നിത്യവിധിയാളൻ

പതിനെട്ടാമദ്ധ്യായം

ക്രിസ്തു തന്റെ വ്യക്തിത്വത്തെ സത്യവും ജീവനുമായി താദ്ത്മ്യപ്പെടുത്തുകമാത്രമല്ല ലോകത്തെ വിധിക്കാൻ തനിക്കുള്ള അധികാരവും സംസ്ഥാപിച്ചിരിക്കുന്നു. വെറുമൊരു മനുഷ്യൻ ഈ സാഹസത്തിനു മുതിരുകയില്ല. അവിടുന്നു തന്നെ വ്യക്തമാക്കുന്നു: ‘പിതാവ് ഒരുവനേയും വിധിക്കുന്നില്ല. വിധി മുഴുവൻ പുത്രനു കൊടുത്തിരിക്കുന്നു’ (യോഹ 5:10). ഇവിടെ ഒരു വസ്തുത വ്യക്തമായി നാം മനസ്സിലാക്കണം. അവിടുന്നു വിധിച്ചാൽ ആ വിധി സത്യമാകുന്നു. എന്തെന്നാൽ തന്നെ അയച്ച പിതാവിനോടൊത്താണ് അവിടുന്നു വിധിക്കുന്നത് (8:16)
അന്തിമവിധിയെപ്പറ്റി വർണ്ണനാത്മകമായൊരു വിവരണമാണു സുവിശേഷങ്ങൾ നല്കുക: ‘അപ്പോൾ മനുഷ്യ പുത്രന്റെ അടയാളം വാനമേഘങ്ങളിൽ കാണപ്പെടും. ഭൂമിയിലെ സകല ഗോത്രങ്ങളും പ്രലപിക്കും. മനുഷ്യപുത്രൻവലിയ ശക്തിയോടും മഹത്വത്തോടും വാനമേഘങ്ങളിൽ വരും അവൻ തന്റെ ദൂതന്മാരെ വലിയ കാഹളത്തോടെ അയയ്ക്കും. അവർ അവന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ആകാശത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നാലു വായുക്കളിൽ നിന്നു കൂട്ടിച്ചേർക്കുകയും ചെയ്യും’.

അറിഞ്ഞോ അറിയാതെയോ അവിടുത്തേയ്ക്കു സേവനം അനുഷ്ഠിക്കുന്നവരെ അവിടുന്നു ഹൃദയം തുറന്ന് അഭിനന്ദിക്കും. നാം വിചാരിച്ചിരിക്കുന്നതിലൊക്കെ വളരെയേറെ ആളുകൾ യഥാർത്ഥമായി ക്രിസ്തുവിനെ സ്‌നേഹിക്കുകയും അവിടുത്തേയ്ക്കു സേവനം അനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. അന്ത്യവിധിനാളിൽ ഈ സത്യം നാം ഗ്രഹിക്കും. എന്നാൽ ചില സാമൂഹ്യസേവകർ, കർത്താവേ, എപ്പോഴാണു വിശക്കുന്നവനായി അങ്ങു ഞങ്ങളെ സമീപിച്ചത്? എന്നു നിരാശരായി ചോദിക്കുന്നത് ഏറ്റം വിസ്മയാവഹവും വൈരുദ്ധ്യാത്മകവും ആയിരിക്കും.

‘മനുഷ്യപുത്രൻ തന്റെ സകല പരിശുദ്ധ ദൂതന്മാരുമായി മഹത്വത്തിൽ ആഗതനാവുമ്പോൾ അവൻ മഹിമയുടെ സിംഹാസനത്തിലിരിക്കും. സകല ജനതകളും അവന്റെ മുമ്പിൽ സമ്മേളിക്കും. ആട്ടിടയൻ ചെമ്മരിയാടുകളെ കോലാടുകളിൽനിന്നു വേർതിരിക്കുമ്പോലെ അവൻ അവരെ തമ്മിൽ വേർതിരിക്കും. ചെമ്മരിയാടുകളെ തന്റെ വലതുഭാഗത്തും കോലാടുകളെ ഇടതു ഭാഗത്തും നിറുത്തും. അപ്പോൾ രാജാവു വലതുഭാഗത്തുള്ളവരോട് അരുളിചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ. ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അനുഭവിക്കുവിൻ. എന്തെന്നാൽ എനിക്കു വിശന്നു. നിങ്ങൾ എനിക്കു ഭക്ഷണം തന്നു. എനിക്കു ദാഹിച്ചു. നിങ്ങൾ എനിക്കു വെള്ളം തന്നു. ഞാൻ പരദേശിയായിരുന്നു. നിങ്ങൾ എന്നെ സ്വീകരിച്ചു. നഗ്നനായിരുന്നു. എന്നെ നിങ്ങൾ ഉടുപ്പിച്ചു. രോഗിയായിരുന്ന എന്നെ നിങ്ങൾ സന്ദർശിച്ചു. കാരാഗൃഹത്തിലായിരുന്ന എന്റെ അടുക്കൽ നിങ്ങൾ വന്നു’. അപ്പോൾ നീതിമാന്മാർ അത്ഭുത പരതന്ത്രരായി ചോദിക്കും ‘കർത്താവേ……എപ്പോൾ’? രാജാവ് ഉത്തരമായി അവരോട്: ‘ചെറിയവരായ എന്റെ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ചെയ്തപ്പോഴെല്ലാം എനിക്കു തന്നെയാണു ചെയ്തത്’. പിന്നെ അവൻ തന്റെ ഇടതുഭാഗത്തുള്ളവരോടും അരുൾചെയ്യും: ‘ശപിക്കപ്പെട്ടവരേ, നിങ്ങൾ എന്നെ വിട്ട് പിശാചിനും അവന്റെ ദൂതന്മാർക്കുമായി തയ്യാറാക്കിയിരുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ, എന്തെന്നാൽ എനിക്കു വിശന്നു. നിങ്ങൾ എനിക്കു ഭക്ഷണം തന്നില്ല…..’ അപ്പോൾ അവർ പ്രലപിച്ചു ചോദിക്കും: കർത്താവേ എപ്പോഴാണു നീ ഈ അവസ്ഥകളിൽ ഞങ്ങളെ സമീപിച്ചത്? ഉത്തരമോ, ഈ ചെറിയവരിൽ ഒരുവന്റെ നേരെ നിങ്ങൾ കണ്ണടച്ചപ്പോഴൊക്കെ എന്നെയാണു നിങ്ങൾ നിരാകരിച്ചത്. ഞാൻ തന്നെയാണ് എളിയവന്റെ വേഷത്തിൽ നിങ്ങളെ സമീപിച്ചത്. ശപിക്കപ്പെട്ട ഇവർ നിത്യപീഡയിലേയ്ക്കും നീതിമാന്മാർ നിത്യജീവനിലേയ്ക്കും പോകും.
മനുഷ്യന്റെ അഗാധ തലങ്ങളിലെ വിചാരങ്ങൾ പോലും ശരിക്കു മനസ്സിലാക്കി അതനുസരിച്ചു ന്യായവിധി നടത്തുക സർവ്വജ്ഞാനിയായ ഒരു മനസ്സിനേ സാധിക്കൂ. നിത്യമായ പ്രത്യാഘാതങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഈ ധർമ്മം ഞാൻ നിർവഹിക്കുമെന്നു വാഗ്ദാനം ചെയ്യുന്ന വ്യക്തി വെറുമൊരു മനുഷ്യനായിരിക്കുക തീർത്തും അസാദ്ധ്യമാണ്. രക്ഷകനായ അവിടുന്നുതന്നെ പറയുന്നു: താൻ വിധികർത്താവുംകൂടെയാണെന്ന്. രക്ഷകനും വിധിയാളനും ഒരേ വ്യക്തിയിൽ സമ്മേളിക്കുന്നു!

ലോകാവസാനനാളിൽ ജേതാവായ ക്രിസ്തു തിന്മയെല്ലാം വേരോടെ പിഴുതു കളയും. അനന്തരം തന്റെ രാജ്യം നിത്യപിതാവിനു സമർപ്പിക്കും (1 കൊറി 15:21). ആ സമയം മുതൽ പിതാവായിരിക്കും പുതിയ ഇസ്രായേലിന്റെ ഇടയൻ. ‘ലോകരാജത്വം കർത്താവിനും അവന്റെ ക്രിസ്തുവിനും ആയിത്തീർന്നിരിക്കുന്നു. അവൻ എന്നേയ്ക്കും വാഴും'(വെളി11:15). ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു (കയശറ 12:10) . ക്രിസ്തു ദൈവമെന്ന നിലയിൽ പിതാവിനോടു സത്തയിൽ സമനെങ്കിലും മെസയാ എന്ന നിലയിൽ പിതാവിനു കീഴ്‌പ്പെട്ടു നിത്യം ഭരണം നടത്തുമെന്നാണ് ഉദ്ധൃതവാക്യങ്ങൾ വ്യക്തമാക്കുക. സ്‌നേഹമാണ് ഈ രാജ്യത്തിലെ സുവർണ്ണ നിയമം. സ്വർഗ്ഗം സമാരംഭിക്കുക ഈ ലോകത്തിലാണ്. അതിനാൽ സ്‌നേഹശാസനം ഇവിടെത്തൊട്ട് അനുസരിച്ചെങ്കിലെ വരും ലോകത്ത് അനായാസേന അതു ചെയ്യാൻ കഴിയൂ നമുക്ക്. സ്‌നേഹിക്കാത്തവനു ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ യാതൊരവകാശവുമില്ല (എഫേ 5:5)
ക്രിസ്തു തന്റെ ദിവ്യത്വം, ദൈവത്വം സ്ഥാപിക്കുന്ന മറ്റു പല സംഗതികളും ഇനിയുമുണ്ട്. മാതാപിതാക്കന്മാരേക്കാളും സഹോദരീസഹോദരന്മാരേക്കാളും ഉപരിയായി നാം, തന്നെ സ്‌നേഹിക്കണമെന്നാണ് അവിടുന്നാവശ്യപ്പെടുക. മതപീഡനത്തിന്റെ മുമ്പിലും തന്നിലുള്ള നമ്മുടെ വിശ്വാസം ഏറ്റു പറയണം. നിത്യരക്ഷക്കുവേണ്ടി സ്വശരീരംപോലും ബലി കഴിക്കാൻ തയ്യാറാവുക. ക്രിസ്തുവിനെ വെറുമൊരു ‘നല്ലമനുഷ്യ’നെന്നു വിളിച്ചു സത്യം മറയ്ക്കുക സാധ്യമല്ല. ഒന്നുകിൽ നിങ്ങൾ അവിടുത്തെ ഭ്രാന്തിനെപ്പറ്റി വിലപിക്കണം അല്ലെങ്കിൽ അവിടുത്തെ വ്യക്തിത്വത്തെ ആരാധിക്കണം. സന്മാർഗ്ഗശാസ്ത്രത്തിന്റെ ഒരു പ്രൊഫസറായി മാത്രം അവിടുത്തെ കണക്കാക്കുക വെറും വിഡ്ഢിത്തമാണ്. ക്രിസ്തുവിന്റെ കുരിശുമരണം കണ്ടു നിന്ന റോമൻ ഭടൻ സത്യം മനസ്സിലാക്കി. അവന്റെ ബുദ്ധിയും മനസ്സാക്ഷിയും ഒപ്പം സത്യം സമ്മതിച്ചു പറഞ്ഞു: ‘സത്യമായും ഇവൻ ദൈവപുത്രനാകുന്നു’