വിലയേറിയ ചോദ്യം

ഒരു ഞാറാഴ്ച ദിവസം ജെസ്സി വീടിനടുത്തുള്ള പുഴയിൽ തുണി കഴുകുമ്പോൾ വെള്ളത്തിലൂടെ നീന്തിക്കളിക്കുന്ന ചെറു മത്സ്യങ്ങളെ നോക്കി ആൽബി പുഴയോരത്തു നിൽക്കുകയായിരുന്നു. പെട്ടന്നാണ് അവൻ കണ്ടത് – ജെസ്സി നിൽക്കുന്നിടത്തേയ്ക്കു വെള്ളത്തിലൂടെ ഒരു പാമ്പു വരുന്നു.
‘അമ്മേ ദേ ഒരു പാമ്പ്’ ആൽബി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
ജെസ്സി തിരിഞ്ഞു നോക്കിയപ്പോൾ ഒരു നീർകോലിയാണ്.
‘അത് നീർകോലിയാ മോനെ, പേടിക്കാനൊന്നുമില്ല’
‘അത് നമ്മളെ കടിക്കുകയില്ലേ’
‘ഇല്ല’
‘ഞാൻ പേടിച്ചുപോയി’
‘ഇനിയൊരിക്കലും മോൻ ആ വാചകം പറയരുത്’
‘അതെന്താ അമ്മേ?’
‘എനിക്ക് പേടിയാ, ഞാൻ പേടിച്ചുപോയി എന്നൊക്കെ പറയുന്നത് ദൈവാശ്രയമില്ലാത്ത ഭീരുക്കളായ കുട്ടികളാ. നല്ല കുട്ടികൾക്ക് പേടി ഉണ്ടാകില്ല. അങ്ങനെയൊന്നും പറയുകയുമില്ല.’ ജെസ്സി അവനു വിശദീകരിച്ചു കൊടുത്തു. (അപ്പോഴേയ്ക്കും തുണി കഴുകി കഴിഞ്ഞു. ഇരുവരും വീട്ടിലേക്കു നടക്കുന്നതിനിടയിൽ സംസാരം തുടർന്നു)
‘ഞാൻ നല്ല കുട്ടിയാണല്ലോ. പിന്നെന്താ എനിക്ക് പേടിതോന്നിയതു?’
‘അതേയ്… എന്റെ കുട്ടൻ നല്ല കുട്ടിയാണെന്നുള്ളത് ശരിതന്നെ. പക്ഷെ അല്പം കൂടി നന്നാകാനുണ്ട്.’
‘അതെന്താ ‘അമ്മ അങ്ങനെ പറഞ്ഞത്?’ അവന്റെ ചോദ്യത്തിൽ അല്പം വിഷമം കലർന്നിരുന്നു.
‘പറയാം. അതിനു മുൻപ് എന്റെ ഒന്ന് രണ്ടു ചോദ്യങ്ങൾക്കു ഉത്തരം പറയണം’
‘ചോദ്യം ചോദിച്ചുള്ള കളിയാണോ?’
‘ഇത് കളിയല്ല. കാര്യമായിട്ടുള്ള ചോദ്യങ്ങൾ തന്നെയാ. കൊച്ചിന് പറ്റിയ തെറ്റ് ബോധ്യപെടുത്തിത്തരാൻ വേണ്ടി’
‘എന്നാൽ ചോദിക്കു’
‘മുൻപൊരിക്കൽ പെരുച്ചാഴിയെക്കണ്ടു പിടിച്ചപ്പോൾ പേടിക്കുള്ള മരുന്ന് ‘അമ്മ പറഞ്ഞുതന്നത് ഓർക്കുന്നില്ലേ?’
‘ഉണ്ട്. ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട് എന്ന് തുടങ്ങുന്ന ബൈബിൾ വാചകം.’
‘യെസ്. അതെ മരുന്ന് താനെ ഷിന്റോ ഇടിമുഴക്കം കേട്ട് പേടിച്ചു കരഞ്ഞപ്പോൾ കൊച്ചു കൊടുക്കുകയും മരുന്ന് ഫലിച്ചതിനു സാക്ഷിയാകുകയും ചെയ്തു. ശരിയല്ലേ?’
‘അതെ.’ ആൽബി തലകുലുക്കികൊണ്ടു പറഞ്ഞു.
‘അപ്പോൾ ഇടിമിന്നലിനെ വരെ നിയന്ത്രിക്കാൻ ശക്തിയുള്ള ദൈവത്തിന് നീർക്കോലിയെ തടയാൻ കഴിവില്ലെന്ന് വിചാരിച്ചാണോ  ഇന്ന് പേടിച്ചത്?’
(സംസാരത്തിനിടയിൽ അവർ വീട്ടിലെത്തി)
‘അങ്ങനെയൊന്നും വിചാരിച്ചില്ല’ അവൻ ചെറുചിരിയോടെ പറഞ്ഞു.
‘പിന്നെ, എന്തുവിചാരിച്ചിട്ടാണ് കൊച്ചു പേടിച്ചത്. അത് പറയു…’
‘പെട്ടെന്ന്, പാമ്പ് അമ്മയുടെ അടുത്തേയ്ക്കു വരുന്നത് കണ്ടപ്പോൾ ദൈവം പറഞ്ഞതും ബൈബിളിൽ എഴുതിയിരിക്കുന്നതുമെല്ലാം ഞാൻ മറന്നുപോയി.’ സംഭവിച്ച യാഥാർഥ്യം ആൽബി മറകൂടാതെ വെളിപ്പെടുത്തി.
‘യെസ്. ഈ ഉത്തരത്തിനുവേണ്ടിയാണ് ഞാൻ തിരിച്ചും മറിച്ചും ചോദിച്ചത്. ഇനി, കൊച്ചിന് സംഭവിച്ച പിഴവ് എന്താണെന്നു ‘അമ്മ ബൈബിളിൽ തന്നെ കാണിച്ചുതരാം.’
‘എനിക്ക് പറ്റിയ തെറ്റ് എന്താണെന്നു ബൈബിളിൽ ഉണ്ടോ?!!’ ആൽബി അതിശയത്തോടെ ചോദിച്ചു.
‘കൊച്ചിന്റെ മാത്രമല്ല, ഏല്ലാ മനുഷ്യർക്കും സംഭവിക്കുന്ന പരാജയത്തിന്റെ  കാരണം ബൈബിളിലുണ്ട്. നമുക്ക്  അത് മനസ്സിലാകണമെങ്കിൽ ദൈവകൃപ വേണമെന്നു മാത്രം.’ അതുംപറഞ്ഞു ജെസ്സി ബൈബിൾ തുറന്നു വിതക്കാരന്റെ ഉപമ എടുത്തു ആൽബിയോട് വായിക്കാൻ പറഞ്ഞു.
അവൻ അത് മെല്ലെ വായിച്ചു തീർത്തു.
‘അതിൽ വിത്തായിട്ടു യേശു ഉപമിച്ചിരിക്കുന്നതു ദൈവ വചനത്തെയും അത് ചെന്ന് വീഴുന്ന വിവിധ സ്ഥലങ്ങളായി അവതരിപ്പിച്ചിരിക്കുന്നത് പലതരത്തിൽ പെട്ട മനുഷ്യ മനസുകളെയുമാ. അതുപോലെ മണ്ണിന്റെ ആഴം എന്നുദ്ദേശിക്കുന്നതു മനസ്സിലെ വിശ്വാസത്തിന്റെ ആഴവും. അത്രയും എന്റെ കുട്ടന് മനസ്സിലായോ?’
‘മനസിലായി’
‘ഇനി കൊച്ചു പറയു…കൊച്ചിന്റെ മനസ് ഏത് വിഭാഗത്തില്പെടും. വഴിയരിക്കണോ, പാറപ്പുറമാണോ, മുൾച്ചെടികൾക്കിടെയാണോ, അതോ നല്ല നിലമാണോ?’
‘നല്ല നിലം’ ആൽബി പ്രതീക്ഷയോടെ പറഞ്ഞു.
‘അല്ല. നല്ല നിലമായിരുന്നെങ്കിൽ ഇന്ന് പേടിക്കില്ലായിരുന്നു.’
‘പിന്നെ ഏതാ?’
‘പാറപുറത്തെ കട്ടികുറഞ്ഞ മണ്ണ്. ആദ്യം കേട്ടപ്പോൾ പെട്ടന്ന് ആവേശത്തോടെ സ്വീകരിച്ചു. വലിയ ധൈര്യം ഭാവിച്ചു. പക്ഷെ കുറച്ചു ദിവസം കഴിഞ്ഞു ചെറിയൊരു നീർക്കോലിയെക്കണ്ടപ്പോൾ പേടിക്കുകയും ചെയ്തു.’
‘സോറി’
‘എന്നോട് സോറി പറയുന്നതിന് പകരം പറ്റിയ തെറ്റ് തിരുത്തുകയാണ് വേണ്ടത്. അതായതു, പാറപുറത്തെ കട്ടികുറഞ്ഞ മണ്ണുപോലുള്ള ഇപ്പോഴത്തെ മനസിന്റെ സ്ഥാനത്തു, ആഴമേറിയ വിശ്വാസമുള്ള, നല്ല നിലത്തിനു സമാനമായ മനസ്സ് രൂപപെടുത്തിയെടുക്കണം.’
‘അതെങ്ങനെ സാധിക്കും?’
‘ഇപ്പോൾ എന്റെ കുട്ടൻ ചോദിച്ചതാണ് മാനവസമൂഹത്തിലെ ഏറ്റവും വിലയേറിയ ചോദ്യം. അതായതു, ദൈവവചനം ഫലമാണിയുവാൻ തക്കവിധം സ്വന്തം മനസ്സ് എങ്ങനെ രൂപപ്പെടുത്തും എന്ന ചോദ്യം.’
‘അത് അത്രയ്ക്ക് ബുദ്ധിമുട്ടാനോ?’ ആൽബിക്ക് സങ്കടമായി.
‘യാതൊരു ബുദ്ധിമുട്ടുമില്ല’ ജെസ്സി നിസ്സാരമായി പറഞ്ഞു.
‘ഏറ്റവും വിലയേറിയ ചോദ്യമാണെന്നു അല്പം മുൻപ് ‘അമ്മ തന്നെയല്ലേ  പറഞ്ഞത്?’
‘എടാ മുത്തേ… ഉത്തരം അറിയാത്തിടത്തോളംകാലം ചോദ്യം വിലയേറിയതായിരിക്കും. എന്നാൽ ഉത്തരമറിഞ്ഞാലോ… വളരെ സിമ്പിൾ.’
‘എന്നാൽ ഉത്തരം പറയ്’ ആൽബി തിരക്കുകൂട്ടി.
‘സമ്പൂർണ ബൈബിൾ മുഴുവൻ (ദൈവപിതാവിന്റെ ഹിതമനുസരിച്ചു) പരിശുദ്ധാത്മ പ്രേരിതമായി എഴുതപെട്ട ജീവിക്കുന്ന ദൈവത്തിന്റെ ജീവദായകമായ വചനങ്ങളാണെന്നു 100 % വിശ്വസിക്കുക. അതാണ് കൊച്ചിന്റെ ചോദ്യത്തിനുള്ള ഉത്തരം.’
‘അത്രയും മാത്രം മതിയോ?’ ആൽബി അത്ഭുതത്തോടെ ചോദിച്ചു.
‘അത്രയും മാത്രം മതി. 100 % വിശ്വാസത്തോടെ ബൈബിൾ വചനങ്ങൾ മനസ്സിലേക്ക് പതിപ്പിച്ചാൽ അവ നൂറല്ല നൂറായിരം മേനി ഫലം പുറപ്പെടുവിക്കും.’
‘ഇനി എനിക്ക് അബദ്ധം പറ്റൂല്ല. നീർക്കോലിയെയല്ല കാട്ടാനയെ കണ്ടാലും ഞാൻ ദൈവവചനം മറന്നു പോകൂല്ല.’ ആൽബിയുടെ ആ വാക്കുകൾ അവന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും വന്നവയായിരുന്നു.
‘അമ്മയെന്തിനാ ഇത്രയും വിശദമായിട്ടു ഈ കാര്യങ്ങൾ പറഞ്ഞുതരുന്നത് എന്ന്  കൊച്ചിനറിയാമോ?’
‘ഇല്ല’
‘എന്തെല്ലാം ഉണ്ടെങ്കിലും മണ്ണിൽ ജലാംശമില്ലെങ്കിൽ ചെടികൾ വളരുകയില്ലാത്തതുപോലെ തന്നെ എന്തൊക്കെയുണ്ടായിരുന്നാലും മനസ്സിൽ വിശ്വാസം ഇല്ലെങ്കിൽ അവിടെ ദൈവവചനം ഫലം അണിയുകയില്ല. ആ കാര്യം കൊച്ചിനെ ബോധ്യപ്പെടുത്താൻ വേണ്ടിയാ. മനസ്സിലായോ?’
‘മന്സായിലായി. ഇനി ‘അമ്മ ഒരു പട്ടു പാടിത്തരുമോ?’
‘ഇന്ന് പാട്ടൊന്നും മനസ്സിൽ വരുന്നില്ല. പകരം ഒരു കടംകഥ ചോദിക്കാം. അതിന്റെ ഉത്തരം ഒരു ബൈബിൾ വാക്യമാണ്.’
‘ഉം… ചോദിക്കു’ ആൽബി ആവേശത്തിലായി.
‘എല്ലാവര്ക്കും കുംഭമെടുക്കാം.
യോഗ്യതയുള്ളവർക്ക് അത് നിധികുംഭം
യോഗ്യതയില്ലാത്തവർക്കു വെറും കുംഭം’ ഉത്തരം അറിയാമോ?
”അമ്മ ഒരു ക്ലൂ തരുമോ?’
‘പുതിയ നിയമത്തിലാണ് ഉത്തരമുള്ളതു’
ആൽബി തലപുകഞ്ഞാലോചിച്ചു. ഒടുവിൽ,
‘ഉത്തരം കിട്ടുന്നില്ല. അമ്മതന്നെ പറയ്’
‘വി. യോഹന്നാൻ 14:14 ആണ് ഉത്തരം.’
‘ആ വാക്യം ‘അമ്മ ഒന്ന് പറയാമോ?’
‘സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. എന്റെ നാമത്തിൽ നിങ്ങൾ ചോദിക്കുന്നതെന്തും ഞാൻ നിങ്ങള്ക്ക് ചെയ്തുതരും’ യോഹ. 14:14.
‘എന്ത് ചോദിച്ചാലും തരുമെന്ന് യേശു ഉറപ്പു പറഞ്ഞിട്ടുണ്ടല്ലോ?’ ആൽബി സന്തോഷത്തോടെ പറഞ്ഞു.
‘ഉണ്ട്. യേശുവിനോടു ചോദിക്കുവാനുള്ള യോഗ്യത നമ്മൾ നേടണമെന്ന് മാത്രം’.
‘അതെങ്ങനെ നേടും?’
‘സിമ്പിൾ… യേശു പഠിപ്പിച്ച കാര്യങ്ങൾ അനുസരിക്കുക. ജീവിതത്തിൽ പ്രാവർത്തികമാക്കുക. അതാണ് യോഗ്യത നേടാനുള്ള വഴി. അങ്ങനെ യോഗ്യരായവർ യോഹന്നാൻ 14:14 മനസ്സിൽ ധ്യാനിച്ചുകൊണ്ട് എന്ത് പ്രാർത്ഥിച്ചാലും യേശു സാധിച്ചു കൊടുക്കും. സാക്ഷാൽ നിധികുംഭം!!’
റോബിൻ സഖറിയാസ്