ലോകത്തെ കീഴടക്കാനുള്ള മാർഗം

രാജകുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ലയോള കുടുംബം. 84000 ത്തിൽ പരം കൃഷിഭൂമിയാണ് അവർ ഒരു മകൾക്കു ഓഹരിയായി നൽകിയിരുന്നത്. ഈ വസ്തുത അവരുടെ സാമ്പത്തിക സുസ്ഥിതി സുതരാം വ്യക്തമാക്കുന്നു. അവിടത്തെ ഒരു മകനായിരുന്നു ഇഗ്നേഷ്യസ്. ആർഭാടം, ഭൗതികത, പ്രശസ്തിക്കുവേണ്ടിയുള്ള പരക്കം   പാച്ചിൽ തുടങ്ങിയവയായിരുന്നു അവന്റെ ജീവിത ശൈലി. ഇരുപത്തിയാറാം വയസിൽ പേരിനും പ്രശസ്തിക്കുംവേണ്ടി അവൻ യുദ്ധത്തിൽ പങ്കെടുത്തു. എന്നാൽ കാലിനു പരിക്കുപറ്റി അവൻ വീണു. ഈശോയ്ക്ക് അവനെകുറിച്ചൊരു പദ്ധതിയുണ്ടായിരുന്നു. ആ പദ്ധതിയിലേക്ക് അവിടുന്ന് അവനെ കൈപിടിച്ച് നടത്താൻ തുടങ്ങി.
ഭൗതിക സുഖങ്ങളോട് അവൻ എന്നന്നേക്കുമായി വിടപറഞ്ഞു. പരിചിതരുടെ ഇടയിൽ നിന്നകന്നു പതിനൊന്നു മാസം മണ്ടീസാ എന്നൊരു സ്ഥലത്തു താമസിച്ചു. പ്രഭുകുമാരൻ സ്വമനസാലെ ഒരു കുടുംബത്തിൽ ഏകാന്തവാസം! വിശപ്പടക്കാൻ, ഭിക്ഷാടനം നടത്തി. അപ്രകാരം ലഭിച്ചത് ഇഗ്നേഷ്യസ് യാചകരുമായി നിഷ്ടയോടെ പങ്കുവയ്ക്കുമായിരുന്നു. തപശ്ചര്യയുടെ ജീവിതം കർശനമാക്കി. ചാട്ടവാറടിക്കു സ്വയം വിട്ടുകൊടുത്തു. ഭക്ഷണം മറന്നു. മുടി നീണ്ടുവളർന്നു. ഏഴുദിവസം നീണ്ട ഉപവാസം! അനുതാപകണ്ണുനീരിൽ കുതിർന്ന പ്രായശ്ചിത്തം. മന്റീസായിലെ ഈ മാനസാന്തരം ഒരു പോരാളിയിൽ നിന്ന് വിശുദ്ധനിലേക്കുള്ള ചുവടുവയ്പ്പായിരുന്നു. സാന്റോ ഗുവാ ഗുഹയിലെ ജീവിതത്തിൽ ഇഗ്നേഷ്യസ് ഇങ്ങനെ തീരുമാനമെടുത്തു ‘ഇനി, ഈ നിമിഷം മുതൽ ഞാൻ ഭൗതിക ലോകത്തിന്റെ യോദ്ധാവ് അല്ല. മറിച് മനസിന്റെ കളരിയിലെ യോദ്ധാവും രാജാവുമായിരിക്കും. തിരിച്ചു വരാൻവേണ്ടിയുള്ള ഒരു യാത്രയിലല്ല ഞാൻ. എന്നാൽ ആരോടും വിടയില്ല.’ അങ്ങനെ അവൻ ഒരിക്കലും പിന്തിരിയാത്ത യാത്ര സാന്റോ ഗുവാ ഗുഹയിൽ നിന്ന് ആരംഭിച്ചു.
റോമയിലേക്കുള്ള തീർത്ഥയാത്ര ആയിരുന്നു തുടർന്ന്. രണ്ടടുപ്പോ, ചെരുപ്പോ, വടിയോ ഇല്ലാതെയുള്ള യാത്ര. ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യനാവുകയായിരുന്നു ഇഗ്നേഷ്യസ്. കൈയിൽ അവശേഷിച്ചിരുന്ന ചെമ്പുതുട്ടുകൾ ആവശ്യമുള്ളവർക്കായി തുറമുഖ തീരത്തു ഉപേക്ഷിച്ചു. വിശുദ്ധവാരം മുഴുവൻ റോമിൽ താമസിച്ചു. രാത്രിയിൽ വരാന്തകളിൽ ഉറങ്ങി. ഭിക്ഷയാചിച്ചു കിട്ടുന്നത് ഭക്ഷിച്ചു. ലോകത്തോടും ലോക സുഖങ്ങളോടും എന്നന്നേക്കുമായി വിടപറഞ്ഞു ആ ചെറുപ്പക്കാരൻ.
ലോകത്തെ ഉപേക്ഷിക്കുകയാണ് അതിനെ കിഴടക്കാനുള്ള മാർഗം. വെട്ടിപിടിക്കുക, സ്വന്തമാക്കി ആസ്വദിക്കുക അല്ല അതിനുള്ള മാർഗം. വി. ഇഗ്നേഷ്യസ് ലയോളയിൽ അവസാനിച്ചു ആ മാടമ്പി ജീവിതം. തന്റെ  ഉപേക്ഷയുടെ  സാക്ഷ്യത്തിലൂടെ അദ്ദേഹം സ്വർലോകത്തെ വെട്ടിപിടിച്ചു. ലോകത്തെ വെട്ടിപിടിക്കുന്നവരെ ലോകം കിഴ്പെടുത്തുകയും അടിമകളാക്കുകയും ചെയുന്നു. ലോകത്തെ പരിത്യജിക്കുന്നവർ ലോകത്തിന്മേൽ വിജയം നേടുന്നു.