വിശുദ്ധ വികൃതി

കർദ്ദിനാൾ ബെർഗോളിയോ മാർപ്പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട കാര്യം പ്രോട്ടോ ഡീക്കൻ, കർദ്ദിനാൾ ടുറാൻ, ലോകത്തോടു പ്രഖ്യാപിക്കുന്നതിനോടൊപ്പം, പുതിയ മാർപ്പാപ്പാ ഫ്രാൻസിസ് എന്ന നാമം സ്വീകരിച്ചിരിക്കുന്നു എന്നുകൂടി കൂട്ടിച്ചേർക്കുകയുണ്ടായി. അപ്പോൾ പലർക്കും തോന്നിയത് വി. ഫ്രാൻസിസ് സേവ്യറിന്റെ പേരാണു പാപ്പാ സ്വീകരിച്ചിരിക്കുന്നത് എന്നാണ്. അവരുടെ തോന്നൽ അസ്ഥാനത്താണെന്നു പറയുക പ്രയാസം. കാരണം, തിരഞ്ഞെടുക്കപ്പെട്ട പാപ്പാ തീക്ഷണമതിയായ ഒരു ഈശോസഭാ സന്യാസിയാണ്.  ഈ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത് ഒരു സ്‌പെയിൻകാരനാണത്രെ.  പക്ഷെ, അതിനെ ഖണ്ഡിച്ച് ഒരുവൻ ചോദിക്കുന്നു, ഫ്രാൻസിസ് സാലസ് ആണെങ്കിലോ. സേവ്യർ തന്നെ ആകാനാണു സാദ്ധ്യത. കാരണം ബെർഗോളിയോ ഈശോസഭക്കാരൻ.  അതുകൊണ്ടു ഫ്രാൻസിസ് എന്നു പറഞ്ഞാൽ, അതു ഫ്രാൻസിസ് സേവ്യർ തന്നെ. സ്‌പെയിൻകാരൻ തന്റെ നിലപാട് ഉറപ്പിക്കുകയാണ്. അസ്സീസിയിലെ ദരിദ്രഭിക്ഷുവായ ഫ്രാൻസിസിന്റെ പേരു തന്നെയാണ് പുതിയ മാർപ്പാപ്പാ സ്വീകരിച്ചിരിക്കുന്നതെന്നു പിന്നീടു വ്യക്തമായി. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിനെക്കുറിച്ചാണു തുടർന്നുവരുന്ന വാക്കുകൾ.

പരമമായവനെ അങ്ങേയറ്റം ഇഷ്ടപ്പെടുകയും ഇഷ്ടമാർഗ്ഗത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ചരിക്കുകയും ചെയ്ത കർമ്മയോഗിയാണ് അസ്സീസിയിലെ ഫ്രാൻസിസ്. നടക്കണമെങ്കിൽ ഏറ്റവും ദുർഘടമായ വഴിതന്നെ അദ്ദേഹം തിരഞ്ഞെടുക്കും. കയറ്റം കയറണമോ, അതിനു മലതന്നെ നല്ലത്. കുഴിയിലറങ്ങണമോ, അത്യഗാധതകൾ തന്നെ സ്വീകാര്യം. ചൂടാണെങ്കിൽ തീയുടെ ചൂടുതന്നെ തിരഞ്ഞെടുക്കുക. തണുപ്പെങ്കിൽ, മഞ്ഞുകട്ടയുടെ തണുപ്പ് അനുഭവിക്കുക. ദാരിദ്ര്യമനുഭവിക്കണമോ ദിവസങ്ങളോളം നീളുന്ന വിശപ്പും അറുംപട്ടിണിയും ആഞ്ഞുപുല്കുക. വേഷഭൂഷാദികളിൽ മിതത്വം പാലിക്കണമോ, ചാക്കു വസ്ത്രങ്ങൾ തന്നെ ധരിക്കുക. സർവ്വസംഗപരിത്യാഗി ആകണമോ ഉടുതുണി വരെ ഊരി എറിയുവാൻ തയ്യാർ. എല്ലാമുണ്ടായിട്ടും ഒന്നും ഇല്ലാത്തവനെപ്പോലെ അദ്ദേഹം ജീവിച്ചു. സ്‌നേഹനാഥൻ ചെയ്തതു മറ്റൊന്നമല്ലല്ലോ. ലോകം, പിശാച്, ശരീരം ഇവയുടെ അടിമകൾ ഒരു വശത്തു വിഹരിക്കുമ്പോൾ (സർവ്വനാശത്തിന്റെ പാതയിലാണവർ), കുഷ്ഠരോഗിയെ ആലിംഗനം ചെയ്തുകൊണ്ട്, അസ്സീസ്സിയിലെ ഫ്രാൻസിസ്‌നിർവൃതിയടയുന്നു.  ജഡികാശകളുടെ പുതിയ ഗന്ധം നിറയുന്നിടങ്ങളിൽ മാംസമജ്ജകളും അസ്ഥിയും തുളച്ചുകയറുന്ന വിരക്ത തീനാളമായി അദ്ദേഹം കത്തി ജ്വലിച്ചു. സന്യാസത്തിനു കാലോചിതമായ, പുതിയ അർത്ഥതലങ്ങൾ തേടുന്നവർക്കിടയിൽ സമ്പൂർണ്ണമായ ത്യാഗമാണു സന്യാസമെന്ന സത്യസിദ്ധാന്തവുമായി ഫ്രാൻസിസ് പിതാവു മുന്നേറുന്നു.  നിയോഗങ്ങൾക്കു മുൻഗണന നൽകുന്നവരുടെ പൂസ്തകങ്ങൾ ചുട്ടെരിച്ചതിനുശേഷം, ഭക്തിനിയോഗത്തിന്റെ അൾത്താരവിശുദ്ധിയിൽ അദ്ദേഹം വിരാജിക്കുന്നു. ഹോമബലിയായി എരിഞ്ഞുതീരുന്നു. സാധാരണമനുഷ്യർക്ക്, എന്തിന് അസാധാരണർക്കുപോലും, ദുർഗ്രഹമായവ, ദുസാധ്യമായവ മാത്രം തെരഞ്ഞെടുക്കുകയും, അവയിൽ വിട്ടുവീഴ്ചയില്ലാത്ത കാർക്കശ്യത്തോടെ ഉറച്ചുനിൽക്കുകയും ചെയ്ത വി. ഫ്രാൻസിസിനെപ്പോലൊരു മനുഷ്യവ്യക്തിയെ ലോകം അടുത്തകാലം വരെ കണ്ടിരുന്നില്ല.  രണ്ടാം ക്രിസ്തു, മറ്റൊരു ക്രിസ്തു, ജീവിക്കുന്ന ക്രിസ്തു ഈ പ്രയോഗങ്ങളൊക്കെയാണ് ഈ മഹാനുഭാവനു ചേരുക. 2013 മാർച്ച് പതിമൂന്നുമുതൽ അതുല്യനായ ഒരു വ്യക്തിയെ ചിലർക്കു കാണാനും ലോകം മുഴുവനും കേട്ടും പഠിച്ചും അറിയാനും ഇടവന്നിരിക്കുന്നു.  അസ്സീസ്സിയിലെ ഫ്രാൻസിസ് രണ്ടാം ക്രിസ്തു എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഏകവ്യക്തിയാണ്.  ഫ്രാൻസിസിനോട് ഏറെ സമാനതകളുള്ള മൂന്നാം ക്രിസ്തു മറ്റാരുമല്ല, നമ്മുടെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പാ തന്നെ.
മഹാത്യാഗി, മഹാസന്യാസി യേശു മാർഗ്ഗത്തിൽ ഒരു ശിമയോന്റെയും കൈത്താങ്ങു കൂടാതെ സ്വന്തം കുരിശെടുത്ത് അനുപദം ഗുരുവിനെ അനുകരിച്ചവൻ, പരിപൂർണ്ണതയുടെ പരമപദം പ്രാപിച്ചവൻ, അങ്ങനെ പോകുന്നു അസ്സീസിയിലെ വിശുദ്ധ വികൃതിയുടെ വിശേഷണങ്ങൾ. സംഘർഷഭരിതവും രക്തമുദ്രാങ്കിതവും (പഞ്ചക്ഷതധാരി) ആയിരുന്നു ആ അനിതരസാധാരണമായ ജീവിതം. കുബേരകുമാരനായി ജനിച്ച, സുഖഭോഗങ്ങളുടെ പട്ടുമെത്തയിൽ ശയിച്ച, അന്യരെ ആകർഷിക്കാൻ തെരുവീഥികളിൽ ആടിപ്പാടി നടന്ന, അസ്സീസ്സിയിലെ ഫ്രാൻസിസ്, തനിക്കുള്ളതെല്ലാം വിറ്റു ദരിദ്രർക്കു കൊടുത്തതിനുശേഷം ലോകമേ യാത്ര പാടി സ്വർഗ്ഗാഭിമുഖം പാദം വച്ച ഫ്രാൻസിസ് ഇറങ്ങിത്തിരിച്ചത്. തന്റെ കരൾ ചുരണ്ടിയ പുതിയ ഒരു ഉൾവിളികേട്ടാണ്.

താനല്ല, ഫ്രാൻസിസ് അസ്സീസ്സിയെപ്പോലെ പത്തുപേരായിരുന്നു റഷ്യക്കാവശ്യം എന്നു മരണക്കിടക്കയിൽ ലെനിൻ പറഞ്ഞതായി കേട്ടിട്ടുണ്ട്. ക്രിസ്തുമതത്തിന്റെ ഓരോരോ കാലഘട്ടങ്ങളിൽ ജന്മമെടുക്കാറുള്ള യുഗപുരുഷന്മാരിൽ അഗ്രിമസ്ഥാനത്തു നിൽക്കുന്ന ആളാണ് അസ്സീസ്സിയിലെ ഫ്രാൻസിസ് എന്ന് ജവഹർലാൽ നെഹ്‌റു എഴുതി.  ദൈവത്തിന്റെ ഭാഷയിൽ  ദൈവത്തോടും മനുഷ്യരുടെ ഭാഷയിൽ മനുഷ്യരോടും പരിത്യക്തരുടെ ഭാഷയിൽ അവയോടും സംവദിക്കുകയും പക്ഷികളെയും വൃക്ഷലതാദികളെയും ഹിംസ്രജന്തുക്കളെപ്പോലും സഹോദരാസഹോദരീ എന്നു സത്യസന്ധമായം ആത്മാർത്ഥതയുടെ തികവിലും വിളിക്കുകയും ചെയ്ത കരുണാമയൻ (കർമ്മസാക്ഷി) സൂര്യസ്തുതി എഴുതിയ അനുഗൃഹീതകവി, ഗായകൻ.  മരണമേ, സോദരീ വരൂ എന്നു നിർന്നിമേഷനായി വിളിച്ചു. മൃത്യുവിൻ ചിലമ്പൊലി കേട്ടു കൺകൾ പൂട്ടിയ ആ മിസ്റ്റിക്കിനു നമോവാകം.

സെന്റ് ഫ്രാൻസിസിനെ സഹൃദയസമക്ഷം അവതരിപ്പിക്കുന്ന മലയാള സാഹിത്യത്തിലെ ത്രിമൂർത്തികളാണു ഡോ. എം. ലീലാവതി, പ്രൊഫ. കെ.പി. അപ്പൻ, സച്ചിദാനന്ദൻ. പ്രതിഭകളുടെ ഇങ്ങനെയൊരു ഒന്നിച്ചണിനിരക്കൽ, ഒത്തുചേരൽ അപൂർവ്വമാണ്ന്ന  മൂവരും എത്തിയത് ഒരേ കൊടുമുടിയിൽ തന്നെ. സെന്റ് ഫ്രാൻസിസിന്റെ മഹർഷിതുല്യമായ ഉജ്ജ്വലവ്യക്തിത്വത്തിൽ മറൈൻ ഡ്രൈവിൽ നടന്ന ഒരു മഹാസമ്മേളനത്തിൽ മുൻ ഇന്ത്യൻ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുൾ കലാം, സന്നിഹിതരായിരുന്ന സകലർക്കും സെന്റ് ഫ്രാൻസിസിന്റെ പ്രാർത്ഥന ചൊല്ലിക്കൊടുത്ത് അവരെക്കൊണ്ട് ആവർത്തിച്ചു പ്രാർത്ഥിപ്പിച്ചത് സകലരെയും കോരിത്തരിപ്പിച്ച ഒരു സംഭവമാണ്.

നാസ്തികരെന്നു സ്വയം വിശേഷിപ്പിക്കുന്നവർ പോലും തങ്ങളുടെ മാതാപിതാക്കൾ, മക്കൾ, മറ്റ് ഉറ്റവർ, സ്‌നേഹിതർ, ഒരു പക്ഷേ മാനവകുലത്തെ സ്‌നേഹിക്കുന്നവരാകാം. ജന്മഗേഹത്തോടും ജന്മഭൂമിയോടും സ്‌നേഹമില്ലാത്തവർ കാണുമോ.

അതിനർത്ഥം അവർക്കുപോലും സ്‌നേഹമെന്ന മൂല്യത്തിൽ വിശ്വാസമുണ്ടെന്നും ആ സ്‌നേഹം യുക്ത്യാധിഷ്ഠിതമാണെന്നും സമ്മതിക്കേണ്ടിവരും. സ്‌നേഹമെന്ന മൂല്യത്തിന്റെ കാന്തശക്തിയാൽ അസ്സീസ്സിയിലെ ഫ്രാൻസിസ് സകലരെയും ഏകീഭവിപ്പിക്കുന്നു. ബലിയെന്ന ആദിരൂപത്തെ മനുഷ്യചേതസ്സുകളിൽ ഉയർത്തെഴുന്നേല്പിക്കാൻ അദ്ദേഹത്തിനു സാധിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ അനന്യത.  സർവ്വഭൂതഹൃദയത്വം (എല്ലാവരോടും എല്ലാറ്റിനോടുമുള്ള സ്‌നേഹവാത്സല്യങ്ങൾ) അതിന്റെ ഉച്ചകോടിയിലെത്തിച്ചിട്ടുള്ളത് ഫ്രാൻസിസ് മാത്രമാണ്. ഭാരതീയ തത്വചിന്തയുടെ സ്ഥായീഭാവവും ഇതുതന്നെയാണ്. സ്‌നേഹമെല്ലാം, അത് ആരോടുള്ളതാണെങ്കിലും അത് ഒരു യാഥാർത്ഥ്യം തന്നെയാണെന്ന ബോധ്യം വി. ഫ്രാൻസിസിനുണ്ടായിരുന്നിരിക്കണം. സ്‌നേഹത്തിന്റെ വിജയം ആത്യന്തികമായി, അതു ദൈവത്തിലേക്കു തയിക്കുന്നു എന്നതാണ്. ഇതാണു ഫ്രാൻസിസിന്റെ സ്‌നേഹവിപ്ലവം. വിശ്വസ്‌നേഹഗായകൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതിൽ അതിശയോക്തിയേ ഇല്ല.  സർവ്വഭൂതസ്‌നേഹമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വധർമ്മം. അദ്ദേഹത്തിന്റെ ഈ സംസ്‌ക്കാരത്തെ ഭാരതീയശൈലിയിൽ ഔപനിഷദം (ഉപനിഷത്തിനോടു ബന്ധപ്പെട്ടത്) എന്നു വിശേഷിപ്പിക്കുന്നവരുമുണ്ട്.

യസ്തു സർവ്വാണി ഭൂതാനി ആത്മമേന്യേവാ
നുപശ്യത
സർവ്വഭൂതേഷ്ഠ ചാത്മാനം തതോ ന
വിജുഗുപ്‌സതേ
ഈശാവാസ്യഉപനിഷത്ത്

(ആരാണോ സർവ്വ’ൂതങ്ങളെയും പരമാത്മാവിൽ ദർശിക്കുന്നത്, ആരാണോ സർവ്വഭൂതങ്ങളിലും പരമാത്മാവിനെ ദർശിക്കുന്നത്, അയാൾ ആരേയും നിന്ദിക്കുന്നില്ല.  ആരെയും, ഒന്നിനെയും, തന്റെ സ്‌നേഹവലയത്തിനു പുറത്താക്കാതിരിക്കുന്നവൻ)  ഫ്രാൻസിസ് ആരെയും നിന്ദിച്ചില്ലെന്നു മാത്രമല്ല അവരെ വന്ദിക്കുകയും ചെയ്തിരുന്നു. ചരിത്രത്തിനു മുമ്പിൽ ബലിവസ്തുവായ വ്യക്തിയാണ് വി. ഫ്രാൻസിസ്. സർവ്വസംഗപരിത്യാഗിയായി അദ്ദേഹം ജീവിച്ചു. കാരണം ക്രിസ്തുവിനെ കൂടാതെ സമ്പന്നതാകുന്നതിനെക്കാൾ, ക്രിസ്തുവിനെപ്രതി അദ്ദേഹം ദരിദ്രനായി. നിർമ്മലനും ദരിദ്രനും മരണത്തോളം, അതെ കുരിശുമരണത്തോളം അനുസരണവിധേയനായ ക്രിസ്തുവായി രൂപാന്തരപ്പെടുവാൻ അദ്ദേഹത്തിനു കഴിഞ്ഞു.  ആത്മാവിൽ ദരിദ്രനായി സ്വർഗ്ഗരാജ്യം സ്വന്തമാക്കി. സഹനത്തിലൂടെ സ്വർഗ്ഗസിംഹാസനത്തിലേറി.  എളിമയും ശാന്തശീലവും ഉള്ളവനായി, ഭൂമി അവകാശപ്പെടുത്തി. രണ്ടാം ക്രിസ്തുവെന്നു ചരിത്രം അദ്ദേഹത്തെ വിശേഷിപ്പിച്ചില്ലേ ഇപ്പോഴും വിശേഷിപ്പിക്കുന്നില്ലേ.

യഥാർത്ഥ ദൈവവിശ്വാസികൾക്കു മാത്രമേ ഈ ദീപനാളങ്ങളുടെ വെള്ളിവെളിച്ചത്തിൽ കുളിച്ച് ആത്മാവിനു ഹിരൺമയകാന്തി നേടാനാകുകയുള്ളൂ. അന്തരാത്മാവുകൊണ്ടു വായിക്കുന്നവർക്ക് വി. ഫ്രാൻസിസിന്റെ അധരങ്ങളിൽ നിന്നു പുറപ്പെടുന്ന വചനത്തിന്റെ തീഷ്ണജ്വാലകൾ കാണാനും അനുഭവിക്കാനും കഴിയും അദ്ദേഹത്തിന്റെ സമാധാനപ്രാർത്ഥന മകുടോദാഹരണം.

ത്യജിക്കാനുള്ള ത്വര ജന്മവാസനയാണെന്നു കരുതുന്നവരുണ്ട്. അതുള്ള ഏതൊരു വ്യക്തിക്കും ഈശോയുടെയും വി. ഫ്രാൻസിസിന്റെയും ആത്മബലി ബോധം മനസ്സിലാക്കാനും ഉൾക്കൊള്ളാനും എളുപ്പമാകും. എന്നാൽ അത് അനുകരിക്കാൻ കഴിയുന്ന ചുരുക്കംചിലർക്കുമാത്രം ഇതിന് യജ്ഞം ബലിയാകണം.

നീതിക്കുവേണ്ടി വിശന്നും ദാഹിച്ചും അദ്ദേഹം സംതൃപ്തനായി. കരുണയുടെ ആൾരൂപമായിരുന്ന അദ്ദേഹത്തിനു ദൈവത്തിന്റെ കരുണ പെരുമഴപോലെ പെയ്തുകിട്ടി. വിശുദ്ധരുടെ വിശുദ്ധനായ അദ്ദേഹം ക്രിസ്തുവിനെ നേരിൽ കണ്ട് ആലിംഗനം ചെയ്തു. സമാധാനത്തിന്റെ വെള്ളരിപ്രാവായിരുന്ന അദ്ദേഹം, അസ്സീസ്സിയിലെ വി. ഫ്രാൻസിസ്, യഥാർത്ഥത്തിൽ ദൈവപുത്രൻ തന്നെ.  ഈശോയെപ്രതി അദ്ദേഹം അവഹേളനങ്ങളും പീഡനങ്ങളും ഏറ്റെടുത്തു. അവയിൽ മതിമറന്ന് ആനന്ദിച്ചാഹ്ലാദിക്കാൻ അദ്ദേഹത്തിന് അനായാസം സാധിച്ചു.

ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി ഫ്രാൻസിസ്. അദ്ദേഹത്തിന്റെ സത്പ്രവർത്തികൾ, ആ പ്രകാശം, കണ്ടു മനുഷ്യർ മഹോന്നതനെ മഹത്വപ്പെടുത്തി. സഹോദരനോടു കാരണമില്ലാതെ കോപിക്കുന്നവൻ ന്യായവിധിയ്ക്ക് അർഹനാകുമെന്നുള്ള തികഞ്ഞ ബോധ്യത്തിൽ ജീവിച്ച, വിട്ടുവീഴ്ചയില്ലാത്ത ബ്രഹ്മചാരിയായിരുന്നു. അസ്സീസ്സിയിലെ ഫ്രാൻസിസ് പാപത്തെക്കാൾ നല്ലതു മരണമെന്ന മഹദ്‌വചനം പൂർണ്ണമായും, അന്വർത്ഥമാക്കിയ ആ സ്‌നേഹഗായകൻ, ആ ശാന്തിവാഹകൻ, സ്വർഗ്ഗസ്ഥനായ പിതാവിന്റെ പൊന്നോമന മകനാണ്.  ആ ജീവിതം ആർക്കും എക്കാലവും പ്രസക്തമാണ്, പ്രചോദനാത്മകമാണ്.