വിശ്വവിഹായസ്സിൽ അരങ്ങേറിയ ഏറ്റവും വലിയ പാപത്തിന്റെ കഥയാണു ലൂക്കാ 22:47-52 പറയുക 

മാതാ പിതാ, ഗുരു ദേവോ ഭവഃ, പരാമർശിത ഗുരു പൂർണ്ണനായ ഗുരുവാണ് ദൈവം തന്നെയാണ്. യൂദാസിന്റെ മഹാപാപത്തെ മൂന്നു തലങ്ങളിൽ അപഗ്രഥിക്കാം. കുറഞ്ഞതു മൂന്നു വർഷമെങ്കിലും അയാൾ മറ്റ് പതിനൊന്ന് അപ്പസ്തോലൻമാരെപ്പോലെ തന്നെ ക്രിസ്തു ശിഷ്യത്വത്തിൽ ജീവിച്ചിരുന്നതാണ്. ഇൗ അനന്യ സംഘടനയുടെ ഖജാൻജിയുമായിരുന്നു അയാൾ. തന്റെ സ്നേഹത്തിന്റെ പാരമ്യമായി ശിഷ്യർക്കും ലോകത്തിനുമായി തന്നെത്തന്നെ മുറിച്ചു വിളമ്പിയ മഹാവിരുന്നിലും പങ്കുകൊണ്ട് ആ തിരുശരീരരക്തങ്ങൾ സ്വീകരിച്ചവനുമാണ്. ഇൗശോയുടെ കൂടെ നടന്നു ഒരുമിച്ചു ഭക്ഷിച്ചു, കൂടെ വസിച്ചു. അതെ യൂദാസിന്റെ പാപം കഠിനമാണ്. അവൻ തന്റെ ഗുരുവിനെതിരെ ഗൂഢാലോചന നടത്തി. മുപ്പതു വെള്ളികാശു മാത്രം അവിടുത്തേക്കു വിലയിട്ടു. ദൈവപുത്രനെ അറസ്റ്റു ചെയ്യാൻ വന്നവരുടെ മുമ്പിൽ നടന്ന് അവരെ നയിച്ചു. അങ്ങനെ മനഃസാക്ഷിയെ മറന്നു മറുകണ്ടം ചാടി പരമപരിശുദ്ധമായ ഒരു ആചാരത്തെ (ചുംബനം-യഥാർത്ഥ സ്നേഹത്തിന്റെ പ്രകാശനം) വ്യഭിചരിച്ചു. “ഗുരുവേ, സ്വസ്തി” എന്നു പറഞ്ഞാണ് അവൻ അവിടുത്തെ ചുംബനം കൊണ്ട് ഒറ്റിക്കൊടുത്തത്.

ഇൗശോയുടെ രണ്ടു വചസ്സുകൾ അവന്റെ പാപത്തിന്റെ ഗൗരവം സുതരാം സ്പഷ്ടമാക്കുന്നു; ഒപ്പം അവിടുത്തെ ഹൃദയവേദനയും. “ആ നാശപുത്രൻ ജനിക്കാതിരുന്നെങ്കിൽ”; “യൂദാസേ, ചുംബനംകൊണ്ടോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?” (ലൂക്കാ 22: 48).

ഒരുവിധത്തിൽ വിലയിരുത്തുമ്പോൾ യൂദാസിന്റെ പാപത്തേക്കാൾ ഗുരുതരമാണു പത്രോസിന്റെ പാപം. “ആരൊക്കെ നിന്നെ ഉപേക്ഷിച്ചാലും ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല” (മർക്കോ. 14: 29) എന്ന് ആണയിട്ടു പറഞ്ഞ് അദ്ദേഹം മൂന്നു പ്രാവശ്യം അവിടുത്തെ തള്ളിപ്പറഞ്ഞു: “ഞാൻ അവനെ അറിയുകയില്ല”(ലൂക്കാ 14: 29)
പക്ഷെ, പത്രോസും യൂദാസും തമ്മിൽ കാതലായ ഒരു വ്യത്യാസമുണ്ട്. പാപം ചെയ്തുകഴിഞ്ഞു പത്രോസ് തന്റെ പാപമോർത്തു കർത്താവിനെ നോക്കി കരഞ്ഞു. യൂദാസാകട്ടെ തന്നിലേക്കുതന്നെ നോക്കി, നിരാശയുടെ പടുകുഴിയിലേക്കു വീണു. ഇന്നത്തെ നമ്മുടെ വിചിന്തനത്തിന്റെ വെളിച്ചത്തിൽ പാപം ഗുരുത്വക്കേടാണ്. നിസ്സങ്കോചം, സ്ഥാപിത താത്പര്യങ്ങളോടെ, ഗുരുശ്രേഷ്ഠരെ തള്ളിപ്പറയുന്നതും ഒറ്റിക്കൊടുക്കുന്നതുമൊക്കെ  അത്യപഹാസ്യമായ ഗുരുത്വക്കേടു തന്നെയാണ്. അനുതാപകണ്ണീർ വീഴ്ത്തി കുമ്പസാരിക്കേണ്ട പാപങ്ങൾ തന്നെ.

യൂദാസിന്റെ പാപത്തേക്കാൾ ഗുരുതരമാണു പത്രോസിന്റെ പാപം എന്നതു സത്യം. “ആരൊക്കെ നിന്നെ ഉപേക്ഷിച്ചാലും ഞാൻ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല” (മർക്കോ 14: 29) എന്ന് ആത്മധൈര്യത്തോടെ പ്രഖ്യാപിച്ചവൻ, ഇൗശോ മുന്നറിയിപ്പു നല്കിയിട്ടും മൂന്നു പ്രാവശ്യം അവിടുത്തെ തള്ളിപ്പറഞ്ഞു. സ്വന്തം സുഖത്തിനോ, സൗകര്യത്തിനോ, നേട്ടത്തിനോ വേണ്ടി ദൈവ കല്പനകൾ ലംഘിക്കുന്ന ഒാരോ വ്യക്തിയും ഗുരുവിനെ തള്ളിപ്പറഞ്ഞ് പിശാചിന്റെ പിണിയാളാവുകയാണ്. വിശുദ്ധരൊഴികെ ഇതര മനുഷ്യരെല്ലാവരും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇൗശോയെ തള്ളിപ്പറയുന്നവരാണ്. “നാമെല്ലാവരും പാപികൾ; പാപമില്ലാത്തവൻ ദൈവം മാത്രം”.

“മനുഷ്യാ, നീ നിന്റെ അന്ത്യത്തെക്കുറിച്ചു ചിന്തിക്കുക; എങ്കിൽ നീ പാപം ചെയ്യുകയില്ല” (പ്രഭാ 7: 36) “മർത്യരെല്ലാം പാപികൾ, പാപമില്ലാത്തവൻ ദൈവം മാത്രം”.