നാലു സ്നേഹിതർ

കൊലക്കുറ്റത്തിന് വിധിക്കപെട്ട ഒരു മനുഷ്യന് മരണശിക്ഷയുടെ തലേ ദിവസം പ്രത്യേക ആനുകൂല്യമെന്ന നിലയിൽ അയാളുടെ പ്രിയപ്പെട്ടവരേ ചെന്നുകാണാനുള്ള അനുമതി കിട്ടി. പാറാവുകാരുടെ കൂടെ കൈയാമം വച്ച് അയാളെ ജയിലിനു പുറത്തേക്കു കൊണ്ടുപോയി. അയാൾ ഇങ്ങനെ ചിന്തിച്ചു. തന്റെ പ്രിയപ്പെട്ട നാലു സുഹൃത്തുക്കളെയും കണ്ടു യാത്ര പറയാം. അങ്ങനെ ആദ്യം അയാൾ തന്റെ ഏറ്റവും പ്രിയങ്കരനായ സ്നേഹിതന്റെ വീട്ടിലെത്തി. വാതിലിൽ മുട്ടിവിളിച്ചപ്പോൾ സ്നേഹിതൻ കതകു തുറന്നു പുറത്തേയ്ക്കു വന്നു. തന്റെ മുന്നിൽ വിലങ്ങുവയ്ക്കപ്പെട്ടു പോലീസുകാരുടെ മദ്ധ്യേ നിൽക്കുന്ന സുഹൃത്തിനെ കണ്ടതും പെട്ടെന്നയാൾ അകത്തുകയറി വാതിലടച്ചു. ഹൃദയവേദനയോടെ ആ മനുഷ്യൻ തിരിച്ചു നടന്നു.
രണ്ടാമത്തെ സ്നേഹിതന്റെ വീട്ടിലേക്കാണയാൾ പോയത്. കതകു തുറന്നു പുറത്തേയ്ക്കു വന്ന സ്നേഹിതൻ രണ്ടു പോലീസുകാരുടെ നടുവിൽ നിസ്സഹായനായി നിൽക്കുന്ന തന്റെ സുഹൃത്തിനെ കണ്ടു പൊട്ടിക്കരഞ്ഞു. അല്പസമയത്തെ കരച്ചിലിനും മുറവിളിക്കും ശേഷം അയാളും അകത്തു കയറി വാതിലടച്ചു. നിരാശയോടെ അയാൾ വീണ്ടും നടന്നു. മൂന്നാമത്തെ സ്നേഹിതന്റെ വീട്ടിലെത്തി. അയാളെ കണ്ടപ്പോൾ മൂന്നാമത്തെ സ്നേഹിതൻ വളരെ സഹതപിച്ചു. അയാൾ പറഞ്ഞു:
‘സുഹൃത്തേ, നിന്റെ ഈ ദുരവസ്ഥയോർത്തു എനിക്ക് വല്ലാത്ത ദുഖമുണ്ട്. എങ്കിലും എനിക്ക് എന്ത് ചെയ്യാനാകും? ഞാൻ നിന്നെ തീർച്ചയായും കുഴിമാടം വരെ അനുഗമിക്കും.’ പിന്നീട് അയാളും കയറി വാതിലടച്ചു.
മൂന്ന് സ്നേഹത്തരും തന്നെ കൈവിട്ടെന്നു കണ്ടപ്പോൾ അയാൾ സങ്കടത്തോടെ ഇങ്ങനെ ചിന്തിച്ചു. ഇനി ഞാനെന്തിന് നാലാമത്തെ സ്നേഹിതനെ തേടിപ്പോകണം. അവനും തന്നെ സ്വീകരിക്കുമോ എന്നു എങ്ങനെ അറിയാം? അയാൾ ജയിലിലേക്ക് തിരിച്ചു നടന്നു. പെട്ടെന്ന് നാലാമത്തെ സ്നേഹിതൻ തനിക്കു നേരെ ഓടി വരുന്നതാണയാൾ കണ്ടത്.ഓടിവന്നയാൾ തന്റെ സുഹൃത്തിനെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു:
‘സ്നേഹിതാ ഞാനും നിന്നോടുപ്പം വരുന്നു. നീ എവിടെ പോയാലും ഞാനും നിന്നോടൊത്തുണ്ടാകും.’ തന്റെ സ്നേഹിതന്റെ സ്നേഹം നിറഞ്ഞ കണ്ണുകളിലേക്കു നോക്കി പുഞ്ചിരിച്ചിട്ടു അൽപ്പം ആശ്വാസത്തോടെ അയാൾ ജയിലിലേക്ക് നടന്നു.
പ്രിയ കുഞ്ഞുങ്ങളെ, പുണ്യചരിതനായിരുന്ന ചാവറ പിതാവിന്റെ ഹൃദയത്തിൽ മുൻപ് വളരെ നാളുകൾകൊണ്ട് രൂപമെടുത്ത ഈ കഥ ഇന്നും നമ്മോടു പറയുന്നത് മനുഷ്യജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളല്ലേ? ഇവിടെ വരുന്ന നാലു സുഹൃത്തുക്കളും നാലു പ്രതീകങ്ങളാണ്. ഏറ്റവും പ്രീയങ്കരനെന്നു കരുതിയിരുന്ന ഒന്നാമത്തെ സ്നേഹിതൻ നമ്മൾ വാരിക്കൂട്ടുന്ന സമ്പത്താണ്. മരണത്തോടെ സർവ്വസമ്പത്തും നമ്മെ വിട്ടുപിരിയും. ഒന്നും കൂടെ വരില്ലല്ലോ. രണ്ടാമത്തെ സ്നേഹിതൻ നമ്മുടെ ബന്ധുജനങ്ങളാണ്. അൽപ്പനേരം കരയാനും വിലപിക്കാനും മാത്രമല്ലെ അവരുണ്ടാകുകയുള്ളു? മൂന്നാമത്തെ സ്നേഹിതൻ സ്വന്തം ശരീരമാണ്. കുഴിമാടത്തിനപ്പുറത്തേയ്ക്ക് അവനും കൂടെ വരില്ല. എന്നാൽ പ്രിയ കുഞ്ഞുങ്ങളെ നാലാമത്തെ സ്നേഹിതനാണ് യഥാർത്ഥ സ്നേഹിതൻ. അവനാണ് നമ്മൾ ചെയ്യുന്ന സൽപ്രവർത്തികൾ. അവനെന്നും കൂടെയുണ്ടാകും.ഒരിക്കലും വിട്ടുപിരിയാത്ത സ്നേഹിതൻ.
രാജ്യത്തിനും ലോകത്തിനും നന്മകൾ നൽകി കടന്നുപോയ ഗാന്ധിജിയും കരുണയുടെ കടൽ ഹൃദയത്തിൽ നിറച്ച മദർ തെരേസയും മനുഷ്യഹൃദയങ്ങളിൽ മായാതെ ഇന്നും ജീവിക്കുന്നു. അതുപോലെ ലോകം നെഞ്ചേറ്റിയ പലരും തങ്ങളുടെ സൽപ്രവർത്തികളാണ് മാതൃകയാകുന്നത്. അവരെല്ലാം കൂടെ വരാനാകാത്ത സ്നേഹിതരെ തിരഞ്ഞെടുക്കുന്നതിനുപകരം കൂടെ വരുന്ന സൽപ്രവർത്തികളാകുന്ന സ്നേഹിതനെ കൂട്ടുപിടിച്ചു.
പ്രിയ കുട്ടികളെ, നിങ്ങളും അവരെപ്പോലെ ചെറുപ്രായത്തിൽ തന്നെ വിവേകികളാകുക. സൽപ്രവർത്തികൾ ചെയുക.എന്നും നിങ്ങൾ ജീവിക്കും. മരണം പോലും നിങ്ങളുടെ ജീവിതത്തിന്റെ അവസാനമായിരിക്കുകയില്ല.
മാത്യു മാറാട്ടുകളം