കുട്ടികളുടെ കണ്ണീരോടെയുള്ള പ്രാർത്ഥനയുടെ ശക്തി

വിഖ്യാതമായ ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് ഹൈസ്‌കൂളിലെയും കോളജിലെയും വിദ്യാർത്ഥിയാണു ഞാൻ. ഈ അനുഗ്രഹത്തിനു നല്ല ദൈവത്തോട് എനിക്കുള്ള സന്തോഷവും നന്ദിയും അനല്പമാണ്. ദൈവപരിപാലനയിൽ പില്ക്കാലത്ത്, എനിക്ക് സെന്റ് ബർക്കുമാൻസ് കോളജിൽ ലെക്ചറർ, വാർഡൻ, ചാപ്ലിൻ, പ്രൊഫസ്സർ, വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ എന്നീ തസ്തികകളിൽ ശുശ്രൂഷചെയ്യാനും കഴിഞ്ഞു. 1996-99 കാലഘട്ടങ്ങളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച കാലത്തായിരുന്നു കോളജിന്റെ പ്ലാറ്റിനം (75 വർഷം) ജൂബിലിയാഘോഷം. ദൈവമേ നന്ദി. അതിനോടനുബന്ധിച്ചു ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിൽ സഞ്ചരിക്കേണ്ടതായി ഉണ്ടായിരുന്നു. അക്കൂട്ടത്തിൽ ദോഹയിലും-ഖത്തറിലും പോയി. അവിടെനിന്ന് ആരാധനാ സ്വാതന്ത്ര്യം ഇല്ലായിരുന്നെന്നുതന്നെ പറയാം. എന്റെ ജീവിതലക്ഷ്യംതന്നെ എല്ലാ ദിവസവും കുർബ്ബാന ചൊല്ലുക എന്നതാണ്. വളരെ തീഷ്ണമായി അന്വേഷിച്ചപ്പോൾ അമേരിക്കക്കാരൻ ഒരു ജോണച്ചൻ അവിടെയെവിടെയോ ഒരു ചെറിയ സൗകര്യത്തിൽ താമസിക്കുന്നുവെന്ന് എനിക്കു മനസ്സിലായി. ഖത്തറിലുണ്ടായിരുന്ന ദിവസങ്ങളിൽ അച്ചന്റെ കൊച്ചു ചാപ്പലിൽ കുർബ്ബാന ചൊല്ലാനുള്ള പ്രത്യേക ക്രമീകരണങ്ങൾ എനിക്കുവേണ്ടി അദ്ദേഹം ചെയ്തുതന്നതു നന്ദിയോടു ഓർക്കുന്നു. ഇത്രയും കുറിച്ചത് മറ്റൊരു വലിയ സംഭവം വിവരിക്കുന്നതിനു പശ്ചാത്തലമെന്നോണമാണ്.

കോട്ടയത്തു കളത്തിപ്പടിയിൽ സജീവമായി പ്രവർത്തിക്കുന്ന ക്രിസ്റ്റീൻ സംരംഭങ്ങളുടെ ജീവനാഡിയായ പി.വി. മേരിക്കുട്ടി ശാലോമിൽ പറഞ്ഞ ഒരു പ്രസംഗത്തിലെ ഒരു അനുഭവസാക്ഷ്യം പങ്കുവയ്ക്കാനാണു ശ്രമം. കുട്ടികളുടെ പ്രേഷിതയാണ് മേരിക്കുട്ടി. കുട്ടികൾക്കുവേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയാണവൾ. അവർക്കുവേണ്ടിയുള്ള അവരുടെ വിശുദ്ധീകരണത്തിനുവേണ്ടി അങ്ങനെ സുവിശേഷവത്ക്കരണം നടത്തുന്നതിന് എന്തു ത്യാഗവും ക്ലേശവും മേരിക്കുട്ടി സഹിക്കും.

ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ഈ മകൾ പോകും. ഒരിക്കൽ കുട്ടികൾക്കൊരു ധ്യാനം നടത്താൻവേണ്ടി ദോഹയിലും ഖത്തറിലും പോയി. അന്നു അവിടെ ഞാൻ കുർബാന ചൊല്ലിയെന്നു നേരത്തെ സൂചിപ്പിച്ച, ആ കുഞ്ഞു ചാപ്പൽ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതിനകത്തു കുഞ്ഞുങ്ങൾ തിങ്ങിക്കൂടിയിട്ടുണ്ട്. അവർ അത്യുത്സാഹത്തോടെയാണു ധ്യാനം കൂടുക. ചൂടു കാറ്റും കാറ്റു പറത്തുന്ന പൊടിയുമെല്ലാംകൂടി അവിടെ ആയിരിക്കുക മേരിക്കുട്ടിക്കു വളരെ ബുദ്ധിമുട്ടായി. കുട്ടികളോടു പുറത്തേയ്ക്ക് പോകാമെന്നു പറഞ്ഞുമെങ്കിൽ എന്തൊക്കെയോ കാരണങ്ങളാൽ അതു നടന്നില്ല. അപ്പോൾ മേരിക്കുട്ടി അവരോടു പറഞ്ഞു. നമുക്ക് ഒരു ജപമാല ചൊല്ലാം ഒരു പള്ളി ഇല്ലാത്തതുകൊണ്ടല്ലേ ആ ബുദ്ധിമുട്ടികളെല്ലാം നമുക്കുണ്ടാകുന്നത്. കുട്ടികളെല്ലാവരും സമ്മതിച്ചു. അവർ ഓരോ രഹസ്യം ചൊല്ലുമ്പോഴും നിയോഗം ആവർത്തിച്ചു പ്രാർത്ഥിക്കാൻ മേരിക്കുട്ടി അവരെ സഹായിച്ചു.

നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾ സർവ്വതീഷ്ണതയോടും കൂടിയാണ് പ്രാർത്ഥിച്ചിരുന്നത്. കുട്ടികളും കരഞ്ഞുകൊണ്ടാണ് പ്രാർത്ഥിച്ചത്. അവർ പ്രാർത്ഥിക്കുന്നതു കണ്ടപ്പോൾ മേരിക്കുട്ടിയും തീഷ്ണതകൊണ്ടു ജ്വലിച്ചു. സൈന്യങ്ങളുടെ കർത്താവിനെപ്രതിയുള്ള തീഷ്ണത അവരെയെല്ലാവരെയും ജ്വലിപ്പിച്ചു. അന്നു വൈകിട്ടു നാലരയായപ്പോൾ പള്ളി പണിയുന്നതിനുള്ള അനുവാദം ഖത്തർ ഗവണ്മെന്റ് നല്കിയെന്ന വാർത്തയാണ് എല്ലാവർക്കും കിട്ടിയത്. ഇന്ന് അവിടെ നമുക്ക് വളരെ നല്ല ഒരു പള്ളിയുണ്ട്. അവിടെ ജോലിചെയ്യുന്ന കത്തോലിക്കർ വലിയ വിശ്വാസ തീഷ്ണതയുള്ളവരായി അവിടെ ജീവിക്കുന്നുവെന്നാണ് അറിയാൻ കഴിയുക.

മേരിക്കുട്ടി ഈ സാക്ഷ്യം പറഞ്ഞത് കുട്ടികളുടെ പ്രാർത്ഥനയുടെ വില നമുക്കു മനസ്സിലാക്കിത്തരാൻവേണ്ടിയാണ്. ഈശോയുടെ അടുത്തേയ്ക്ക് വരാൻശ്രമിച്ച കുട്ടികളെ ശിഷ്യന്മാർ തടഞ്ഞപ്പോൾ, ഏതാണ്ടു ശകാരരൂപേണതന്നെ ഈശോ അവരോടു പറഞ്ഞിട്ടുണ്ടല്ലോ, കുട്ടികൾ എന്റെയടുക്കൽ വന്നുകൊള്ളട്ടെ. അവരെ തടസ്സപ്പെടുത്തരുത്. സ്വർഗ്ഗരാജ്യം അവരെ പോലുള്ളവരുടേതാണ് എന്ന്. കുഞ്ഞുങ്ങളെപ്പോലെയാകൂ. മഞ്ഞിന്റെ നൈർമ്മല്യമണിയൂ.