കാലിത്തൊഴുത്തിൽ പിറക്കണം

സന്യാസവ്രതങ്ങൾ (ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം) ചോദ്യംചെയ്യപെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുക. നിത്യനിർമ്മലനും, ദരിദ്രനും, മരണത്തോളം, അതെ, കുരിശുമരണത്തോളം അനുസരണവിധേയനുമായ ക്രിസ്തു, ഇന്നു ജീവിക്കുന്ന ക്രിസ്തുവായി രൂപാന്തരപ്പെടാനുള്ള അദമ്യമായ ദാഹമാണ്, ആയിരിക്കണം, ഒരു വ്യക്തിക്ക് പൗരോഹിത്യമോ സന്യാസമോ സ്വീകരിക്കാൻ ഉൾപ്രേരണ നൽകുന്നത്.  വ്രതങ്ങൾ ഒരു കുറവല്ല, മറിച്ചു നിറവിലേക്കുള്ള ഒരു വിളിയാണ്. വിശുദ്ധിയുടെ വിജയരഹസ്യങ്ങളാണ്  വ്രതങ്ങൾ.
ഈശോയ്ക്ക് ബ്രഹ്മചര്യം ദാരിദ്ര്യവും അനുസരണവും തന്റെ ബലിജീവിതത്തിലെ ആവശ്യഘടകങ്ങളായിരുന്നു. ഇവയുടെ യഥാർത്ഥ മൂല്യം മനസിലാക്കാത്തവർക്കു ആത്മീയപൂർണതയിലേക്കു വളരാനാവില്ല. ഇവയെ വിളിയും വിളിക്കുള്ള പ്രത്യുത്തരവുമായി  സ്വീകരിക്കുന്നവരുടെ വ്യക്തിത്വം ആത്മീയമായി കരുത്തുറ്റതാകും. ഉദാഹരണമായി ഈ കരുത്തു കരഗതമാക്കിയ ഒരാൾക്ക് ദാരിദ്ര്യം സാമ്പത്തിനേക്കാൾ പലമടങ്ങു കരുത്തുപകരും. പക്ഷെ ഇങ്ങനെയുള്ളവർ ‘കാലിത്തൊഴുത്തിൽ പിറക്കുക’ എന്ന പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്. സന്യാസം, തീർച്ചയായും, കാലിത്തൊഴുത്തിൽ പിറന്നു വളരേണ്ടതാണ്.
‘ദൈവത്തെ ശുശ്രൂഷിക്കാൻ ലോകത്തെ വിട്ടു മഠത്തിൽ ചേരുക’ എന്ന സ്വരം ഹെലൻ എന്ന പെൺകുട്ടി കേട്ടു. മഠത്തിൽ ചേരാൻ ആവശ്യമായ സമ്പത്തു അവളുടെ മാതാപിതാക്കൾക്കുണ്ടായിരുന്നില്ല. അതുകൊണ്ടു അവൾ ഒരു വീട്ടിൽ വേലക്കാരിയായി നിന്ന് ജോലിചെയ്തു പണമുണ്ടാക്കി. ഒപ്പം അവൾ ഉപവാസത്തിലും പ്രാർത്ഥനയിലും വളർന്നു. സമയത്തിന്റെ പൂർണതയിൽ അവൾ സന്ന്യാസ ഭവനത്തിൽ പ്രവേശിച്ചു. 1933 മെയ് ഒന്നാം തീയതി അവളുടെ നിത്യവ്രതം നടന്നു. വാഗ്ദാനദിവസം മറ്റനേകം അർത്ഥിനികളും നിത്യവ്രതം സ്വീകരിച്ചു. ദേവാലയം ആളുകളെക്കൊണ്ട് നിറഞ്ഞു. അർത്ഥിനികളുടെ ബന്ധുമിത്രാദികളായിരുന്നു അവർ. നമ്മുടെ പരാമർശ വിധേയയായിരിക്കുന്ന അർത്ഥിനിയുടെ വീട്ടിൽനിന്നു മാത്രം ആരും ഉണ്ടായിരുന്നില്ല. അവർക്കു യാത്രാചിലവിനുള്ള പണം ഉണ്ടായിരുന്നില്ല. അതു  മകൾക്കു ഏറെ സന്തോഷമാണ് പകർന്നത്. അവൾ ഈശോയ്ക്ക്  നന്ദി പറഞ്ഞു: “മറ്റുള്ളവരൊക്കെ പ്രിയപ്പെട്ടവരേ സ്വീകരിച്ചും സൽക്കരിച്ചും വ്യാപാരിച്ചപ്പോൾ മുഴുവൻ സമയവും ഈശോയോടൊപ്പം ആയിരിക്കാൻ എനിക്ക് അവിടുന്ന് അവസരം ഒരുക്കിയല്ലോ.” ഈ സന്യാസിനി ആരെന്നു അറിയണ്ടേ? അവളാണ് വിശുദ്ധ ഫൗസ്റ്റീന കൊവാൾസ്ക്ക.
ദൈവഹിതാനുസാരം സന്യാസ വ്രതങ്ങളിലൂടെ കടന്നുപോകുന്ന സന്യാസിനി സന്യാസികൾ ഒരു വിശുദ്ധീകരണ പ്രക്രിയയിലൂടെയാണ് സഞ്ചരിക്കുക. ലോകത്തെ ആസ്വദിക്കാനുള്ള ജഡത്തിന്റെ പ്രവണതകളെ നിഹനിക്കാൻ അങ്ങനെ അവർക്കു അനായാസം സാധിക്കുന്നു. സ്നേഹത്തിലും കരുണയിലും അവർ വളരുന്നു.