ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ് അവിടെയാണ്. അതിനായി ഇറങ്ങിയപ്പോൾ അതാ, വത്തിക്കാന്റെ ഒന്നാം നമ്പർ ആഡംബര കാർ മുമ്പിൽ. ഞാൻ കർദ്ദിനാളന്മാരോടൊപ്പം ബസ്സിൽ പൊയ്‌ക്കൊള്ളാം എന്നു പറഞ്ഞതും പരിശുദ്ധ പിതാവിന്റെ അത്യഗാധമായ വിനയവും ലാളിത്യവും വിളിച്ചോതുന്നു എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഒരു ലോ ഫ്‌ളോർ ബസ്സിൽ, കർദ്ദിനാളന്മാരോടൊപ്പം, കത്തോലിക്കാ സഭയുടെ 264-ാമത്തെ മാർപ്പാപ്പാ യാത്ര ചെയ്യുന്നു. ഈ കന്നി യാത്ര പലരെയും ഞെട്ടിക്കുകയും ചിലരെയെങ്കിലും അസ്വസ്ഥരാക്കുകയും ആരുടെയെങ്കിലുമൊക്കെ സ്ഥാനചലനത്തിൽ കലാശിക്കുകയും ചെയ്തിരിക്കും. കർദ്ദിനാളന്മാർക്കെല്ലാം സന്തോഷമായിരുന്നു എന്ന റിപ്പോർട്ടു വിസ്മരിക്കുന്നില്ല.

അന്നു രാത്രിയിലെ അത്താഴം, സാഘോഷം കൊണ്ടാടുന്ന, ഒരു തിരുനാൾ പോലെയായിരുന്നു. അത്താഴസമയത്തു പലരും പരിശുദ്ധ പിതാവിന് ആശംസകൾ നേർന്നു. മറുപടിയ്ക്കായി മാർപ്പാപ്പാ എഴുന്നേല്ക്കുന്നു. എല്ലാവരുടെയും മുഖത്ത് സന്തോഷവും ആകാംക്ഷയും ഉണ്ട്. (അതൊക്കെ സ്വാ’ാവികം മാത്രം) എന്താണു സംഭവിക്കുവാൻ പോകുന്നതെന്നുള്ളതിലാണ് ആകാംക്ഷ. പിതാവ്, വളരെ സമചിത്തതയോടെ സാവകാശം പറയുന്നു. നിങ്ങൾ ചെയ്ത തെറ്റ് നല്ല ദൈവം വ്യവസ്ഥയൊന്നും വയ്ക്കാതെ ക്ഷമിക്കട്ടെ. വിരുന്നുശാലയിലാകെ വലിയ കരഘോഷവും പൊട്ടിച്ചിരിയും.

രാത്രി വിശ്രമത്തിനു പോകുന്നതിനും മുമ്പു വലിയ മുക്കുവൻ ഒരു കാര്യം മറക്കാതെ, വളരെ സവിശേഷമായി നിർവ്വഹിച്ചു. അദ്ദേഹം ഫോണെടുത്ത് ബനഡിക്റ്റ് പതിനാറമാൻ മാർപ്പാപ്പായെ വിളിക്കുകയായി. അവർ എന്തൊക്കെ സംസാരിച്ചുവെന്നു പരിശുദ്ധ ത്രിത്വത്തിനും അവരിരുവർക്കും മാത്രമേ അിറയൂ. പിന്നീട് അറിവിൽപ്പെടുന്നത്, മാർപ്പാപ്പായുടെ വേനൽക്കാലവസതിയിലെ, ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയാണ്. ബനഡിക്റ്റ് പാപ്പാ തന്റെ പിൻഗാമിയെ സ്വീകരിക്കാൻ ഹെലിപ്പാഡിലെത്തുന്നു. സഹോദരാശ്ലേഷത്തോടെ അദ്ദേഹം പുതിയ സാർവ്വത്രിക ഇടയനെ സാനന്ദം, സാശ്ലാഷം സ്വീകരിക്കുന്നു.  അവിടെ നിന്ന് സമ്മർ പാലസിലെ ചാപ്പലിലേക്കാണ് ഇരുവരും പോകുക. Jesus first all things next പുതിയ മാർപ്പാപ്പായ്ക്ക് ഒരുക്കിയിട്ടിരിക്കുന്ന നീലർ (മാർപ്പാപ്പാ എന്ന നിലയിൽ ഇപ്പോൾ അത് ഫ്രാൻസിസ് മാർപ്പാപ്പായ്ക്കു മാത്രം അവകാശപ്പെട്ടതാണ്.  കാരണം സമ്മർ പാലസ് അദ്ദേഹത്തിന്റേതായി കഴിഞ്ഞിരിക്കുന്നു). അവഗണിച്ചു പുതിയ പാപ്പാ മുന്നോട്ടു നീങ്ങുന്നു. ഇതു ശ്രദ്ധിച്ച ബനഡിക്റ്റ് മാർപ്പാപ്പാ, ഫ്രാൻസിസ് മാർപ്പാപ്പായെ, പിറകിൽ നിന്നു വിലക്കുന്നു.  മാർപ്പാപ്പായുടെ നീലറിന്മേൽത്തന്നെ മുട്ടുകുത്തണമെന്നും നിർദ്ദേശിക്കുന്നു. ഫ്രാൻസിസ് മാർപ്പാപ്പാ അനുസരണവിധേയനായി, പിമ്പോട്ടു വന്ന് തന്റെ മുൻഗാമിയെയും കൂട്ടി, അടുത്തുണ്ടായിരുന്ന ഒരു വലിയ നീലറിൽ ഒരുമിച്ചു മുട്ടുകുത്തിയിട്ടു പറയുന്നു. We are brothers. നമ്മൾ സഹോദരന്മാരാണ്.  കണ്ടു നിന്നവരുടെയെല്ലാം ഹൃദയങ്ങളിൽ അലിവിന്റെ അലയാഴി ആഞ്ഞടിക്കുന്നു.

ആഡംബര കാർ ഉപേക്ഷിച്ച്, ഒരു ചെറിയ കാറിൽ ഫ്രാൻസിസ് മാർപ്പാപ്പാ മാതാവിന്റെ വലിയ പള്ളി സന്ദർശിക്കുന്ന സമയം. വത്തിക്കാന്റെ ആഡംബര കാർ ഉപേക്ഷിച്ച്  ഒരു ചെറിയ കാറിലാണ് പാപ്പാ യാത്ര ചെയ്യുന്നത്. ഒപ്പം വെട്ടിച്ചുരുക്കിയ ഒരു സുരക്ഷാ സംഘവും. സന്ദർശനസംഘം പള്ളിയിലെത്തിയ ഉടനെ സെക്യൂരിറ്റി പള്ളിയിലുണ്ടായിരുന്ന സകലരെയും പുറത്തിറക്കി. പള്ളിയുടെ കവാടങ്ങൾ അടയ്ക്കാൻ ശ്രമിക്കുന്നതു മാർപ്പാപ്പാ ശ്രദ്ധിക്കുന്നു. അദ്ദേഹം അവരെ വിലക്കിക്കൊണ്ട് പറയുന്നു. അതു വേണ്ടാ. കവാടങ്ങളെല്ലാം തുറന്നിട്ടേക്കൂ. അവരൊക്കെ പള്ളിയിലേക്കു വന്നുകൊള്ളക്കെ. ഞാനും അവരെപ്പോലെ ഒരു തീർത്ഥാടകനാണ്. പുതിയ പരിശുദ്ധ പിതാവിന്റെ ചിന്തോദ്ദീപകമായ വാക്കുകൾ.
തൽക്കാലത്തേക്കു സെക്യൂരിറ്റി മാർപ്പാപ്പാ പറഞ്ഞത് അനുസരിച്ചു. എന്നാൽ അദ്ദേഹം പള്ളിക്കുള്ളിലേക്കു പ്രവേശിച്ചുവെന്നുറപ്പായപ്പോൾ, അവർ ജനങ്ങളെയെല്ലാവരെയും പുറത്തിറക്കി, കവാടങ്ങളടയ്ക്കുകയാണുണ്ടായത്. മാർപ്പാപ്പാ വിചാരിച്ചാൽപ്പോലും മാറ്റം എളുപ്പമാകില്ലെന്നു സാരം.