കരയുന്നവരോടുകൂടി ചിരിക്കുന്ന ലോകം

സന്തോഷിക്കുന്നവരോടുകൂടി സന്തോഷിക്കുവിൻ. കരയുന്നവരോടുകൂടി കരയുവിൻ” (റോമാ.12 :15 ). ക്രൈസ്തവധർമ്മശാസ്ത്രത്തിന്റെ അംഗീകൃത തത്ത്വങ്ങളിലൊന്നാണ് പൗലോസ് ഇവിടെ കുറിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ സന്തോഷസന്താപങ്ങളിൽ പങ്കുചേരുക എന്നത് അനന്യവും അനവദ്യസുന്ദരവുമായ ഒരു അനുഭവവുമാണ്. പക്ഷെ, ആധുനിക ലോകത്തെ ട്രാജഡി‘, ഇന്ന് മിക്കവരും ചിരിക്കുന്നവരോടുകൂടി കരയുന്നവരും, കരയുന്നവരോട് കൂടി ചിരിക്കുന്നവരുമാണെന്നതാണ്. ഉടപ്പിറന്ന, കോടീശ്വരന്മാരായ രണ്ടു ജേഷ്ഠസഹോദരർ, സാമ്പത്തിക പരാധീനതമൂലം ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന ഒരു സഹോദരൻ കരഞ്ഞു കരഞ്ഞു തളരുമ്പോൾ, കൈകൊട്ടിച്ചിരിച്ച്, ആഹ്ലാദിക്കുകയും അവനെ ക്രൂരമായി അവഹേളിക്കുകയും ചെയ്ത ഒരു സംഭവമാണ് ചുവടെ ചേർക്കുക.

സാമ്പത്തികമായി തകർന്നു തരിപ്പണമായിരിക്കുന്ന ഇളയസഹോദരൻ ഒരു ബാങ്കുദ്യോഗസ്ഥനായിരുന്നു. ഒരു രാത്രി പതിനൊന്നു മണി കഴിഞ്ഞപ്പോൾ ആ മകൻ ഇടവകപ്പള്ളിയിലെത്തി  കോളിങ് ബെൽ അടിക്കുന്നു. കൊച്ചച്ചനാണ് ഇറങ്ങി വന്നത്: “അച്ചാ, ഞാൻ ഒന്നിരുന്നു കൊള്ളട്ടെ? കുടിക്കാൻ കുറച്ചു വെള്ളം തരാമോ? ഒറ്റശ്വാസത്തിലാണദ്ദേഹം  ഇരു ചോദ്യങ്ങളും ഉന്നയിച്ചത്. സഹതാപപൂർവ്വം, ഉപചാരപൂർവ്വം  കൊച്ചച്ചൻ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി. വേഗം വെള്ളം എത്തിച്ചു കൊടുത്തു. “കല്ലുകൊണ്ടോമനം താവമെങ്കിൽ. ആ കല്ലിനുമാർദ്രതയുണ്ടിതു  കാണുമ്പോൾ” എന്ന അവസ്ഥയാണ് അദ്ദേഹത്തിന്റേത്. അച്ചന് അദ്ദേഹത്തെ പരിചയമാണ്. നല്ലൊരു മനുഷ്യൻ! മദ്യപിക്കില്ല. പുകവലിക്കില്ല  ഇതര ദുഃശീലങ്ങളൊന്നുമില്ല. കഠിനാധ്വാനിയാണ്. വിവാഹപ്രായമായ മൂന്നു പെണ്മക്കളുടെ പിതാവാണ് അദ്ദേഹം അവരുടെ ഭാവി കാര്യങ്ങൾ മുന്നിൽക്കണ്ടുകൊണ്ട്, കടമെടുത്തു ചില സൈഡ് ബിസിനസ്സുകൾ തുടങ്ങി .  ആദ്യമൊക്കെ  നല്ല ഉയർച്ചയായിരുന്നു. പെട്ടന്നുണ്ടായ സാമ്പത്തിക മാന്ദ്യവും വിലയിടിവും സകലതും തകർത്തുകളഞ്ഞു. കിടപ്പാടം പോലും വിറ്റു. വാടക വീട്ടിലാണ് താമസം. വാടകക്കൊടുക്കാൻ പോലും കഴിയുന്നില്ല. കടം അയാളെ ആസകലം മൂടി. വമ്പിച്ച കടബാധ്യതയാണ്. കടക്കാർ വീട്ടിൽ ചെന്ന് ബഹളമുണ്ടാക്കുകയും അസഭ്യങ്ങൾ പറയുകയും ചെയ്യുക സർവ്വസാധാരണമാണ്. അവരെ ഭയന്ന് പലപ്പോഴും കതകടച്ചു എല്ലാവരും കുളിമുറികളിൽ ഒളിക്കും. ഒരിക്കൽ കുറേപ്പേർ ഒരുമിച്ച് വന്നു എടാ….. മോനേ, നീ അകത്തുണ്ടെന്നു ഞങ്ങൾക്കറിയാം. അവരിൽ ദൈവത്തെ ഭയപ്പെടുകയോ, മനുഷ്യരെ ബഹുമാനിക്കുകയോ ചെയ്യാത്ത ക്രൂരതയുടെയും കുടിലതയുടെയും കുശാഗ്രബുദ്ധിയുടെയും (വിഷയലംഭടതയുടെയും) , വിഷയാസക്തികളുടെയും മൂർത്തിമദ്ഭാവമായിരുന്ന ഒരു പിശാചുഅലറിക്കൊണ്ട് പറയുകയാണ് : “എടാ, നിന്റെ കയ്യിൽ പണമില്ലെങ്കിൽ തരണ്ടെടാ…. ഡിഗ്രിക്ക് പഠിക്കുന്ന  മൂത്തമകളെ വിട്ടുതന്നാൽ മതിയെടാ”. കുളിമുറിയിൽ ഒളിച്ചിരുന്ന ആ നിഷ്ക്കളങ്കയായ പൊന്നോമന   പൊട്ടിക്കരഞ്ഞുകൊണ്ട് ഓടിവന്നു അപ്പനെ കെട്ടിപ്പിടിച്ചു പറയുകയാണ്: “അപ്പാ, നമുക്ക് എല്ലാവർക്കും കൂടി മരിക്കാം  ഇനി നമുക്ക് ജീവിക്കണ്ടപ്പാ”. ആ പിതാവിനും അങ്ങനെ തോന്നി . പക്ഷെ, തന്റെ ഇളയമകൾ ജീവിച്ചു തുടങ്ങിയിട്ടേ ഉള്ളൂ. അതിനെ ആശ്ലേഷിച്ചുകൊണ്ടു ആ ഹതഭാഗ്യൻ  പൊട്ടിക്കരയുമ്പോൾ, വാവിട്ടു കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ നല്ല  ജീവിതപങ്കാളി അടുത്തുചെന്നു ഇരുകരങ്ങളും പിടിച്ചു കൊണ്ടുപറയുകയാണ്: “ദൈവമുണ്ട് അവിടുന്ന് നമ്മുടെ സഹായത്തിനെത്തും. സ്നേഹവാനായ, കരുണാമയനായ ദൈവത്തിനു നിരക്കാത്തത് നാം  ചെയ്യരുത്”.

അശരണനും ആലംബഹീനനും  ഏതാണ്ട് ഏങ്ങലടിച്ചുള്ള  കരച്ചിലുമായി വന്ന ഇടവാംഗത്തിനു  ദാഹജലം കൊടുത്തുകഴിഞ്ഞു, ആർദ്ധരാത്രിക്ക്   ഇവ്വിധമൊക്കെ ആഗതനാകാനുള്ളകാരണം അന്വേഷിച്ചപ്പോൾ അദ്ദേഹം ആ കൊച്ചച്ചനോട് പറഞ്ഞ പരമദയനീയമായ മറുപടിയുടെ  മുൻനിരയിൽ നിന്ന കാര്യങ്ങളാണ് മേൽപറഞ്ഞവ.

  ഒപ്പം അദ്ദേഹത്തിനൊരു അഭ്യർത്ഥനയുമുണ്ട്. “അച്ചാ, എന്റെ ജേഷ്ടന്മാർ രണ്ടുപേരും കോടീശ്വരന്മാരാണ്. എനിക്ക് കോടിക്കണക്കിനു കടവും. മൂത്ത ജേഷ്ഠനോട്  എനിക്ക് ഒരു അമ്പതു ലക്ഷം രൂപാ കടം തരാൻ ഒന്ന് പറയാമോ? കഴിവതും വേഗം ഞാൻ കൊടുത്തു വീട്ടിക്കൊള്ളമച്ചാ.

വികാരിയച്ചന്റെ  അനുവാദാനത്തോടെ ആ കൊച്ചച്ചൻ തൊട്ടടുത്ത് ദിവസം തന്നെ മൂത്ത സഹോദരനെ സമീപിച്ചു വിവരങ്ങൾ പറഞ്ഞു, സഹോദരനെ സഹായിക്കാൻ അഭ്യർത്ഥന നടത്തി. ആ ജേഷ്ഠൻ പറഞ്ഞ മറുപടി കേൾക്കേണ്ടതുതന്നെ. “അച്ചൻ പറഞ്ഞ കാര്യങ്ങൾ എല്ലാം  എനിക്കറിയാം. അച്ചാ, അവനു ഒരു നയാ പൈസ ഞാൻ കൊടുക്കുകയില്ല. അവനു സ്വഭാവദൂഷ്യമൊന്നുമില്ലെന്നത് ശരിതന്നെ. പക്ഷെ, അവൻ അഹങ്കാരിയാണ്. അച്ചാ, കൊക്കിലൊതുങ്ങുന്നതേ  കൊത്താവൂ”. അവൻ തലമറന്നെണ്ണ തേച്ചതുകൊണ്ടാ, അച്ചാ, ഇങ്ങനെയൊക്കെ സംഭവിച്ചത്. ഉപ്പുതിന്നുന്നവൻ തന്നെ വെള്ളം കുടിക്കണം. മറ്റുള്ളവർ വെള്ളം കുടിച്ചാൽ അവന്റെ ദാഹം തീരുവോ. അച്ചാ, പച്ചയ്ക്കു പറഞ്ഞാൽ, അവൻ ഞങ്ങളെക്കാൾ മിടുക്കാനാകാൻ ശ്രമിച്ചതുകൊണ്ടാണ് ഇവയെല്ലാം സംഭവിച്ചത്. കിട്ടുന്ന ശമ്പളം കൊണ്ട് അടങ്ങിയൊതുങ്ങി ജീവിച്ചാൽ പോരായിരുന്നോ അച്ചാ?  പഴഞ്ചൊല്ലുകളും നീതിസാരവും അനുഭവസമ്പത്തുമെല്ലാം കൂടെയാണ് ആ സംസാരത്തിൽ വന്നിരിക്കുന്നത്.

 ആത്മഹത്യാചിന്തകളെക്കുറിച്ച് അച്ചൻ പറഞ്ഞപ്പോൾ ദുഷ്ടനും ക്രൂരനും   മൃഗതുല്യനുമായ  അവൻ പറയുകയാണ്; അതാണ് ഭേദം വിഷം  വാങ്ങാൻ പണമില്ലെങ്കിൽ അത് ഞാൻ വാങ്ങിക്കൊടുക്കാം. ഇങ്ങനെയുള്ള ഇരുകാലി മൃഗങ്ങളുണ്ടോ? അല്ലേ? സുഹൃത്തുക്കളേ, ഒരു മൃഗം പോലും ഇത്തരത്തിൽ പ്രതികരിക്കുകയില്ല.

  പക്ഷെ, അച്ചൻ അടുത്തജേഷ്ഠനെയും സമീപിച്ചു. അവന്റെ പ്രതികരണം മൂത്തജേഷ്ടന്റെതിനേക്കാൾ പതിന്മടങ്ങെങ്കിലും. ക്രൂരമായിരുന്നു  എന്ന് മാത്രം എഴുതി ഉപസംഹരിക്കട്ടെ. “കയറു വാങ്ങിക്കൊടുക്കാം അഞ്ചും കൂടെ തൂങ്ങിച്ചാകട്ടെ” എന്നിവയൊക്കെ രണ്ടാമത്തെ ” കഥാപാത്രം  പ്രസ്താവിച്ചവയിൽപ്പെടുന്നു.

നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവനായിരിക്കുവിൻ” (ലൂക്കാ. 6 : 36 ). “നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിക്കുവിൻ” (മത്താ. 5 : 48 ). ശത്രുക്കളെ (പ്പോലും) സ്നേഹിക്കുവിൻ (മത്താ. 5 : 44 ). ഈ കല്പനകളെല്ലാം സംഭവത്തിലെ ഇരു ജേഷ്ഠന്മാർക്കു (മാമ്മോദീസാവെള്ളം തലയിൽവീണ മനുഷ്യ തിര്യക്കുകൾക്കും !) ബാധകമാണ്.