നാല്പത്തെട്ടു വർഷങ്ങളിലെ തുടർച്ചയായ പരാജയത്തിനുശേഷം

ജിജി പൊള്ളയിൽ! ഇക്കഴിഞ്ഞ വർഷത്തെ നെഹൃട്രോഫിയോടനുബന്ധിച്ചെങ്കിലും പലരും ഈ പേരു പത്രപംക്തികളിലും ന്യൂസ് ചാനലുകളിലുമായി കണ്ടും കേട്ടും കാണും. അദ്ദേഹം എന്റെ പ്രേഷ്ഠശിഷ്യനാണ്. നെഹൃട്രോഫി നേടിയ വള്ളത്തിന്റെ (ശ്രീഗണേശൻ) ക്യാപ്റ്റനായിരുന്നു ജിജി. പഠിക്കുമ്പോൾത്തന്നെ ഈ ശിഷ്യന്റെ സൽസ്വഭാവം എനിക്കു ബോധ്യമായിട്ടുള്ളതാണ്.. ജിജിയുടെയും ടീമംഗങ്ങളുടെയും പ്രാർത്ഥനയും കഠിനമായ പരിശ്രമവും ചരിത്രം. ഇപ്പോൾ അവിചാരിതമായി കണ്ടപ്പോൾ തിരുത്തിക്കുറിച്ച കാര്യം അദ്ദേഹം നേരിൽക്കണ്ടു വെളിപ്പെടുത്തിയപ്പോൾ, വിദ്യാർത്ഥി ജീവിതത്തിലെ നന്മകളെല്ലാം ആ മുഖത്തു സ്ഫുരിക്കുന്നതു പുനരാവർത്തിച്ചു കാണുകയും ചെയ്തപ്പോൾ ഞാൻ വളരെയധികം സന്തോഷം അനുഭവിച്ചു. നല്ല ദൈവത്തിനു നന്ദി പറയുന്നു.

ചിലർക്കു ചിലതിനെക്കുറിച്ചൊക്കെ ഹരമാണെന്നു പറഞ്ഞു കേൾക്കാറുണ്ടല്ലോ. (അങ്ങനെയൊന്ന് ഈ ലേഖകനുണ്ടെങ്കിൽ അത് വള്ളംകളിയാണ്). ജിജിയെ ഞാൻ ഹാർദ്ദമായി അനുമോദിച്ചു. സംസാരമദ്ധ്യേ നെഹൃട്രോഫി നേടിയ വള്ളത്തിന്റെ ക്യാപ്റ്റൻ എന്നനിലയിൽ ഏറെ അധ്വാനിച്ചുകാണുമല്ലോ എന്നു സൂചിപ്പിച്ചപ്പോൾ എന്റെ ശിഷ്യൻ വെളിപ്പെടുത്തിയ വസ്തുതകൾ വിശ്വാസജീവിതത്തിൽ ഒരു പുതുപുത്തൻ ഉണർവ് എന്നെ ആഞ്ഞുപുല്കുകയായിരുന്നു. നമ്മുടെ ജീവിതത്തിൽ പ്രാർത്ഥനയുടെ ആവശ്യകത കൂടുതൽ കൂടുതൽ ഏറെ ആഴമായി ബോധ്യപ്പെടുകയായിരുന്നു ഞാൻ.

45 വർഷം ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ ആയിരക്കണക്കിന് തുഴക്കാർ വള്ളംകളിയുടെ ‘അ’ മുതൽ ‘ക്ഷ’ വരെ മാസ്റ്റർ ചെയ്തിരുന്ന അതികായന്മാരും അതിവിദഗ്ദ്ധരുമായിരുന്ന തുഴക്കാർ പതിനെട്ടടവും പയറ്റിയിട്ടും നിരന്തരം പരാജയം ഏറ്റുവാങ്ങിയ വള്ളമാണ് ജിജിക്കും സഹപ്രവർത്തകർക്കും ഇക്കുറി ട്രോഫി നേടിക്കൊടുത്തത്. പല ശാന്തിക്കാരും മേൽശാന്തിക്കാരും തന്ത്രിമാരുമൊക്കെ അസന്നിഗ്ദ്ധമായി പ്രസ്താവിച്ചിരുന്നത് ശ്രീഗണേശൻ ഒരിക്കലും ജയിക്കുകയില്ല, കാരണം, അതു ശാപംകിട്ടിയ വള്ളമാണ് എന്നാണ്.

ലൂക്കാ 8:27 വ്യക്തമായി പറയുന്നു: മനുഷ്യന് അസാധ്യമായതു ദൈവത്തിനു സാധ്യമാണ് എന്ന്. വള്ളപ്പാടു വ്യത്യാസത്തിൽ വിജയംവരിച്ച് നെഹൃട്രോഫി നേടിയ ജിജിയുടെ ടീം തങ്ങളുടെ പ്രാർത്ഥനയും കഠിനാധ്വാനവും നിരന്തരമായ പരിശീലനവുംകൊണ്ട്, മനുഷ്യന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച്, സർവ്വശക്തനും നിത്യനുമായ ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്നു തെളിയിച്ച്, വീരോചിതമായി വിജയം കൈവരിച്ച ജിജിയും സഹപ്രവർത്തകരും ഏവർക്കും പ്രാർത്ഥനയുടെയും നിരന്തര പരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെയും മാതൃകയും പ്രചോദനവുമായിരിക്കട്ടെ. ജിജിക്കു ഗുരുവിന്റെ ഒരായിരം അനുമോദനങ്ങൾ. ദൈവത്തിനും ഒപ്പം ജിജിയ്ക്കും ഒരായിരും നന്ദി. എന്റെ ശിഷ്യരാണ് എന്റെ ബാങ്ക് ബാലൻസ്. ദൈവത്തിൽ പ്രത്യാശവയ്ക്കുന്നവൻ സീയോൻ പർവ്വതംപോലെയാണ്. അവൻ ഒരിക്കലും ഇളകുകയില്ല. അവന് ഒരിക്കലും ലജ്ജിക്കേണ്ടി വരുകയില്ല. തന്നിൽ പ്രത്യാശവയ്ക്കുന്നവരെ സഹായിക്കാൻ, രക്ഷിക്കാൻ ദൈവത്തിനു അനന്തകോടി വഴികളുണ്ട്. ദൈവത്തിന് ഒന്നും അസാധ്യമാല്ല (ലൂക്കാ 1:37).