ദൈവകരുണയുടെ അവകാശികൾ

ഏറ്റവും വലിയ പാപികൾ എന്റെ കരുണയിൽ ആശ്രയിക്കട്ടെ. മറ്റാരേക്കാളും അവർക്കാണ് എന്റെ കരുണയുടെ ആഴങ്ങളിൽ ശരണപ്പെടുന്നതിനുള്ള ഏറ്റവും വലിയ അവകാശം . (ഡയറി: 1146 )

  “കർത്താവ് തന്റെ അടുക്കലേക്കു തിരിയുന്നവരോട് പ്രദർശിപ്പിക്കുന്ന കാരുണ്യവും ക്ഷമയും എത്ര വലുതാണ്.” (പ്രഭാ. 17 /29 ). എല്ലാവരിലേക്കും കാരുണ്യം ചൊരിയുവാൻ, വാത്സല്യത്തോടെ ആശ്ലേഷിക്കുവാൻ ദയാവാരിധിയായ സ്വർഗ്ഗീയ പിതാവ് കാത്തിരിക്കുന്നു. (cf : ലൂക്ക : 15 /11 -24 ). എളിമയോടെ, പരിപൂർണ്ണശരണത്തോടെ തന്റെ കരുണയിലേക്കു തിരിയുന്നവരിലേക്കു മാത്രമേ അവിടുത്തേക്ക് അത് ഒഴുക്കുവാൻ  സാധിക്കൂ.

എന്നാൽ ഹൃദയകാഠിന്യത്തോടെ നിരാശയ്ക്കടിമപ്പെട്ട് പാപാന്ധകാരത്തിൽ മുങ്ങിത്തപ്പുന്ന ആത്മാക്കൾക്ക് സ്വയമേവ ദൈവത്തിന്റെ കരുണയിലേക്കു തിരിയുവാൻ സാധിക്കുകയില്ല. അതിനാൽ ആദ്യചുവടു  കാരുണ്യവാനായ ദൈവം തന്നെ ആത്മാവിനായി വയ്ക്കുന്നു. അപ്പോൾ ആത്മാവിന്റെ  ഭാഗത്തുനിന്ന് ഒരു സഹകരണവും ലഭിക്കാതെ, ദൈവകരുണ സ്വയം പ്രവർത്തനനിരതമാകുന്നു. ദൈവം അതിനുള്ള അവസാനത്തെ കൃപാവരം നൽകുന്നു. ഇതിനെയും തള്ളിക്കളയുകയാണെങ്കിൽ, നിത്യതയിലേക്കു അത് സ്വയം തിരഞ്ഞെടുത്തിരിക്കുന്ന അവസ്ഥയിൽ ആത്മാവിനെ ഉപേക്ഷിക്കുന്നു. അവസാനത്തെ കൃപാവരം ഈശോയുടെ കരുണാർദ്രഹൃദയത്തിൽനിന്നു ഉയിർക്കൊണ്ടതാണ്. ദൈവത്തിന്റെ ഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ മനസ്സിലാക്കുവാൻ ആത്മാവിനെ പ്രാപ്തമാക്കുന്ന ഒരു പ്രത്യേക ആത്മീയപ്രകാശം ഇതുവഴി ലഭിക്കുന്നു. എന്നാൽ, മാനസാന്തരം അതിന്റെ സ്വാതന്ത്രമനസ്സിനെ ആശ്രയിച്ചിരിക്കുന്നു. ഇത് തനിക്കു ലഭിച്ചിരിക്കുന്ന അവസാനത്തെ കൃപാവരമാണെന്നു മനസ്സിലാക്കുന്ന ആത്മാവ് സന്മനസ്സിന്റെ അല്പം ലാഞ്ചന കാണിച്ചാൽ ബാക്കിയെല്ലാം ദൈവകരുണ പൂർത്തീകരിക്കും. അവിടുന്ന്, അതിനെ, അതായിരുന്നിടത്തുനിന്നു ഉയർത്തിയെടുത്തു. അതായത്, കഷ്ടതയുടെ ആഴങ്ങളിൽ നിന്ന് പൊക്കിയെടുത്തു. അവിടുത്തെ ഹൃദയത്തിന്റെ സ്വകാര്യതയിലേക്ക് അതിനെ കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് ഒറ്റ നിമിഷം അതിന്റെ പാപക്കറകളെല്ലാം മാഞ്ഞുപോയി. അവിടുത്തെ സ്നേഹാഗ്നിയിൽ അവയെല്ലാം എരിഞ്ഞമർന്നു. (ഡയറി:1486 )

പാപികളോടുള്ള ദൈവത്തിന്റെ ഉന്നതമായ കരുണയുടെ ആഴങ്ങൾ ആർക്ക് ഗ്രഹിക്കാനാകും !