പേടിക്കുള്ള മരുന്ന്

ആൽബിയുടെ ഏറ്റവും പ്രിയപ്പെട്ട കളികൂട്ടുകാരിൽ ഒരാളാണ് ഷിന്റൊ. ഒക്ടോബര് മാസത്തിലെ ഒരു ശനിയാഴ്ച ദിവസം ഉച്ചകഴിഞ്ഞു ഷിന്റോയും അമ്മ  റ്റീനയും കൂടി ആൽബിയുടെ വീട്ടിൽ വന്നു. ആൽബിക്ക് വലിയ സന്തോഷമായി. അവനും ഷിന്റോയുംകൂടി വീടിന്റെ മുറ്റത്തു കളികളിൽ മുഴുകി. റ്റീനയും ജെസ്സിയും വീടിനുള്ളിൽ സൗഹൃദ സംഭാഷണങ്ങളിലേക്കു കടന്നു.
‘നാളെ ഉച്ചകഴിഞ്ഞു ഞങ്ങൾ ഒരു സിനിമയിക്ക് പോകുന്നുണ്ട്. നിങ്ങളുംകൂടി വരുകയാണെങ്കിൽ നമുക്കെല്ലാവർക്കുംകൂടി ഹാപ്പിയായിട്ടു പോകാം. അത് പറയാൻ കൂടിയ ഞങ്ങൾ വന്നത്.’ ടീന ആഗമനോദ്ദേശം അറിയിച്ചു.
‘ഇന്ന് വൈകുന്നേരം ചേട്ടായി വരും.ചോദിച്ചിട്ടു ഞാൻ ഫോണിൽ വിളിച്ചു പറയാം.’ സിനിമയെക്കു പോകുന്നതിൽ താല്പര്യമുണ്ടെങ്കിലും ഭർത്താവിനോട് ആലോചിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിച്ചുകൊണ്ട് ജെസ്സി മറുപടി നൽകി.
‘റോബെർട്ടീന് ഞായറാഴ്ചകളിൽ മാത്രമാണോ അവധി?’
‘ചേട്ടായി എല്ലാ ശനിയാഴ്ചയും വൈകുന്നേരം വരും. ഞായറാഴ്ച ഞങ്ങൾ എല്ലാവരുംകൂടി പള്ളിയിൽ പോകും. ബാക്കി സമയം എന്റെയും ആൽബിയുടെയും കൂടെ ചിലവഴിക്കും. തിങ്കളാഴ്ച രാവിലെ തിരികെ പോകുകയും ചെയ്യും.’ ജെസ്സിയുടെ മറുപടിയിൽ ഭർത്താവിനോടുള്ള സ്നേഹവും  മതിപ്പും വ്യക്തമായിരുന്നു.
വീടിനുള്ളിൽ ജെസ്സിയും റ്റീനയും തമ്മിലുള്ള സംഭാഷണവും മുറ്റത്തു ആൽബിയുടെയും ഷിന്റോയുടെയും കളിയും നടക്കുന്നതിനിടയിൽ …പെട്ടന്ന്…
എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അതിശക്തമായ ഒരു ഇടിമിന്നലും തുടർന്ന് കാതടപ്പിക്കുന്ന മുഴക്കവുമുണ്ടായി.
അമ്മമാർ രണ്ടും കുട്ടികൾ കളിച്ചിരുന്നിടത്തേക്കു ഓടിവന്നു. അപ്രതീക്ഷിതമായ ഉഗ്രശബ്ദം കേട്ട് ആൽബി ഒന്ന് നടുങ്ങിയെങ്കിലും അവൻ അത് അത്ര കാര്യമാക്കാതെ  നിൽക്കുകയാണ്. എന്നാൽ ഷിന്റൊ വാവിട്ടു കറയാൻതുടങ്ങി. ടീന പലതും പറഞ്ഞു ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും ഷിന്റോയുടെ കരച്ചിൽ കൂടിയതല്ലാതെ കുറഞ്ഞില്ല. ആൽബി ആ രംഗം നോക്കി ഏതാനും നിമിഷം നിന്നു.
രക്ഷയില്ലെന്ന് കണ്ടപ്പോൾ…
‘ഇപ്പോ ശരിയാക്കിത്തരാം ‘ എന്നു പറഞ്ഞുകൊണ്ട് ആൽബി ഷിന്റോയുടെ കൈപിടിച്ച് വലിച്ചു പ്രാര്ഥനാമുറിയിലേക്കു കൊണ്ടുപോയി. ആൽബിയുടെ ഉദ്ദേശം എന്താണെന്നു മനസിലായില്ലെങ്കിലും ജെസ്സിയും റ്റീനയും അവരെ പിന്തുടർന്നു.ആൽബി സമ്പൂർണ ബൈബിൾ കൈയിലെടുത്തു ധിറുതിയിൽ പേജുകൾ മറിക്കാൻ തുടങ്ങി.
‘നീ എന്താ ഈ നോക്കുന്നത്? അവന്റെ ലക്ഷ്യമറിയാനായി ജെസ്സി ചോദിച്ചു.
‘പേടിക്കുള്ള മരുന്ന്’ ബൈബിൾ മറിച്ചുനോക്കുന്നതിനിടയിൽ ആൽബി മറുപടി പറഞ്ഞു.
ടീന യാതൊന്നും മനസിലാകാതെ മിഴിച്ചുനിൽക്കുകയാണ്. പക്ഷെ ആൽബി എന്താണ് നോക്കുന്നതെന്നു ജെസ്സിക്ക് മനസിലായി.
‘ഇങ്ങോട്ടു താ… ‘അമ്മ എടുത്തു തരാം.’ ആൽബിയുടെ നേർക്ക് കൈനീട്ടികൊണ്ടു ജെസ്സി പറഞ്ഞു.
ജെസ്സി ബൈബിൾ കൈയിൽ വാങ്ങി ഒരു പേജ് തിരഞ്ഞെടുത്തു ആൽബിയെ തിരികെ ഏല്പിച്ചു. ‘ഷിന്റൊ… ദാ നീ ഇതൊന്നു വായിച്ചേ…’ ഷിന്റോയുടെ മുൻപിലേക്ക് ബൈബിൾ നീട്ടിപിടിച്ചുകൊണ്ടു  ആൽബി അവനോടു പറഞ്ഞു.
‘ഭയപ്പെടേണ്ട ഞാൻ നിന്നോടുകൂടെയുണ്ട്. സംഭ്രാമിക്കേണ്ട, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും.എന്റെ വിജയകരമായ വലതുകൈകൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും’ ഏശയ്യാ 41 :10 . കരയുന്നതിനിടയിൽ ഷിന്റൊ വായിച്ചു തീർത്തു.
‘എടാ ഷിന്റൊ… ഇത് ദൈവം ഏശയ്യാ പ്രവാചകനിലൂടെ വെറുതെ പറഞ്ഞതുമല്ല, ബൈബിളിൽ വെറുതെ എഴുതിയിരിക്കുന്നതുമല്ല. ദൈവം കൂടെയുണ്ടെന്ന് ഉറപ്പുപറയുമ്പോൾ പിന്നെ നീ എന്തിനാ വെറുതെ പേടിച്ചു കരയുന്നത്?’ ചെറിയ കുട്ടിയാണെങ്കിലും ആൽബിയുടെ വാക്കുകൾ വലുതായിരുന്നു.
‘നോക്ക് ഷിന്റൊ, പ്രകൃതിയുടെതന്നെ അധിപനായ ദൈവം കൂടെയുള്ളപ്പോൾ പ്രകൃതിയിലെ വെറുമൊരു പ്രതിഭാസം മാത്രമായ ഇടിമിന്നലിന്നെ കൊച്ചെന്തിനാ  വെറുതെ പേടിക്കുന്നത്. മോൻ കറയാതിരിക്കു…’ ജെസ്സിയും ആൽബിയോട് ചേർന്ന് ഷിന്റോയ്ക്കു ധൈര്യം പകർന്നു.
ഷിന്റോയ്ക്കു സമാധാനമായി. കരച്ചിൽ നിർത്തി.
‘ദൈവം പറഞ്ഞിരിക്കുന്നതിന്റെ അർത്ഥവും ശക്തിയും മനസിലാക്കിയാണോ മോൻ കരച്ചിൽ നിർത്തിയത്’. ഷിന്റോയുടെ മനസ്സ് അറിയാനായി ജെസ്സി ചോദിച്ചു.
‘അതെ എന്റെ പേടി മാറി’ തെളിഞ്ഞ മുഖത്തോടെ ഷിന്റൊ മറുപടി നൽകി.
‘ആൽബിക്ക് ഇത്ര ചെറുപ്പത്തിലേ ബൈബിൾ മുഴുവൻ മനഃപാഠമാണോ?’ തെല്ലു അതിശയത്തോടെയായിരുന്നു ടീനയുടെ ചോദ്യം.
‘ഹേയ് അതൊന്നുമില്ല. ഇതു പിന്നെ, കഴിഞ്ഞ ദിവസം അവൻ ഒരു പെരുച്ചാഴിയെ  കണ്ടു പേടിച്ചുകരഞ്ഞപ്പോൾ പേടിക്കുള്ള മരുന്നാണെന്നും പറഞ്ഞു ഞാൻ പറഞ്ഞുകൊടുത്തതാ.ഇന്ന് അത് അവൻ ഷിന്റോയ്ക്കു കൊടുത്തു. അത്രയേയുള്ളു.’ ജെസ്സി ആൽബിയുടെ മരുന്നിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി.
സ്ഥിതിഗതികൾ തത്ക്കാലം ശാന്തമായെങ്കിലും… ആ ശാന്തത അധികം നീണ്ടുനിന്നില്ല. അടുത്ത ഒരു ഇടികൂടി മുഴങ്ങി. കാരൻറ്റും പോയി. ആകാശം മേഘാവൃതമായിരുന്നതിനാൽ അവർ നിന്നിരുന്ന മുറിക്കുള്ളിൽ വെളിച്ചം നന്നേ കുറവായിരുന്നു.
‘ജെസ്സി… ഷിന്റോയ്ക്കു ഇരുട്ടു പണ്ടേ പേടിയാ. എമർജൻസി ലാമ്പുണ്ടെങ്കിൽ പെട്ടന്ന് തെളിക്കു. അല്ലെങ്കിൽ അവൻ വീണ്ടും കരയാൻ തുടങ്ങും’ ടീന തെല്ലു പരിഭ്രമത്തോടെ പറഞ്ഞു.
ജെസ്സി ഓടി അടുത്ത മുറിയിൽപോയി എമർജൻസി ലാമ്പുമെടുത്തു തിരികെയെത്തി.
എന്നാൽ,
ഷിന്റൊ എല്ലാവരെയും അത്ഭുതപ്പെടുത്തി. കരയുന്ന ഷിന്റോയെ പ്രതീക്ഷിച്ച അവർ കണ്ടത് പുഞ്ചിരി തൂകുന്ന ഷിന്റോയുടെ മുഖമാണ്.
‘കരണ്ട് പായിട്ടും മോന് പേടി തോന്നിയില്ലേ? ഷിന്റോയ്ക്കു വന്ന മാറ്റമറിയാതെ  ടീന ചോദിച്ചു.
‘കാരൻറ്റുപോയാലും ദൈവം കൂടെത്തനെയുണ്ടാകില്ലേ? അക്ഷരാർത്ഥത്തിൽ എല്ലാവരെയും കോരിത്തരിപ്പിക്കുന്നതായിരുന്നു ഷിന്റോയുടെ മറുചോദ്യം.
ആ വാക്കുകൾ കേട്ടപ്പോൾ ജെസ്സി നിർത്താതെ കൈയടിച്ചു.
‘എന്റെ മരുന്ന് ഫലിച്ചല്ലോ’ എന്നും പറഞ്ഞു ആൽബി തുളിച്ചാടി.
‘പേടി അത് എന്തിനെപ്പറ്റിയാണെങ്കിലും ഏത് താരത്തിലുള്ളതായാലും അറിവില്ലാത്തവരും ദൈവത്തിൽ ആശ്രയിക്കാത്തവരുമായിട്ടുള്ള ആളുകളുടെ മനസ്സിൽ സാത്താൻ ഇളക്കിവിടുന്ന ഒരു വികാരമാണ്. എന്നാൽ ഏശയ്യാ 41 :10 വെറുതെ കാതിൽ പതിയുന്നതിനു പകരം കേൾക്കുന്നയാളുടെ മനസ്സിലാണ് പതിയുന്നതെങ്കിൽ അവിടെ പിന്നെ സാത്താന് പ്രവർത്തിക്കാൻ അവസരമില്ല. ഒരു തരത്തിലുള്ള പേടിയും ഉണ്ടാവുകയുമില്ല. ജെസ്സി അല്പം ആധികാരികമായിത്തന്നെ ടീനയോടു പറഞ്ഞു.
‘എനിക്ക് അത് എപ്പോൾ ശരിക്കും ബോധ്യമായി’ ടീനയുടെ ആ പ്രതികരണം തികച്ചും ആത്മാർത്ഥമായിരുന്നു.
അപ്പോഴേക്കും കറൻറ്റ് വന്നു.
എല്ലാവര്ക്കും സന്തോഷമായി.
റോബിൻ സഖറിയാസ്