കോഴിമുട്ട

ഒരു പുസ്തകവും വായിച്ചുകൊണ്ടിരുന്ന ജെസ്സിയുടെ അടുത്തേക്ക് ആൽബി ഒരു മുട്ടയുമായി വന്നു.
‘അമ്മെ… ദാ ഒരു മുട്ട’
‘ഇതെവിടെനിന്നു കിട്ടി?’
‘അവിടെ ആ ഭിത്തിയുടെ സൈഡിൽ ഒരു കോഴി പതുങ്ങിയിരിക്കുന്ന കണ്ടപ്പോൾ ഞാൻ വെറുതെ ഓടിച്ചു. അന്നേരമാ മുട്ട കണ്ടത്.’
‘നന്നായി. ഇല്ലെങ്കിൽ കാക്ക കൊണ്ടുപോകുമായിരുന്നു.’ ജെസ്സി മുട്ട കൈനീട്ടി വാങ്ങിക്കൊണ്ടു പറഞ്ഞു.
‘കൊച്ചീ മുട്ടയിലേക്കു ഒന്നു നോക്ക്.’
ആൽബി നോക്കിയിട്ടു പ്രത്യേകിച്ച് ഒന്നും കണ്ടില്ല. അതുകൊണ്ടു അവൻ ചോദിച്ചു. ‘എന്താ നോക്കാൻ പറഞ്ഞത്?’
ജെസ്സി അത് അവന്റെ കൈലേക്കു കൊടുത്തിട്ടു പറഞ്ഞു: ‘ഇനി നല്ലപോലെ സൂക്ഷിച്ചു നോക്ക്…’
‘ദേ ചെറുതായിട്ട് പോയിട്ടുണ്ട്. ശോ, ഞാൻ ആദ്യം കണ്ടില്ലായിരുന്നു.’
‘അതുകൊണ്ടല്ലേ നല്ലതുപോലെ നോക്കാൻ ‘അമ്മ പറഞ്ഞത്.’
ഒന്ന് നിർത്തിയിട്ടു, ജെസ്സി തുടർന്ന് ചോദിച്ചു: ”അമ്മ എന്തിനാ കൊച്ചിനെ മുട്ട പോയിരിക്കുന്നത് കാണിച്ചതെന്നറിയാമോ?’
‘കൊണ്ടുപോയി സൂക്ഷിച്ചു വയ്‌ക്കേണ്ട. ഇപ്പോൾത്തന്നെ പൊരിച്ചു തിന്നാം എന്ന് പറയാനായിരിക്കും.’ അവന്റെ മറുപടിയിൽ മുട്ട അവനു ഇഷ്ടമാണെന്നുള്ള  കാര്യം സ്പഷ്ടമായിരുന്നു.
‘അമ്പട കള്ളാ. ഞാൻ സ്വപ്നത്തിൽപ്പോലും വിചാരിക്കാത്ത കാര്യം നീ പ്ലാൻ ചെയ്തു കഴിഞ്ഞല്ലോ.’
ജെസ്സി അവനെ കളിയാക്കി.
‘പിന്നെന്തിനാ പോയിരിക്കുന്നത് ‘അമ്മ കാണിച്ചുതന്നത്?’
‘അതിൽനിന്നും വലിയൊരു കാര്യം പറഞ്ഞുതരാനുണ്ട്.’
‘അതെന്തു കാര്യമാ…?’ ആൽബി അതിശയം കൂറി.
‘കാര്യമൊക്കെ പറഞ്ഞുതരാം. പക്ഷെ അതിനുമുമ്പേ ഇതു പൊരിച്ചു തിന്നണം എന്നുള്ള വിചാരം മാറ്റിവച്ചു ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. മോന് ഭാവിയിലൊക്കെ വലിയ ഗുണം കിട്ടുന്ന കാര്യമാ.’
ആൽബി ശ്രദ്ധയോടെ ജെസ്സിയുടെ മുഖത്തേക്ക് നോക്കി.
‘ഈ മുട്ട പോയിരിക്കുന്നത് കൊച്ചു ആദ്യം കണ്ടില്ലല്ലോ?’
‘ഇല്ല’
‘അത് കൊച്ചിന് നിരീക്ഷണ പാടവം കുറവായതുകൊണ്ടാ. ചെറുപ്പമായതുകൊണ്ടു  അതൊരു കുറ്റമോ കുറവോ അല്ല. എങ്കിലും ‘അമ്മ പറഞ്ഞു തരികയാ.’
ജെസ്സി തുടർന്നു.
‘അതായത്, ഏതൊരു വസ്തു കണ്മുൻപിൽ വന്നാലും അതിനെ സൂക്ഷ്മമായി നിരീക്ഷിക്കണം. എങ്കിലേ ഒറ്റ നോട്ടത്തിൽ കാണുന്ന ഗുണത്തിനപ്പുറം ദോഷം വല്ലതുമുണ്ടെങ്കിൽ കാണുകയുള്ളു. അതുപോലെ തന്നെ തിരിച്ചും. ആ ഒരു സ്വഭാവം ചെറുപ്പത്തിലേ ശീലിക്കണം. എങ്കിലേ നിരീക്ഷണപാടവം വളരു.’ ജെസ്സി പറഞ്ഞു നിർത്തി.
‘ഈ നിരീ… നിരീ… ‘ ആൽബിക്ക് ആ വാക്ക് നാവിൽ വഴങ്ങുന്നില്ല.
‘നിരീക്ഷണപാടവം’ ജെസ്സി പൂരിപ്പിച്ചുകൊടുത്തു.
”അമ്മ പറഞ്ഞ ഈ കഴിവ് വളർത്തിയെടുത്തതുകൊണ്ടു വേറെ എന്തെങ്കിലും പ്രയോജനമുണ്ടോ?’
‘ഉണ്ട്. വളർന്നു വലുതായി വലിയ ടെസ്റ്റുകൾ ഒകെ എഴുതുമ്പോൾ അതിൽ ക്ലറിക്കൽ  അപ്പറ്റിട്യൂട് ടെസ്റ്റ് എന്ന വിഭാഗമുണ്ട്. നിരീക്ഷണപാടവം നല്ലപോലെ ഉള്ളവർക്ക് ആ സമയത്തു വളരെ എളുപ്പമായിരിക്കും.’
‘ടെസ്റ്റിന് മാത്രമല്ല, ജീവിതത്തിൽ വളരെ ഉയർന്ന നിലവാരത്തിൽ എത്തിച്ചേരുന്നതിനു  മേല്പറഞ്ഞ കഴിവ് വളരെ സഹായകമാണ്. ഒരു ഉദാഹരണം പറഞ്ഞാൽ നിരീക്ഷണപാടവം ഇല്ലാത്ത ഒരാളും ശാസ്ത്രത്തിന്റെ ഒരു മേഖലയിലും ഉയർന്നുവന്നിട്ടില്ല. വരികയുമില്ല.’ ജെസ്സി ഗുണങ്ങളുടെ പട്ടിക നിരത്തി.
‘എന്നാൽ ഇനിമുതൽ ഞാൻ എന്തുകണ്ടാലും സൂക്ഷിച്ചു നോക്കി നിരീക്ഷണപാടവം വളർത്തും.’
‘അതിനല്ലേ ‘അമ്മ ഇതൊക്കെ പറഞ്ഞുതരുന്നത്’
”അമ്മ എത്രയും പറഞ്ഞപ്പോൾ എനിക്ക് വേറൊരു സംശയം’
‘സംശയം എന്താണെങ്കിലും ചോദിക്കു’
‘നമ്മൾ നിരീക്ഷണപാടവം വളർത്തിയെടുത്തതുകൊണ്ടു ബൈബിൾ വായിക്കുമ്പോൾ എന്തെങ്കിലും ഗുണം കിട്ടുമോ? യേശുവിന്റെ ആൽബിയുടെ ചിന്ത ആ വഴിക്കു നീങ്ങി.
‘കൊല്ലം ഇതാണ് പരിശുദ്ധാത്മാവിന്റെ പ്രവർത്തനം’
‘അതെന്താ ‘അമ്മ അങ്ങനെ പറഞ്ഞത്?’
‘അങ്ങനെ പറയാൻ കാരണം, എന്തെങ്കിലും പുതിയ കാര്യത്തെപ്പറ്റി കേൾക്കുമ്പോൾ  അത് ദൈവത്തിലേക്ക് കൂടുതൽ അടുക്കുവാൻ എങ്ങനെ ഉപയോഗിക്കാം എന്ന ചിന്ത മനസിലേക്ക് കടത്തിവിടുന്നത് പരിശുദ്ധമാവാണ്’
‘ഹായ്’ ജെസ്സിയുടെ വാക്കുകൾ അവനു സന്തോഷം പകർന്നു.
‘ഇനി കൊച്ചിന്റെ സംശയത്തിനുത്തരം ‘അമ്മ വിശദീകരിച്ചു പറയാം. അതിനുമുൻപ്‌ എന്റെ കുട്ടൻ ബൈബിളെടുത്തു ധൂർത്തപുത്രന്റെ ഉപമ ഒന്ന് വായിക്കു’
‘അത് ബൈബിളിൽ ഏത് ഭാഗത്തായിട്ട അമ്മേ?’
‘വി. ലൂക്കയുടെ സുവിശേഷം പതിനഞ്ചാം അധ്യായം 11 മുതൽ വാക്യങ്ങൾ.’
(ജെസ്സി നോക്കിയിരിക്കെത്തന്നെ ആൽബി ആ ഭാഗം വായിച്ചു തീർത്തു)
‘യേശു ആ ഉപമയിൽ എന്താണ് പറഞ്ഞിരിക്കുന്നത്?’
‘ഒരു അപ്പന് രണ്ടു മക്കളുണ്ടായിരുന്നു. ഇളയ മകൻ കിട്ടിയ പണമെല്ലാം വാങ്ങി ധൂർത്തടിച്ചിട്ടു തിരികെ ചെന്നപ്പോൾ സ്നേഹമുള്ള അപ്പൻ സന്തോഷപൂർവം സ്വീകരിച്ചു.’
‘അതെ, അതിൽനിന്നും കൊച്ചിനെന്തു മനസിലായി?’
‘മക്കളോടുള്ള സ്നേഹം മൂലം അവർ എത്ര തെറ്റുചെയ്താലും അപ്പന്മാർ ക്ഷെമിക്കുമെന്നു’
‘കൂടുതലെന്തെങ്കിലും മനസ്സിലായോ?’
‘ഇല്ല’
‘ഇനിയാണ് നിരീക്ഷണപാടവം ഉപയോഗിക്കേണ്ടത്. പക്ഷെ ഇവിടെ ഒരു പ്രശ്നമുണ്ട്’
‘എന്ത് പ്രശ്നം?’ ആൽബി നെറ്റി ചുളിച്ചുകൊണ്ടു ചോദിച്ചു.
‘ഭൗതിക കാര്യങ്ങൾ കണ്ണുകൊണ്ടു നിരീക്ഷിക്കുന്ന സ്ഥാനത്തു ആത്മീയ കാര്യങ്ങൾ മനസുകൊണ്ടാണ് നിരീക്ഷിക്കേണ്ടത്. എന്നുപറഞ്ഞാൽ മനസുകൊണ്ട് ആഴത്തിൽ ചിന്തിക്കുകയാണ് വേണ്ടത്.’
‘എനിക്കൊന്നും മനസിലായില്ല’ ആൽബി പരിഭവിച്ചു.
”അമ്മ പറഞ്ഞുതരാമെന്നേ… എന്റെ കുട്ടൻ തിരക്ക് കൂട്ടാതെ.’
‘ഉം’
‘ഉദാഹരണത്തിന് ധൂർത്തപുത്രന്റെ ഉപമ. അത് വായിച്ചിട്ടു നമ്മൾ മനസിരുത്തി  ചിന്തിക്കണം. ഈ ഉപമയിലൂടെ ഈശോ എന്ത് സന്ദേശമായിരിക്കും  നല്കുവാനുദ്ദേശിക്കുന്നതു എന്ന്.’ ഒന്ന് നിർത്തിയിട്ടു ജെസ്സി അവനോടു ചോദിച്ചു: ‘കൊച്ചിന് എന്തെങ്കിലും ഐഡിയ ഉണ്ടോ ആ ഉപമ നൽകുന്ന സന്ദേശത്തെപ്പറ്റി?’
‘ലോകത്തുള്ള ഇല്ല അപ്പന്മാരും ധൂർത്തപുത്രന്റെ ഉപമയിലെ അപ്പനെപോലെ തെറ്റുചെയ്യുന്ന മക്കളോട് ക്ഷമിക്കണം.’ അതായിരുന്നു ആൽബിയുടെ നിഷ്കളങ്കമായ മനസിന്റെ കണ്ടെത്തൽ.
‘അമ്പട ചക്കരെ… ഐഡിയ കൊള്ളാമല്ലോ. മക്കൾ ചെയുന്ന തെറ്റുകൾ മുഴുവൻ അപ്പന്മാർ ക്ഷമിച്ചുകൊണ്ടേയിരിക്കണം പോലും’ ജെസ്സിക്ക് ചിരിയടക്കാനായില്ല.
‘തെറ്റിപ്പോയി അല്ലേ?’ ചമ്മലോടെ ആൽബി ചോദിച്ചു.
‘സാരമില്ല. ‘അമ്മ ഒരു ക്ലൂ തരാം. കൊച്ചു നല്ലപോലെ ഒരിക്കൽക്കൂടി ചിന്തിച്ചു നോക്ക്’
‘എന്നാൽ ‘അമ്മ ക്ലൂ പറയു’ ആൽബിക്ക് ഉത്സാഹമായി.
‘സ്നേഹനിധിയായ ദൈവത്തെയാണ് ഉപമയിലെ സ്നേഹമുള്ള അപ്പൻ പ്രതിനിധീകരിക്കുന്നത്. പാപികളായ മനുഷ്യരുടെ സ്ഥാനത്തു ഇളയമാകാനും. പാപം ചെയാത്തവരുടെ സ്ഥാനത്തു മുത്തമകനും നിൽക്കുന്നു. ഇതാണ് ക്ലൂ.’ ജെസ്സി പറഞ്ഞു നിർത്തി.
ആൽബി തല പുകഞ്ഞു ആലോചിക്കുകയാണ്.
ഏതാനും നിമിഷങ്ങൾക്കുശേഷം,
‘ഞാൻ പറയട്ടെ?’
‘പറയു… തെറ്റിയാൽ കുഴപ്പമില്ല. ‘അമ്മ തിരുത്തി തരാം.’ ജെസ്സി അവനു ധൈര്യം പകർന്നു.
‘പാപികളായ മനുഷ്യർ പശ്ചാത്തപിച്ചാൽ ദൈവം അവരെ സ്വീകരിക്കും എന്നായിരിക്കുമോ ഈശോ ഉദ്ദേശിച്ചത്?’
‘അതെ. മനുഷ്യർ എത്ര കൊടും പാപം ചെയ്താലും പശ്ചാത്തപിച്ചു മടങ്ങിച്ചെല്ലാൻ തയ്യാറായാൽ അവരെ രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ ദൈവവും തയ്യാറായിരിക്കും. ഒറ്റ നിബന്ധന മാത്രം. പശ്ചാത്താപം പൂർണവും സത്യസന്ധവുമായിരിക്കണം.ഇതാണ് ധൂർത്തപുത്രന്റെ ഉപമയിൽനിന്നും നമ്മൾ മനസിലാക്കേണ്ട സന്ദേശം’ ജെസ്സി അവനു വിശദീകരിച്ചു കൊടുത്തു.
എല്ലാം മനസിലായമട്ടിൽ ആൽബി തലകുലുക്കി.
‘ഇനി എന്തെങ്കിലും സംശയമുണ്ടോ?
‘ഉണ്ട്’ അത് പറയുമ്പോൾ അവന്റെ മുഖത്ത് ഒരു കുസൃതിച്ചിരി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
‘അതെന്താ ഇനിയുള്ള സംശയം?’
‘ആ മുട്ട എപ്പഴാ പൊരിക്കുന്നത്?’ കുട്ടിയായ ആൽബിയുടെ ബാക്കിനിൽക്കുന്നു ഏക സംശയം അതായിരുന്നു.
‘ഇങ്ങനെയൊരു മുട്ടകൊതിയൻ. വാ… ഇപ്പോൾത്തന്നെ പൊരിച്ചുതന്നേക്കാം.’ അതുംപറഞ്ഞു ചിരിച്ചുകൊണ്ട് ജെസ്സി അവനെയും കൂട്ടി അടുക്കളയിലേക്കു നടന്നു.
റോബിൻ സഖറിയാസ്