ദൈവത്തിന്റെ വഴികൾ

1858 സെപ്തംബര് 15 നു ഫ്രാൻസിലെ സ്റ്റസ്ബർഗിൽ ചാൾസ് എന്നൊരു ബാലൻ ജനിച്ചു. അവനു വെറും 6 വയസ്സ് പ്രായമുള്ളപ്പോൾ അപ്പനും അമ്മയും മരിച്ചു. എങ്ങനെയൊക്കെയോ 17 വയസ്സ് വരെ  അവൻ വളർന്നു.  അക്കാലംകൊണ്ടു അവനൊരു അറുവഷളനായി മാറി. അവനു വിശ്വാസം പോലും കൈമോശം വന്നു. പഠനമൊക്കെ അവസാനിപ്പിച്ച് അവൻ സ്വകുടുംബത്തിലേക്കു മടങ്ങിവന്നു. പിന്നീട് സൈനിക സ്കൂളിൽ ചേർന്നു. അതോടെ കർത്താവു പഠിപ്പിച്ച കഥയിലെ ധൂർത്തപുത്രന്റെ ‘ഇരട്ട’ കൂട്ടുകാരനായി. അവൻ വിദ്യാലയത്തിൽനിന്നു പുറത്തു ചാടി. ഒരു മാസം 10,000 ഫ്രഞ്ച് ഫ്രാങ്ക് വരെ ധൂർത്തടിക്കാൻ മാത്രം മിടുക്കനായി അവൻ മാറി.

പുറത്തു ചാടിയ ചാൾസിനെ പോലീസ് അന്വേഷിച്ചു തുടങ്ങി. അവസാനം അവർ അവനെ കണ്ടെത്തി, യാചകവേഷത്തിൽ അലയുന്നവനായി. തുടർന്ന്, എങ്ങനെയൊക്കെയോ, പ്രസ്തുത സൈനിക വിദ്യാലയത്തിൽ നിന്ന് ഒരു ബിരുദം സംബന്ധിച്ചു. ഇക്കാലം വരെയും ചാൾസിന്റെ വലിയപ്പൻ ജീവിച്ചിരുന്നു. അദ്ദേഹവും കടന്നുപോയതോടെ ഒന്ന് നിയന്ത്രിക്കാൻ ആരുമില്ലാതായി. വിഷയലമ്പടത്തിലേക്കു അവൻ കുത്തനെ വീണു. ഒരു വീട് വാടകയ്ക്കെടുത്തു അവിടെ തോന്ന്യാസം അവൻ ജീവിച്ചു. അവിടെയായിരുന്നപ്പോൾ ഒരു കാമുകിയെയും കണ്ടെത്തി. അവളുമൊത്തു പട്ടാളസേവനത്തിനായി ആഫ്രിക്കയ്ക്ക് പോയി. പക്ഷെ കാമുകിയുമൊത്തുള്ള ജീവിതം പട്ടാളത്തിൽ അനുവദനീയമല്ലായിരുന്നു. തൻമൂലം ജോലി ഉപേക്ഷിച്ചു. എങ്കിലും കാമുകിയെ തിരിച്ചയച്ചു. തുടർന്ന് വീണ്ടും ജോലിയിൽ പ്രവേശിച്ചു. “ഒരു നിശ്ചയവുമില്ലയൊന്നിനും, വരുമോരോ ദശ വന്നപോലെ പോം.” വീണ്ടും ജോലി ഉപേക്ഷിച്ചു ഗവേഷണ മേഖലയിലേക്ക് തിരിഞ്ഞു. ഇതിനിടയിൽ വീണ്ടുമൊരു പ്രണയബന്ധത്തിലേർപ്പെടുന്നത്. എങ്കിലും അതും ഉപേക്ഷിക്കേണ്ടി വന്നു.
ദൈവത്തിന്റെ വഴികൾ അത്ഭുതാവഹവും ആരാധ്യവുമാണല്ലോ. അതാ ഒരു അത്ഭുതം സംഭവിക്കുന്നു. 1885  ഏപ്രിലിൽ ഫ്രഞ്ച് ഭൂമിശാസ്ത്ര സമതി ചാൾസിന് ഒരു സ്വർണ മെഡൽ സമ്മാനിച്ചു ആദരിക്കുന്നു. അതിനിടയാക്കിയ തത്വമടങ്ങിയ ചാൾസിന്റെ പുസ്തകം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

എങ്കിലും ചാൾസിന്റെ ഹൃദയം തിങ്ങി നിറയെ അസ്വസ്ഥതകളായിരുന്നു. അവൻ പാരിസിലെ സെൻറ് അഗസ്റ്റിന് പള്ളിയിൽ കയറി ഇപ്രകാരം പ്രാർത്ഥിച്ചു: “എന്റെ ദൈവമേ, അങ്ങ് അസ്തിത്വത്തിലുള്ളവനാണെങ്കിൽ ഞാൻ അത് അറിയാൻ ഇടയാക്കണമേ!” ഈ പ്രാർത്ഥന യഥാർത്ഥത്തിൽ ചാൾസിന്റെ   മാനസാന്തരത്തിന്റെ തുടക്കമായി. തുടർന്ന് വലിയ അനുതാപത്തോടെ, അവൻ കുമ്പസാരിച്ചു, ബലിയർപ്പിച്ച, വി. കുർബാന സ്വീകരിച്ചു. ഒരു വിശുദ്ധനെ ചാൾസിൽ ഈശോ രൂപപ്പെടുത്തുകയായിരുന്നു. ഈ ചാൾസാണ് ആഗോളസഭ സമാദരിക്കുന്ന വിശുദ്ധ ചാൾസ് ഡി ഫുക്കോൽഡ്.

ദൈവം തന്റെ വിശുദ്ധരെ സ്വന്തമാക്കുന്ന രീതികളുടെ വൈവിധ്യം എത്ര അത്ഭുതാവഹവും അലംഘനീയവുമാണ്! സാമാന്യബുദ്ധിക്ക് ഊഹിക്കാൻ പോലും ആവാത്ത വിധമാണല്ലോ അവിടുന്ന് അത് ക്രമീകരിക്കുന്നത്.