ജപമാല റാണി 

ജപമാല ഭക്തി ആദ്യം പ്രസംഗിച്ചത് പതിമൂന്നാം ശതാബ്ദത്തിൽ വി. ഡൊമിനിക്കാണെന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു. വളരെ വിപൽക്കരമായ ആൽബി ജിൻസിയൻ പാഷാണ്ഡതയെ പരാജയപ്പെടുത്താൻ തന്റെ പ്രസംഗങ്ങളെക്കാൾ ഭേദം ജപമാലയായിരിക്കുമെന്നു വി. ഡൊമിനിക്കിന് തോന്നി. മനീക്കിയരുടെ പിന്ഗാമികളാണ് ആൽബി ജെന്സിയര്; അവർ സാധാരണ ജനങ്ങളെ വധിക്കപോലും ചെയ്തിരുന്നു.
1571 ഒക്ടോബറിൽ ലെപ്പാന്റോ കടലിടുക്കിൽ നടന്ന യുദ്ധത്തിൽ ഓസ്ത്രിയയിലെ ഡോം ജുവാൻ തുർക്കിയുടെ നാവികപടയുമായി ഏറ്റുമുട്ടിയപ്പോൾ വി. പീയൂസ് പഞ്ചമനും ഭക്തജനങ്ങളും ജപമാല ചൊല്ലിക്കൊണ്ടിരുന്നു. അവസാനം ക്രിസ്ത്യൻ സൈന്യം തുർക്കികളെ തോൽപ്പിക്കുകയും സഹസ്രകണക്കിനു ക്രിസ്ത്യാനികളെ മോചിപ്പിക്കുകയും ചെയ്തു. ഈ വിജയത്തിന്റെ വാർഷികം വിജയമാതാവിന്റെ തിരുനാളായി കൊണ്ടാടണമെന്നു നിശ്ചയിച്ചു. പതിമൂന്നാം ഗ്രീഗോറിയോസ് മാർപാപ്പ ആ തിരുനാളിനെ ജപമാലതിരുനാൾ എന്ന് നാമകരണം ചെയ്തു. 1716 ൽ ഹങ്കരിയിലെ എവുജിൻ രാജകുമാരൻ വീണ്ടും തുർക്കികളെ പരാജയപെടുത്തിയപ്പോൾ ജപമാലതിരുനാൾ സാർവത്രിക സഭയിൽ കൊണ്ടാടാൻ നിശ്ചയിച്ചു. പതിമൂന്നാം ലിയോൺ മാർപാപ്പ ഒക്ടോബര് മാസം ജപമാലമാസമായി പ്രഖ്യാപിച്ചു.
രണ്ടാം വത്തിക്കാൻ സൂനഹദോസ് പഠിപ്പിക്കുന്നു: “നൂറ്റാണ്ടുകളിലൂടെ സഭയുടെ പ്രബോധനാധികാരം അംഗീകാതിരിച്ചിട്ടുള്ള ഭക്തിമുറകൾ ഈ സൂനഹദോസ് വിലമതിക്കുന്നു” (തിരുസഭ 67). 1974  ഫെബ്രുവരി രണ്ടാം തീയതിയിൽ മരിയൻ വണക്കം എന്ന ശ്ലൈഹീക പ്രബോധനത്തിൽ ആറാം പൗലോസ് മാർപാപ്പ ജപമാല ഭക്തിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരിക്കുന്നു. വി. ലൂയി മോണ്ടുഫർട്  ഇങ്ങനെ എഴുതിയിട്ടുണ്ട്: “ദിനംപ്രതി ജപമാല ചൊല്ലുന്നവർ ഒരിക്കിലും വഴിതെറ്റിപോകുകയില്ല. ഈ പ്രസ്താവന എന്റെ രക്തംകൊണ്ടുതന്നെ എഴുതി ഒപ്പിടാൻ എനിക്ക് സന്തോഷമേയുള്ളൂ.”