മറ്റുള്ളവർക്കായി എരിഞ്ഞുതീർന്ന ബലിവസ്തു

തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഒരു മഹതിയായിരുന്നു ഈഡിത്. യഹൂദവംശജയായിരുന്നു അവൾ. ഹുസ്സരലിന്റെ സഹായിയായി അവൾ ജോലി ചെയുന്ന സമയം. ക്രിസ്ത്യാനിയായ അഡോൾഫ് റൈനോക്കിന്റെ രചനകൾ ക്രമീകരിക്കാൻ മിസ്സിസ് റൈനോക്കിനെ അവൾ സഹായിച്ചുപോന്നു. അഡോൾഫ് ആകസ്മികമായി മരണമടഞ്ഞു. മിസ്സിസ് റൈനോക് സ്വാഭാവികമായും തകർന്നു പോകേണ്ടതായിരുന്നു.

എന്നാൽ ഈശോയിൽ അടിയുറച്ചു വിശ്വസിച്ചു അവിടുനിൽ ശരണപെട്ടു അവിടുത്തെ പ്രാണന് തുല്യം സ്നേഹിച്ചു ആ വിധവ തന്റെ ആത്മധൈര്യം വീണ്ടെടുത്തു. ഇത് നേരിൽകണ്ട് മനസിലാക്കിയ ഈഡിത് ശരിക്കും അമ്പരന്നു. ക്രിസ്തുവിന്റെ കുരിശു, ക്രിസ്തുവിൽ വിശ്വസിക്കുന്നവരിൽ എത്ര ശക്തിയായും വിസ്മയാവഹവുമായും പ്രവർത്തിക്കുന്നു! ഈ സത്യം ഗ്രഹിച്ച ഹുസ്സലും ക്രിസ്തുവിനെ നാഥനും കർത്താവും രക്ഷകനുമായി സ്വീകരിച്ചു. ഈഡിത് എന്നിട്ടും സംശയത്തിലായിരുന്നു. കത്തോലിക്ക സഭയിലാണോ, ലൂഥറൻ സഭയിലാണോ ചേരേണ്ടതു? ദൈവകൃപയാൽ, ആ അവസരത്തിൽ അവൾ വി, ‘അമ്മ ത്രെസിയയുടെ ജീവചരിത്രം വായിക്കാനിടയായി. തന്നെ മാടിവിളിക്കുന്നത് കത്തോലിക്കാ വിശ്വാസം തന്നെയെന്നു അവൾക്കു ബോധ്യമായി. പിന്നെ ഒട്ടും വൈകിയില്ല. അവൾ സത്യവിശ്വാസം സ്വീകരിച്ചു. അവൾ ആവർത്തിച്ചാവർത്തിച്ചു പറയുമായിരുന്നു:”മറ്റുള്ളവർക്കായി മുഴുവനായി എറിഞ്ഞു തീരേണ്ട ബലിവസ്തുവായി തീരണം ഞാൻ.”


1935 കർമലമഠത്തിൽ പ്രവേശിച്ചു പ്രഥമ വൃത വാഗ്ദാനം നടത്തി. 1938  ഏപ്രിൽ 21  നു നിത്യവൃത വാഗ്ദാനം ചെയ്തു കർമലീത്താ സഭയിൽ എന്നേക്കും ക്രിസ്തുവിന്റെ മണവാട്ടിയായിത്തീർന്നു. ഒരിക്കലും താൻ വള്ളം മാറി കയറിപ്പോയെന്നു ആ ധീരവനിതയ്ക്കു, വിശ്വാസത്തിന്റെ പടനായികയ്ക്കു, തോന്നിയിട്ടേയില്ല. അവളാണ് വി. ഈഡിത് സ്റ്റെയിൻ.


(വി. അൽഫോൻസാ, വി. ഫൗസ്റ്റീന, വി. എവുപ്രാസ്യ, വി. മറിയം ത്രേസിയാ, വാഴ്ത്തപ്പെട്ട റാണി മരിയ FCC, വി. ഈഡിത് സ്റ്റെയിൻ തുടങ്ങിയവരുടെ പാദസ്പര്ശത്താല് അനുഗ്രഹീതമായ സന്യാസ ലോകത്തു ഇന്ന് അംഗുലീപരിമിതമായ അപവാദങ്ങൾ താണ്ഡവനൃത്തമാടുന്നത് കണ്ണീരോടെ മാത്രമേ ചിന്തിക്കാനാവുന്നുള്ളു.)
കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ട് എന്നാണ് ഈ വിശുദ്ധ അറിയപ്പെടുന്നത്. അവളെ ദൈവം സ്വന്തമാക്കിയ വഴികൾ എത്രയോ അത്ഭുതാവഹം!