മേലിൽ പാപം ചെയ്യരുതേ

0

മത്താ. 7:1-6
വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്.നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്?അഥവാ, നിന്റെ കണ്ണില്‍ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാന്‍ നിന്റെ കണ്ണില്‍ നിന്നു കരടെടുത്തുകളയട്ടെ എന്ന് എങ്ങനെ പറയും?കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്ച തെളിയും.വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്‌തേക്കാം.

ലുക്കാ 6:37-38
നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്ത രുത്; നിങ്ങളുടെമേലും കുറ്റം ആരോപിക്ക പ്പെടുകയില്ല, ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും.കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും.

പ്രഭാഷകനിലൂടെ കർത്താവു പറയുന്നു: പരദൂഷകനും, ഏഷണിക്കാരനും ശപിക്കപെട്ടവൻ; സമാധാനത്തിൽ കഴിഞ്ഞിരുന്ന അനേകരെ അവർ നശിപ്പിച്ചിട്ടുണ്ട്.

പിടിക്കപ്പെട്ട വ്യഭിചാരിണിയെ (യോഹ. 8:1-11) എത്രപേരാണ് വിധിച്ചത്? വിധിക്കാൻ സർവവിധേന യോഗ്യൻ, സുശാന്ത നിശബ്ദത പാലിച്ചുകൊണ്ട്‌, ദൈവം നൽകിയ പത്തു കല്പനകൾ നിലത്തു, വലിയ അക്ഷരത്തിൽ എഴുതിക്കൊണ്ടിരുന്നു. ‘നീതിമാന്മാരും വിശുദ്ധരും’ സ്വാഭാവികമായും അക്ഷമരാവുകയാണ്. എഴുത്തു പൂർത്തിയാക്കിയിട്ടു ഈശോ വ്യക്തമായി പറഞ്ഞു: ഈ കല്പനകളിൽ ഒന്നുപോലും ലംഖിച്ചിട്ടില്ലാത്തവൻ (നിങ്ങളിൽ യാതൊരു പാപവുമില്ലാത്തവൻ) ആദ്യത്തെ കല്ലെറിയട്ടെ. ഇത് കേട്ടപ്പോൾ മുതിർന്നവർ തുടങ്ങി ഓരോരുത്തരായി സ്ഥലംവിട്ടു! കരുണാമയൻ കണ്ണുയർത്തി നോക്കിയപ്പോൾ, നിസ്സഹായായ ആ പാവപ്പെട്ട സ്ത്രീ മാത്രം അവിടെ അവശേഷിച്ചിരിക്കുന്നു!  ആ തിരുഅധരങ്ങളിൽനിന്നു ഒഴുകുന്നു കരുണ സാഗരം. സമാധാനത്തിൽ പൊയ്ക്കൊള്ളുക. മേലിൽ പാപം ചെയ്യരുതേ.

നമ്മുടെ ക്രയവിക്രയങ്ങളിൽ കരുണയായിരിക്കണം മാനദണ്ഡം. കരുണയുള്ളവർ ഒരിക്കലും പ്രതികാരം ചെയ്യുകയില്ല. മത്താ. 18:21-35  അന്തിമമായ വിശകലനത്തിൽ വ്യക്തമാക്കുന്നത് ഈ സത്യമാണ്. ആർദ്രത പ്രദര്ശിപ്പിക്കുകയാണ് കരുണയുടെ മറ്റൊരു മാനദണ്ഡം. അതുകൊണ്ടു “നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ  നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” (ലുക്കാ 6:36) ഇത് പ്രായോഗികതലത്തിൽ കൊണ്ടുവരാൻ ‘വായിക്കു വാതിലും പൂട്ടും നിർമ്മിക്കുക’ (പ്രഭ. 28:25).