വിശുദ്ധിയുടെ മുഖമുദ്ര

അന്തിമമായ വിശകലനത്തിൽ നാം എത്തിനിൽക്കുന്ന ഒരു മഹാ സത്യമുണ്ട്, മനുഷ്യന്റെ അസന്തുഷ്ടിയുടെയും വേദനകളുടെയും ഉറവകണ്ണ് പാപവും അതിന്റെ പരിണിത ഫലങ്ങളുമാണ്. തിരുവചനം ധ്യാനിച്ച് പഠിക്കുന്ന ഒരുവന് ഈ സത്യത്തെ അവഗണിക്കാനാവില്ല. എത്രവേഗത്തിൽ പാപത്തിൽ നിന്ന് നാം ഓടിയകലുന്നുവോ, അത്രവേഗം നാം സന്തുഷ്ടരാകും. അപ്പോൾ മറ്റുള്ളവരോട് ഹൃദയപൂർവം വ്യവസ്ഥകളൊന്നുമില്ലാതെ ക്ഷമിക്കാനും എല്ലാവരെയും കരുണാർദ്രമായി സ്നേഹിക്കാനും നമുക്ക് കഴിയും.

യഥാർത്ഥത്തിൽ, വിശുദ്ധിയുടെ മുഖമുദ്രയാണ് പാപത്തെ വെറുത്തുപേക്ഷിക്കുക എന്നത്. അതെത്ര നിസാരമാണെങ്കിലും വെറുത്തുപേക്ഷിക്കപ്പെടേണ്ടതാണ്. ഈ വെറുത്തുപേക്ഷിക്കലിന്റെ അവശ്യ ഘടകങ്ങളാണ് അനുതാപവും മനസാന്തരവും. ദൈവത്തിന്റെ സ്നേഹത്തെയും കരുണയെക്കുറിച്ചുള്ള ബോധ്യമാണ് അനുതാപത്തിന്റെ പ്രേരക ഘടകം. ദൈവം എത്രയോ നല്ലവനാണെന്നു രുചിച്ചറിയുന്നവർക്കേ പാപബോധവും പശ്ചാത്താപവും ഉണ്ടാവുകയുള്ളു. ദൈവം പാപപരിഹാരത്തിനായി എന്ത് ചെയ്തു എന്നറിയണമെങ്കിൽ കാൽവരികുരിശിലേക്കു   നോക്കണം. അവിടുന്നു എത്രയധികം പാപിയെ സ്നേഹിക്കുന്നു എന്നറിയുന്നതിനും കുരിശു തന്നെ അടിസ്ഥാനം.
പാപത്തിന്റെ കാഠിന്യവും ഹീനതയും പാപിയുടെ അമൂല്യതയും ദൈവത്തിന്റെ കരുണയും നമുക്ക് വെളിപ്പെടുത്തിത്തരുന്നു. കാൽവരിയിൽ കുരിശിൽ കിടന്നുകൊണ്ട് “എല്ലാം പൂർത്തിയായി” എന്ന് പറഞ്ഞുകൊണ്ട് ക്രിസ്തു ജീവൻ വെടിഞ്ഞ നിമിഷം മുതൽ ഒരു പാപിക്കും “ദൈവം എന്നെ കൈവെടിഞ്ഞു” എന്ന് പറയാനാവില്ല.

വില്ലനോവയിലെ വിശുദ്ധ തോമസിന്റെ അവിസ്മരണീയമായ മൊഴികൾ ഇത്തരുണത്തിൽ പ്രത്യേകം പ്രസ്താവ്യമാണ്. അദ്ദേഹം പറയുന്നു: “പാപികളെ, നിങ്ങൾ നിങ്ങളുടെ പാപങ്ങളെ വെറുക്കുന്നിടത്തോളം കാലം, നിങ്ങൾ എന്തിനു ഭയപ്പെടണം? നിങ്ങളെ ശിക്ഷയ്ക്കു വിധിക്കാതിരിക്കാൻ വേണ്ടി നിങ്ങൾക്കായി മരണം വരിച്ച അവിടുന്നു എങ്ങനെ നിങ്ങളെ കുറ്റം വിധിക്കും? പാപികളെത്തേടി, സ്വർഗ്ഗത്തിൽനിന്നിറിങ്ങി വന്നവന് എങ്ങനെ ഒരു പാപിയെ തള്ളിക്കളയാനാവും?”