കർത്താവിന്റെ സമാധാനം

1. സമാധാനാശംസകൾ
ദിവ്യബലിയിൽ കാർമ്മികൻ മൂന്നു പ്രാവശ്യം ആരാധനാ സമൂഹത്തിനു സമാധാനം ആശംസിക്കുന്നുണ്ട്. സുവിശേഷഗ്രന്ഥം ഉപയോഗിച്ചു കാർമ്മികൻ സമൂഹത്തിനു സമാധാനം ആശംസിക്കുന്നതാണ് ഒന്നാമത്തേത്. പരസ്യജീവിതകാലത്ത് അനേകർക്കു സമാധാനം പ്രദാനം ചെയ്ത, ഉത്ഥാനാനന്തരം ശിഷ്യന്മാർക്കു സമാധാനം അരുളിയ കർത്താവു തന്നെയാണ് ഇന്നു നമുക്കും സമാധാനം നൽകുന്നത്. കാരണം, സുവിശേഷഗ്രന്ഥം മനുഷ്യനായി അവതരിച്ച ഈശോയുടെ തന്നെ പ്രതീകമാണ്.

രണ്ടാമതായി, അനാഫൊറായുടെ ആരംഭത്തിൽ, മിശിഹായുടെ സിംഹാസനത്തിന്റയും കബറിടത്തിന്റെയും പ്രതീകമായ ബലിപീഠം ആ സമാധാനം ആരാധനാസമൂഹത്തിനും ആശംസിക്കുന്നു. ശുശ്രൂഷി കാർമ്മികനിൽ നിന്ന് ഏറ്റുവാങ്ങുന്ന സമാധാനം സമൂഹത്തിനു കൈമാറുന്നു.

ആധുനകലോകത്തിന്റെ ഏറ്റം വലിയ പ്രശ്‌നം പാപബോധമില്ലായ്മയാണ്. പാപബോധമില്ലാത്തതും ദൈവചിന്ത ഇല്ലാത്തതുകൊണ്ടാണ്. ഇത് അരാജകത്വം അസമാധനവും സൃഷ്ടിക്കുന്നു. ഇന്നു മാനവഹൃദയങ്ങളിൽ സമാധാനമില്ല. തന്മൂലം കുടുംബങ്ങളിൽ സമാധാനമില്ല. സമാധാനരാജാവായ ഈശോയ്ക്കു മാത്രമേ മാനവഹൃദയങ്ങളിലും തദ്വാരാ കുടുംബങ്ങളിലും ലോകത്തു തന്നെയും സമാധാനം സംസ്ഥാപിക്കാനാവൂ. അവിടുന്ന് ഇതു സാധിക്കുന്നത് പിതാവിന്റെയും തന്റെയും ആത്മാവായ പരിശുദ്ധാത്മാവു വഴിയാണ്.

വിശുദ്ധ കുർബാന സ്വീകരണത്തിനു മുമ്പാണ് മൂന്നാമത്തെ സമാധാനശംസ നൽകുന്നത്. വിശുദ്ധ കുർബാനസ്വീകരണം വിശുദ്ധിയോടെ ആയിരിക്കണമെന്നു കാർമ്മികൻ തുടർന്ന് ഉദ്‌ബോധിപ്പിക്കുന്നു. ഇതും നമ്മൾ മുമ്പു പരാമർശിച്ചിട്ടുള്ളതാണ്.

2. വിശുദ്ധിയോടെ മാത്രം
ദൈവം പരമപരിശുദ്ധനാകയാൽ അവിടുത്തെ സമീപിക്കുന്നവർക്കും വിശുദ്ധിയുണ്ടാകണം. ഈ ലോകത്തിലെ ചിന്തകളിൽ നിന്നും പ്രവർത്തനരീതികളിൽ നിന്നും അകന്നുനിന്ന് ദൈവികമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും സാധിക്കുമ്പോഴാണ് ഒരുവൻ വിശുദ്ധി പ്രാപിക്കുന്നത്. ഈ ലോകത്തിന്റെ വഴികൾ സ്വാർത്ഥതയുടെയും മറ്റെല്ലാത്തരം തിന്മകളുടേതുമാണ്. ഇതിൽനിന്നുമാറി പരസ്പരസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ ചരിക്കുമ്പോൾ, വിശുദ്ധസ്ഥലത്ത് സ്വാതന്ത്രത്തോടെ വ്യാപരിക്കാനുള്ള, അർഹത നമുക്കുണ്ടാകും. വിശുദ്ധിയിലേക്കാണ് ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നത്.

ദൈവതിരുമുമ്പിൽ നിൽക്കുമ്പോൾ ദൈവത്തിന്റെ സ്വഭാവത്തിനു ചേർന്നവിധം വേണം നാം വ്യാപരിക്കാൻ.അവിടുന്നു നമ്മുടെ സ്രഷ്ടാവും പരിപാലകനുമാണ്. നമ്മൾ അവിടുത്തോട് എല്ലാറ്റിനും കടപ്പെട്ടിരിക്കുന്നു. ഈ ബോധ്യത്തോടെ ദൈവസന്നിധിയിൽ വ്യപരിക്കുന്നവർക്കുണ്ടാകുന്ന വികാരങ്ങളാണ് ഭക്തി, ശ്രദ്ധ, വിശുദ്ധി എന്നിവ. അതുകൊണ്ടാണു കാർമ്മികൻ ഇപ്രകാരം പ്രാർത്ഥിക്കുന്നത്:”ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടെ അങ്ങയുടെ മുമ്പാകെ ശുശ്രൂഷ ചെയ്യാൻ ഞങ്ങളെ എല്ലാവരെയും ദയാപൂർവ്വം യോഗ്യരാക്കണമേ.” എന്ന്. ഇതിനു ദൈവത്തിന്റെ പ്രത്യേകാനുഗ്രഹവും കൃപയും ലഭിക്കേണ്ടതുണ്ട്. ഇവിടെ പ്രത്യേക പ്രാർത്ഥന അത്യന്താപേക്ഷിതമായി വരുന്നു.

3. ദൈവതിരുവിഷ്ടം എപ്പോഴും നിറവേറ്റുക
അത്ഭുതകരമായ ഒരു സത്യമാണു ജനങ്ങൾ അടുത്തപ്രാർത്ഥനയിൽ പ്രഖ്യാപിക്കുന്നത്. ”അവിടുത്തെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകരായ ക്രോവേന്മാരും സ്രാപ്പേന്മാരും മുഖ്യദൂതന്മാരും ബലിപീഠത്തിനു മുമ്പിൽ ഭയഭക്തികളോടെ നിന്ന് കടങ്ങളുടെ പൊറുതിക്കായി മിശിഹായുടെ ശരീരം വിഭജിക്കുന്ന വൈദികനെ സൂക്ഷിച്ചു വീക്ഷിക്കുന്നു.”
മിശിഹാ മുറിഞ്ഞത് മനുഷ്യന്റെ പാപങ്ങൾക്കു പരിഹാരമായി മരിക്കാനാണ്. അവിടുത്തെ മരണമാണു നമുക്കു പാപത്തിന്മേൽ വിജയം നേടിത്തന്നത്. അവിടുത്തെ മുറിവുകൾ നമ്മെ സുഖപ്പെടുത്തുകയും ചെയ്യുന്നു. പുരോഹിതൻ തിരുനാഥന്റെ തിരുശ്ശരീരം മുറിക്കുമ്പോൾ അവിടുത്തെ മരണം ആവർത്തിക്കപ്പെടുന്നു. അവിടുത്തെ മരണത്തിലൂടെയാണു നാം ആധ്യാത്മികജീവൻ പ്രാപിക്കുന്നത്. വി. ഫ്രാൻസിസ്സ് അസ്സീസ്സിയുടെ സമാധാന പ്രാർത്ഥനയുടെ അവസാനത്തിൽ അദ്ദേഹം പ്രഖ്യാപിക്കുന്നത് ഒരു മഹാസത്യമാണ്. ‘മരിക്കുമ്പോഴാണു നാം നിത്യജീവനിലേക്കു ജനിക്കുന്നത്.’ നാം പാപത്തിനു മരിച്ച് നിത്യജീവൻ അവകാശപ്പെടുത്തണമെന്നതാണ് ഇതിലെ പ്രധാന പ്രമേയം.

4. നീതിയുടെ വാതിൽ
ജനം തുടർന്നു അതിതീക്ഷണമായി പ്രാർത്ഥിക്കുന്നു, ”നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ.” ഈശോയ്ക്ക് ഇപ്പോൾ ഇതു ചെയ്യാൻ കഴിയും. കാരണം അവിടുന്നു സാത്താനെ പരാജയപ്പെടുത്തി മാനവരാശിക്കു നിത്യജീവൻ സമ്പാദിച്ചു കഴിഞ്ഞിരിക്കുന്നു.
തുടർന്നുള്ള ഭാഗത്ത്, മരിച്ചു നവജീവൻ പ്രാപിച്ചവർ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നു. ”അങ്ങയുടെ സന്നിധിയിൽ.. രാപകൽ അങ്ങേയ്ക്കു സ്തുതി പാടുക.” മരണാനന്തരം ഇതിനുള്ള കൃപലഭിക്കാനുള്ള അനുഗ്രഹയാചനയാണ് അവസാനഭാഗം.
തുടർന്നു കാർമ്മികൻ ഏറ്റുപറയുന്നു: ”കർത്താവായ ദൈവമേ, അങ്ങയുടെ നാമത്തിൽ യഥാരർത്ഥമായി വിശ്വസിച്ചു കൊണ്ട് ഈ വിശുദ്ധ രഹസ്യങ്ങളെ ഞങ്ങൾ സമീപിക്കുന്നു. അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശ്ശരീരരക്തങ്ങളെ അങ്ങയുടെ അനുഗ്രഹത്താലും കാരുണ്യത്താലും ഞങ്ങൾ വിഭജിച്ചു റൂശ്മാ ചെയ്യുന്നു.”

5. എല്ലാറ്റിന്റെയും അടിത്തറ വിശ്വാസം
ക്രൈസ്തവജീവിതം വിശ്വാസത്തിന്റെ ജീവിതമാണ്. നമ്മുടെ കൂദാശകളുടെയെല്ലാം, വിശിഷ്യാ വിശുദ്ധ കുർബാനയുടെ അടിസ്ഥാനം, വിശ്വാസമാണ്. യഥാർത്ഥ വിശ്വാസത്തോടെ ബലിയർപ്പിക്കുന്നവർക്ക് അതു ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും ഏകാഗ്രതയോടുമല്ലാതെ അർപ്പിക്കുക അസാദ്ധ്യമാണ്. ജീവിതത്തിലാകമാനമുള്ള നമ്മുടെ വിശ്വാസത്തിന്റെ സജീവതയെക്കുറിച്ചു നാം ആത്മശോധന ചെയ്തുനോക്കണം. പലപ്പോഴും ശിഷ്യന്മാരെപ്പോലെ ശിഷ്യന്മാരെപ്പോലെ നാം പ്രാർത്ഥിക്കണം, ”കർത്താവേ, ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ” എന്ന്. തുടർന്ന്, കാർമ്മികൻ തിരുശ്ശരീരം കൊണ്ടു തിരുരക്തവും തിരുരക്തംകൊണ്ടു തിരുശ്ശരീരവും റൂശ്മ ചെയ്യുന്നു. മുറിച്ചു റൂശ്മാ ചെയ്യപ്പെട്ട തിരുശ്ശരീരം കൂട്ടിച്ചേർത്തു കാസായുടെ മുകളിൽ പിടിച്ചു കൊണ്ടു പുരോഹിതൻ ചൊല്ലുന്നു: ”സ്തുത്യഹർവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങൾ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ മഹത്ത്വമേറിയ ത്രിത്വത്തിന്റെ ആരാധ്യവും മഹനീയവുമായ നാമത്തിൽ വേർതിരിക്കപ്പെടുകയും പവിത്രീകരിക്കപ്പെടുകയും പൂർത്തീകരിക്കപ്പെടുകയും കലർത്തപ്പെടുകയും പരസ്പരം യോജിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.”

6. പുനരുത്ഥാനം ആവർത്തിക്കപ്പെടുന്നു
ദിവ്യരഹസ്യങ്ങൾ പരസ്പരം യോജിപ്പിക്കുന്നത് നമ്മുടെ കർത്താവിന്റെ പുനരുത്ഥാനത്തെ സൂചിപ്പിക്കുന്നു. അവിടുത്തെ പുനരുത്ഥാനമാണു നമ്മുടെ വിശ്വാസത്തിന്റെ ആണിക്കല്ല്. ഈശോമിശിഹാ ഉയർത്തിട്ടില്ലെങ്കിൽ നമ്മുടെ വിശ്വാസം വ്യർത്ഥമാണെന്നു വി. പൗലോസ്ശ്ലീഹാ തറപ്പിച്ചു പറയുന്നുണ്ടല്ലോ. നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. ”ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്തിന്?” (ലൂക്കാ. 24:5). വീണ്ടും പുറപ്പാട് 3:14 പറയുന്നു: ”ഞാൻ ആകുന്നവൻ ആകുന്നു” (ക മാ ംവീ മാ). താൻ നിത്യം ജീവിക്കുന്ന സജീവമായ ദൈവമാണെന്നാർത്ഥം. ഈശോയുടെ പുനരുത്ഥാനത്തെക്കുറിച്ചു നാലു സുവിശേഷകരും പ്രതിപാദിക്കുന്നുണ്ട്. വിശുദ്ധ മത്തായിയുടെ വാക്കുകൾ ഇവിടെ ഉദ്ധരിക്കാം. ”സാബത്തിനുശേഷം ആഴ്ചയുടെ ഒന്നാം ദിവസം (ഞായർ) രാവിലെ മഗ്ദലനമറിയവും മറ്റേ മറിയവും ശവകുടീരം സന്ദർശിക്കാൻ വന്നു. അപ്പോൾ വലിയ ഒരു ഭൂകമ്പം ഉണ്ടായി. കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന്, കല്ലുരുട്ടി മാറ്റി, അതിന്മേൽ ഇരുന്നു. അവന്റെ രൂപം മിന്നൽപ്പിണർപോലെ ആയിരുന്നു.” വസ്ത്രം മഞ്ഞു പോലെ വെളുത്തതും. അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവൽക്കാർ വിറപൂണ്ട് മരിച്ചവരെപ്പോലെയായി. ദൂതൻ സ്ത്രീകളോടു പറഞ്ഞു: ”ഭയപ്പെടേണ്ടാ, ക്രൂശിക്കപ്പെട്ട ഈശോയെയാണു നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവൻ ഇവിടെയില്ല; താൻ അരുളിച്ചെയ്തതുപോലെ അവൻ ഉയിർപ്പിക്കപ്പെട്ടു. അവൻ കിടന്ന സ്ഥലം വന്നു കാണുവിൻ. വേഗം പോയി അവന്റെ ശിഷ്യന്മാരോട്, അവൻ മരിച്ചവരുടെയിടയിൽ നിന്ന് ഉയിർപ്പിക്കപ്പെട്ടെന്നും നിങ്ങൾക്കുമുമ്പേ ഗലീലിയിലേക്കു പോകുന്നെന്നും അവിടെവച്ച് നിങ്ങൾ അവനെ കാണുമെന്നും പറയുവിൻ. ഇതാ, ഇക്കാര്യം ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു.” അവർ കല്ലറവിട്ടു ഭയത്തോടും വലിയ സന്തോഷത്തോടും കൂടെ ശിഷ്യന്മാരെ വിവരം അറിയിക്കാൻ ഓടി. അപ്പോൾ ഈശോ എതിരെ വന്ന് അവരെ അഭിവാദനം ചെയ്തു. അവർ അവനെ സമീപിച്ചു പാദങ്ങളിൽ കെട്ടിപ്പിടിച്ച് ആരാധിച്ചു. ഈശോ അവരോടു പറഞ്ഞു: ”ഭയപ്പെടേണ്ട; നിങ്ങൾ ചെന്ന് എന്റെ സഹോദരന്മാരോട് ഗലീലിയിലേക്കു പോകണമെന്നും അവിടെ അവർ എന്നെ കാണുമെന്നും പറയുക” (മത്താ. 28: 1-10).

7. പരിപൂർണ്ണ ദൈവത്വത്തിലും പരിപൂർണ്ണ മനുഷ്യത്വത്തിലും
ദിവ്യബലിയിൽ നമ്മുടെ കർത്താവിന്റെ മനുഷ്യവതാരം, പീഡാനുഭവം, കുരിശുമരണം, പുനരുത്ഥാനം (പെസഹാരഹസ്യങ്ങൾ) ഇവ ആവർത്തിക്കപ്പെടുന്നു. തന്റെ പരിപൂർണ്ണ ദൈവത്വത്തിലും പരിപൂർണ്ണ മനുഷ്യത്വത്തിലുമാണ് ഈശോ പരിശുദ്ധകുർബാനയിൽ സന്നിഹിതനാകുന്നത്. അവിടുത്തെ ദൈവത്വത്തിലും മനുഷ്യത്വത്തിലും നാം അവിടുത്തെ ആരാധിക്കണം, സ്തുതിക്കണം, മഹത്വപ്പെടുത്തണം, അവിടുത്തേക്കു നന്ദിപറയണം. ”സഗ്ദീനൻമാർ ലാലാഹൂസാക്, വൽനാശൂസാക് ദ്‌ല പൂലാഗ്ഗാ.” ”കർത്താവേ,

അങ്ങയുടെ അവിഭക്തമായ ദൈവത്വത്തെയും മനുഷ്യത്വത്തെയും ഞങ്ങൾ ആരാധിക്കുന്നു.” ഈശോമിശിഹാ തന്റെ സർവ്വമഹത്ത്വത്തിലും, പൂർണ്ണ മനുഷ്യത്വവും പൂർണ്ണ ദൈവത്വവുമായാണു പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുക.
നാം പരാമർശിച്ചുകൊണ്ടിരിക്കുന്ന പ്രാർത്ഥനയുടെ അവസാനഭാത്ത് പുരോഹിതൻ പ്രാർത്ഥിക്കുന്നു: ”കർത്താവായ ദൈവമേ, ഇവിടെയും മറ്റെല്ലാ സ്ഥലങ്ങളിലുമുള്ള വിശുദ്ധ സഭയ്ക്കും ഞങ്ങൾക്കെല്ലാവർക്കും ഈ രഹസ്യങ്ങൾവഴി കടങ്ങളുടെ പൊറുതിയും പാപങ്ങളുടെ മോചനവും ഉയിർപ്പിലുള്ള പ്രത്യാശായും സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതവും ലഭിക്കുമാറാകട്ടെ.”