നവീകൃതമായ മനസ്സും ഹൃദയവും

0

പിതാവായ ദൈവം, ക്രിസ്തുവിൽ നമുക്ക് നവജീവൻ നൽകി. മനുഷ്യാവതാരം, പീഡാനുഭവം, കുരിശുമരണം, പുനരുദ്ധാനം എന്നീ പെസഹാരഹസങ്ങളിലൂടെയാണ് ഈ പ്രക്രിയ നടക്കുക. ഇവ സവിശേഷമായി അനുസ്മരിക്കപ്പെടുന്ന നോമ്പുകാലത്തു നമ്മുടെയും സൃഷ്ടി മുഴുവന്റെയും നിത്യരക്ഷ സാധിതമാവണം. കാരണം, “സൃഷ്ട പ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംഷയോടെ കാത്തിരിക്കുന്നു” (റോമാ. 8:19). സൃഷ്ട പ്രപഞ്ചം ജീർണതയുടെ അടിമത്തത്തിൽ നിന്നും മോചിതമാകുകയും ദൈവമക്കളുടെ സ്വാതന്ത്ര്യം പ്രാപിക്കുകയും വേണം (cfr റോമാ. 8:21) 

നവീകൃതമായ മനസ്സും ഹൃദയവുമാണ് ഈ സ്വാതന്ത്ര്യത്തിന്റെ അന്തസത്ത. ക്രിസ്തുവിനോടൊപ്പം പാപത്തിനു മരിച്ചു, അവിടുന്നിൽ ഊന്നിനിൽക്കുന്ന നവജീവിതമാണ് ഇവിടെ വിവക്ഷ. സൃഷ്ട പ്രപഞ്ചത്തിന്റെ സാകല്യരക്ഷ സംഭവിക്കണം. “സമസ്ത സൃഷ്ടികളും ഒന്നുചേർന്ന് ഇതുവരെയും ഈറ്റുനോവനുഭവിക്കുകയും നെടുവീര്പെടുകയും ചെയുന്നു”  എന്ന പ്രഖ്യാപനത്തിലൂടെ പൗലോസ് അർത്ഥമാക്കുന്നത് ഇതാണ്. അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ പ്രപഞ്ചകീർത്തനവും വിളിച്ചോതുന്നു ഈ സത്യം.

രക്ഷയ്ക്ക് ഒരു already യും ഒരു not yet ഉം ഉണ്ട്. വസ്തുനിഷ്ടമായി രക്ഷിക്കപ്പെട്ടു, എന്നാൽ വ്യക്തിനിഷ്ടമായി അത് നേടിയെടുക്കേണ്ടിയിരിക്കുന്നു. ആത്മാർത്ഥമായ അനുതാപവും ഹൃദയ നവീകരണവും വഴി രക്ഷ നേടിയെടുക്കാൻ കഴിയുമെന്ന് നാം പ്രത്യാശിക്കുന്നു. “ഈ പ്രത്യാശയിലാണ് നാം രക്ഷപ്രാപിക്കുന്നതു” (റോമാ. 8:24) എന്നും ശ്ലീഹ സ്പഷ്ടമായി പറയുന്നു. പെസഹാ രഹസ്യത്തോട് ഭാവാത്മകമായി പ്രതികരിച്ചു നാമും ഒപ്പം ശിഷ്ടപ്രപഞ്ചവും വീണ്ടെടുക്കപെടുന്നു, വീണ്ടെടുക്കപ്പെടേണ്ട അവസരമാണ് നോമ്പുകാലം. ഓരോ നോമ്പും നമ്മെ കൂടുതൽ കൂടുതൽ രക്ഷയിലേക്കു അടുപ്പിക്കണം. ദൈവപ്രമാണങ്ങളും തിരുസഭയുടെ കല്പനകളും ജീവിതാന്തസ്സിലെ കടമകളെല്ലാം കൃത്യമായി നിർവഹിച്ചും നമുക്ക് നിത്യരക്ഷ സ്വായത്തമാക്കാം. ഉപവാസവും പ്രാര്ഥനയുമെല്ലാം ഇതിന്റെ പൂരകങ്ങളാണ്‌. ഇവിടെ പരിശുദ്ധാത്മാവ് നൽകുന്ന ആത്മസംയമനം അത്യന്താപേക്ഷിതമാണ്.