ദൈവത്തെ പ്രീതിപ്പെടുത്തുക

1. ചൈതന്യത്തിനു ചേർന്ന ജീവിതം
വിശുദ്ധ കുർബാന ഫലപ്രദമായി അർപ്പിക്കുന്നതിനു നമ്മൾ അതിന്റെ ചൈതന്യത്തിനു ചേർന്ന ജീവിതം നയിച്ച് അതിനായി ഒരുങ്ങിക്കൊണ്ടിരിക്കണം. ദൈവത്തിന്റെ ഹിതമനുസരിച്ചുള്ള ജീവിതമാണ് അവിടുത്തേയ്ക്കു പ്രിയങ്കരമായുള്ളത്. അവിടുത്തെ ഹിതമാകട്ടെ നമ്മുടെ നന്മയും വിശുദ്ധീകരണവും. നാം ദൈവഹിതം നിറവേറ്റുമ്പോഴാണു നമുക്കു നന്മയുണ്ടാവുക. മനുഷ്യർ പരസ്പരം സഹോദരനെപ്പോലെ സ്‌നേഹിക്കുകയും പരസ്പരം സഹായിച്ചു ജീവിക്കുകയും ചെയ്യുമ്പോൾ നിറവേറപ്പെടുന്നതു ദൈവഹിതം തന്നെയാണ്. അവയാണു നീതിയുടെ പ്രവൃത്തികൾ. മനുഷ്യരെല്ലാവരും ഏക പിതാവിന്റെ സ്വഭാവത്തിനനുസരിച്ച് പരസ്പരം സഹോദരതുല്യം സ്‌നേഹിക്കുക എന്നതു നീതിയുടെ ഭാഗമാണ് ഇത്തരത്തിലുള്ള നീതിയുടെ പ്രവൃത്തികളാണ് ഈശോ തന്റെ ജീവിതകാലത്തു ചെയ്തത്. ഇതേ പ്രവൃത്തികൾ തന്നെയാണ് ഇന്നു നാം തുടരേണ്ടതും.

വചനശുശ്രൂഷയുടെ അവസാനഭാഗത്തുള്ള ”കരുണാനിധിയായ ദൈവമേ, ഞങ്ങളെല്ലാവരും ഒന്നുചേർന്ന് അങ്ങയെ ഞങ്ങളുമായി രമ്യതപ്പെടുത്തുന്ന നീതിയുടെ പ്രവൃത്തികളാൽ ജീവിതകാലം മുഴുവനും അങ്ങയെ യഥോചിതം പ്രീതിപ്പെടുത്തുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ” എന്ന കാർമ്മികന്റെ പ്രാർത്ഥനയുടെ അർത്ഥം ഇതുതന്നെയാണ്. പാപം മൂലം ദൈവത്തോടും ശത്രുതയിലായ നമുക്ക് അവിടുത്തോട് രമ്യതപ്പെടുന്നതിനുള്ള മാർഗ്ഗം അവിടുത്തേയ്ക്കു പ്രീതികരമായ പ്രവൃത്തികൾ ചെയ്യുക എന്നതാണ്. നന്മ പ്രവർത്തിച്ചു നമുക്കു നമ്മുടെ തെറ്റുകൾക്കു പരിഹാരം ചെയ്യാനാകും. കരുണാനിധിയായ കർത്താവ് സ്‌നേഹത്തിന്റെ ഈ നന്മപ്രവൃത്തികളിൽ സംപ്രീതിനായി നമ്മുടെ കുറുവുകൾ ക്ഷമിക്കും. അങ്ങനെ നമ്മൾ അവിടുത്തോട് അനുരജ്ഞിതരാകും ബലിയർപ്പിക്കാൻ യോഗ്യരുമാകും.

ദൈവത്തെ പ്രീതിപ്പെടുത്തുന്ന ധാരാളം നന്മ പ്രവൃത്തികൾ ചെയ്ത് നിത്യവും വിശുദ്ധ കുർബാനയർപ്പണത്തിനായി ഓരോ വിശ്വാസിയും ഒരുങ്ങണം. ഈശോമിശിഹായുടെ ശരീരരക്തങ്ങൾ ഉൾക്കൊണ്ട്, അവയുടെ ശക്തിയാൽ , തുടർന്നും സത്പ്രവൃത്തികൾ നിർബന്ധമായും ചെയ്തുകൊണ്ടിരിക്കണം. ഇപ്രകാരമാണ് പരിശുദ്ധ കുർബാനയുടെ ജീവിതം നയിക്കാൻ നമുക്കു കഴിയുക. നമ്മുടെ സത്പ്രവൃത്തികൾ സ്വർഗ്ഗത്തിൽ നമുക്കു നിക്ഷേപങ്ങളാണ്.

2. രക്ഷയുടെ അച്ചാരം
പരിശുദ്ധ കുർബാന നമ്മുടെ രക്ഷയുടെ അച്ചാരമാണ്. പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമാളായ പുത്രൻ തമ്പുരാൻ മനുഷ്യനായതു മാനവരാശിയെ പാപത്തിൽനിന്നു രക്ഷിക്കാനാണെന്നു നാം കണ്ടതാണ്. രക്ഷിക്കുക എന്നാൽ വിമോചിപ്പിക്കുക എന്നാണർത്ഥം. അടിമത്തത്തിൽ കഴിയന്നവർക്കാണല്ലോ വിമോചനത്തിന്റെ ആവശ്യം. പാപമാണു മനുഷ്യനെ അടിമപ്പെടുത്തിയിരുന്നത്, ഇപ്പോഴും അടിമപ്പെടുത്തുന്നത്. ഈശോ തന്റെ പരസ്യജീവിതകാലത്തു കണ്ടുമുട്ടിയവർക്കെല്ലാം രക്ഷ നൽകി. മനുഷ്യന്റെ എല്ലാ ബന്ധനങ്ങളിൽ നിന്നും അവിടുന്നവർക്കു വിടുതൽ കൊടുത്തു. പാപികൾക്കു മോചനവും രോഗികൾക്കു സൗഖ്യവും മരിച്ചവർക്കു പുതുജീവിതവും നൽകിയപ്പോൾ അവിടുന്ന് അവരെയെല്ലാം രക്ഷിക്കുകയായിരുന്നു. തുറന്നമനസ്സുമായി ഈശോയെ സമീപീച്ചവരെല്ലാം രക്ഷിക്കപ്പെട്ട അനുഭവം സ്വന്തമാക്കി. ഈശോയുടെ ജീവിതത്തിലെ സകല സംഭവങ്ങളുടെയും ലക്ഷ്യം മാനവരാശിയുടെ രക്ഷയാണ്. വിശുദ്ധകുർബാനയിൽ ഈ സത്യം നാം പലപ്രാവശ്യം ഏറ്റുപറയുന്നുണ്ട്.

ഉദാഹരണത്തിന്, ബലിവസ്തുക്കളായ അപ്പവും വീഞ്ഞും ഒരുക്കി പ്രദക്ഷിണമായി ബലിപീഠത്തിയെത്തിച്ചശേഷം കാർമ്മികൻ താഴ്ന്നസ്വരത്തിൽ ചൊല്ലുന്ന പ്രാരത്ഥന തന്നെ എടുക്കാം. ബലിവസ്തുക്കൾ സജ്ജീകരിച്ചിരിക്കുന്ന കാസായും പീലാസായും കുരിശആകൃതിയിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം ചൊല്ലുന്നു: ”നമ്മുടെ രക്ഷയ്ക്കു വേണ്ടി തന്നെത്തന്നെ ബലിയർപ്പിക്കുകയും തന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും സംസ്‌കാരത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മ ആചരിക്കുവാൻ കല്പിക്കുകയും ചെയ്ത മിശിഹാ വഴി പിതാവായ ദൈവം തന്റെ കൃപയാലും അനുഗ്രഹത്താലും ഈ ബലി നമ്മുടെ കരങ്ങളിൽ നിന്നു സ്വീകരിക്കുമാറാകട്ടെ”

നമ്മുടെ രക്ഷയ്ക്കായി ഈശോ രണ്ടു കാര്യങ്ങൾ സവിശേഷമായി ചെയ്തു:

1. അവിടുന്നു തന്നെത്തന്നെ സ്വയം ബലിയായി സമർപ്പിച്ചു.
2. ‘ഇത് എന്റെ ഓർമ്മയ്ക്കായി നിങ്ങൾ ചെയ്യുവിൻ

എന്നു കല്പിച്ചതുവഴി അവിടുത്തെ സഹനമരണോത്ഥാനങ്ങളുടെ ഓർമ്മ ആചരിക്കുവാനും ആവർത്തിക്കുവാനുമുള്ള കല്പന അവിടുന്നു നൽകി. അതിനുള്ള അവകാശവും അധികാരവും നൽകി. അങ്ങനെ തന്റെ ഏക ബലിയിയൂടെ നേടിയ രക്ഷ നമ്മൾ സ്വന്തമാക്കുന്നതിന് വഴിയൊരുക്കി. യോഗ്യതയോടെ ബലിയർപ്പിക്കുന്നതുവഴി നാം ഈ രക്ഷ നേടിയെടുക്കുന്നു.

3. വിശുദ്ധ കുർബാനയുടെ സ്ത്രീ
പരിശുദ്ധപിതാവ് ജോൺപോൾ രണ്ടാമൻ മാർപ്പാപ്പാ പരിശുദ്ധ അമ്മയെ ”വിശുദ്ധ കുർബാനയുടെ സ്ത്രീ” എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. മാതാവിനു വിശുദ്ധകുർബാനയുമായി അഭേദ്യമായ ബന്ധമാണുള്ളത്. അമ്മയെന്ന നിലയിൽ ഈശോയോടു മാതാവിനുള്ള ബന്ധം തന്നയാണ് ഈ ബന്ധത്തിനു അടിസ്ഥാനം.

മംഗളവാർത്താവേളയിൽ മാതാവിന്റെ ഉദരത്തിൽ സംഭവിച്ചതും വിശുദ്ധ കുർബാനയുടെ അവസരത്തിൽ ഓരോ ബലിപീഠത്തിലും സംഭവിക്കുന്നതും സമാനസംഗതികളാണു. കന്യകയായ മറിയത്തിൽ അവളുടെ സമ്മതത്തോടെ, പരിശുദ്ധാത്മാവ് ആവസിച്ചപ്പോൾ, മിശിഹാ ജന്മമെടുത്തു. അതുപോലെ പരിശുദ്ധ കുർബാനയിൽ പരിശുദ്ധാത്മാവ് ബലിപീഠത്തിലെ തിരുശ്ശരീരത്തിന്റെയും തിരുരക്തത്തിന്റെയുംമേൽ എഴുന്നള്ളിവന്ന് അവയെ ആശീർവ്വദിക്കുകയും പവിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യരെ പാപങ്ങളിൽ നിന്നു മോചിക്കാനാണു മിശിഹാ മറിയത്തിൽനിന്നു ജന്മമെടുത്ത്. നമ്മുടെ രക്ഷയ്ക്കു വേണ്ടിത്തന്നെയാണ് ഇന്ന് അവിടുന്ന് ബലിപീഠത്തിൽ വീണ്ടും ജനിക്കുന്നതും മരിക്കുന്നതും ഉത്ഥാനം ചെയ്യുന്നതും. കന്യാമറിയത്തിന്റെ ഉദരത്തിൽ സംഭവിച്ച മനുഷ്യാവതാരത്തിന്റെ തുടർച്ചയും പരിണിതഫലങ്ങളുമാണ് ഓരോ വിശുദെധ കുർബാനയിലും സംഭവിക്കുന്നത്.

”ഓരോ വിശുദ്ധകുർബാനയർപ്പണത്തിലും സഭയോടൊപ്പവും സഭയുടെ അമ്മയായും, പരിശുദ്ധമാതാവ് സന്നിഹിതയാണ്” എന്ന പരിശുദ്ധ പിതാവിന്റെ പ്രഖ്യാപനം നാം ഒരിക്കലും വിസ്മരിക്കരുത്. അതുകൊണ്ടാണു ബലിയർപ്പണവേളയിൽ കാർമ്മികൻ ഇപ്രകാരം പ്രാർത്ഥിക്കുന്നത്: ”ദൈവമാതാവായ കന്യമറിയത്തിന്റെ സ്മരണ വിശുദ്ധബലിപീഠത്തിൽ ഉണ്ടാകട്ടെ.” പരിശുദ്ധകന്യമറിയം തന്റെ ഉദരത്തിൽ ഈശോയെ സ്വീകിച്ചു സംവഹിച്ചപ്പോഴുണ്ടായ അതേ അനുഭവമാണ് ബലിയർപ്പണത്തിന്റെ ഭാഗമായ മിശിഹായുടെ തിരുശരീരക്തങ്ങൾ സ്വീകരിക്കുമ്പോൾ നമുക്കുണ്ടാകേണ്ടത്. ക്രിസ്തുവാഹകരാകാനുള്ള വിളിയാണു നമ്മുടേതും.

4. ദൈവം നമ്മോടുകൂടെ
‘ഇമ്മാനുവേൽ’ എന്ന ഈശോയുടെ പേരിന്റെ അർത്ഥം ‘ദൈവം നമ്മോടുകൂടെ ആകുന്നു’ എന്നാണല്ലോ. നിത്യമായി ജീവിക്കുന്ന ഈശോ ലോകാന്ത്യത്തോളവും കൂടെയിരിക്കുന്നവനാണെന്നു വാഗ്ദാനത്തിലൂടെ നാം മനസ്സിലാക്കുന്നു. ദൈവം ഇന്നു നമ്മോടു കൂടെയുണ്ട്. ഈ വിശ്വാസബോധ്യം വിശുദ്ധകുർബാനയിൽ നാം ഉദ്‌ഘോഷിക്കുന്നുണ്ട്. ”ബലവനായ കർത്താവു നമ്മോടകൂടെ, നമ്മുടെ രാജാവു നമ്മോടുകൂടെ, യാക്കോബിന്റെ ദൈവം നമ്മുടെ സഹായിയും.” നമ്മോടുകൂടെ വസിക്കുന്ന ഈ ദൈവത്തിന്റെ സാന്നിധ്യം സവിശേഷമാംവിധം നാം അനുഭവിക്കുന്നതു വിശുദ്ധകുർബാനയുടെ അർപ്പണവേളയിലാണ്. ദിവ്യബലിയർപ്പിക്കുമ്പോൾ എമ്മാവൂസിലേക്കു പോയ ശിഷ്യർക്കുണ്ടായ അനുഭവം നമുക്കും ഉണ്ടാകണം. നമ്മുടെ ഹൃദയം ജ്വലിക്കണം.

5. വിശ്വാസത്തിന്റെ ആഘോഷം
നമ്മുടെ വിശ്വാസത്തിന്റെ ആഘോഷമാണു വിശുദ്ധകുർബാന. നമ്മൾ വിശ്വസിക്കുന്ന സത്യങ്ങൾ സമൂഹമായി ഏറ്റുപറയുന്ന സന്ദർഭമാണിത്. അതുകൊണ്ടാണു വിശ്വാസസത്യങ്ങളുടെ സമാഹാരമായ വിശ്വാസപ്രമാണം കാർമ്മികനും ജനവും കൂടി ഒരുമിച്ച്, ആഘോഷമായി, ഉച്ചത്തിൽ ചൊല്ലുന്നത്. വിശുദ്ധകുർബാനയിലെ സുപ്രധാന ഭാഗങ്ങൾക്കുമുമ്പു പുരോഹിതൻ ആരാധനസമൂഹത്തിന്റെ പ്രാർത്ഥന

യാചിക്കുന്നുണ്ട്. ജനത്തിനുനേരെ തിരിഞ്ഞ് ഇരുകരങ്ങളും നീട്ടിക്കൊണ്ടാണ് ഈ അപേക്ഷ അദ്ദേഹം നടത്തുന്നത്. പുരോഹിതൻ ദൈവത്താൽ പ്രത്യേകമാംവിധം തെരഞ്ഞെടുക്കപ്പെട്ടവനാണെങ്കിലും അദ്ദേഹം വിശ്വാസികളുടെ സമൂഹത്തിന്റെ ഭാഗം തന്നെയാണ്. മോശയെപ്പോലെ, ദൈവത്തിനു മനുഷ്യനുമിടയിൽ മദ്ധ്യസ്ഥനായി അദ്ദേഹം വർത്തിക്കുന്നു.

സഹായാഭ്യർത്ഥന പ്രാർത്ഥനയിൽ ദൈവത്തോടും മനുഷ്യരോടും പുരോഹിതനുള്ള അഭ്യേദമായ ബന്ധം വ്യക്തമാണ്. കർത്താവിന്റെ സാന്നിദ്ധ്യത്തിന്റെ പ്രതീകമായ ബലിപീഠം ചുംബിച്ചശേഷം ”കർത്താവേ ആശീർവ്വദിക്കണമേ” എന്ന് അദ്ദേഹം പ്രഥമത: പ്രാർത്ഥിക്കുന്നു. തുടർന്നു ജനത്തിനുനേരെ തിരിഞ്ഞ് ”എന്റെ സഹോദരരേ, ഈ കുർബാന എന്റെ കരങ്ങൾ വഴി പൂർത്തിയാകാൻ നിങ്ങൾ എനിക്കു വേണ്ടി പ്രാർത്ഥിക്കുവിൻ” എന്നും അപേക്ഷിക്കുന്നു. ഇത്രമഹത്തായ പരിശുദ്ധ രഹസ്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അയോഗ്യതയെക്കുറിച്ചുള്ള പ്രാർത്ഥന യാചിക്കുവാൻ പുരോഹിതനെ പ്രേരിപ്പിക്കുന്നത്. ആരാധനസമൂഹത്തിന്റെ പ്രതിനിധിയാണു താനെന്ന ബോധ്യവും ഇതിനു പിന്നിലുണ്ട്. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ എന്നാണ് സമൂഹത്തിന്റെ മറുപടിയുടെ അർത്ഥം. ”സകലത്തിന്റെയും നാഥനായ ദൈവം തന്റെ ആഭീഷ്ടം നിറവേറ്റാൻ നമ്മെ ശക്തരാക്കട്ടെ. ഈ കുർബാന അവിടുന്നു സ്വീകരിക്കട്ടെ. അങ്ങേയ്ക്കും ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അങ്ങു സമർപ്പിക്കുന്ന ഈ ബലിയിൽ അവിടുന്നു സംപ്രീതനാവുകയും ചെയ്യട്ടെ.”

”നമ്മെ ശക്തരാക്കട്ടെ” എന്നു പ്രാർത്ഥിക്കുന്നതിൽ നിന്നും ബലിയർപ്പണം ആരാധനസമൂഹത്തിന്റെ മുഴുവൻ പ്രവൃത്തിയാണെന്നു വ്യക്തമാകുന്നു. ദൈവത്തിനു സ്വീകാര്യമാകും വിധം ബലിയർപ്പിക്കുവാൻ തങ്ങളെ യോഗ്യരാക്കുവാനും സമൂഹം പ്രാർത്ഥിക്കുന്നു. സമൂഹം മുഴുവനും ഒന്നുചേർന്നാണ് ബലി അർപ്പിക്കന്നതെങ്കിലും സമൂഹത്തിന്റെ പ്രതിനിധിയും ദൈവം നിയോഗിച്ചവനുമായ പുരോഹിതനിലൂടെയാണ് ഇത് അർപ്പിക്കപ്പെടുക. യഥാർത്ഥ ബലിയർപ്പകനായ ഈശോമിശിഹായുടെ സ്ഥാനത്താണു കാർമ്മികൻ നിൽക്കുന്നത്. അദ്ദേഹം ധരിക്കുന്ന വസ്ത്രങ്ങൾ മഹത്ത്വപൂർണ്ണനായ ക്രിസ്തുവിനെ അനുസ്മരിപ്പിക്കുന്നു.

പുരോഹിതൻ ബലിയർപ്പിക്കുന്നതു തനിക്കും ആരാധനസമൂഹത്തിനും ലോകം മുഴുവനും വേണ്ടിയാണ്. കുർബാനയുടെ അർപ്പണത്തിൽ പങ്കെടുക്കുന്നവർക്കു മാത്രമല്ല അതിന്റെ രക്ഷാകരഫലങ്ങൾ കൈവരുന്നത്. ആർക്കെല്ലാം വേണ്ടി നമ്മൾ പ്രാർത്ഥിക്കുന്നുവോ അവർക്കെല്ലാം അതിന്റെ ഫലങ്ങൾ ലഭിക്കും. ലോകം മുഴുവനുംവേണ്ടി പ്രാർത്ഥിക്കുവാൻ നാം കടപ്പെട്ടവരാണ്. നമുക്കു പ്രിയപ്പെട്ടവരെയും നമ്മുടെ പ്രാർത്ഥനസഹായം ആവശ്യമുള്ളവരെയും വിശുദ്ധകുർബാനയിൽ ഓർത്തു പ്രാർത്ഥിക്കണം. അതുവഴിയായി അവർക്കും ഈശോയുടെ രക്ഷാകരബലിയുടെ ഫലങ്ങൾ ലഭിക്കും.

ബലിയർപ്പിക്കുന്ന പുരോഹിതനുവേണ്ടി പ്രാർത്ഥിക്കുന്നതിനോടൊപ്പം പുരോഹിതഗണം മുഴുവനും വേണ്ടിയും പ്രാർത്ഥിക്കാൻ വിശ്വാസികൾക്കു കടമയുണ്ട്. പുരോഹിതന്മാരാകാനുള്ള പരാപരന്റെ വിളിക്കു ഉദാരമായി ഉത്തരം നൽകാൻ നമ്മുടെ യുവാക്കൾക്കു സാധിക്കേണ്ടതിനായും ദൈവജനം പ്രാർത്ഥിക്കണം. കുടുംബാംഗങ്ങളെല്ലാവരും സഹായിച്ചു കുംടുംബങ്ങളിൽ ദൈവത്തിന്റെ സ്വരം തിരിച്ചറിയുന്നതിനു സഹാകമായ അന്തരീക്ഷം നാം സൃഷ്ടിക്കുകയും വേണം.

വിശുദ്ധ കുർബാനയിൽ നാം ദൈവത്തെ സ്തുതിക്കുന്നു. ദൈവത്തിന്റെ പ്രത്യേകാനുഗ്രഹം ലഭിക്കുന്ന വ്യക്തികളുടെ സ്വഭാവിക പ്രതികരണം സ്തുതിപ്പിന്റേതാണ്. ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് രക്ഷിച്ച് ചെങ്കടൽ കടത്തി തങ്ങളെ സംരക്ഷിച്ചതിനെപ്രതി മോശയും ഇസ്രായേൽജനം മുഴുവനും ഒന്നുചേർന്നു ദൈവത്തെ സ്തുതിച്ചു മഹത്ത്വപ്പെടുത്തി. (പുറ. 15) ദൈവാനുഗ്രഹങ്ങൾക്കും ദൈവിക പരിപാലനയ്ക്കുമുള്ള ഭക്തന്റെ സ്തുതിപ്പുകളാണ് സങ്കീർത്തനങ്ങൾ മുഴുവൻ.

മനുഷ്യാവതാരസമയത്തു മാലാഖമാരും ആട്ടിടയന്മാരും പരിശുദ്ധഅമ്മയും സഖറിയായും ദൈവത്തെ സ്തുതിക്കുന്ന രംഗങ്ങൾ വി.ലൂക്കാ തന്റെ സുവിശേഷത്തിന്റെ ആദ്യരംഗങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈശോയിൽ നിന്നു സൗഖ്യം പ്രാപിച്ചവർ ദൈവത്തെ സ്തുതിക്കുന്ന സംഭവങ്ങൾ സുവിശേഷങ്ങളിലുടനീളം നാം കാണുന്നുണ്ട്.

ദിവ്യഗുരുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം ശിഷ്യസമൂഹം (നിരന്തരം) ദൈവത്തെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്തു കൊണ്ട് ദൈവാലയത്തിൽത്തന്നെ ആയിരുന്നുവെന്നു വിശുദ്ധ ലൂക്കായുടെ സുവിശേഷം 24:53 വ്യക്തമാക്കുന്നു. നടപടി പുസ്തകവും ഇതു തന്നെ സാക്ഷ്യപ്പെടുത്തുന്നു. ആദിമ സഭാസമൂഹത്തിന്റെ ജീവിതശൈലിയും അതുതന്നെ ആയിരുന്നു. യഹൂദരുടെ പ്രാർത്ഥനയുടെ മുഖ്യഘടകം സ്തുതിപ്പായിരുന്നു. തിരുസ്സഭയുടെ പ്രാർത്ഥനകളിലും ഇതേ ശൈലി തന്നെ പ്രതിഫലിക്കുന്നു. വിശുദ്ധ കുർബാന ആദ്യന്തം സ്തുതിപ്പിന്റെ പ്രകീർത്തനങ്ങളാണ്. മിക്ക പ്രാർത്ഥനകളും

അവസാനിക്കുന്നതു പരിശുദ്ധത്രിത്വത്തെ സ്തുതിച്ചുകൊണ്ടാണല്ലോ.
നമ്മെ സൃഷ്ടിച്ചു രക്ഷിച്ചു പരിപാലിക്കുന്ന ദൈവം നമ്മുടെ ബഹുമാനത്തിന്, ആദരവിന്, ആരാധനയ്ക്ക്, സ്തുതിക്ക് ഏറ്റം അർഹനാണ്. ഈശോമിശിഹായിൽ അവിടുന്നു നമ്മെ രക്ഷിക്കുകയും മക്കളുടെ സ്ഥാനത്തേയ്ക്കുയർത്തുകയും ചെയ്തിരിക്കുന്നതിനാൽ അവിടുന്ന് ഏറ്റമധികം ബഹുമാന്യനാണ്, ആരാധ്യനാണ്, സ്തുത്യർഹനാണ്. ഈ സത്യമാണു വിശുദ്ധ കുർബാനയിൽ നാം ഏറ്റുപറയുന്നത്.

ദൈവം നൽകിയിട്ടുള്ളതും എന്നാൽ നന്ദി പറഞ്ഞു തീർക്കാനാവാത്തതുമായ എണ്ണമറ്റ അനുഗ്രഹങ്ങൾക്കുളഅള കൃതജ്ഞാ പ്രകാശനമാണ് പരിശുദ്ധ കുർബാന, അനുദിനവും അവിടുന്നു നൽകുന്ന ഓരോ നന്മയും ഓർത്തുകൊണ്ടാണ് അവിടുത്തേയ്ക്ക് നമ്മൾ നന്ദി പറയുന്നത്, പറയേണ്ടത്. നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്തവിധം അത്രയേറെ അനുഗ്രഹങ്ങളാണ് അവിടുന്നു നമുക്കു നൽകിയിരിക്കുന്നത്, നൽകിക്കൊണ്ടിരിക്കുന്നത്.

6. ആരാധന ദൈവത്തിനു മാത്രം
ദൈവത്തിനു മാത്രം അർഹപ്പെട്ടതാണ് ആരാധന. സ്രഷ്ടാവും രക്ഷകനും പരിപാലകനുമായ ദൈവവുമാണവിടുന്ന്. ആരാധിക്കുമ്പോൾ നാം അവിടുത്തെ നാഥനും കർത്താവുമായി ഏറ്റുപറയുകയാണ്. ഏറ്റം ശ്രേഷ്ഠമായ ആരാധനയാണു വിശുദ്ധ കുർബാന. കുർബാന അദ്യന്തം ആരാധനയാണ്. ആദ്യഭാഗത്തു തന്നെ മാലാഖമാരോടു ചേർന്നു ”പരിശുദ്ധൻ” എന്നു പലപ്രാവശ്യം ഏറ്റുപറഞ്ഞു ദൈവത്തെ ആരാധിച്ചുകൊണ്ടാണു നിരവധി പ്രാർത്ഥനകളിലൂടെ പരിശുദ്ധത്രിത്വത്തെ നാം ആരാധിക്കുന്നു. ”ആരാധനയ്ക്കു യോഗ്യനേ നിന്നെ ഞങ്ങൾ ആരാധിച്ചീടുന്നിതാ.”

സ്വർഗ്ഗീയാരാധന നടക്കുന്നത് ഏശയ്യാ കണ്ടു. മാലാഖമാർ ദൈവത്തെ ”പരിശുദ്ധൻ” എന്നു പാടിപ്പുകഴ്ത്തുന്നത് അദ്ദേഹം കേട്ടു (ഏശ 6:1-7). ഇതിനു സമാനമായ ഒരു ഗർശനം യോഹന്നാൻ ശ്ലീഹായ്ക്കും ഉണ്ടായി. സിംഹാസനസ്ഥനായ ദൈവത്തെ ആരാധിച്ചു കൊണ്ട് മാലാഖമാരും വിശുദ്ധരും ”ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവ്വശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” എന്നു പാടിപ്പുകഴ്ത്തുന്നതാണ് യോഹന്നാൻ കണ്ടതും കേട്ടതും. ഈ സ്വർഗ്ഗീയ ആരാധനതന്നെയാണ് പരമ പരിശുദ്ധകുർബാന. ഈ ദർശനത്തിലേയ്ക്കാണ് അനാഫൊറയുടെ ആരംഭത്തിൽ പുരോഹിതൻ ബലിയർപ്പകരെ ആഹ്വാനം ചെയ്യുന്നതും: ”നിങ്ങളുടെ വിചാരങ്ങൾ ഉന്നതത്തിലേയ്ക്കുയരട്ടെ.” ആരാധനകനുണ്ടാകേണ്ട ആന്തരികവും ബാഹ്യവും ആയ മനോഭാവങ്ങളെ സൂചിപ്പിച്ചുകൊണ്ടുള്ള ശുശ്രൂഷിയുടെ ആഹ്വാനം ഇപ്രകാരമാണ്: ”നിങ്ങൾ ആദരപൂർവ്വം നിന്ന് ഇവിടെ അനുഷ്ഠിക്കപ്പെടുന്നവയെ സൂക്ഷിച്ചു വീക്ഷിക്കുവിൻ ഭയഭക്തിജനകമായ രഹസ്യങ്ങൾ കൂദാശ ചെയ്യപ്പെടുന്നു. പുരോഹിതൻ തന്റെ മാധ്യസ്ഥ്യം വഴി സമാധാനം സമൃദ്ധമാകുന്നതിനുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങുന്നു. കണ്ണുകൾ താഴ്ത്തി, വിചാരങ്ങൾ സ്വർഗ്ഗത്തിലേയ്ക്കുയർത്തി, നിശ്ശബ്ദരായി, ഏകാഗ്രതയോടും ഭക്തിയോടും കൂടെ നിങ്ങൾ ഹൃദയത്തിൽ പ്രാർത്ഥിക്കുവിൻ.”

മാലാഖാമാരുടെ കീർത്തനങ്ങളോടു ചേർന്ന് കുർബാന മധ്യേ നാം ഇപ്രകാരം ചൊല്ലുന്നു:”ബലവാനും കർത്താവുമായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. അവിടുത്തെ മഹത്ത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ ഓശാന, ദാവീദിന്റെ പുത്രന് ഓശാന. കർത്താവിന്റെ നാമത്തിൽ വന്നവനും വരുവാനിരിക്കുന്നവനുമായവൻ അനുഗൃഹീതനാകുന്നു. ഉന്നതങ്ങളിൽ ഓശാന.”

മാലാഖമാരുടെ കീർത്തനത്തോടു ചേർന്നാണ് ആരാധനാസമൂഹം ദൈവത്തെ പാടിപ്പുകഴ്ത്തുന്നത്. ഇപ്രകാരം നാം അവിടുത്തെ പാടിപ്പുകഴ്ത്തുമ്പോൾ ഈശോയെ എതിരേറ്റ ശിഷ്യന്മാരോടും അവിടുത്തെ ആരാധിക്കുന്ന മാലാഖമാരോടും ചേർന്നു നാമും അവിടുത്തെ പ്രകീർത്തിക്കുകയാണ്.
വിശുദ്ധ കുർബാന നമ്മുടെ രക്ഷയുടെ സാമാരകമാണ്. മിശിഹാരഹസ്യത്തിലെ പ്രഥമവും പ്രധാവുമായ സംഭവം മനുഷ്യാവതാരം തന്നെയാണ്. നമ്മിലൊരുവനെപ്പോലെയാകാൻ പിതാവിനോടുള്ള തുല്യതയും മഹത്ത്വവും മാറ്റിവച്ചാണ് മിശിഹാ മനുഷ്യനായത്. ”നിയമത്തിന് അധീനരായിരുന്നവരെ ഉദ്ധരിക്കുവാൻ നിയമത്തിനു വിധേയനാവുകയും ഞങ്ങളുടെ രക്ഷയുടെ സ്മാരകം ഏർപ്പെടുത്തുകയും ചെയ്തു”വെന്നു കൂദാശ വചനങ്ങൾ ഉച്ചരിക്കുന്നതിനു തൊട്ടുമുമ്പുള്ള പ്രാർത്ഥനയിൽ പുരോഹിതൻ അനുസ്മരിക്കുന്നുയ നിയമത്തിനു വിധേയരായവരെ ഉദ്ധരിക്കനാണ് അവിടുന്നു മനുഷ്യനായി അവതരിച്ചത.്

7.ഊട്ടുശാലയിൽ ഊട്ടി ഉറപ്പിക്കപ്പെട്ട ഉടമ്പടിയുടെ നവീകരണം
സെഹിയോൻ ഊട്ടുശാലയിൽ വച്ച് ഉടമ്പടിയുടെ നവീകരിക്കലാണ് ഓരോ വിശുദ്ധകുർബാനയിലും സംഭവിക്കുന്നത്. ഈശോയുടെ തിരുരക്തം നമ്മെ ഉടമ്പടി ബന്ധത്തിൽ ഭാഗഭാക്കുകളാക്കുന്നു. പാപമോചനത്തിനും രക്ഷയ്ക്കും നമ്മെ അവകാശികളുമാക്കുന്നു. ക്രൈസ്തവനാകുക എന്നു പറഞ്ഞാൽ മിശിഹായുടെ തിരുരക്തത്തിൽ കഴുകി വിശുദ്ധീകരിക്കപ്പെടുക. എന്നൊരർത്ഥം കൂടിയുണ്ട്. വി.പത്രോസ് ശ്ലീഹാ ആദിമസഭയിലെ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നത് ”പിതാവായ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും യേശുക്രിസ്തുവിനു വിധേയരായിരിക്കുന്നതിനും അവന്റെ രക്തത്താൽ തളിക്കപ്പെടുന്നതിനും വേണ്ടി മുൻകൂട്ടി നിശ്ചയിക്കപ്പെട്ടവരും, ആത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ടവരുമായവർ” എന്നാണ് (1 പത്രോസ് 1,2). ഈശോമിശിഹായുടെ അമൂല്യരക്തത്താൽ രക്ഷിക്കപ്പെട്ട സമൂഹമാണു തിരസ്സഭ. റൂഹാക്ഷണ പ്രാർത്ഥനയ്ക്കു ശേഷമുള്ള പ്രാർത്ഥയിൽ നാം ഏറ്റുപറയുന്നു: ”അങ്ങയുടെ അഭിഷിക്തന്റെ അമൂല്യരക്തത്താൽ രക്ഷിക്കപ്പെട്ട സഭയിൽ സന്തോഷത്തോടും പ്രത്യാശയോടും കൂടെ ഞങ്ങൾ അങ്ങേയ്ക്കു കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്നു” എന്ന്.

മിശിഹായുടെ രക്ഷാകര പ്രവർത്തനങ്ങളുടെ ദിവ്യരഹസ്യമായ പരിശുദ്ധകുർബാനയെ തിരസ്സഭയെയാണ് മിശിഹാ ഏൽപ്പിച്ചിരിക്കുന്നത്. കാരണം, അവളാണു മിശിഹായുടെ കാണപ്പെടുന്ന ശരീരവും ഭൂമിയിലെ തുടർച്ചയും. തന്റെ രക്ഷാകരപ്രവർത്തനങ്ങൾ ഈശോ ഇന്നു ഭൂമിയിൽ തുടർന്നുകൊണ്ടിരിക്കുന്നത് തിരുസ്സഭയിലൂടെയാണ്. ഈ രക്ഷാകരസംഭവം മുഴുവന്റെയും കേന്ദ്രമെന്ന നിലയിൽ വിശുദ്ധ കുർബാനയും തിരുസ്സഭയിലാണ് ആഘോഷിക്കപ്പെടുന്നത്. ഏറ്റം മനോഹരമായ രീതിയിൽ സഭ ആവിഷ്‌കരിക്കപ്പെടുന്നതും വിശുദ്ധകുർബാനയുടെ ആഘോഷവേളയിലാണ്.