പാപപ്പരിഹാരകൻ

ഇരുപതാമദ്ധ്യായം

തികച്ചും അപ്രതീക്ഷിതമായിരുന്നു അപ്പോൾ കഫർണാമിലേക്കുള്ള ഈശോയുടെ വരവ്. വന്ന ഉടനെ വേഗംചെന്നവിടുന്നു വീട്ടിലേയ്ക്കു കയറി. തെല്ലാശ്വസിക്കാൻ. പക്ഷേ ആശ്വാസം ഈശോയ്ക്കുള്ളതല്ല. അവിടുത്തെ ആഗമനവിവരം എങ്ങനെയോ പുറത്തറിഞ്ഞു. ജനം ഓടിക്കൂടി. ആ വചനാമൃതം ആസ്വദിക്കാൻ. ഞൊടിയിടയ്ക്കു വലിയ ആൾക്കൂട്ടമായി. ഈശോ പതിവുപോലെ അവരോടു സംസാരിച്ചുതുടങ്ങി.
തിക്കും തിരക്കുമെല്ലാം അവസാനിച്ചു. നിശ്ശബ്ദരായി ശ്രദ്ധിക്കയാണവർ. അപ്പോൾ നാലാൾ ചുമന്ന് ഒരു പക്ഷവാതക്കാരനെ അവിടെക്കൊണ്ടുവന്നു. എന്തൊരു ജനബാഹുല്യം! ആ സദ്ഗുരുവിനെ ഒരു നോക്കു കാണുകപോലും അസാദ്ധ്യമായിത്തോന്നി. പിന്നെങ്ങനെ അവിടുത്തെ സമീപിക്കും? അവസാനം ഒരു പോംവഴി കണ്ടവർ. പുരപ്പുറത്തു കയറി ക്രിസ്തു ഇരുന്ന സ്ഥലത്തെ മേല്ക്കൂര പൊളിക്കുക. എന്നിട്ടു രോഗിയെ കിടക്കയോടെ താഴോട്ടു കെട്ടിയിറക്കുക. ….എന്ത്? വീടിന്റെ മേൽക്കൂര പൊളിക്കയോ? പലരുടെയും ശ്രദ്ധ പതറി. കണ്ണുകൾ പലതും പാഞ്ഞു ശബ്ദം കേട്ടിടത്തേയ്ക്ക്. വിസ്മയാവഹമായ ദൃശ്യം! മിശിഹായും അതു കണ്ടു. അവരുടെ ആ സാഹസത്തിന്റെ ലക്ഷ്യം അവിടുന്നു മനസ്സിലാക്കി. ആ വിശ്വാസദാർഢ്യത്തിൽ ആകൃഷ്ടനായ ഈശോ കല്പിച്ചരുളി: ‘മകനെ ധൈര്യമായിരിക്കൂ. നിന്റെ പാപങ്ങൾ പൊറുക്കപ്പെട്ടിരിക്കുന്നു’.
പ്രീശർക്കും ഉപാദ്ധ്യായർക്കും പ്രസ്തുത വാക്കുകൾ ഇഷ്ടപ്പെട്ടില്ല. ‘ദൈവദൂഷണം!’ അവർ വിചാരിച്ചു. ‘മഹോന്നതനല്ലാതെ മറ്റാർക്കു പാപങ്ങൾ മോചിക്കാൻ കഴിയും അവരുടെ വിചാരങ്ങൾകൂടെയും ഈശോ വായിച്ചു. നിങ്ങൾ തിന്മ വിചാരിക്കുന്നതെന്ത്? പക്ഷവാതരോഗിയോടു ‘നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു!’ എന്നു പറയുന്നതോ ‘എഴുന്നേറ്റു നിന്റെ കട്ടിലുമെടുത്തു വീട്ടിലേക്കു പോകൂ’ എന്നു പറയുന്നതോ എളുപ്പം? നിയമജ്ഞർപോലും ഇതികർത്തവ്യതാമൂഢരായിപ്പോയി. സർവ്വേശസുതന്റെ ശക്തി അളക്കാനാവില്ലവർക്ക്. നിശ്ശബ്ദരായ അവരുടെ അന്തർഗതങ്ങളേയും അളന്ന ക്രിസ്തു തെളിച്ചു പറയുന്നു: ‘എന്നാൽ മനുഷ്യപുത്രന് ഇഹത്തിൽ പാപങ്ങൾ പൊറുക്കുന്നതിനും അധികാരമുണ്ടെന്നു നിങ്ങൾ അറിഞ്ഞാലും!’.
തനിക്കു പാപം പൊറുക്കാനധികാരമുണ്ടെന്ന്. മനുഷ്യാവതാരത്തിന്റെ ലക്ഷ്യത്തെപ്പറ്റി വ്യക്തമായ സൂചനയാണിത്. മാനവതയെ മുഴുവൻ പാപദാസ്യത്തിൽനിന്നു മോചിപ്പിച്ച് മോക്ഷം സമ്മാനിക്കാനാണു മനുഷ്യപുത്രൻ മഹിയിലവതരിച്ചത്. മിശിഹാ പാപം മോചിക്കുന്ന അവസരങ്ങൾ പലതും സുവിശേഷങ്ങളിൽ ഉണ്ട്. ശ്രീ വള്ളത്തോളിന്റെ കവനതൂലികയെ ചലിപ്പിച്ചു കൈരളിയെ അനുഗ്രഹിക്കാൻ അരുവായി നിന്ന മഗ്ദലന മറിയത്തിന്റെ കഥ ഒരുദാഹരണമാണ്.

സൈമൺ ക്രിസ്തുവിനെ ഒരു സദ്യക്കു ക്ഷണിച്ചു. ക്രിസ്തു ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. ശിഷ്യരുമൊത്ത്
തൂ വെള്ളിച്ചങ്ങല തുമ്പത്തതാതിടം
തൂക്കിയ ദീപത്തിൽ ദീപ്തിപൂരം
ഭൂരിതമാകുമാറങ്ങണഞ്ഞിതൊരു
പുരുഷരൂപമാം തേജഃ പുഞ്ജം.

സൈമന്റെ സൗഭാഗ്യത്തിൽ കുരൂഹലചിത്തനായി കവി ഉദ്‌ഘോഷിക്കുന്നതു ശ്രദ്ധിക്കൂ:

അല്ലേ ഗൃഹസ്ഥ, നീ ധന്യനായ്: ലോകത്തി-
ലില്ലിതിൻ മീതേ വിരുന്നുകാരൻ;
അല്ലാ, പ്രമാദം! ഭവാന്റെ കാൽമുട്ടുകൾ
തെല്ലും മടങ്ങാതെ നില്പതെന്തേ?
സർവസമ്പത്തും ജഗത്തിൽവിതയ്ക്കുന്ന
ദിവ്യമാം തൃക്കരം ചുംബിപ്പാനും,
എഴെട്ടുകാശിന്റെ യഹൂദത്തള്ളലേ,
പാഴുറ്റ നിൻതല താഴില്ലെന്നോ!

ഈ അനാദരങ്ങളൊന്നും ഈശോ കാര്യമായെടുത്തില്ല. അദ്ദേഹം വിരുന്നു ശാലയിൽ പ്രവേശിച്ച്

കാൽകൾ പിമ്പോട്ടു മടക്കിത്തൃപ്പൊൻചുമൽ
താഴ്‌കെയിടം കൈവിരിപ്പിലൂന്നി,
തെല്ലിടത്തോട്ടു ചാഞ്ഞുണ്മാനിരിപ്പായി,
സല്ലീലനീശ്വരൻ നിത്യതൃപ്തൻ.

സൈമന്റെ സമ്പൽസമൃദ്ധിയെ സ്പഷ്ടമാക്കുമാറ് വിലപ്പെട്ട പാത്രങ്ങളിൽ സ്വാദുള്ള ഭക്ഷണസാധനങ്ങൾ ഒന്നൊന്നായി നിരന്നു, പച്ചവെള്ളത്തെ മുന്തിരിച്ചാറാക്കിയ, അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റി തൃപ്തരാക്കിയ, നാല്പതു ദിനരാത്രങ്ങൾ ഉപവസിച്ചു ധ്യാനലീനനായിക്കഴിഞ്ഞ, ഭഗവാൻ ക്രിസ്തുവിനു ഭക്ഷിക്കാൻ!
ഇത്തരുണത്തിലാണ് ദുർമ്മാർഗ്ഗജീവിതം നയിച്ചു കുപ്രസിദ്ധി നേടിയ മഗ്ദലന മറിയം രംഗത്തു വരിക.

സാധ്വി ഗൃഹത്തിനകത്തു കടന്നു, താ-
നോർത്ത സങ്കേതത്തിലെത്തിച്ചേർന്നു.
ശീമോനു ഭാവം പകർന്നു മുഖത്തു തെ-
ല്ലീ, മഹിമാവെഴും തൻ ഗൃഹത്തിൽ
കില്ലെന്യേ കേറിക്കിടക്കയോ, കാണുകിൽ-
കല്ലെറിയേണ്ടുന്ന തേവിടിശ്ശി!
എന്നാൽ മറുത്തൊന്നും ചൊല്ലീലവന്റെ നാ-
വെ,ന്തോ മഹാശക്തി ബന്ധിക്കയാൽ
മിത്ഥ്യാഭിജാത്യമേ, നിൻ തേജസ്സിങ്കൽ നി-
ന്നെത്ര തമസ്സിങ്ങു തീങ്ങുന്നീലാ

അവൾ ചെന്നു ക്രിസ്തുനാഥന്റെ തൃപ്പാദങ്ങളിൽ സാഷ്ടാംഗംവീണു ചുംബിച്ചു. സൈമന്റെ അഹങ്കാരമത്തത അവിടുത്തെ പാദം കഴുകുന്നതിൽനിന്ന് അവനെ വിരമിപ്പെച്ചെങ്കിൽ, മറിയം ഇതാ തന്റെ അശ്രുകണങ്ങൾകൊണ്ട് ആ തൃച്ചേവടികൾ കഴുകി തലമുറികൊണ്ടുക്ഷാളനം ചെയ്യുന്നു.

ഇന്നു നതാംഗി, നിൻ വകത്രം പവിത്രമായ്!
ഇന്നു നിൻ ചുംബനം സ്ഥാനത്തായി!.

സൈമൺ ഞെട്ടി. ഈ മനുഷ്യൻ ഒരു ദീർഘദർശിയെങ്കിൽ അയാളെ സ്പർശിക്കുന്ന ഈ സ്ത്രീ ഏതു തരക്കാരിയെന്നു മനസ്സിലാക്കുമായിരുന്നില്ലേ? ഇംഗിതജ്ഞനായ ഈശോ പാവനമായൊരു പാഠംതന്നെ അയാളെ പഠിപ്പിച്ചു.

ശീമോനെ, നിന്നോട് ഒന്നു പറയാനുണ്ട്. ‘പറഞ്ഞാലും ഗുരോ’, അവൻ സമ്മതംമൂളി. യേശു തുടർന്നു. ഒരുവനു രണ്ടു കടക്കാർ ഉണ്ടായിരുന്നു. ഒരുവൻ അഞ്ഞൂറും അപരൻ അമ്പതും വെള്ളിക്കാശ് വായ്പ വാങ്ങിയിരുന്നു. വീട്ടുവാൻ വകയില്ലായ്കയാൽ ഇരുവർക്കും തുക ഇളവു ചെയ്യപ്പെട്ടു. അവരിൽ ആര് കടം കൊടുത്തവനെ കൂടുതൽ സ്‌നേഹിക്കും? ‘അധികം ഇളച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു’, മനസ്സില്ലാമനസ്സോടെയെങ്കിലും സൈമൺ സമ്മതിച്ചു. ‘നിന്റെ ഊഹം ശരിതന്നെ’, ക്രിസ്തു പറഞ്ഞു. സ്ത്രീയെ ചൂണ്ടിക്കാട്ടികൊണ്ടവിടുന്നു തുടർന്നു: ഞാൻ നിന്റെ വീട്ടിൽ വന്നു. നീ എന്റെ കാലിനു വെള്ളം തന്നില്ല. ഇവളോ കണ്ണീരുകൊണ്ട് എന്റെ പാദങ്ങൾ ക്ഷാളനം ചെയ്തു. തലമുടികൊണ്ട് തുടച്ചു. നീ എനിക്കു ചുംബനം അർപ്പിച്ചില്ല. ഇവളോ അകത്തു പ്രവേശിച്ചതു മുതൽ ഇടവിടാതെ എന്റെ പാദങ്ങൾ ചുംബിച്ചുകൊണ്ടിരിക്കുന്നു. നീ എന്റെ തലയിൽ തൈലം പൂശിയില്ല. ഇവളോ പരിമളതൈലം കൊണ്ട് എന്റെ പാദങ്ങൾ പൂശി. ആകയാൽ സുവിശേഷം പ്രസംഗിക്കപ്പെടുന്നിടത്തെല്ലാം ഈ സ്ത്രീയുടെ പ്രവൃത്തിയും പറയപ്പെടും’. ‘അനേകമായ ഇവളുടെ പാപങ്ങൾ മോചിച്ചിരിക്കുന്നുവെന്നു ഞാൻ നിന്നോടു പറയുന്നു. അവൾ വളരെ സ്‌നേഹിച്ചുവല്ലോ’ (യോഹ.7:3647). ‘നിന്റെ പാപങ്ങൾ പൊറുക്കപ്പെട്ടിരിക്കുന്നു’ എന്ന മധുര വചസ്സുകൾ ശ്രവിക്കാനുള്ള ഭാഗ്യം വിനീതയായ ആ വനിതയ്ക്കും സിദ്ധിച്ചു.

വിരുന്നിനു വന്നിരുന്നവർ തമ്മിൽ തമ്മിൽ പറഞ്ഞു തുടങ്ങി. ‘പാപങ്ങൾപോലും ക്ഷമിക്കുന്ന ഈ മനുഷ്യനാര്’ ഇത്തവണ സംശയനിവാരണത്തിനു മുതിരുന്നില്ല മിശിഹാ സ്ത്രീയോടു പറഞ്ഞു:

‘പൊയ്‌ക്കൊൾക പെൺകുഞ്ഞേ,
ദുഃഖംവെടിഞ്ഞു നീ-
യുൾക്കൊണ്ട വിശ്വാസം കാത്തുനിന്നെ.
അപ്പപ്പോൾ പാതകം ചെയ്തതിനൊക്കയു-
മിപ്പശ്ചാത്താപമേ പ്രായശ്ചിത്തം!’

ഉത്ഥാനാനന്തരം പാപം മോചിക്കാനുള്ള അധികാരം ശിഷ്യന്മാർക്കും ലഭിച്ചിരിക്കുന്നു. ‘നിങ്ങൾക്കു സമാധാനം. പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു…..പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ. ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നുവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു’ യോഹ 20:2123). അതെ, കരുണയും കൃപയുമുള്ളവനാണ് കർത്താവ്, ദീർഘക്ഷമ, മഹാ ദയ, വിശ്വാസ്യത ഇവ അവിടുത്തെ സവിശേഷതകളാണ്. എല്ലാവരേയും അവിടുന്നു സ്‌നേഹിക്കുന്നു. അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നു (പുറ 34:6 ളള). നീതിയല്ല കരുണയാണ് അവിടുന്നാഗ്രഹിക്കുക.