രണ്ടു ആപ്പിൾ തരാം!

ദൈവം എപ്പോഴും എല്ലായിടത്തും എന്നോടൊപ്പം സന്നിഹിതനാണ്. ഈ സത്യം കൂടുതൽ കൂടുത അനുഭവിക്കുക. അതിൽ ആഴപ്പെടുക. അങ്ങനെയാണ് ആത്മീയതയുടെ പടവുകൾ നാം കയറേണ്ടത്.
അതിസമർത്ഥനായ ഒരു വിദ്യാർത്ഥിയായിരുന്നു ജോസഫ് സർത്തോ. ഒരു മതപഠന ക്ലാസ്സിൽ അവന്റെ അധ്യാപകൻ എല്ലാവരോടുമായി ഒരു ചോദ്യം ചോദിച്ചു. “എവിടെയാണ് ദൈവത്തിന്റെ ഇരിപ്പടം?” എന്ന ചോദ്യത്തിന് ഉത്തരം പറയുന്നവർക്ക് ഗുരുനാഥൻ ഒരു ആപ്പിൾ സമ്മാനമായി വാഗ്ദാനവും ചെയ്തു. ജോസഫ് ചാടിയെണീറ്റു. നിർന്നിമേഷനായി അവൻ അധ്യാപകനോട് പറഞ്ഞു: “അച്ഛാ ദൈവം എവിടെയാണ് ഇല്ലാത്തതു എന്ന് പറഞ്ഞാൽ ഞാൻ അച്ഛന് രണ്ടു ആപ്പിൾ തരാം.” ദൈവത്തിന്റെ സർവത്രികസാന്നിധ്യത്തെക്കുറിച്ചു കുഞ്ഞുനാൾ മുതൽ അവനു അറിവ് ലഭിച്ചിരുന്നതുകൊണ്ടാണ് സധൈര്യം അങ്ങനെ പറയാൻ ആ ചെറുബാലന്‌ കഴിഞ്ഞത്. ആ കുട്ടിയുടേത് അപ്രതിഹതമായ ഒരു ബോധ്യമായിരുന്നു. ഈ കൊച്ചുമിടുക്കൻ ആരാണെന്നു അറിയണ്ടേ? പിൽക്കാലത്തു തന്റെ സഭയെ നയിക്കാൻ ദൈവം നിയോഗിച്ച മഹാനായ വി. പത്താം പീയൂസ് മാർപാപ്പ തന്നെ!
വി. ഫ്രാൻസിസ് സലെസ്, ഈശോയോടുള്ള ഐക്യം അനുഭവിച്ചുകൊണ്ട് ഓരോ 15 മിനിട്ടിലും അരൂപിക്കടുത്ത ദിവ്യകാരുണ്യ സ്വീകരണം നടത്തിയിരുന്നു.