കഷ്ടതകൾ രക്ഷാകരം

റോമാ 5:1-11വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം.നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക് അവന്‍ മൂലം വിശ്വാസത്താല്‍ നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവ മഹത്വത്തില്‍ പങ്കുചേരാമെന്ന പ്രത്യാശയില്‍ നമുക്ക് അഭിമാനിക്കാം.മാത്രമല്ല, നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കുന്നു.എന്തെന്നാല്‍, കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു.പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.നാം ബലഹീനരായിരിക്കേ, നിര്‍ണയിക്കപ്പെട്ട സമയത്തു ക്രിസ്തു പാപികള്‍ക്കു വേണ്ടി മരിച്ചു.നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരുപക്‌ഷേ ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാന്‍ വല്ലവരും തുനിഞ്ഞെന്നുവരാം.എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു.

അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.ആകയാല്‍, ഇപ്പോള്‍ അവന്റെ രക്തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന്‍ മൂലം ക്രോധത്തില്‍നിന്നു രക്ഷിക്കപ്പെടുമെന്നതു തീര്‍ച്ചയാണല്ലോ.നാം ശത്രുക്കളായിരുന്നപ്പോള്‍ അവിടുത്തെ പുത്രന്റെ മരണത്താല്‍ ദൈവവുമായി രമ്യതപ്പെട്ടുവെങ്കില്‍, രമ്യതപ്പെട്ടതിനുശേഷം അവന്റെ ജീവന്‍മൂലം രക്ഷിക്കപ്പെടുമെന്നതും തീര്‍ച്ച.മാത്രമല്ല, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നാം ദൈവത്തില്‍ അഭിമാനിക്കുകയും ചെയ്യുന്നു. അവന്‍ വഴിയാണല്ലോ നാം ഇപ്പോള്‍ അനുരഞ്ജനം സാധിച്ചിരിക്കുന്നത്.

ഈശോ തന്റെ പെസഹാരഹസ്യത്തിലൂടെ നമ്മെ പിതാവുമായി രമ്യപ്പെടുത്തിയിരിക്കുന്നു. ഇത് അവിടുത്തെ കാരുണ്യത്തിന്റെ പ്രവർത്തിയാണ്. ദൈവത്തിന്റെ കൃപയും ദാനവുമാണ്. അനുനിമിഷം അവിടുത്തെ ഹിതപ്രകാരം ജീവിച്ചാൽ നമുക്കു ദൈവമാഹാത്മ്യത്തിൽ ഉറപ്പായും പങ്കുചേരാം. നമ്മുടെ കഷ്ടതകൾ രക്ഷാകരമാണ്. കഷ്ടത നമുക്കു സഹനശീലം സമ്മാനിക്കുന്നു. സഹനശീലമോ, ആത്മധൈര്യവും. ഈ ആത്മധൈര്യം നമ്മിൽ  പ്രത്യാശ ഉളവാക്കുന്നു. പ്രത്യാശ നമ്മെ നിരാശയിൽ പെട്ടുപോകാതെ സൂക്ഷിക്കുന്നു. നമുക്ക് നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവാണ് ഈ രംഗത്തും നമ്മിൽ പ്രവർത്തിക്കുക. ഈ ആത്മാവിലൂടെ യഥാർത്ഥ ദൈവസ്നേഹം നമ്മിലേക്ക്‌ ചൊരിയുക.

നമ്മുടെ രക്ഷ സാധ്യമാക്കിയത് ഈശോയുടെ സഹനമരണങ്ങളാണ്. നമ്മുടെ അതിക്രമങ്ങൾക്ക് വേണ്ടി അവിടുന്നു മുറിവേൽക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങൾക്കു വേണ്ടി അവിടുന്ന് ക്ഷതമേല്പിക്കപെട്ടു. അവിടുത്തെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നൽകി. അവിടുത്തെ ക്ഷതങ്ങളാൽ നാം സൗഖ്യമാക്കപ്പെട്ടു (ഏശയ്യാ 53:5) അനുതാപം, വിശുദ്ധ കുമ്പസാരം, പരിശുദ്ധ കുർബാന, പരസ്നേഹപ്രവർത്തികൾ തുടങ്ങിയവ വഴി നാം രക്ഷയിലേക്കു വളരേണ്ട സമയമാണ് നോമ്പുകാലം. “ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ട്ടപെടുത്തിയാൽ അവനു എന്ത് പ്രയോജനം” (മത്താ. 16:26).