഞങ്ങളുടെ ഭവനത്തിലേക്ക് എന്നെ അയച്ചു. അവിടെ ചാപ്പൽ, പൂക്കളാൽ അലങ്കരിക്കാൻ എനിക്ക് അനുവാദം ലഭിച്ചു. അത് ബ്യാല (Biala )യിലായിരുന്നു. സി തെക്ലായ്ക്ക ഇത് ചെയ്യാൻ എപ്പോഴും സമയം ലഭിച്ചിരുന്നില്ല. അതിനാൽ ഞാൻതന്നെ ചാപ്പൽ അലങ്കരിച്ചിരുന്നു. ഒരു ദിവസം, ഒരു പ്രത്യേക വ്യക്തിയുടെ മുറി അലങ്കരിക്കാൻ ഞാൻ ഏറ്റവും ഭംഗിയുള്ള റോസാപുഷ്പ്പങ്ങൾ പറിച്ചെടുത്തു. ഭവനത്തിന്റെ പൂമുഖത്തെത്തിയപ്പോൾ ഈശോ അവിടെ നിൽക്കുന്നത് കണ്ടു. വളരെ സ്നേഹത്തോടെ അവിടുന്ന് എന്നോട് ചോദിച്ചു: മകളെ, ആർക്കുവേണ്ടിയാണ് ഈ പുഷ്പങ്ങൾ നീ കരുതിയിരിക്കുന്നത്? നിശ്ശബ്ദതയായിരുന്നു കർത്താവിനുള്ള എന്റെ മറുപടി. എന്തെന്നാൽ, ആ വ്യക്തിയോട് എനിക്ക് പ്രത്യേക അടുപ്പമുണ്ടെന്ന് പെട്ടെന്ന് എനിക്ക് മനസ്സിലായി. അത് ഞാൻ മുമ്പ് മനസ്സിലാക്കിയിരുന്നില്ല. ഈശോ പെട്ടെന്ന് അപ്രത്യക്ഷനായി. ആ നിമിഷംതന്നെ ഞാൻ ആ പൂക്കൾ നിലതെറിഞ്ഞിട്ടു, ദിവ്യകാരുണ്യസന്നിധിയിൽ ചെന്ന് എന്നെത്തന്നെ മനസിലാക്കിത്തന്നതിനു ഹൃദയപൂർവ്വം നന്ദിപറഞ്ഞു.

ഓ ദിവ്യസൂര്യനെ, അങ്ങേക്ക് പ്രീതികരമല്ലാത്ത ഏറ്റവും ചെറിയ പൊടിപോലും അങ്ങയുടെ പ്രകാശരശ്മിയിൽ ആത്മാക്കൾ കാണുന്നുണ്ടല്ലോ.