വസ്ത്രമല്ല, ഹൃദയമാണ് കീറേണ്ടതു

0

സങ്കീ. 51:1-7
ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!എന്റെ അകൃത്യം നിശ്‌ശേഷം കഴുകിക്കളയണമേ! എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു, എന്റെ പാപം എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്.അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി, ഞാന്‍ പാപം ചെയ്തു; അങ്ങയുടെ മുന്‍പില്‍ ഞാന്‍ തിന്‍മ പ്രവത്തിച്ചു; അതുകൊണ്ട് അങ്ങയുടെ വിധിനിര്‍ണയത്തില്‍ അങ്ങു നീതിയുക്തനാണ്; അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്.

പാപത്തോടെയാണു ഞാന്‍ പിറന്നത്; അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ്.ഹൃദയപരമാര്‍ഥതയാണ് അങ്ങ് ആഗ്രഹിക്കുന്നത്; ആകയാല്‍ ‍, എന്റെ അന്തരംഗത്തില്‍ ജ്ഞാനം പകരണമേ!ഹിസോപ്പു കൊണ്ട് എന്നെ പവിത്രീകരിക്കണമേ! ഞാന്‍ നിര്‍മലനാകും; എന്നെ കഴുകണമേ! ഞാന്‍ മഞ്ഞിനെക്കാള്‍ വെണ്‍മയുള്ളവനാകും.

സങ്കീ. 51:9-12
എന്റെ പാപങ്ങളില്‍ നിന്നു മുഖം മറയ്ക്കണമേ! എന്റെ അകൃത്യങ്ങള്‍ മായിച്ചുകളയണമേ!ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!അങ്ങയുടെ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ!അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ! ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ!

യഥാർത്ഥമായ അനുതാപത്തോടുകൂടിയ കുമ്പസാരം നിത്യരക്ഷയ്ക്കു അത്യന്താപേക്ഷിതമാണ്. സ്നാപക യോഹന്നാന്റെ ആഹ്വനം സുവിദിതമാണ്. “മനസാന്തരത്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കുവിൻ” (ലുക്കാ 3:8) ഈശോ സുവ്യക്തമായി പറയുന്നു “സമയം പൂർത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ” (മർക്കോ. 1:15) അനുതാപം നമ്മിൽ ദൈവികമായ ഒരു ദുഃഖം (divine sorrows) ഉളവാക്കണം. ദൈവഹിതത്തിനു വിരുദ്ധമായി പ്രവർത്തിച്ചു അവിടുത്തെ വേദനിപ്പിച്ചതിലുള്ള ആത്മാർത്ഥമായ സങ്കടമാണത്.പാപത്തിൽനിന്നു പിന്തിരിയാനുള്ള ഉറച്ച തീരുമാനം (പാപവും പാപസാഹചര്യവും ഉപേക്ഷിക്കാനുള്ള തീരുമാനം), ദൈവത്തിലേക്ക് തിരിയാനുള്ള തീരുമാനം, എപ്പോഴും ദൈവഹിതം നിറവേറ്റാനുള്ള തീരുമാനം (തിന്മ വർജിച്ചു നന്മ ചെയ്യാനുള്ള തീരുമാനം) ഇവയും യഥാർത്ഥ അനുതാപത്തിന്റെ ലക്ഷണങ്ങളാണ്.

ജോയൽ 2:12-16
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീര്‍പ്പോടുംകൂടെ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍.നിങ്ങളുടെ ഹൃദയമാണ് വസ്ത്രമല്ല കീറേണ്ടത്, നിങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്കു മടങ്ങുവിന്‍. എന്തെന്നാല്‍, അവിടുന്ന് ഉദാരമതിയും കാരുണ്യവാനും ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്; ശിക്ഷ പിന്‍വലിക്കാന്‍ സദാ സന്നദ്ധനുമാണ് അവിടുന്ന്.നിങ്ങളുടെ ദൈവമായ കര്‍ത്താവ് മനസ്‌സുമാറ്റി ശിക്ഷ പിന്‍വലിച്ച്, തനിക്ക് ധാന്യബലിയും പാനീയ ബലിയും അര്‍പ്പിക്കാനുള്ള അനുഗ്രഹം തരുകയില്ലെന്ന് ആരറിഞ്ഞു?സീയോനില്‍ കാഹളം മുഴക്കുവിന്‍, ഉപവാസം പ്രഖ്യാപിക്കുവിന്‍, മഹാസഭ വിളിച്ചുകൂട്ടുവിന്‍,ജനത്തെ ഒരുമിച്ചുകൂട്ടുവിന്‍, സമൂഹത്തെ വിശുദ്ധീകരിക്കുവിന്‍. ശ്രേഷ്ഠന്‍മാരെ വിളിച്ചുകൂട്ടുവിന്‍, കുട്ടികളെയും മുലകുടിക്കുന്ന ശിശുക്കളെയും ഒന്നിച്ചുകൂട്ടുവിന്‍. മണവാളന്‍ തന്റെ മണവറയും, മണവാട്ടി തന്റെ ഉറക്കറയും വിട്ടു പുറത്തുവരട്ടെ!