പൂവൻ കോഴി 

ആൽബിയുടെ വീട്ടിൽ ഒരു വലിയ പൂവൻ കോഴി ഉണ്ടായിരുന്നു. അതിന്റെ പ്രേത്യേകത അത് കൊച്ചു കുട്ടികളെ കണ്ടാൽ ഓടിച്ചെന്നു കൊത്തും. പൂവന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് അത് അവിടെയെങ്ങും ഇല്ല എന്ന് ഉറപ്പുവരുത്തിയിട്ടാണ് ആൽബി സാധാരണ മുറ്റത്തിറങ്ങാറുള്ളത്. എന്നാൽ അന്ന് ആൽബി മുറ്റത്തേക്കിറങ്ങിയപ്പോൾ പൂവൻ കോഴി ചെടികൾക്കിടയിൽ നിൽക്കുന്നത് ശ്രദ്ധയിൽപെട്ടില്ല. ഒട്ടും താമസിച്ചില്ല, അത് ആൽബിയുടെ നേരെ പാഞ്ഞുവന്നു. നിലവിളിച്ചുകൊണ്ട് ഓടുന്നതിനിടയിൽ ആൽബി പിന്നിലേക്ക് മറിഞ്ഞു വീണു. നിലത്തുവീണ ആൽബിയുടെ തുടയിൽ പൂവൻ ഒരു കൊത്തു കൊടുക്കുകയും ചെയ്തു.
അപ്പോഴേക്കും അവന്റെ നിലവിളികേട്ട് ജെസ്സി വന്നു കോഴിയെ ഓടിച്ചുവിട്ട.
‘അമ്മെ… ആ പൂവൻ എന്നെ കൊത്തി’ അത് പറയുമ്പോൾ ആൽബി കരയുകയായിരുന്നു.
‘എന്റെ യേശുവേ! എവിടാ മോനെ കൊത്തിയത്? ‘അമ്മ നോക്കട്ടെ’ ജെസി അവനെ പിടിച്ചെണീപ്പിച്ചുകൊണ്ടു പറഞ്ഞു.
നോക്കിയപ്പോൾ കാര്യമായിട്ടൊന്നും പറ്റിയിട്ടില്ല. ചെറിയൊരു തടിപ്പ് വന്നിട്ടുണ്ട് അത്രമാത്രം.
‘ഏതായാലും നല്ല ലൂസായ പാൻറ് ഇട്ടതു നന്നായി. അതുകൊണ്ടു മുറിവൊന്നും ഉണ്ടായില്ല.’ ജെസ്സി അവനെ ആശ്വസിപ്പിച്ചു.
‘അപ്പായി വരുമ്പോൾ അതിനെ കൊള്ളാൻ ഞാൻ പറയും’ അവൻ പൂവനോടുള്ള ദേഷ്യം അടക്കാൻ പറ്റാതെ പറഞ്ഞു.
‘വേണ്ട മോനെ… നമുക്ക് ഈ ഒരു പ്രാവശ്യത്തേക്കു ക്ഷേമിക്കാം. ആ പൂവൻ ഇതുപോലെ കൊത്തിയോടിക്കാനില്ലെങ്കിൽ നമ്മുടെ പിടക്കോഴികളെ മുഴുവൻ കീരി പിടിക്കും. ദൈവാനുഗ്രഹംകൊണ്ടു കൊച്ചിനോന്നും പറ്റിയില്ലല്ലോ’ ജെസ്സി അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
‘അതിനു ഞാൻ പിടക്കോഴികൾക്കും ദ്രോഹം ചെയ്യുന്നില്ല, പൂവൻ കോഴിക്കും ദ്രോഹം ചെയ്യുന്നില്ല. പിന്നെന്തിനാ എന്നെ കൊത്തിയത്’ അവന്റെ ചോദ്യം ന്യായമായിരുന്നു.
‘കൊച്ചു പറയുന്നത് ശരിയാ. ‘അമ്മ സമ്മതിച്ചു’
‘അപ്പൊ അതിനെ കൊല്ലണം’ ആൽബി ശഠിച്ചു.
‘ശരി അപ്പായി വരുമ്പോൾ കൊല്ലാം’ അവന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയിൽ തർക്കിച്ചിട്ടു കാര്യമില്ലെന്നു മനസിലായതിനാൽ ജെസ്സി പൂവനെ കൊല്ലാൻ സമ്മതിച്ചതായി ഭാവിച്ചു.
ആൽബിക്ക് സമാധാനമായി.
‘കൊച്ചു അകത്തേക്ക് കയറിവാ ഇനിയും ഇവിടെ നിന്ന് അതിന്റെ കൊത്തു വാങ്ങേണ്ട. തന്നെയുമല്ല അമ്മയ്ക്ക് വേറെ ഒന്ന് രണ്ടു കാര്യം പറയാനുമുണ്ട്’
‘എടാ പൂവാ… നിന്റെ അഹങ്കാരം അടുത്ത ശനിയാഴ്ചവരെ ഉള്ളടാ… ഇന്നു നീ എന്റെ തുടയിൽ കൊത്തിയെങ്കിൽ ശനിയാഴ്ച നിന്റെ തുട ഞാൻ കറിവച്ചുതിന്നും. എന്റെ അപ്പായി ഒന്ന് വന്നോട്ടെ’ ജെസ്സിയുടെ കൂടെ അകത്തോട്ടു കയറുന്നതിനിടയിൽ ആൽബി തിരിഞ്ഞുനിന്നു പൂവനെ നോക്കി പറഞ്ഞു.
കുട്ടിയായ അവന്റെ വാക്കുകൾ കേട്ട് ജെസ്സി ഉള്ളിൽ ചിരിച്ചു. പൊറമെ പൂവനോട് ദേഷ്യം നടിക്കുകയും ചെയ്തു.
ആൽബി ജെസ്സിയുടെകൂടെ വീടിനകത്തേക്ക് കയറിവന്നു.
‘അമ്മേയെന്താ പറയാനുണ്ടെന്ന് പറഞ്ഞത്?’
‘പറയാം അതിനുമുൻപ് കൊച്ചു സമാധാനമായിട്ടൊന്നിരിക്കു.’
‘എനിക്ക് സമാധാനമായി. അതിനെ അപ്പായി വരുമ്പോൾ കൊല്ലുമല്ലോ.’ അവൻ ഒരു കസേരയിൽ ഇരുന്നുകൊണ്ട് പറഞ്ഞു.
‘ഇനി അമ്മയ്ക്ക് പറയാനുള്ളത് പറയട്ടെ?’
‘ഉം പറയ്’ അവൻ തികച്ചും ശാന്തനായി.
‘അമ്മയൊരു പാട്ടുപാടം. ആ പട്ടു ഒരു ചോദ്യംകൂടിയ. ശ്രശിച്ചുകേട്ടിട്ടു കൊച്ചു ഉത്തരം തെറ്റാതെ പറയണം.
‘ഹായ് നല്ല കളി. ‘അമ്മ പട്ടു പാടി ചോദിക്കു. ഞാൻ  ഉത്തരം പറയാം.’ പട്ടു രൂപത്തിൽ ചോദിക്കുമെന്ന് കേട്ടപ്പോൾ പൂവനോടുള്ള ദേഷ്യമെല്ലാം മറന്നു അവൻ നല്ല മൂഡിലായി. (അവന്റെ മൂഡ് മാറ്റുക തന്നെയായിരുന്നു  ജെസ്സിയുടെ ഉദ്ദേശ്യവും.)
‘ദൈവം മനുഷ്യനായി അവതരിച്ചു…
മാനവർക്കെല്ലാം നന്മ ചെയ്തു…
സത്യം മാത്രം പഠിപ്പിച്ചു…
അവനെ ജൂതന്മാരെന്തു ചെയ്തു …?
ജെസ്സി അതിമഹോരമായി പാടി നിർത്തി.
‘യേശുവിനെ ജൂതന്മാർ എന്തുചെയ്തു എന്നല്ലേ ‘അമ്മ ചോദിച്ചത്?’
‘അതെ. അതുതന്നെയാണ് എന്റെ ചോദ്യം’
‘കുരിശിൽ തറച്ചു’ ആൽബി ഉത്തരം പറഞ്ഞു.
‘യെസ്. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത യേശുവിനെ കുരിശിൽ തറച്ചു.’
‘അപ്പൊ എന്റെ ഉത്തരം ശരിയല്ലേ’ അവൻ സന്തോഷത്തോടെ ചോദിച്ചു.
‘അതെ ഉത്തരം ശരിയാണ്. പക്ഷെ…’ ജെസ്സി പൂർത്തിയാക്കാതെ നിർത്തി.
‘എന്താ അമ്മെ ഇടയ്ക്കുവച്ചു നിർത്തിയത്?’ ആൽബിക്ക് ആകാംഷയായി.
‘കുരിശിൽ തറച്ചു എന്ന രണ്ടു വാക്ക് മോൻ പറഞ്ഞെങ്കിലും ആ സംഭവത്തിന്റെ ദാരുണമുഖം കൊച്ചു മനസിലാക്കിയിട്ടില്ല.’
‘അതെന്താ?’
‘തലേദിവസം ചമ്മട്ടികൊണ്ടു അടിച്ചു അവശനാക്കിയ യേശുവിനെ കാൽവരി മലമുഴുവൻ കയറ്റിയിട്ടു അതെ കുരിശിൽ മലർത്തിക്കിടത്തി ജീവൻ തുടിക്കുന്ന പച്ചമാംസത്തിലേക്കു കൈവിരൽവണ്ണമുള്ള വലിയ ഇരുമ്പാണികൾ അടിച്ചുകയറ്റിയപ്പോൾ… പാവം യേശു പ്രാണവേദനയെടുത്തു പിടഞ്ഞിട്ടുണ്ടാവുകയില്ലേ?’
‘ഹോ…! എന്ത് ക്രൂരതയാ ജൂതന്മാർ ചെയ്തത്’ ആൽബി സങ്കടത്തോടെ പറഞ്ഞു.
‘പ്രാണൻ പറിച്ചെടുക്കുന്ന ആ വേദനയുടെ ഇടയിൽ യേശു പറഞ്ഞ ഒരു വാചകമുണ്ട്. അത് എന്താണെന്നു പറയാമോ?’
അവൻ ഏതാനും നിമിഷങ്ങൾ ആലോചിച്ചിട്ടും കിട്ടിയില്ല. ഒടുവിൽ…
‘പിതാവേ… ഇവർ…’ ജെസ്സി തുടക്കമിട്ടുകൊടുത്തു.
‘പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ’ തുടക്കം കിട്ടിയപ്പോൾ ആൽബിക്ക് ഓർമവന്നു.
‘അപ്പോൾ അത്രയും കൊടുംക്രൂരത ചെയ്തവരോട് സാക്ഷാൽ ദൈവപുത്രൻ ക്ഷമിച്ചെങ്കിൽ താനെ കൊത്തിയ പൂവനോട് ദൈവപുത്രന്റെ  സ്വന്തം ആൽബിയും ക്ഷമിക്കണ്ടേ?’
ഏതാനും നിമിഷങ്ങൾ ആലോചിച്ചിട്ട്,
‘അതുശരിയാ, ഞാനും ക്ഷമിച്ചു. അതിനെ കൊല്ലണ്ട.’
ആൽബിയുടെ ക്ഷമ നിരുപാധികമായിരുന്നു.
‘ഞാൻ എത്രയും പറഞ്ഞത് ആ കോഴിപ്പൂവന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയല്ല.’ ജെസ്സി പതുക്കെ ലക്ഷ്യത്തിലേക്കു നീങ്ങുകയാണ്.
‘പിന്നെയോ?’ ‘അമ്മ എന്താണ് ഉദ്ദേശിക്കുന്നതെന്നറിയാൻ അവനു തിടുക്കമായി.
‘കൊച്ചിനെ ക്ഷമിക്കാൻ പഠിപ്പിക്കാൻ’ ജെസ്സി തന്റെ ലക്ഷ്യം തുറന്നുപറഞ്ഞു.
‘ഒരു കോഴിയോട് ക്ഷമിക്കുന്നതു അത്ര വലിയ കാര്യമാണോ?’ അവൻ നിഷ്കളങ്കതയോടെ ചോദിച്ചു.
‘ക്ഷമിക്കുന്നതു ആരോടെന്നോ എന്തിനോടെന്നോ ഉള്ളതിനല്ല പ്രാധാന്യം. മറിച്, ക്ഷമിക്കുവാൻ സാധിക്കുക എന്നതിനാണ് പ്രാധാന്യം. കാരണം, ഒരു മനുഷ്യമനസ്സിന് സ്വായത്തമാക്കുവാൻ സാധിക്കുന്നതിൽ വച്ചേറ്റവും ശക്തമായ (ആയുധമാണ്) കഴുവന് ക്ഷമാശീലം.’
ഒന്ന് നിർത്തിയിട്ടു ജെസ്സി തുടർന്ന് പറഞ്ഞു: ക്ഷമ പരിശീലിക്കാൻ ഒരു എളുപ്പവിദ്യയുണ്ട്.’
‘അതെന്താ?’
‘ഭാവിയിലെപ്പോഴെങ്കിലും നമുക്ക് ആരോടെങ്കിലും ക്ഷമിക്കാൻ ബുദ്ധിമുട്ടു  തോന്നുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കേണ്ടതും ധ്യാനിക്കേണ്ടതും യേശു പറഞ്ഞ ആ വാചകമാ. (പിതാവേ… ഇവർ… എന്ന് തുടങ്ങുന്ന വാചകം) അത് പറയുന്ന സമയത്തു യേശുവിന്റെ അവസ്ഥകൂടി ചിന്തിച്ചാൽ നമ്മൾ തനിയെ ക്ഷമിച്ചുപോകും. ലോകചരിത്രത്തിലോ, പുരാണങ്ങളിലോ, കഥകളിലോ പോലും ആ വാചകത്തിനു പകരം വെക്കാൻ മറ്റൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല.’ ജെസ്സി പറഞ്ഞുനിർത്തി.
‘അതെന്തായിരിക്കും മറ്റാർക്കും യേശുവിനൊപ്പമെത്താൻ സാധിക്കാത്തത്?’
‘അതിന്റെ കാരണം -മനുഷ്യനെ ദൈവികതയിലേക്കു ഉയർത്തുന്ന അഞ്ചു പ്രധാന ഗുണങ്ങൾ അതിന്റെ പാരമ്യതയിൽ യേശുവിൽ സമ്മേളിക്കുന്നു.’
‘അതേതൊക്കെയാ ആ അഞ്ചു ഗുണങ്ങൾ?’ ആൽബി ജിജ്ഞാസയോടെ ചോദിച്ചു.
‘ഒന്നാം സ്ഥാനം സ്നേഹത്തിനെന്നും
രണ്ടാം സ്ഥാനം ക്ഷമ കൈക്കലാക്കി
മൂന്നാമതായി സഹനം വരുമ്പോൾ
നാലാമതാത്മസമർപ്പണവും
ഇവ നാലിനൊപ്പം വിനയവും കൂടി
പൂര്ണതയിലൊരുവനിലൊത്തുചേർന്നാൽ
അവനോടു തുല്യനായി മറ്റാരുമില്ല
അവനാണ് മുത്തേ ദൈവത്തിന് പുത്രൻ.’
മുന്നറിയിപ്പില്ലാതെ താനെ ജെസ്സി അഞ്ചുഗുണങ്ങൾ പാട്ടുരൂപത്തിൽ അവതരിപ്പിച്ചു.
‘ഹായ്… ഹായ്… നല്ല പാട്ട്’ ശ്രദ്ധിച്ചിരുന്ന ആൽബി കൈയടിച്ചുകൊണ്ടു പറഞ്ഞു.
;കൈയടിച്ചതുകൊണ്ടു മാത്രം കാര്യമായില്ല. ഞാൻ പാടിയതിന്റെ അർത്ഥം എന്റെ മുത്തിന് മനസ്സിലായോ?’
‘മനസിലായി. ഞാൻ പറയട്ടെ?’
‘ഉം… പറയ്’ ജെസ്സി ആൽബിയെ പ്രോത്സാഹിപ്പിച്ചു.
‘ഒന്ന് സ്നേഹം, രണ്ടു ക്ഷമ, മുന്ന് സഹനം, നാലു ആത്മസമർപ്പണം. പിന്നെ ഇവ നാലും ചേരുന്നയാൾക്കു വിനയവുംകൂടി ഉണ്ടായാൽ അയാൾക്ക്  തുല്യനായി ആരുമുണ്ടാവില്ല. ആ ആളാണ് ദൈവപുത്രനായ യേശു. ശരിയല്ലേ ഞാൻ പറഞ്ഞത്?’ ആൽബി ആത്മവിശ്വാസത്തോടെ ചോദിച്ചു.
‘ഒരു നേരിയ കറക്ഷൻ ആവശ്യമുണ്ട്.’
‘അതെന്താ?’
‘വിനയം മാത്രം പൂര്ണമായാൽപോരാ. അഞ്ചു ഗുണങ്ങളും അതിന്റെ പൂര്ണതയിൽത്തന്നെ സമ്മേളിക്കണം. അതായിരുന്നു -യേശു.’ ജെസ്സി എഴുനേറ്റു അവന്റെ അടുത്തേയ്ക്കു ചെന്ന് അവനെ തലോടിക്കൊണ്ട് പറഞ്ഞു -‘എന്നാലും എന്റെ കൊച്ചു ശ്രദ്ധിച്ചിരുന്നിട്ടു അത്രയും പറഞ്ഞല്ലോ അതുമതി.’
‘ഒരുകാര്യംകൂടി ‘അമ്മ പറഞ്ഞുതരട്ടെ?’
ആൽബി സാകൂതം ജെസ്സിയുടെ മുഖത്തേക്ക് നോക്കി.
‘ഹൃദയപൂർവം ക്ഷമിക്കാൻ പറ്റാത്തവരിൽനിന്നും അതായതു മനസ്സിൽ പകയുള്ളവരിൽ നിന്നും – ദൈവം യാതൊന്നും സ്വീകരിക്കുകയില്ല. അത് പ്രാർത്ഥനകളായാലും നേർച്ചകളായാലും ഇനി ബലിതനെയായാലും. ഇതു എന്റെ അഭിപ്രായമല്ല. യേശു താനെ തറപ്പിച്ചു പറഞ്ഞിട്ടുള്ളതായി സുവിശേഷത്തിലുണ്ട്.’
‘അതേതു ഭാഗത്താ?’
‘വി. മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം 23, 24 വാക്യങ്ങൾ.’
‘ആ വാക്യങ്ങൾ അമ്മയൊന്നു പറയാമോ?’
‘നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്നു അവിടെവച്ചു ഓർത്താൽ, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുൻപിൽ വച്ചിട്ടുപോയി സഹോദരനോട് രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയർപ്പിക്കുക.’
‘കൊച്ചു ചിന്തിച്ചു നോക്ക്… നമ്മൾ ക്ഷമിക്കേണ്ടതിന്റെയും ക്ഷമ ചോദിച്ചു രമ്യതപ്പെടേണ്ടതിന്റെയും ആവശ്യകതയല്ലേ യേശു ആ വാചകത്തിലൂടെ അർത്ഥമാക്കിയത്?’
‘അതെ’ ആൽബി 100 % യോജിച്ചു.
‘ഇപ്പോൾ എന്റെ കുട്ടന് മനസ്സിലായോ ‘അമ്മ ക്ഷമയെപ്പറ്റി എത്രയും ദീർഘമായിട്ടു പറഞ്ഞതിന്റെ കാരണം.’
‘മനസിലായി’ ആൽബി തലകുലുക്കികൊണ്ടു പറഞ്ഞു.
പെട്ടന്ന്…
കൊക്കരക്കോ… കൊക്കരക്കോ…
ആൽബി തിരിഞ്ഞുനോക്കുമ്പോൾ ജനലിലൂടെ കണ്ടു -താനെ കൊത്തിയ പൂവങ്കോഴി തലയുയർത്തിപിടിച്ചു നിന്നു കൂകുന്നു.
‘എടാ പൂവാ… നിന്നോട് എനിക്ക് വഴക്കില്ലട്ടോ… നീ എന്നെ കൊത്തിയതുകൊണ്ടു  ‘അമ്മ എനിക്ക് ഒത്തിരി നല്ല കാര്യങ്ങൾ പറഞ്ഞുതന്നു… നല്ല നല്ല പാട്ടുകൾ പാടിത്തന്നു. അതുകൊണ്ടു കൊതുകിട്ടിയ കാര്യംപോലും ഞാൻ അപ്പായിയോട് പറയുന്നില്ല. ഇനി, അപ്പായി ദേഷ്യപ്പെട്ടു നിന്നെ കൊന്നാലോ…’ ജനലിലൂടെ പുറത്തേക്കു നോക്കികൊണ്ട്‌ ആൽബി പൂവനോട് പറഞ്ഞു.
അവന്റെ വാക്കുകൾ കേട്ടപ്പോൾ ജെസ്സിക്ക് മനസിലായി -തന്റെ ഉപദേശങ്ങൾ ലക്‌ഷ്യം കണ്ടിരിക്കുന്നു. ആ മാതൃഹൃദയം സന്തോഷംകൊണ്ട് തുടികൊട്ടി.
റോബിൻ സഖറിയാസ്