പരിത്യാഗിക്ക്‌ ഒന്നും ഭയക്കാനില്ല 

ലോകത്തിന്റെതല്ലാത്തവന്, ലോകത്തിന്റെതൊന്നും സ്വന്തമാക്കാത്തവന്, ലോകത്തിൽ എന്തെങ്കിലും നഷ്ടപ്പെടുമെന്ന് ഭയക്കേണ്ടതില്ലലോ. സർവ്വസംഗപരിത്യാഗം നമുക്ക് തരുന്ന ഉറപ്പാണിത്. ഈ ഉറപ്പിന്മേൽ ആത്മീയ സൗധം പടുത്തുയർത്തുന്നവന് മാത്രമേ നിലനിൽക്കാനാവു.
ഫ്രാൻസിസിനു തന്റെ വിളി ബോധ്യമായി. ഭൗതികതയിലും സുഖലോലുപതയിലും ധാർഷ്ട്യത്തിലും മൂക്കറ്റം മുങ്ങിയ സഭാസംവിധാനത്തെ പരമ ദാരിദ്ര്യത്തെ ഉപാസിച്ചു ശുദ്ധീകരിക്കുക; അതാണ് തന്റെ വിളി, തന്റെ ധൗത്യം. അതിനായി അദ്ദേഹം സ്വയം സമർപ്പിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹം തന്റെ ഷൂസ് അഴിച്ചുമാറ്റി. ഒരു കഷ്ണം കയർ അരയിൽ ചുറ്റി. പരുപരുത്ത ചാക്കുവസ്ത്രം ധരിച്ചു. അദ്ദേഹം ഈവിധം ദാരിദ്ര്യം വരിച്ചത് പൊർസുള്ള ദേവാലയത്തിൽ വച്ചാണ്. പിന്നെ എന്നും ദാരിദ്ര്യം അദ്ദേഹത്തിന് അനുഗ്രഹമായി. പിന്നീട് ഒരിക്കലും അത് അദ്ദേഹത്തെ നൊമ്പരപെടുത്തിയില്ല. ദാരിദ്ര്യം ആനന്ദമാകുന്നിടത്തു അത് ശരിയായ ആത്മീയതയായി ഉയരുന്നു, വളരുന്നു. ഫ്രാൻസിസിനു ദാരിദ്ര്യം ഒരിക്കലും ഇല്ലായ്മയായിരുന്നില്ല. മറിച്ചു, അത് എല്ലാറ്റിന്റെയും നിറവായിരുന്നു. ഇതാണ് ആത്മീയതയുടെ ഉണ്മ, സ്വത്വം.
ലോകത്തോടും ലോകമോഹങ്ങളോടും വിടപറഞ്ഞു ദൈവത്തിൽ പരമാനന്ദം കണ്ടെത്തുന്നവരാണ് യഥാർത്ഥ വിശുദ്ധർ. ലിസ്സ്യു  റാണി തന്റെ ജീവിതത്തിൽ ഈ സത്യം പ്രയോഗിഗമാക്കിയവിധത്തെക്കുറിച്ചു ഇങ്ങനെ രേഖപെടുത്തുന്നു: “തങ്കം പൂശിയ മേൽത്തട്ടുകളും മാർബിൾ ഗോവേണികളും പട്ടുവിരികളുമുള്ള ഹോട്ടലുകളിൽ താമസിക്കുന്നതിനേക്കാൾ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്, എനിക്ക് കൂടുതൽ സൗഭാഗ്യകരമായിരുന്നത്, കർമ്മല സഭയിൽ ചേരാമെന്ന ഉറപ്പോടെ മേഞ്ഞുകെട്ടിയ ഒരു കുടിലിൽ കഴിച്ചുകൂട്ടുന്നതാണ്. ബാഹ്യ സാഹചര്യങ്ങളല്ല ഹൃദയത്തിന്റെ ഉള്ളറയിലാണ് ആനന്ദം സ്ഥിതി ചെയ്യുന്നത് എന്ന് എനിക്ക് ബോധ്യമായി. ഈ ആനന്ദം കൊട്ടാരത്തിലും കാരാഗ്രഹത്തിലും കണ്ടെത്താം. കർമ്മല സഭയിൽ ആന്തരികവും ബാഹ്യവുമായ പല സഹനങ്ങൾ ഉണ്ടായിരുന്നിട്ടും ജീവിത സൗകര്യങ്ങൾ തുല്ലോം കുറവായിരുന്നിട്ടും ഞാൻ തികഞ്ഞ സൗഭാഗ്യവതിയാണ്.”