ദൈവകരുണയും അവകാശികളും

 ദൈവകരുണ ദൈവത്തിന്റെ ഏറ്റവും വലിയ വിശേഷണമാണ്. പാപികളായ നമ്മോടുള്ള സ്വർഗ്ഗീയ താതന്റെ സ്നേഹപ്രകടനമാണിത്. അവിടുത്തെ കാരുണ്യം എല്ലാ പാപങ്ങളെക്കാളും തിന്മകളെക്കാളും ഉപരിയാണ്. അത് മരണത്തെപ്പോലും അതിജീവിക്കുന്നു. എത്ര കഠിനമായ പാപം ചെയ്തു നാം ദൈവത്തെ വേദനിപ്പിച്ചാലും, ഭയപ്പെടേണ്ടാ, ആഴമായ അനുതാപത്തോടും എളിമയോടും കൂടെ (ഏശ. 66 /2 ) അവിടുത്തെ കരുണയിൽ പരിപൂർണ്ണ ശരണം വച്ചാൽ നമുക്ക് അവിടുത്തെ സന്നിധിയിൽ തൂമഞ്ഞ് പോലെ വിളങ്ങി പ്രശോഭിക്കാം, (ഏശ. 1 /18 )

 വി ഫൗസ്റ്റീനയുടെ ഡയറിയിൽ നിറഞ്ഞു നിൽക്കുന്നത് ഈ കരുണാർദ്രസ്നേഹത്തിന്റെ സന്ദേശമാണ്. അവയുടെ ധ്യാനം ദൈവ കരുണയെ ആഴത്തിൽ അറിയുവാനും, അതിനെ പുൽകുവാനും, പ്രഘോഷിക്കാനും, പ്രചരിപ്പിക്കാനും സഹായകമാണ്.

ദൈവത്തിന്റെ ഏറ്റവും വലിയ സ്വഭാവ വിശേഷണം

   ദൈവം ആരാണെന്നു അറിയാനും ആ അറിവിൽ ആഴപ്പെടാനും ആഗ്രഹിച്ച് ധ്യാനിച്ചുകൊണ്ടിരുന്ന വി ഫൗസ്റ്റീനായോട് ഈശോനാഥാൻ അരുളിച്ചെയ്തു: ദൈവം തന്റെ സത്തയിൽ ആരാണെന്ന് ആർക്കും മനസ്സിലാക്കാൻ സാധിക്കുകയില്ല, മാലാഖാമാർക്കോ മനുഷ്യനോ അത് ഗ്രഹിക്കാൻ സാധിക്കുകയില്ല. ഈശോ എന്നോട് പറഞ്ഞു: ദൈവത്തിന്റെ വിശേഷങ്ങളെപ്പറ്റി ധ്യാനിച്ച് അവിടുത്തെ അറിയുക (ഡയറി: 30 ). ദൈവം തന്റെ ഗുണവിശേഷങ്ങൾ പരിശുദ്ധിയായും, നീതിയായും സ്നേഹമായും     കരുണയായും വിശുദ്ധയ്ക്ക് വെളിപ്പെടുത്തിക്കൊടുത്തു. മൂന്നാമത്തെ സ്വഭാവഗുണം സ്നേഹവും കരുണയുമാണെന്നു ഞാൻ മനസ്സിലാക്കുന്നു. അത് സ്രഷ്ടാവിനെയും സൃഷ്ടിയെയും തമ്മിൽ ബന്ധിക്കുന്നു. ഈ നിസീമമായ സ്നേഹവും അഗാധമായ കരുണയുമാണ് വചനത്തിന്റെ മനുഷ്യാവതാരകർമ്മത്തിലും മനുഷ്യകുലത്തിന്റെ രക്ഷാകരപ്രവൃത്തിയിലും പ്രകടമായത്. ദൈവത്തിന്റെ  സ്വഭാവഗുണങ്ങളിൽ ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയത് ഈ സ്വഭാവവിശേഷമാണ്. (ഡയറി:180 ). മറ്റൊരവസരത്തിൽ അവിടുന്ന് ആവശ്യപ്പെട്ടു. കരുണയാണ് ദൈവത്തിന്റെ ഏറ്റവും വലിയ സ്വഭാവവിശേഹസ്‌മെന്ന് പ്രഘോഷിക്കുക. എന്റെ കരവേലകളെല്ലാം കരുണയാൽ മഹിമയാണിഞ്ഞിരിക്കുന്നു. (ഡയറി:301 )

ഞാൻ കരുണയും സ്നേഹവുമാണ്

    എന്റെ മകളെ ഞാൻ കരുണയും സ്നേഹവുമാണെന്നു എല്ലാ ജനങ്ങളോടും പറയുക. (ഡയറി:1074 ). കരുണ എന്ന നാമധേയത്തിൽ ഞാൻ ആനന്ദിക്കുന്നു. (ഡയറി:800 ). ഞാൻ സ്നേഹവും കരുണയും മാത്രമാണ്. (ഡയറി:1273 ). അനുതാപപൂർണ്ണമായ ഒരാത്മാവിനു ഞാൻ കരുണ തന്നെയാണ്. (ഡയറി:539 ). എന്റെ ഹൃദയം എല്ലാവരോടുമുള്ള അനുകമ്പയാലും കരുണയാലും നിറഞ്ഞൊഴുകുന്നു. (ഡയറി:1148 ). എന്റെ ഉള്ളത്തിന്റെ ആഴങ്ങൾ നിറഞ്ഞുതുളുമ്പും വരെ നിറഞ്ഞിരിക്കുന്ന കരുണ ഞാൻ സൃഷ്ടിച്ച എല്ലാവരിലേക്കും ഒഴുക്കുന്നു. (ഡയറി:1784 ). ഓ അഗ്രാഹ്യമായ ദൈവമേ, അവിടുത്തെ കരുണയുടെ രഹസ്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ എന്നെ അങ്ങ്  അനുവദിച്ചതിൽ എന്റെ ഹൃദയം ആനന്ദത്താൽ  നിറയുന്നു! എല്ലാം അങ്ങയുടെ കരുണയിൽ ആരംഭിക്കുന്നു, അങ്ങയുടെ കരുണയിൽത്തന്നെ അവസാനിക്കുന്നു. (ഡയറി: 1506 )