നല്ലദൈവത്തിനു നമ്മോടുള്ള അനന്തസ്നേഹം

ഈശോയുടെ രക്ഷാകരരഹസ്യത്തിൻ്റെ ആഘോഷവും കല്പനപ്രകാരമുള്ള പുനരവതരണവും പരിശുദ്ധ കുർബാന. രക്ഷാകരരഹസ്യത്തിൻ്റെ അനുസ്മരണവും, അവിടുത്തെ രഹസ്യ, പരസ്യജീവിതങ്ങൾ, സഹനമരണരഹസ്യങ്ങൾ, പുനരുത്ഥാനം, പരിശുദ്ധാത്മദാനം, മനുഷ്യവർഗ്ഗത്തിൻ്റെ വീണ്ടെടുപ്പ്ഇവയെല്ലാം ഇത് ഉൾക്കൊള്ളുന്നു. ഇവിടെ ഞാനും നിങ്ങളും ഈശോയുമായി അത്ഭുതാവഹമായ വിധത്തിൽ കൂട്ടായ്മയിൽ വളരുന്നു. സഭയുടെ ബലിജീവിതം, സ്വർഗ്ഗത്തിൻ്റെ മുന്നാസ്വാദനം ഇവയും ഇവിടെ യാഥാർഥ്യമാകുന്നു.

സീറോ മലബാർ കുർബാന

ഇത് നിങ്ങൾ എൻ്റെ ഓർമ്മയ്ക്കായി ചെയ്യുവിൻഎന്ന ദിവ്യനാഥൻ്റെ കല്പന അനുസ്മരിച്ചു കൊണ്ടാണ്  കുർബാന തുടങ്ങുന്നത്,

അന്നാ പെസഹാതിരുനാളിൽ
കർത്താവരുളിയ കല്പനപോൽ
തിരുനാമത്തിൽ ചേർന്നീടാം
ഒരുമയോടീബലിയർപ്പിക്കാം

തുടർന്ന്, ഉത്ഥാനഗീതംവരെയുള്ള ഭാഗത്തെ പ്രാരംഭ ശുശ്രൂഷയെന്നു വിശേഷിപ്പിക്കുന്നു. ഈശോയുടെ മനുഷ്യാവതാരം, രഹസ്യജീവിതം, മാമ്മോദീസ, ഇവയെക്കുറിച്ചുകൂടി ഇവിടെ പരാമർശമുണ്ട്.

കർത്താവിൻ്റെ കല്പനയുടെ അനുസ്മരണം പരമപ്രധാനമാണ്. നല്ലദൈവത്തിനു നമ്മോടുള്ള അനന്തസ്നേഹം സുതരാം വ്യക്തമാക്കുന്നതാണിത്. സ്നേഹം അനുസ്മരിച്ചു, നന്ദിയുള്ള ഹൃദയത്തോടെ ആയിരിക്കണം വിശ്വാസി വി. കുർബാന ആരംഭിക്കുന്നത്. രക്ഷാകരകർമ്മത്തിൻ്റെ പരമകാഷ്ഠയാണത്. വി. കുർബാന യോഹന്നാൻ്റെ സുവിശേഷം ആറാം അധ്യായത്തിൽ ഈശോ പരിശുദ്ധ കുർബാനയെക്കുറിച്ചു പറഞ്ഞിരിക്കുന്ന അഭിഷേകത്തെ  തുളുമ്പുന്ന തിരുവാക്യങ്ങൾ സുവിദിതമാണ്. “സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും അപ്പത്തിൽനിന്നു ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും. ലോകത്തിൻ്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എൻ്റെ ശരീരമാണ്. ഇതെപ്പറ്റി യഹൂദർക്കിടയിൽ തർക്കമുണ്ടായി. തൻ്റെ ശരീരം നമുക്ക് ഭക്ഷണമായിത്തരാൻ ഇവന് എങ്ങനെ കഴിയും എന്ന് അവർ ചോദിച്ചു. യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മനുഷ്യപുത്രൻ്റെ ശരീരം ഭക്ഷിക്കുകയും അവൻ്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് ജീവൻ ഉണ്ടായിരിക്കുകയില്ല. എൻ്റെ ശരീരം ഭക്ഷിക്കുകയും എൻ്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാൻ അവനെ ഉയിർപ്പിക്കും. എന്തെന്നാൽ എൻ്റെ ശരീരം യഥാർത്ഥ ഭക്ഷണമാണ്. എൻ്റെ രക്തം യഥാർത്ഥ പാനീയവുമാണ്. എൻ്റെ ശരീരം ഭക്ഷിക്കുകയും എൻ്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു; ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാൻ പിതാവ്മൂലം  ജീവിക്കുന്നു അതുപോലെ  എന്നെ ഭക്ഷിക്കുന്നവൻ  ഞാൻ മൂലം ജീവിക്കും. ഇത് സ്വർഗ്ഗത്തിൽനിന്നിറങ്ങിവന്ന അപ്പമാണ്. പിതാക്കന്മാർ  മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല അപ്പം. ഇത് ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും. കഫെർണാമിലെ സിനഗോഗിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവൻ ഇത് പറഞ്ഞത് “(യോഹ. 6 :51 -59 ).

പ്രകൃതിശക്തികളുടെമേലും പ്രകൃതിവസ്തുക്കളുടെമേലും തനിക്കു പരിപൂർണ്ണാധികാരമുണ്ടെന്നു (സർവ്വപ്രപഞ്ചത്തിൻ്റെ മേലും എന്നതുപോലെ) തെളിയിച്ചിട്ടാണ് ഈശോ പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള സുവ്യക്തവും സുശക്തവുമായ തൻ്റെ ദൈവിക പ്രബോധനം നൽകുന്നത്. യോഹ.6 : 1 പരാമർശിച്ചിരിക്കുന്ന രണ്ടു അത്ഭുതങ്ങളിലൂടെയാണ് ഈശോ തൻ്റെ അധികാരം തെളിയിച്ചത്. അഞ്ചു ബാർലിയപ്പവും രണ്ടുമീനും വർദ്ധിപ്പിച്ച് 5000 പുരുഷന്മാരെയും 20000 ത്തോളം സ്ത്രീകളെയും കുട്ടികളെയും അവിടുന്ന് തീറ്റി തൃപ്തരാക്കി, വെള്ളത്തിൻ്റെ മീതെ അനായാസം നടന്നു.

അപ്പം വർദ്ധിപ്പിച്ച സംഭവം നാലു സുവിശേഷകന്മാരും  കൃത്യമായി വിവരിച്ചിരിക്കുന്നു. അത്ഭുതംകണ്ട ജനം അത്ഭുതസ്തബ്ധരായി ആനന്ദ തുന്ദിലരായി  വിളിച്ചു പറഞ്ഞു: “ലോകത്തിലേക്ക് വരാനിരിക്കുന്ന പ്രവാചകൻ സത്യമായും ഇവനാണ് ” (6 :14).

തുടർന്ന് അവിടുന്ന് അരക്കിട്ടുറപ്പിച്ചു പറയുന്നു: ” സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, മോശയല്ല നിങ്ങൾക്കു സ്വർഗ്ഗത്തിൽനിന്നു അപ്പം തന്നത്; എൻ്റെ പിതാവാണ് സ്വർഗ്ഗത്തിൽനിന്നു നിങ്ങൾക്ക് യഥാർത്ഥമായ അപ്പം തരുന്നത്. എന്തെന്നാൽ, ദൈവത്തിൻറെ അപ്പം സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്നു ലോകത്തിനു ജീവൻ നല്കുന്നതത്രേ” (6 :32,33).

 ആമുഖശുശ്രൂഷയിലും കർത്തൃകല്പനയുടെ അസ്തിത്വാത്മക  പ്രാധാന്യത്തെക്കുറിച്ചു  നാം  പലപ്പോഴും  ചിന്തിക്കുകയോ ധ്യാനിക്കുകയോ ചെയ്യുന്നില്ലെന്നതാണ് സാഹചര്യത്തെളിവുകൾ നൽകുന്നത്. മനുഷ്യമക്കളോടുള്ള മിശിഹാതമ്പുരാൻ്റെസത്താപരമായ സ്നേഹമാണ് ഈശോയ്ക്കു പ്രേരകം. ഇത് നൽകാനല്ലേ  അവിടുന്ന് മഹിയിലവതിരിച്ചതെന്നുപോലും ചിന്തിക്കാവുന്നതാണ്. ഓരോ കൂദാശയും ദൈവത്തിനു മനുഷ്യരോടുള്ള  സ്നേഹമാണ് വിളിച്ചോതുക. ഇന്ന് ജീവിക്കുന്ന ക്രിസ്തുവായ സഭയുടെ അടിസ്ഥാന ശ്രോതസ്സാണിത്. കൂദാശകളുടെ കൂദാശയും ബലികളുടെ ബലിയും  വിരുന്നിൻ്റെ വിരുന്നുമാണ് അമർത്യതയുടെ ഔഷധം” (അന്ത്യോക്യയിലെ വി ഇഗ്നേഷ്യസ് ) ഇഗ്നേഷ്യസ് പറയുന്നു: “വിശുദ്ധ കുർബാന ഐക്യത്തിൻ്റെ കൂദാശയാണ്“. “ഒരുമയോടീബലിയർപ്പിക്കാം ഗാനത്തിൻ്റെ പ്രത്യുത്തരം അങ്ങേയറ്റം ശ്രദ്ധേയമാണ്. “അനുരഞ്ജിതരായിത്തീർന്നിടാം“.

 ബലിയർപ്പകർ ഒരു മനസ്സും ഒരു ആത്മാവും ഒരു ഹൃദയവും ഒരു മനോഭാവവുമുള്ളവരായിരിക്കണം. നാനാത്വത്തിൽ ഏകത്വത്തോടെ സഭയെ സാർവ്വത്രികവും അപ്പസ്തോലികവും ഏകവും വിശുദ്ധവുമാക്കുന്നതു പരിശുദ്ധ കുർബാനയാണ്. ഈശോയുടെ തിരുശരീരരക്തങ്ങൾ സ്വീകരിക്കുന്നത് വഴിയാണ് വിശ്വാസം, പ്രത്യുത സ്നേഹം എന്നീ ദൈവിക പുണ്യങ്ങൾ വിശ്വാസിയിൽ വർദ്ധിച്ചു വരുന്നത്. നിരന്തരം ബലിയർപ്പിക്കുന്നതിൻ്റെ അടിസ്ഥാനവും (കാരണവും) “എൻ്റെ ഓർമ്മയ്ക്കായി ചെയ്യുവിൻഎന്ന ഈശോയുടെ കല്പനയാണ്. കല്പനയില്ലായിരുന്നുവെങ്കിൽ നമ്മുടെ അവസ്ഥ എന്താകുമായിരുന്നു? ദിവ്യ ബലിയർപ്പണം സഭയുടെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഉറവിടമായി വി. ജസ്റ്റിൻ  കരുതുന്നു. ദിവ്യകാരുണ്യം ജീവകാരുണ്യത്തിലേക്കു നയിക്കണം.

നവമൊരു പീഠമൊരുക്കീടാം

നമ്മുടെ ഹൃദയങ്ങളിലാണ് പീഠം ഒരുക്കേണ്ടത്. ഹൃദയങ്ങൾ ദൈവത്തിൻറെ വാസസ്ഥലമാകണമെങ്കിൽ കറതീർന്ന വിശുദ്ധിയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്. ഇവിടെയാണ്  അനുതാപത്തിൻറെയും  മനസാന്തരത്തിൻറെയും നല്ല കുമ്പസാരത്തിൻറെയും ആവശ്യാവശ്യകത.

ഗുരുവിൻ സ്നേഹമോടെ

ഈശോയോടുള്ള വൈയക്തിക സ്നേഹമായിരിക്കണം നമുക്ക് ബലിയർപ്പിക്കാൻ പ്രേചോദനവും പ്രേരണയും പ്രോത്സാഹനവും നൽകുന്നത്. സ്നേഹം സർവോത്കൃഷ്ടമാണല്ലോ  അത് പ്രതിബന്ധങ്ങളെ ഭയക്കുന്നില്ല. ബലി ആരംഭിക്കുമ്പോൾ ഇങ്ങനെയുള്ള ചിന്തകളോടും അനുധ്യാനത്തോടും ബലിയർപ്പിക്കാൻ നമുക്ക് കഴിഞ്ഞിരുന്നെങ്കിൽ. നമ്മുടെ ബലിയർപ്പണത്തിൽ യാന്ത്രികത ചടങ്ങു അന്യരെ ബോധിപ്പിക്കൽ തുടങ്ങിയവ കടന്നുകൂടിയിട്ടുണ്ടോ? ചിന്തിക്കുക.